ഗുരുവായൂരിലെ വേദിയില്‍ വെച്ച് , `സംഗീതത്തെ കുറിച്ച് എഴുതന്നയാള്‍'' എന്നു പറഞ്ഞു അബ്ദുസ്സമദ് സമദാനി പരിചയപ്പെടുത്തിയപ്പോള്‍ വാത്സല്യത്തോടെ ചിരിച്ചു പണ്ഡിറ്റ്ജി. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ നീട്ടിയ കൈകള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച്, കണ്ണുകളിലേക്ക് ഉറ്റുനോക്കി  മൃദുവായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു: ``വളരെ സന്തോഷം. എഴുത്തുകാരെ എനിക്ക് ബഹുമാനമാണ്. പാടാനല്ലേ പറ്റൂ എനിക്ക്. എഴുതാന്‍ വയ്യല്ലോ...''

ജാള്യം മറച്ചുവെക്കാതെ ഞാന്‍ പറഞ്ഞു: ``അയ്യോ, അത്ര വലിയ എഴുത്തുകാരനൊന്നുമല്ല. സിനിമാ സംഗീതത്തെ കുറിച്ചേ എഴുതാറുള്ളൂ..''

ഇത്തവണ പണ്ഡിറ്റ് ജസ്രാജിന്റെ മുഖത്തെ ചിരി മാഞ്ഞു. ഗൗരവഭാവത്തോടെ അദ്ദേഹം പറഞ്ഞു: ``അതെന്താ സിനിമാ സംഗീതം സംഗീതമല്ലേ? ഞാനും പാടിയിട്ടുണ്ട് സിനിമയില്‍. അറിയുമോ?''

അറിയില്ലായിരുന്നു ആ നിമിഷം വരെ. പിന്നീടാണ് പണ്ഡിറ്റ്ജിയുടെ ചലച്ചിത്ര ഗാനങ്ങള്‍  തേടിനടന്നതും കൗതുകത്തോടെ അദ്ദേഹത്തെ കേട്ടതും. ഒന്ന് മനസ്സിലായി അപ്പോള്‍. തനിക്ക് മാത്രം പാടി ഫലിപ്പിക്കാന്‍ കഴിയുന്ന  കഴിയുന്ന പാട്ടുകളേ പണ്ഡിറ്റ്ജി സിനിമയില്‍ പാടിയിട്ടുള്ളു. സവിശേഷമായ ആ ``ജസ്രാജിയന്‍'' മുദ്ര പതിഞ്ഞുകിടക്കുന്ന പാട്ടുകള്‍. വസന്ത് ദേശായി മുതല്‍ അദ്നാന്‍ സമി വരെയുള്ള സംഗീത സംവിധായകര്‍ സൃഷ്ടിച്ച ശാസ്ത്രീയ രാഗ സ്പര്‍ശമുള്ള   ഗാനശില്പങ്ങള്‍.. 

ആദ്യം പാടിയത് 1966 ലാണ്. ഭാര്യാപിതാവ് വി ശാന്താറാം സംവിധാനം ചെയ്ത ``ലഡ്കി സഹ്യാദ്രി കി'' എന്ന സിനിമയില്‍.  ശാസ്ത്രീയ സംഗീതത്തിന്റെ സാദ്ധ്യതകള്‍ ഇത്ര ഔചിത്യപൂര്‍വം പ്രയോജനപ്പെടുത്തിയ ചലച്ചിത്രകാരന്മാര്‍ ശാന്താറാമിനെ പോലെ വേറെയുണ്ടോ എന്ന് സംശയം. ``ലഡ്കി സഹ്യാദ്രി കി'' യില്‍ ഒരു ഭജനാണ് നവാഗത പിന്നണി ഗായകന്‍
ജസ്രാജ് പാടിയത്: ഭരത് വ്യാസ് എഴുതി വസന്ത് ദേശായ് ചിട്ടപ്പെടുത്തിയ `വന്ദന കരോ അര്‍ച്ചന കരോ'. പ്രിയരാഗമായ ആഹിര്‍ഭൈരവി തന്നെ അരങ്ങേറ്റ സിനിമയിലെ ആലാപനത്തിന് കൂട്ട് വന്നത് വിധിനിയോഗമാകാം. 

