1960കളില്‍, ചെന്നൈയിലെ തെരുവുകളില്‍ സദാ അലഞ്ഞു തിരിയുന്ന ഒരു മഞ്ഞ ഫിയറ്റ് കാര്‍ ഉണ്ടായിരുന്നു. അതങ്ങിനെ കറങ്ങിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ഏതെങ്കിലും റെക്കോഡിങ് സ്റ്റുഡിയോക്കു മുന്നില്‍ കാണാം. അല്ലെങ്കില്‍ നല്ല ശാപ്പാടു കിട്ടുന്ന ഹോട്ടലുകള്‍ക്കു മുന്നില്‍. പലപ്പോഴും ഒരു ലക്ഷ്യവുമില്ലാതെ, പകല്‍ മുഴുവന്‍ നിറുത്താതെ, അങ്ങിനെ...

പി.ജയചന്ദ്രനും പി. ബാലചന്ദ്രനുമായിരുന്നു ആ കാറില്‍. മലയാളത്തിന്റെ സ്വന്തം ഭാവഗായകനും കേരളത്തിന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കോച്ചും. ഇരുവരും പാലിയത്തു തറവാട്ടിലെ ഇളമുറക്കാര്‍. സംഗീതഭ്രമവും ക്രിക്കറ്റ് ഭ്രാന്തും പൈതൃകമായി കിട്ടിയവര്‍. കളിയും പാട്ടും തീപ്പിടിപ്പിച്ച യൗവനത്തില്‍ ചെന്നൈയിലെ വെയില്‍പ്പാതകളില്‍ ഒന്നിച്ചലഞ്ഞവര്‍. പിന്നീടെപ്പോഴോ വഴി പിരിഞ്ഞെങ്കിലും നാലു പതിറ്റാണ്ടായി മനസ്സു കൊണ്ട് അവര്‍ ഒരുമിച്ചു സഞ്ചരിക്കുന്നു. സംഗീതത്തിന്റെ വഴികളില്‍, ഒരാള്‍ ഗായകനായും മറ്റെയാള്‍ ആസ്വാദകനായും. ക്രിക്കറ്റിന്റെ വഴികളില്‍ ഒരാള്‍ കളിക്കാരനായും മറ്റെയാള്‍ കളിഭ്രാന്തനായും. ഇന്നും ഉലഞ്ഞിട്ടില്ലാത്ത സ്നേഹബഹുമാനങ്ങളോടെ ജ്യേ്ഷ്ഠാനുജന്മാര്‍ പരസ്പരം പിന്തുടരുന്നു. 

ജയചന്ദ്രനെന്ന ഗായകന്റെ സാര്‍ഥകമായ സംഗീതസപര്യയെയും ആര്‍ക്കും വഴങ്ങാത്ത വ്യക്തിത്വത്തെയും ഇത്ര അടുത്തറിഞ്ഞവര്‍ ബാലചന്ദ്രനെപ്പോലെ അധികം കാണില്ല. സ്റ്റാര്‍ & സ്‌റ്റൈലിനു വേണ്ടി ഇരുവരും ഒന്നിച്ചപ്പോള്‍ സംഗീതവും ഉല്ലാസവും പൊട്ടിച്ചിരികളും നേര്‍ത്ത വിഷാദവും നഷ്ടബോധവുമെല്ലാം നിറഞ്ഞു തുളുമ്പിയ ഒരു സംഭാഷണത്തിനാണ് അരങ്ങൊരുങ്ങിയത്. സുരഭിലമായ ഒരു ചെന്നൈക്കാലവും സംഗീതത്തിലെ പുതിയതും പഴയതുമായ പ്രവണതകളും എന്നും വഴി മാറി നടക്കാന്‍ മാത്രം ഇഷ്ടപ്പെട്ട ഒരു ഗായകമനസ്സുമെല്ലാം അപൂര്‍വമായ ആ സംഭാഷണത്തില്‍ തെളിഞ്ഞു തെളിഞ്ഞു വന്നു. 

