(ഇന്ന് മൈക്കിള്‍ ജാക്‌സന്റെ പതിനൊന്നാം ചരമവാര്‍ഷികം...)

വീട്ടിലെ പഴയ ഫ്രിഡ്ജ് പുറപ്പെടുവിക്കുന്ന കടകകട ശബ്ദത്തിനൊത്ത് ചുവടുവയ്ക്കുന്ന കുരുന്നു പയ്യന്‍. അന്നേ അവന്റെ താളബോധം അമ്മ ശ്രദ്ധിച്ചിരുന്നു. അന്നത്തെ പയ്യന്‍ ആദ്യം സഹോദരങ്ങള്‍ക്കൊപ്പം സംഗീതത്തില്‍ തരംഗം തീര്‍ത്തു. അവിടെ നിന്നും മൈക്കിള്‍ ജാക്സണെന്ന ഇതിഹാസ പോപ്പ് താരമായി മാറി. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാന വാക്കായി. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ജനങ്ങള്‍ അവന്റെ ആരാധകരായി മാറി. മൈക്കിള്‍ ജാക്സണ്‍ ജീവിക്കുന്ന ഇതിഹാസം തന്നെയായി.

പ്രശസ്തിക്കൊപ്പം വിവാദങ്ങളും ജാക്സണെ വിടാതെ പിന്തുടര്‍ന്നു. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍... ആരെയും തകര്‍ക്കുന്ന ആരോപണങ്ങള്‍. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളും ത്വക്രോഗത്തിന്റെ പ്രശ്നങ്ങളും. ദുരന്തമായി കലാശിച്ച രണ്ടു വിവാഹങ്ങള്‍. ഒടുവില്‍ അമ്പതാം വയസ്സില്‍ പ്രശസ്തിയുടെയും പ്രതിസന്ധികളുടെയും നടുവില്‍ തനിക്ക് മാത്രം സ്വന്തമായ ഒരു ഇടം അവശേഷിപ്പിച്ച് ജാക്സണ്‍ കടന്നു പോയി. ജൂണ്‍ 25 ഞായറാഴ്ച. 

യഥാര്‍ത്ഥത്തില്‍ ആരായിരുന്നു മൈക്കിള്‍ ജാക്സണ്‍. ജാക്സന്റെ സന്തത സഹചാരിയായിരുന്ന ഡേവിഡ് ഗെസ്റ്റ് നിര്‍മ്മിച്ച് ആന്‍ഡ്രൂ ഈസ്റ്റല്‍ സംവിധാനം ചെയ്ത 'മൈക്കിള്‍ ജാക്സണ്‍: ദ ലൈഫ് ഓഫ് ആന്‍ ഐക്കണ്‍' എന്ന ഡോക്യുമെന്ററി ഇതിന് ഉത്തരം നല്‍കും. ജാക്സന്റെ അമ്മ കാതറീന്‍, സഹോദരന്‍ ടിറ്റോ, സഹോദരി റെബ്ബി, ജാക്സണെ അടുത്തറിയുകയും കരിയറിലെ ബ്രേക്ക് നല്‍കുകയും ചെയ്ത ബോബി ടെയ്ലര്‍, ജാക്സണ് പ്രോത്സാഹനം നല്‍കുകയും അക്കാലത്ത് പ്രശസ്തരായിരുന്നവരുമായ ഗായകര്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും അവരുടെ അഭിപ്രായങ്ങളും വഴി അദ്ദേഹത്തിന്റെ ജീവിതത്തിലെയും കരിയറിലെയും ഉയര്‍ച്ച താഴ്ചകള്‍ രണ്ടര മണിക്കൂറുള്ള ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു. 2011 നവംബറിലാണ് പുറത്തിറങ്ങിയത്.