1971 ല്‍ പുറത്തിറങ്ങിയ ``ഫിര്‍ ഭീ''യിലുമുണ്ട് പണ്ഡിറ്റ്ജിയുടെ നാദസാന്നിധ്യം; മുഴുനീള ഗാനങ്ങളിലൂടെയല്ല എന്ന് മാത്രം. സുഹൃത്തും സംഗീത സംവിധായകനുമായ രഘുനാഥ് സേട്ടിന്റെ നിര്‍ബന്ധമായിരുന്നു പടത്തിന്റെ  പശ്ചാത്തലത്തില്‍ ജസ്രാജിന്റെ ആലാപും ഖയാലും കേള്‍പ്പിക്കണമെന്ന്.  പക്ഷേ രണ്ടു വര്‍ഷം കഴിഞ്ഞു റിലീസായ ``ബീര്‍ബല്‍ മൈ ബ്രദര്‍'' എന്ന ചിത്രത്തില്‍ അവിസ്മരണീയമായ ഒരു ജുഗല്‍ബന്ദിയില്‍ തന്നെ പങ്കാളിയായി ജസ്രാജ്. കൂടെ പാടിയത് സാക്ഷാല്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷി. മാല്‍ക്കോസ് രാഗത്തില്‍ ശ്യാം പ്രഭാകര്‍ സ്വരപ്പെടുത്തിയ ``രംഗ് രലിയാ കരത് സൗത്തന്‍ കേ സംഗ്''  കേള്‍ക്കുമ്പോള്‍ രണ്ടു മഹാ സംഗീത സരണികളുടെ അപൂര്‍വ സമ്മേളനത്തിന്റെ ഇന്ദ്രജാലം അനുഭവിച്ചറിയുന്നു നാം. താന്‍, മീന്‍ഡ്, ഗമകം, മുര്‍കി  തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ  എല്ലാ വശ്യ ഘടകങ്ങളേയും സമന്വയിപ്പിക്കുന്ന  ആലാപനം.

അദ്നാന്‍ സമിയുടെ ഈണത്തില്‍ 1920 (2008) എന്ന ചിത്രത്തിന് വേണ്ടി പാടിയ ``വാദാ തുംസേ ഹേ വാദാ'', ഏക് ഹസീനാ ഥി യില്‍ അമിത് മോഹിലെ ചിട്ടപ്പെടുത്തിയ ``നീന്ദ് നാ ആയേ'' എന്നിവയും  വേറിട്ട ശ്രവ്യാനുഭവങ്ങള്‍.  സ്വാതന്ത്ര്യ സമരസേനാനി ഗൗര്‍ ഹരിദാസിന്റെ ജീവിതം പ്രമേയമാക്കി ആനന്ദ് മഹാദേവന്‍ 2013 ല്‍ ഒരുക്കിയ ``ഗൗര്‍ ഹരി ദാസ്താനി''ലാണ് പിന്നീട് പണ്ഡിറ്റ്ജിയുടെ ആലാപനം കേട്ടത് --   വയലിന്‍ ഇതിഹാസം എല്‍ സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ``വൈഷ്ണവ ജനതോ''. കവിതാ കൃഷ്ണമൂര്‍ത്തിയായിരുന്നു സഹഗായിക. ഒടുവില്‍ പാടിയത് ആരാധനാപാത്രമായ ലതാ മങ്കേഷ്‌കര്‍ക്കും സുരേഷ് വാഡ്കര്‍ക്കും ഒപ്പം ഒരു ആരതിയാണ് -- ആയി  തുജാ ആശീര്‍വാദ് എന്ന മറാഠി ചിത്രത്തിലെ ``ഓം നമോ സുഖദായിനീ..''

സൂര്യതേജസ്സ് എന്ന് പണ്ഡിറ്റ് ജസ്രാജിനെ വിശേഷിപ്പിച്ചിട്ടുണ്ട് സ്വരദേവതയായ ലതാ മങ്കേഷ്‌കര്‍. ഇന്ത്യന്‍ സംഗീതവേദിയില്‍ ഒന്‍പത് പതിറ്റാണ്ടോളമായി ജ്വലിച്ചു നില്‍ക്കുന്ന  ആ സൂര്യബിംബം  ഇനി മുതല്‍  ഒരു ഗ്രഹം കൂടിയാണ്. 2006 വി പി 32 എന്ന ചെറുഗ്രഹത്തിന്  ലോക ജ്യോതിശാസ്ത്ര സംഘടന (എ എ യു) പണ്ഡിറ്റ് ജസ്രാജ് എന്ന് നാമകരണം ചെയ്തത് കഴിഞ്ഞ ദിവസം മാത്രം. മൊസാര്‍ട്ട്, ബീഥോവന്‍, ലൂസിയാനോ പാവറോട്ടി എന്നിവര്‍ക്കൊപ്പം പണ്ഡിറ്റ്ജിയും ഉണ്ടാകും ഇനി ബഹിരാകാശത്ത്.

എത്ര  സംഗീത സാന്ദ്രമായിരിക്കും ആ ഭ്രമണപഥം എന്നോര്‍ത്തുനോക്കൂ .

Content Highlights : ravi menon article about pandit bhimsen joshi and pandit jasraj