ഇഷ്ടമുള്ളതു മാത്രം ചെയ്ത ഒരാള്‍

ഓര്‍മയുണ്ടോ, അന്ന് ഞാന്‍ വന്ന് ഉപദേശം ചോദിച്ചത് ജയേട്ടനോടാണ് -ബാലചന്ദ്രന്‍ സംഭാഷണത്തിനു തുടക്കം കുറിച്ചു: സംഗീതത്തിനു വേണ്ടി പ്യാരി കമ്പനിയിലെ ജോലി രാജി വെച്ച് ചെന്നൈയിലെ പൊള്ളുന്ന വെയിലിലേക്ക് ജയേട്ടന്‍ ഏകനായി ഇറങ്ങിപ്പോയില്ലേ? അതാണ് ബാങ്ക് ഉദ്യോഗം വലിച്ചെറിഞ്ഞ് ക്രിക്കറ്റിന്റെ ഭ്രാന്തന്‍ വഴികളിലേക്കു നടന്നു പോകാന്‍ എനിക്കും പ്രേരണയായത്. ഇഷ്ടമില്ലാത്ത ജോലി ഇപ്പോള്‍ത്തന്നെ കളയുക, ഇഷ്ടമുള്ളതു മാത്രം ചെയ്യുക എന്നായിരുന്നു അന്നെനിക്കു തന്ന ഉപദേശം. തിരിഞ്ഞു നോക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. ജയേട്ടന് അന്നെങ്ങിനെയാണ് അതിനു ധൈര്യം വന്നത്. ഇതൊരു പ്രൊഫഷനാക്കാം എന്ന ധൈര്യം? 

ഞാനൊന്നും ആലോചിച്ചിട്ടില്ല. അതിനെപ്പറ്റി, അന്നും ഇന്നും. എന്റെ ഇഷ്ടം സംഗീതമായിരുന്നു. അതായിരുന്നു എനിക്കു വലുത്. അതിനു വേണ്ടി ജോലി രാജി വെച്ചു, പോന്നു. അത്ര തന്നെ. ജോളിയടിക്കണം, കൂട്ടുകാരുമൊത്ത് തമാശയൊക്കെ പറഞ്ഞു നടക്കണം... അത്രയൊക്കെയേ അന്നുണ്ടായിരുന്നുള്ളൂ. അന്ന് നമ്മുടെ ലോക്കല്‍ ഗാര്‍ഡിയനായിരുന്ന വിജയമ്മാമന്‍ കണ്ണുരുട്ടി. എത്ര ചീത്ത പറഞ്ഞുവെന്നോ! ഇനി ഇങ്ങോട്ടു കയറരുത് എന്നൊക്കെ. പാട്ടു തലയ്ക്കു പിടിച്ച ഞാന്‍ ഒന്നും നോക്കിയില്ല. ഇറങ്ങിപ്പോന്നു.  

ഇരുവരും നിശ്ശബ്ദരായി. ലുലുവിലെ മനോഹരമായ റസ്റ്ററന്റില്‍ നേര്‍ത്ത ശബ്ദത്തില്‍ ജയേട്ടന്റെ പഴയൊരു പാട്ട് ഒഴുകി നടന്നു. കടന്നു പോന്ന വഴികളില്‍ നിന്ന് മഞ്ഞല പോലെ പടര്‍ന്നു പരന്ന ആ ഗാനശകലം ആര്‍ദ്രമായി അവരെ വന്നു തൊട്ടു. 

ആദ്യത്തെ ഗാനമേള

ജയേട്ടന് ഓര്‍മയുണ്ടോ? കോഴിക്കോട്ടു നടന്ന ജയേട്ടന്റെ ആദ്യ ഗാനമേള? 

സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടില്‍. അമ്പോ, എന്തൊരു ക്രൗഡായിരുന്നു! എം എസ് വി സാറാണ് കണ്ടക്റ്റ് ചെയ്തത്...

അതെ, അന്നു നിലത്തിരുന്നാണ് പാടിയിരുന്നത്...

അതെയതെ. ടി.എം.സൗന്ദര്‍രാജനും സുശീലാമ്മയുമൊക്കെ ഉണ്ടായിരുന്നു... 

