റോജയിൽ തുടങ്ങി ചെക്ക ചിവന്ത വാനം വരെ എത്തിനിൽക്കുന്ന കൂട്ടുകെട്ടാണ് മണിരത്നത്തിന്റെയും എ.ആർ റഹ്മാന്റെയും. തുടക്കകാലത്ത് ഇളയരാജയായിരുന്നു മണിരത്നത്തിന്റെ സിനിമകൾക്ക് സംഗീതം ഒരുക്കിയിരുന്നത്. റോജയിലൂടെ മണിരത്നം എ.ആർ റഹ്മാൻ എന്ന യുവസംവിധായകന് അവസരം നൽകുകയും അത് ഒരു ഗംഭീര കൂട്ടുകെട്ടിന് തുടക്കം കുറിക്കുകയും ചെയ്തു.

സംഗീത സംവിധായകൻ എന്ന നിലയിൽ റഹ്മാൻ റോജയിലൂടെ അരങ്ങേറ്റം കുറിക്കുമ്പോൾ വെറും 24 വയസ്സ് മാത്രമായിരുന്നു പ്രായം. മനോഹരമായ ഈണങ്ങൾക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ റഹ്മാൻ ദേശീയ പുരസ്കാരം കരസ്ഥമാക്കുമെന്ന് അന്ന് ആരും കരുതിയില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മണിരത്നത്തിന്റെ കാട്ര് വെളിയിടൈ രവി ഉദയവാറിന്റെ മോം എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരനേട്ടം ആറ് എന്ന അക്കത്തിലെത്തിയപ്പോൾ റഹ്മാൻ പറയുന്നതിങ്ങനെ...

'കാട്ര് വെളിയിടൈ, മോം എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരം നേടാനായതിൽ എന്റെ സന്തോഷം രേഖപ്പെടുത്തുന്നു. നല്ല സംഗീതത്തിനായി എനിക്കൊപ്പം നിന്ന എല്ലാ സംവിധായകർക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. റോജയ്ക്കായി ഞാൻ ഒപ്പു വച്ചപ്പോൾ എന്നോട് പലരും പറഞ്ഞിരുന്നു. മണിരത്നം സിനിമ ചെയ്യാനുള്ള പ്രായം നിനക്ക് ആയോ എന്ന്. ഞാൻ പറയട്ടെ, അതൊരിക്കലും നേരത്തേ ആയിരുന്നില്ല.

മണിരത്നത്തിനൊപ്പം ജോലി ചെയ്യുന്നത് എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹം അസാധാരണമായ സർഗ്ഗശേഷിയുള്ള വ്യക്തിത്വമാണ്. എന്ത് ആശയം വേണമെങ്കിലും അദ്ദേഹവുമായി പങ്കുവയ്ക്കാം. മൂന്ന് ദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ്. മണിരത്നം എന്നിൽ പുലർത്തിയ വിശ്വാസം എന്നെ കൂടുതൽ ജോലി ചെയ്യാൻ പ്രേരിപ്പിച്ചു. നന്ദി മണിരത്നം ജീ...

ഈ കാലത്ത് ഇരകളാകുന്നവർക്ക് വേണ്ടിയുള്ള എന്റെ വേദനയും വിഷമവും സംഗീതത്തിലൂടെ ആവിഷ്കരിച്ചപ്പോൾ മോം എന്ന സിനിമ എനിക്ക് സാധ്യമായി. അവർ ഇന്ന് നമുക്കൊപ്പമില്ല. നന്ദി ശ്രീദേവി ജീ... നിങ്ങൾ എക്കാലവും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. നന്ദി രവി (മോം ഒരുക്കിയ സംവിധായകൻ രവി ഉദയവാർ). കലയെ കൂടുതൽ ആഴത്തിലറിയാൻ ശ്രമിക്കുന്ന യുവപ്രതിഭകളുമായി എനിക്ക് ജോലി ചെയ്യാൻ സാധിച്ചു. അതിലൊരാളാണ് സാഷ തിരുപ്പതി എന്ന ഗായിക. സാഷയുടെ ദേശീയ പുരസ്കാര നേട്ടത്തിന് അഭിനന്ദനങ്ങൾ.

ഒരു വ്യക്തിക്ക് ഒരുപാടു പേരെ പ്രചോദിപ്പിക്കാനാകും. ഒരു പാട്ടിന് ചിലപ്പോൾ ഒരു കലാപത്തിനെ തടയാനാകും. ഞാൻ അതിൽ ശക്തമായി വിശ്വസിക്കുന്നു. എല്ലാ പ്രാർത്ഥനകൾക്കും നന്ദി'- എ.ആർ റഹ്മാൻ.

Content Highlights :AR Rahman Roja Movie Song National Award Maniratnam