റോജയില്‍ തുടങ്ങി ചെക്ക ചിവന്ത വാനം വരെ എത്തിനില്‍ക്കുന്ന കൂട്ടുകെട്ടാണ് മണിരത്നത്തിന്റെയും എ.ആര് റഹ്മാന്റെയും. തുടക്കകാലത്ത് ഇളയരാജയായിരുന്നു മണിരത്നത്തിന്റെ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയിരുന്നത്. റോജയിലൂടെ മണിരത്നം എ.ആര് റഹ്മാന് എന്ന യുവസംവിധായകന് അവസരം നല്‍കുകയും അത് ഒരു ഗംഭീര കൂട്ടുക്കെട്ടിന് തുടക്കം കുറിക്കുകയും ചെയ്തു.
സംഗീത സംവിധായകന് എന്ന നിലയില്‍ റഹ്മാന് റോജയിലൂടെ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ വെറും 24 വയസ്സ് മാത്രമായിരുന്നു പ്രായം. മനോഹരമായ ഈണങ്ങള്‍ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ റഹ്മാന് ദേശീയ പുരസ്കാരം കരസ്ഥമാക്കുമെന്ന് അന്ന് ആരും കരുതിയില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മണിരത്നത്തിന്റെ കാട്ര് വെളിയിടൈ രവി ഉദയവാറിന്റെ മോം എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരനേട്ടം ആറ് എന്ന അക്കത്തിലെത്തിയപ്പോള് റഹ്മാന് പറയുന്നതിങ്ങനെ...
'കാട്ര് വെളിയിടൈ, മോം എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരം നേടാനായതില്‍ എന്റെ സന്തോഷം രേഖപ്പെടുത്തുന്നു. നല്ല സംഗീതത്തിനായി എനിക്കൊപ്പം നിന്ന എല്ലാ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. റോജയ്ക്കായി ഞാന്‍ ഒപ്പു വച്ചപ്പോള്‍ എന്നോട് പലരും പറഞ്ഞിരുന്നു. മണിരത്നം സിനിമ ചെയ്യാനുള്ള പ്രായം നിനക്ക് ആയോ എന്ന്. ഞാന്‍ പറയട്ടെ, അതൊരിക്കലും നേരത്തേ ആയിരുന്നില്ല.
മണിരത്നത്തിനൊപ്പം ജോലി ചെയ്യുന്നത് എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹം അസാധാരണമായ സര്‍ഗ്ഗശേഷിയുള്ള വ്യക്തിത്വമാണ്. എന്ത് ആശയം വേണമെങ്കിലും അദ്ദേഹവുമായി പങ്കുവയ്ക്കാം. മൂന്ന് ദേശീയപുരസ്കാരങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ്. മണിരത്നം എന്നില്‍ പുലര്‍ത്തിയ വിശ്വാസം എന്നെ കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു. നന്ദി മണിരത്നം ജീ...
ഈ കാലത്ത് ഇരകളാകുന്നവര്‍ക്ക് വേണ്ടിയുള്ള എന്റെ വേദനയും വിഷമവും സംഗീതത്തിലൂടെ ആവിഷ്കരിച്ചപ്പോള്‍ മോം എന്ന സിനിമ എനിക്ക് സാധ്യമായി. അവര്‍ ഇന്ന് നമുക്കൊപ്പമില്ല. നന്ദി ശ്രീദേവി ജീ... നിങ്ങള്‍ എക്കാലവും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. നന്ദി രവി (മോം ഒരുക്കിയ സംവിധായകന് രവി ഉദയവാര്‍). കലയെ കൂടുതല്‍ ആഴത്തിലറിയാന്‍ ശ്രമിക്കുന്ന യുവപ്രതിഭകളുമായി എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചു. അതിലൊരാളാണ് സാഷ തിരുപ്പതി എന്ന ഗായിക. സാഷയുടെ ദേശീയ പുരസ്കാര നേട്ടത്തിന് അഭിനന്ദനങ്ങള്‍.
ഒരു വ്യക്തിക്ക് ഒരുപാടു പേരെ പ്രചോദിപ്പിക്കാനാകും. ഒരു പാട്ടിന് ചിലപ്പോള്‍ ഒരു കലാപത്തിനെ തടയാനാകും. ഞാന്‍ അതില്‍ ശക്തമായി വിശ്വസിക്കുന്നു. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി'- എ.ആര് റഹ്മാന്. (റഹ്മാന്റെ വാര്ത്തകുറിപ്പിലെ പ്രസക്തഭാഗങ്ങള്‍)
Content Highlights : A R Rahman top ten music directors in India