Michael Jackson

കര്‍ക്കശക്കാരനായ അച്ഛന്‍ ജോസഫിന്റെ ശിക്ഷണത്തില്‍ ജാക്സണ്‍ സഹോദരന്‍മാര്‍ (ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍, മൈക്കിള്‍) ചേര്‍ന്ന്' ജാക്സണ്‍സ് ഫൈവ്' എന്ന മ്യൂസിക് ട്രൂപ്പ് രൂപീകരിക്കുന്നു. ട്രൂപ്പിലെ ഏറ്റവും ഇളയവനായിട്ടും പാട്ടുകൊണ്ടും ദ്രുത ചലനങ്ങള്‍ കൊണ്ടും ആളുകളുടെ കയ്യടി നേടിയത് കൊച്ചു മൈക്കളാണ്. മൈക്കിളിന്റെ പ്രകനം കണ്ടവര്‍ അന്നേ ഭാവി താരത്തെ തിരിച്ചറിഞ്ഞു.

ജാക്സണ്‍ ഫൈവ് പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേക്കു കുതിക്കുമ്പോള്‍ താരമായി മൈക്കള്‍ മുന്നില്‍ നിന്നു. ചെറിയ ഒരു പയ്യന്റെ ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നും ഒഴുകിയെത്തി പാട്ടുകള്‍ ആസ്വാദകരെയും അന്നത്തെ പ്രഗത്ഭരായ പാട്ടുകാരെയും ഒരു പോലെ ആകര്‍ഷിച്ചു. ജാക്സണ്‍ ഫൈവ് തരംഗമായി മാറി.

Michael jackson

ഇതിനിടിയല്‍ അനിവാര്യമായത് സംഭവിച്ചു. കൂട്ടത്തില്‍ ശോഭനമായ ഭാവിയുള്ളത് മൈക്കളിനാണ്. സ്വന്തമായി ഒരു പാത (സോളോ) വെട്ടിത്തുറക്കാന്‍ അവന്‍ ആഗ്രഹിച്ചു. ഇതിനിടെ ജാക്സണ്‍ ഫൈവ്, ജാക്സണ്‍സ് എന്നു പേരുമാറ്റിയിരുന്നു.

ഇതിനിടയില്‍ മൈക്കള്‍ സോളോ കരിയറിനായി മാറുന്നത് കുടുംബത്തിലുണ്ടാക്കുന്ന അസ്വാരസങ്ങള്‍. സ്വഭാവിക പ്രതിഭയ്ക്കൊപ്പം ബോബി ടെയ്ലറുടെ സഹായവുംകൂടിയാകുമ്പോള്‍ പോപ് സംഗീതത്തിലെ ഇതിഹാസ താരം ജനിക്കുകയായി. 'ത്രില്ലര്‍ ' പോപ് സംഗീത ലോകത്തെ ഇളക്കി മറിച്ചു. ത്രില്ലറിലെ ബീറ്റ് ഇറ്റും, ബില്ലി ജീനും ത്രില്ലറുമൊക്കെ ലോകം ഒന്നുപോലെ ഏറ്റുപാടി.

1987 ല്‍ ഇറങ്ങിയ 'ബാഡിലെ ' ഡര്‍ട്ടി ഡയാനയും ബാഡുമടക്കം അഞ്ചു ഗാനങ്ങള്‍ ഒരു പോലെ ഹിറ്റായപ്പോള്‍ മൈക്കള്‍ പ്രശസ്തിയുടെ പരകോടിയിലെത്തി.

ഇതിനിടയിലാണ് ബാലപീഡനത്തിന് മൈക്കിളിനെതിരെ കേസ് വരുന്നത്. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജാക്സണ്‍ അവരെ സഹായിക്കുകയും ചെയ്തിരുന്നു. പരിചയപ്പെടുന്ന ആരെയും വിശ്വസിക്കും. അവരെ അങ്ങേയറ്റം സ്നേഹിക്കും. ഇതൊക്കെയാണ് മൈക്കിളിന്റെ ദൗര്‍ബല്യങ്ങളെന്ന് അമ്മ കാതറീന്‍ പറയുന്നു. പീഡന ആരോപണമുന്നയിച്ചവര്‍ പണത്തിനായി മൈക്കിളിനെ കരുവാക്കുകയായിരുന്നു എന്ന് അമ്മ കാതറീനും അടുത്ത കൂട്ടുകാരും ഉറച്ചു വിശ്വസിക്കുന്നു.
 