'ഇതാ, പുതിയൊരു യുവഗായകന്‍' എന്നു പറഞ്ഞാണ് അന്ന് എംഎസ്വി പരിചയപ്പെടുത്തിയത്.. വലിയ അപ്ലോസായിരുന്നു. 

ഉം... ഞാനന്നു പാടിയത് 'കാറ്റടിച്ചു' എന്ന പാട്ടാണ്. അതു പോലൊരു ക്രൗഡ് പിന്നീടെവിടെയും കണ്ടിട്ടില്ല. 

പരിപാടി കഴിഞ്ഞ് സ്റ്റേജിനു പിന്നില്‍ വന്ന് ഞാനും അച്ഛനും ജയേട്ടനെ കണ്ടു, സംസാരിച്ചു. ഞാനന്ന് കോഴിക്കോട്ടു പഠിക്കുകയാണ്. അച്ഛന്‍ കോഴിക്കോട്ട് വിജയാ ബാങ്കിന്റെ മാനേജരാണ്. അന്ന് ജയേട്ടന്‍ അത്ര പോപ്പുലറായിട്ടില്ല. തിരിച്ച് വീട്ടില്‍ വന്നിട്ട് അച്ഛന്‍ അമ്മയോടു പറഞ്ഞത് ഞാനോര്‍ക്കുന്നു. നമ്മുടെ കൊച്ചനിയന്‍ ചേട്ടന്റെ മകന്‍ അസ്സലായി പാടീട്ടോ...  

ലീലാമ്മയാണ് എനിക്കന്ന് അവസരം തന്നത്. ഞാനാദ്യമായി കോഴിക്കോട് കാണുന്നത് അന്നാണ്. അമേരിക്കയിലൊക്കെ പോയ പോലെ! എന്തൊരദ്ഭുതമായിരുന്നു. 

പിന്നീടാണ് ചെന്നൈയില്‍ പോകുന്നത്...? 

അതെ. ബി എസ്സി സുവോളജി പഠിക്കാന്‍. തനിക്കറിഞ്ഞൂടേ എന്റെ കാര്യം? എന്തു സുവോളജി? എന്തു പഠിപ്പ്? സിനിമ കാണലും പാട്ടും തന്നെ എപ്പോഴും. തനിക്കറിയ്വോ, ലാബ് അറ്റന്‍ഡര്‍ക്ക് പാട്ടു പാടിക്കൊടുത്താണ് ഞാന്‍ പ്രാക്ടിക്കല്‍ പാസായതു പോലും. സാള്‍ട്ടൊക്കെ അയാള്‍ പറഞ്ഞു തരും. ഇപ്പോഴും ഭാര്യ പറയാറുണ്ട്, അതു മക്കളോടൊന്നും പറയണ്ടാട്ടോ എന്ന്. 

പിന്നെ എത്രയെത്ര ഗാനമേളകള്‍! അതിലൂടെയാണല്ലോ ജയേട്ടന്‍ സിനിമയിലെത്തുന്നതും. ഇപ്പോള്‍ എത്ര സ്റ്റേജായിട്ടുണ്ടാവും? 

ആര്‍ക്കറിയാം...

ഗാനമേളകളുടെ സ്‌റ്റൈല്‍ തന്നെ മാറിയില്ലേ ഇപ്പോള്‍? സ്റ്റേജ് ഷോ എന്നൊക്കെ വിളിക്കാവുന്ന രീതിയായില്ലേ? ഒന്നു ചോദിക്കട്ടെ, ഇപ്പോഴും എന്‍ജോയ് ചെയ്യുന്നുണ്ടോ അത്?

ചെയ്യാതെ പറ്റില്ലല്ലോ. പ്രൊഫഷനായില്ലേ? പക്ഷെ എന്തോ, ഗംഭീരമായി എന്ന തോന്നല്‍ ഉണ്ടാവുന്ന ഒരു പ്രോഗ്രാമും വരുന്നില്ല. പലപ്പോഴും സ്ഥിരം പാട്ടുകളാണ് പാടുന്നത്. അതിന്റെ മടുപ്പുമുണ്ട്. കൂടെ പാടുന്നവരും പലപ്പോഴും അത്ര മികച്ചവരാവില്ല. 

