പാട്ടിനെ മറ്റെന്തിനെക്കാളും സ്‌നേഹിക്കുന്ന നാലു പെണ്‍കുട്ടികള്‍. കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളിലെ  മനോഹരകാലത്തു മൊട്ടിട്ട സൗഹൃദം. പഠനം കഴിഞ്ഞ് ജോലിയും കുടുംബജീവിതവുമായി നാലുപേരും നാലുവഴിക്ക് പോയപ്പോഴും പഴയ സൗഹൃദം കൂടെക്കൂട്ടി. സോഷ്യല്‍മീഡിയയയുടെ വരവോടെ മിസ് ചെയ്തു തുടങ്ങിയിരുന്ന ആ അടുപ്പം തിരികെപ്പിടിച്ചു. കാലത്തിന് വേര്‍പെടുത്താന്‍ അവസരം നല്‍കാതെ അവര്‍ മനസ്സില്‍ സൂക്ഷിച്ച ആ സ്‌നേഹം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനും അടയാളപ്പെടുത്തി വയ്ക്കാനും അവര്‍ നിശ്ചയിച്ചു. അതിനുള്ള ശ്രമങ്ങളായി പിന്നീട്. നാലുപേരെയും ഒന്നിപ്പിച്ച സംഗീതത്തില്‍ ചെന്നു ചിന്ത മുട്ടി നിന്നു. അങ്ങനെ 19 വര്‍ഷങ്ങള്‍ക്കിപ്പുറം ജനി പിറന്നു. മകനെ വേര്‍പിരിഞ്ഞ അമ്മയുടെ നൊമ്പരം ദൃശ്യവത്ക്കരിച്ച ജനി എന്ന മ്യൂസിക് ആല്‍ബം പ്രേക്ഷകരുടെ മനസ്സില്‍ തട്ടി. 

ഈ ലോകസംഗീതദിനത്തില്‍ ഈ നാല്‍വര്‍ സംഘത്തിന്റെ രണ്ടാമത്തെ ആല്‍ബമായ ഊര്‍മ്മിള പുറത്തിറങ്ങുകയാണ്. സംഗീതദിനത്തില്‍ മാതൃഭൂമി കപ്പ ടിവി സ്‌മോക്കിങ് ഹോട്ട്‌സിലൂടെയാണ് റിലീസ്. ശേഷം യൂട്യൂബിലും ലഭ്യമാകും. ദീപ്തി വിജയന്‍ ഊര്‍മ്മിളയെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട്.

ഞങ്ങള്‍ പണ്ടുമതലേ കൂട്ടുകാര്‍, പാട്ടുകാരും..

കോഴിക്കോട് പ്രസന്റേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2000 എസ്.എസ്.എല്‍.സി ബാച്ചുകാരാണ് ഞങ്ങള്‍. രശ്മി കോഴിക്കോട് ചേവായൂരാണ്. ഡോക്ടറാണ്. ദീപ്തി ബാംഗ്ലൂരില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ്. ശ്രീലക്ഷ്മി പൂനെയില്‍ അധ്യാപികയാണ്. ഗായത്രി അമേരിക്കയില്‍ ജോലി ചെയ്യുന്നു. അക്കാലത്ത് സ്‌കൂള്‍-സംസ്ഥാന യുവജനോത്സവവേദികളിലും പാട്ടിടവേളകളിലൂടെയുമാണ് നാലു പാട്ടുകാരികളും കൂട്ടാകുന്നത്. ഗായത്രി ഒഴികെ ഞങ്ങള്‍ മൂന്നു പേരും കോഴിക്കോട്ടുകാരാണ്. ഗായത്രിയുടെ അച്ഛനമ്മമാര്‍ക്ക് സ്ഥലം മാറ്റം കിട്ടി കോഴിക്കോട്ട് വന്നു. അങ്ങനെയാണ് നാലുപേരും ഒന്നിക്കുന്നത്. 

ജനിയില്‍ നിന്നും ഊര്‍മ്മിളയിലേക്ക്..

അടുത്ത ഒരു പാട്ട്. അതായിരുന്നു ആദ്യചിന്ത. കഴിഞ്ഞ വര്‍ഷമാണ് ജനി ചെയ്തത്. ജനി താരാട്ടുപാട്ടായിരുന്നെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമാകണം എന്നു ചിന്തിച്ചിരുന്നു. 

