ന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ, സംഗീത സാന്ദ്രമായ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ചുമലിലെ തുണിസഞ്ചിയില്‍ ഒരു കെട്ട് ഗാനങ്ങളും അതിന്റെ പതിന്മടങ്ങ് സ്വപ്നങ്ങളുമായി കോഴിക്കോട് ചാലപ്പുറത്തെ മുല്ലശ്ശേരിയുടെ പടികടന്നുവരുന്ന കൃശഗാത്രനായ യുവാവ്. അന്നദ്ദേഹം സിനിമക്ക് വേണ്ടി എഴുതിത്തുടങ്ങിയിട്ടില്ല.

മുല്ലശ്ശേരി രാജുവേട്ടന്റെ സുഹൃദ് സംഗീത ദര്‍ബാറില്‍ സ്വന്തം കാവ്യരചനകള്‍ (അവയില്‍ അധികവും ഈശ്വരസ്തുതികളും ശ്ലോകങ്ങളുമായിരുന്നു ) സ്വയം ഈണമിട്ട് ആംഗ്യവിക്ഷേപങ്ങളോടെ പാടി അവതരിപ്പിക്കും ഗിരീഷ്. അരികത്തുള്ള കട്ടിലില്‍ രാജുവേട്ടന്‍ ആ ഗാനങ്ങള്‍ ആസ്വദിച്ച് കണ്ണടച്ചു കിടക്കും. ആലാപനത്തിനൊടുവില്‍, ഒരു വശം തളര്‍ന്നുകിടക്കുന്ന രാജുവേട്ടന്റെ കാല്‍തൊട്ട് നെറുകയില്‍ വെക്കും ഗിരീഷ്. പിന്നെ ``ഗുരുജി''യുടെ അനുഗ്രഹത്തിനായി തലകുനിക്കും.

1980 കളുടെ അവസാനം ആ ദര്‍ബാര്‍ ആസ്വദിച്ച് മുല്ലശ്ശേരിയുടെ അകത്തളത്തില്‍ കട്ടിലിലും കസേരമേലും വെറും നിലത്തുമായി ചടഞ്ഞുകൂടിയിരുന്നവരില്‍ ഞങ്ങളെല്ലാം ഉണ്ടായിരുന്നു -എനിക്ക് പുറമെ രഞ്ജിത്ത്, ജയരാജ്, പൂതേരി രഘുവേട്ടന്‍, ടി.സി കോയ, ഗായകന്‍ സതീഷ് ബാബു, രാജുവേട്ടന്റെ പ്രിയപത്നി ബേബിച്ചേച്ചി (ബേബിമ്മായി), ഏകമകള്‍ നാരായണി.. അങ്ങനെ പലരും. രഞ്ജിത്തും ജയരാജും അന്ന് മലയാളസിനിമയുടെ ``ക്രീമി ലെയറില്‍'' എത്തിപ്പെട്ടിട്ടില്ല. സിനിമയെ കുറിച്ചുള്ള മഹത്തായ സ്വപ്നങ്ങള്‍ നെയ്യുന്ന തിരക്കിലായിരുന്നു ഇരുവരും.

ഗിരീഷ് ഉറക്കമിളച്ചിരുന്ന് എഴുതിക്കൊണ്ടുവരുന്ന കവിതകളും ശ്ലോകങ്ങളും ``അഭിനവ ടി പി ശാസ്തമംഗല'''മായി സ്വയം ചമഞ്ഞ് വിമര്‍ശന ബുദ്ധിയോടെ കീറിമുറിക്കുന്നതായിരുന്നു അന്നത്തെ തുടക്കക്കാരനായ പത്രപ്രവര്‍ത്തകന്റെ (ജോലി ചെയ്യുന്നത് കൗമുദിയില്‍) പ്രധാന ഹോബികളില്‍ ഒന്ന്. വെറുതെ, ക്ഷിപ്രകോപിയായ കവിയെ ചൊടിപ്പിക്കാന്‍ വേണ്ടി മാത്രം. രാജുവേട്ടന്റെയും കൂട്ടരുടെയും പൂര്‍ണ്ണ പിന്തുണയോടെ `` ശസ്ത്രക്രിയ'' നിര്‍വഹിക്കുമ്പോള്‍ കോപമടക്കി കേട്ടിരിക്കും ഗിരീഷ്. സഹിക്കാനാവാത്ത ഘട്ടം വരുമ്പോള്‍ എന്റെ നേരെ വിരല്‍ ചൂണ്ടി അദ്ദേഹം പ്രഖ്യാപിക്കും. ``എന്നെങ്കിലും സിനിമയില്‍ പാട്ടെഴുത്തുകാരനായി മാറിയാല്‍ ആദ്യം ഞാന്‍ കൊല്ലുന്നത് നിന്നെയായിരിക്കും. ജാഗ്രതൈ...!''

