കോഴിക്കോട് മഹാറാണി ഹോട്ടലിലെ ഒരു മുറിയില്‍ വലിയൊരു കൂട്ടം ആരാധകര്‍ക്കിടയില്‍ ഇരുന്ന് സ്വയം വരിച്ച ഏകാഗ്രതയോടെ ഹാര്‍മോണിയത്തില്‍ ``സൃഷ്ടി''യിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്ന ബാബുരാജ്. ഒ എന്‍ വി എഴുതിക്കൊടുത്ത ``സൃഷ്ടിതന്‍ സൗന്ദര്യമുന്തിരിച്ചാറിനായ് കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍, വേദനയില്‍ സര്‍ഗവേദനയില്‍ എന്റെ ചേതന വീണെരിയുന്നൂ , സൃഷ്ടിതന്‍ വേദനയാരറിയുന്നൂ....'' എന്ന പല്ലവി വായിച്ചു നോക്കി കണ്ണടയ്ക്കുള്ളിലൂടെ ഒരു കുസൃതിച്ചിരി ചിരിച്ചു ബാബു ചോദിക്കുന്നു: ``അല്ല മാഷേ, ഇത് നമ്മളെ പറ്റിയാണല്ലോ..''

ഹാര്‍മോണിയത്തിന്റെ കട്ടകളും ബാബുരാജിന്റെ മാന്ത്രിക വിരലുകളും തമ്മിലുള്ള ചടുല സല്ലാപമായിരുന്നു പിന്നെ. നിമിഷങ്ങള്‍ക്കുള്ളില്‍ അപൂര്‍വസുന്ദരമായ ഒരു രാഗമാലികയായി ഈണം പിറവിയെടുക്കുന്നു. ``പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കുന്ന'' ആ സംഗീതരസതന്ത്രം കണ്ടു വിസ്മിതനേത്രനായി നില്‍ക്കുകയായിരുന്നു താന്‍ എന്ന് ഒ എന്‍ വി എഴുതിയിട്ടുണ്ട്.


അത്ഭുതം തോന്നാം: എന്തുകൊണ്ട് ഈ കാവ്യ-സംഗീത പ്രതിഭകള്‍ അധികം സിനിമകള്‍ക്ക് വേണ്ടി ഒന്നിച്ചില്ല? ``സൃഷ്ടി'' ഉള്‍പ്പെടെ മൂന്നേ മൂന്നു പടങ്ങളിലേ ഒ എന്‍ വി - ബാബുരാജ് ടീമിന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായുള്ളൂ. ``അത്ര പേരെടുത്തിട്ടില്ലാത്ത ചില നാടകസമിതികള്‍ക്ക് വേണ്ടി ഞങ്ങള്‍ പാട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും സിനിമയില്‍ ഒരുമിക്കേണ്ട സാഹചര്യങ്ങള്‍ അധികം ഒത്തുവന്നില്ല. അതൊരു നഷ്ടം തന്നെയാണ് ''-- ഒ എന്‍ വി പറയുന്നു.


സ്വര്‍ണച്ചാമരം വാങ്ങാം

കറുത്ത രാത്രികള്‍ (1967) ആണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ജാനകി പാടിയ ഓമനത്തിങ്കളേ, കിളിമകളേ എന്നീ ഗാനങ്ങള്‍ ഈ ചിത്രത്തില്‍ നിന്ന് ഇന്നും ഓര്‍മ്മയില്‍ അവശേഷിക്കുന്നു. ഒന്‍പതു വര്‍ഷം കഴിഞ്ഞ് `സൃഷ്ടി'. യേശുദാസ് പാടിയ സൃഷ്ടി തന്‍ സൗന്ദര്യമുന്തിരിച്ചാറിനായ് എന്ന പാട്ടിനു പുറമേ മറ്റൊരു വ്യത്യസ്ത ഗാനം കൂടി ഈ ചിത്രത്തില്‍ നിന്ന് ഓര്‍ത്തെടുക്കാം: ജാനകി ശബ്ദം നല്‍കിയ നിത്യകാമുകി നിന്നെ തിരഞ്ഞു ഞാന്‍. മറ്റൊന്ന് ഒരു സംഘ ഗാനമാണ്: ആയിരം പൊന്‍പണം വീണു കിട്ടി. പാടിയത് കൊച്ചിന്‍ ഇബ്രാഹിമും ആന്റോയും സംഘവും.


``സമര്‍പ്പണം'' എന്ന പേരില്‍ ചിത്രീകരണം തുടങ്ങി, ഒടുവില്‍ ``ഭാര്യയെ ആവശ്യമുണ്ട്'' എന്ന പേരില്‍ റിലീസായ പടത്തിലാണ് ഒ എന്‍ വിയും ബാബുരാജും അവസാനം ഒന്നിച്ചത്. ബാബുരാജിന്റെയും അവസാന ചിത്രങ്ങളില്‍ ഒന്ന്. ആ പടത്തിലെ ഗാനങ്ങള്‍ പിറന്നു വീണ കഥ ഹൃദയസ്പര്‍ശിയായി വിവരിച്ചിട്ടുണ്ട് ഒ എന്‍ വി. ``ക്ഷീണിതനായിരുന്നു ബാബുരാജ്. വാതരോഗം അദ്ദേഹത്തിന്റെ വിരലുകളെ ബാധിച്ചിരുന്നു. പാടാനും പ്രയാസം. എന്നിട്ടും, ജാലകങ്ങള്‍ തുറന്നിട്ട ആ ലോഡ്ജ് മുറിയില്‍ ഇരുന്ന് ഹാര്‍മോണിയത്തില്‍ നൊന്തു വിരലോടിച്ചു കൊണ്ട് ബാബുരാജ് എന്റെ മൂന്നു പാട്ടുകള്‍ക്ക് സംഗീതം നല്‍കി. ഒന്ന് ഒരു കുട്ടിയ്ക്കുള്ള പിറന്നാള്‍ ആശംസയായിരുന്നു: മന്ദാരതരു പെറ്റ മാണിക്യക്കനിയേ, മംഗളം നിനക്ക് മംഗളം. നിരന്തര ശീലം കൊണ്ട് ആ വരികള്‍ അദ്ദേഹം പതറാതെ പാടി. മറ്റൊരു ഗാനം, ``പൂവും പൊന്നും പുടവയുമായ് വന്നു ഭൂമിയെ പുണരും പ്രഭാതമേ..''

പിന്നീടധികം പ്രഭാതങ്ങള്‍ ബാബുരാജിന്റെ ജീവിതത്തില്‍ ഉണ്ടായില്ല....``എല്ലാം മറന്നു മറ്റുള്ളവര്‍ക്കായി പാടുമ്പോഴും തലമുറകളെ തഴുകി ഇനിയുമൊഴുകുന്ന രാഗധാര സൃഷ്ടിക്കുമ്പോഴും ബാബുരാജിന്റെ ചേതനയില്‍ നീറിപ്പുകഞ്ഞ സങ്കടങ്ങളും, പിരിമുറുക്കമുളവാക്കിയ സംഘര്‍ഷങ്ങളും ആരും അറിഞ്ഞില്ല എന്നതാണ് സത്യം..''

(സ്വര്‍ണചാമരം എന്ന പുസ്തകത്തില്‍ നിന്ന്)

Content Highlights: Baburaj ONV Kuruppu Old Malayalam Movie Music Ravi Menon Paattuvazhiyorathu