കംപോസ് ചെയ്ത ട്യൂണുമായി രശ്മി ആദ്യം വന്നു. അതുകേട്ട് വരികളെഴുതി നോക്കി. അങ്ങനെ വാട്ട്‌സ് ആപ്പ് ഗ്രൂപ് ചര്‍ച്ചകളിലൂടെ സമയമെടുത്താണ് പാട്ടുണ്ടായത്. ആദ്യം ഒരു പ്രണയഗാനമാണ് ഉടലെടുത്തത്. പിന്നീടാണ് സാവിത്രി ശ്രീധരനെ ഫീച്ചര്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അവരുടെ ആദ്യ മ്യൂസിക് ആല്‍ബമായിരിക്കും ഇത്. നാടകങ്ങളിലും സിനിമകളിലുമല്ലേ അഭിനയിച്ചിട്ടുളളൂ. 

പ്രണയഗാനം എന്ന ആശയം മാറ്റി, അവരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം പോലെയാക്കി. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു മുത്തശ്ശിയുടെ കൂടെ ഒരു ദിവസം ചെലവഴിക്കാന്‍ ചെറുമകള്‍ എത്തുന്നു. അവളിലൂടെ മുത്തശ്ശി സ്വന്തം ചെറുപ്പകാലത്തേക്ക് തിരിഞ്ഞു നടക്കുന്നു എന്ന ആശയം രൂപപ്പെടുത്തി.

മക്കള്‍ ദൂരെയ്ക്കു പോകുമ്പോള്‍ ഒറ്റപ്പെടുന്ന മാതാപിതാക്കള്‍. വലിയവീടുകളില്‍ ഒറ്റയ്ക്കു കഴിയുകയായിരിക്കും അവര്‍. ചിലപ്പോള്‍ ഒരാളേ കാണൂ. ഒന്നുകില്‍ അച്ഛന്‍ മാത്രം. അല്ലെങ്കില്‍ അമ്മ. അങ്ങനെയുളള ഒറ്റപ്പെടലില്‍ ചിലപ്പോള്‍ ഒരു ദിവസം വീണു കിട്ടും. അത് അവരെ എത്രമാത്രം സന്തോഷിപ്പിക്കും? ഈ ആശയമാണ് ഊര്‍മ്മിളയിലേക്കെത്തിച്ചത്. 

ഊര്‍മ്മിളയെക്കുറിച്ച്..

ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെട്ട, സഹനത്തിന്റെ പ്രതീകമായ ഇതിഹാസ കഥാപാത്രമായ ഊര്‍മിളയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ച ഒരു കഥാപാത്രവും ആ കഥാപാത്രത്തിനെ ചുറ്റിപ്പറ്റി നടക്കുന്ന ചെറിയ ഒരു സംഭവവുമാണ് ഊര്‍മ്മിള പറയുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ജോഗ് രാഗത്തിലാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

 

സാവിത്രി ശ്രീധരനൊപ്പം സസ്ന ബാബു മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ശ്രീലക്ഷ്മി ചന്ദ്രന്റെ വരികള്‍ക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് രശ്മി അരവിന്ദാക്ഷന്‍ ആണ്. കീബോര്‍ഡ് പ്രോഗ്രാമിങ്ങും ഓര്‍ക്കസ്‌ട്രേഷനും ചെയ്തത് ഷാജു വാടിയില്‍. മിക്‌സിങ് ഹൃദയ് ഗോസ്വാമി.
പ്രചാരണം ദീപ്തി വിജയന്‍. ഗായത്രി ജയകുമാറിന്റെ തിരക്കഥ ആസ്പദമാക്കി അജയ് ഗോവിന്ദ് ആണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

സംവിധായകന്‍ അജയ് ഗോവിന്ദിലൂടെയാണ് സാവിത്രി ശ്രീധരനിലേക്കെത്തുന്നത്. അജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അവര്‍ ഒരു റോളിലെത്തുണ്ട്. സിനിമാമേഖലയില്‍ സജീവമായ അജയയുടെ ജംപ്കട്ട്‌സ് എന്നൊരു ഹ്രസ്വചിത്രവും പുറത്തിറങ്ങാനിരിക്കുകയാണ്.

ഛായാഗ്രഹണം രാഹുല്‍ സി രാജും എഡിറ്റിംഗ് ചെയ്തത് കൃഷ്ണദാസും ആണ്. അനുപല്ലവിയും സിസിഫസ് റോക്‌സ് ഫിലിംസും സംയുക്തമായാണ് ഊര്‍മിള നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ട് 2020ന് ചാലപ്പുറത്ത് വച്ചായിരുന്നു ഷൂട്ട്.  

അനുപല്ലവി എന്നാണ് സംഗീതക്കൂട്ടായ്മയെ ഇവര്‍ വിളിക്കുന്നത്. അനുപല്ലവിയുടെ ജനി കഴിഞ്ഞ വര്‍ഷം മാതൃദിനത്തിലാണ് പുറത്തിറക്കിയത്. ആദ്യ സിഡി ഏറ്റുവാങ്ങി പ്രകാശനം ചെയ്തത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയായിരുന്നു.

Content Highlights : world music day urmila music album