ഗിരീഷ് പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ പാട്ടെഴുത്തുകാരനായി മാറി. ഇടക്കൊക്കെ വിളിക്കുമ്പോള്‍ പഴയ പ്രതിജ്ഞയെ കുറിച്ച് കവിയെ ഓര്‍മ്മിപ്പിക്കും ഞാന്‍. നിലക്കാത്ത പൊട്ടിച്ചിരിയായിരിക്കും മറുപടി. കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയുണ്ട്: ``ആദ്യം മലയാള ഭാഷയെ ഒന്ന് കൊന്നുതീര്‍ക്കട്ടെ. എന്നിട്ടാവാം നിന്നെ. സമയമുണ്ട്; കാത്തിരിക്കൂ...''

അവസാനമായി ഗിരീഷ് വിളിച്ചത് മരണത്തിന് (2010 ഫെബ്രുവരി 10 നായിരുന്നു വേര്‍പാട്) ഒരു മാസം മുന്‍പാണ്. ഫോണെടുത്തപ്പോള്‍ പതിവുപോലെ മറുപുറത്ത് ഗിരീഷിന്റെ പാട്ട്: ``കണ്മണീ കരയല്ലേ, കണ്ടുവന്ന നിധിയല്ലേ, കണ്ടിരിക്കും പൊന്‍കിനാവിന്‍ ചെണ്ടിലുള്ള പൂന്തേനല്ലേ...'' ക്രിസ്മസ് രാത്രി എന്ന പഴയ സിനിമയില്‍ പി ലീല പാടിയ പാട്ട് പാടിനിര്‍ത്തി ഗിരീഷ് പറഞ്ഞു: ``ഈ പാട്ടിന്റെ ഒറിജിനല്‍ ആണ് നിന്റെ ഹലോ ട്യൂണ്‍-ജല്‍ത്തേ ഹേ ജിസ്‌കെ ലിയേ..''


അന്ന് സംസാരിച്ചതേറെയും ലീലച്ചേച്ചിയെ കുറിച്ചാണ്. ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിച്ച അംഗീകാരങ്ങള്‍ ലഭിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഗായിക. മരിച്ചതിന്റെ മൂന്നാം പക്കം സര്‍ക്കാര്‍ പദ്മ ഭൂഷണ്‍ നല്‍കി അവരെ ആദരിക്കുന്നു. അതാണ് ഏറ്റവും വലിയ ക്രൂരത. വന്ദിച്ചില്ലെങ്കിലും മഹന്മാരായ കലാകാരന്മാരെയും കലാകാരികളെയും നിന്ദിക്കാതിരുന്നുകൂടെ?

വിടപറയും മുന്‍പ് ലീലച്ചേച്ചിയുടെ തനിക്കേറ്റവും ഇഷ്ടപ്പെട്ട പഴയൊരു പാട്ടിന്റെ പല്ലവി മൂളി ഗിരീഷ്: ``പ്രാണന്റെ പ്രാണനില്‍ പ്രേമ പ്രതീക്ഷ തന്‍ വീണമുറുക്കിയ പാട്ടുകാരാ, പാടാന്‍ തുടങ്ങും മുന്‍പെന്റെ മണിവീണ പാടേ തകര്‍ത്തു നീയെങ്ങുപോയീ..?''

ഇത്രവേഗം, കയ്യിലെ മണിവീണ ഭൂമിയില്‍ ഉപേക്ഷിച്ചു നടന്നുമറയുമെന്ന് കരുതിയിരുന്നില്ല ആ പ്രിയപ്പെട്ട പാട്ടുകാരന്‍...

(നക്ഷത്ര ദീപങ്ങള്‍)

Content Highlights : Gireesh Puthenchery 10th death anniversary ravi menon pattuvazhiyorath