ആരോപണം കേട്ടപ്പോള്‍ താന്‍ തകര്‍ന്നു പോയി എന്നാണ് ഇതെക്കുറിച്ച് മൈക്കള്‍ പ്രതികരിച്ചത്. ഇത്തരം ആരോപണങ്ങള്‍ക്കൊന്നും അദ്ദേഹത്തിന്റെ പ്രശസ്തിയെ ഉലയ്ക്കാനായില്ല. 'മൈക്കള്‍ ഐ ആം വിത്ത് യൂ' എന്ന പ്ലക്കാര്‍ഡുകളുമുയര്‍ത്തി ആരാധകര്‍ ഇഷ്ടഗായകനൊപ്പം നിന്നു. ഒടുവില്‍ മൈക്കളിനെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവു വന്നപ്പോള്‍ കോടതിക്കു പുറത്ത് തടിച്ചു കൂടി സന്തോഷക്കണ്ണീരില്‍ മുങ്ങുന്ന ആരാധകരുടെ ചിത്രം എങ്ങനെ മറക്കും.

മൈക്കിള്‍ മയക്കുമരുന്നു ഉപയോഗിക്കുമായിരുന്നുവെന്ന ആരോപണവും അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ നിഷേധിക്കുന്നുണ്ട്. കാര്യ കാരണങ്ങള്‍ നിരത്തി തന്നെ. മൈക്കിളിന്റെ സുഹൃത്തും ആത്മകഥാകാരനുമായ ജെ.റാന്‍ഡി ടാരാബൊറെല്ലിയുമായുള്ള അഭിമുഖങ്ങള്‍ പോപ് സംഗീതകാരന്റെ വ്യത്യസ്ത മുഖങ്ങള്‍ വെളിപ്പെടുത്തുന്നു. ലിസ മേരി പ്രിസ്ലിയുമായും ഡെബ്ബി റോയുമായുള്ള തകര്‍ന്ന വിവാഹ ബന്ധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും ഡോക്കുമെന്ററിയിലുണ്ട്.

2009 ല്‍ തിരിച്ചുവരവിനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം മൈക്കളിനെ തിരികെ വിളിക്കുന്നത്. ഡോക്യുമെന്ററിയുടെ അവസാനഭാഗത്ത് മൈക്കിളിന്റെ അമ്മ കാതറീനോട്, ഡേവിഡ് ഗെസ്റ്റ് ചോദിക്കുന്നുണ്ട്.' ലോകം എങ്ങനെ മൈക്കിള്‍ ജാക്സണെ ഓര്‍മിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്.

'സ്നേഹം. മൈക്കിളിന്റെ ഹൃദയത്തില്‍ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. കുടുംബത്തോടും ലോകത്തോടും മനുഷ്യരോടും മൈക്കിള്‍ കാണിച്ച സ്നേഹത്തിന്റെ പേരിലായിരിക്കും അവന്‍ ഓര്‍മിക്കപ്പെടുക' ഇതായിരുന്നു ആ അമ്മയുടെ ഉത്തരം. മകനെ മറ്റാരേക്കാളും മനസ്സിലാക്കിയ, അവനെ എന്നും സ്നേഹിച്ച ഒരു അമ്മയുടെ ഉള്ളില്‍ തട്ടിയുള്ള മറുപടി.

ലോകം ആരാധിച്ച പോപ്പുലര്‍ സംഗീതത്തിലെ ചക്രവര്‍ത്തിയുടെ യഥാര്‍ത്ഥ ജീവിതം ' മൈക്കള്‍ ജാക്സണ്‍: ദ ലൈഫ് ഓഫ് ആന്‍ ഐക്കണില്‍ ' കാണാം.

Content Highlights : about michael jackson world's top ten musicians living legend