നിലത്തിരുന്ന്, കസേരയിലിരുന്ന്, നിന്ന്... അങ്ങിനെ ഗാനമേളകളുടെ കോലം മാറി. ജയേട്ടന് ഇപ്പോഴും മാറാത്ത ഒന്നുണ്ട്. പുസ്തകം... 

അതെ, അതു മാറിയിട്ടില്ല. പാടണമെങ്കില്‍ എനിക്കു പുസ്തകം നിര്‍ബന്ധമാണ്.

ബാക്കിയെല്ലാവരും കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെയായി...

എനിക്കതു പറ്റില്ല. ശ്രമിക്കുന്നുമില്ല. ഇതാ ഈ മൊബൈലില്‍ എസ്എംഎസ്സ് പോലും ഞാന്‍ നോക്കാറില്ല. കോള്‍ വരും, എടുക്കും. അത്രമാത്രം... 
സ്റ്റേജ് ഷോകളില്‍ പാട്ടു മാത്രം പോരാ, ആട്ടവും വേണം...?

ഞനതു ചെയ്യില്ല. ഇല്ല എന്നു മാത്രമല്ല, കൂടെയുള്ളവരെ ചെയ്യാന്‍ സമ്മതിക്കാറുമില്ല. ഉള്ളത് നന്നായി പാടിയാല്‍ മതി എന്നു പറയും. ശ്രുതി പോലും തെറ്റിച്ചു പാടിയിട്ട് കമോണ്‍, ക്ലാപ്പ് എന്നൊക്കെ വിളിച്ചു കൂവി ഡാന്‍സ് ചെയ്തിട്ട് എന്തു കാര്യം...

ജയേട്ടന് നൊസ്റ്റാള്‍ജിയ അല്‍പ്പം കൂടുതലാണ്. അതു കുറയ്ക്കണം. പുതിയതൊക്കെ മോശം, അങ്ങിനെ കാണരുത്. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാന്‍ ശ്രമിച്ചു കൂടേ...

ഞാന്‍ ശ്രമിച്ചു നോക്കി. കോംപ്രമൈസ് ചെയ്യാന്‍. പക്ഷെ പറ്റുന്നില്ല. ഇവര്‍ കഴിവുള്ളവരല്ലേ എന്നൊക്കെ ആലോചിക്കും. അപ്പോഴും ക്വാളിറ്റി തന്നെ പ്രശ്നം. ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്തു പോയി. എം എസ് വി, ബാബുരാജ്, ദേവരാജന്‍ മാസ്റ്റര്‍...അങ്ങിനത്തവര്‍ വരട്ടെ. ഐ വില്‍ ബി ദ ഫസ്ററ് പേഴ്സന്‍ ടു അപ്രീഷിയേറ്റ് ദെം. എനിക്ക് ഒരു ദേഷ്യവുമില്ല ഒന്നിനോടും. ഒരാളോടും. പക്ഷെ കാപട്യം. അതു സഹിക്കാന്‍ പറ്റില്ല. പലര്‍ക്കും കാല്‍കാശിന്റെ അറിവില്ല. ജാടയ്ക്കാണെങ്കില്‍ ഒരു കുറവുമില്ല. കാലത്തെ അതിജീവിക്കുന്ന ഒരെണ്ണമെങ്കിലും ചെയ്തിട്ടു വേണ്ടേ ജാട കാണിക്കാന്‍? മൂന്നു മാസം തികച്ചോടില്ല ഇവന്മാരുടെ ഒരു പാട്ടും...

തണ്ണി മത്തന്‍ ജ്യൂസ് എത്തി. ചുകന്നു പഴുത്ത ഓര്‍മകളെ കടഞ്ഞെടുക്കുന്നതു പോലെ അതില്‍ സ്പൂണ്‍ ചുഴറ്റിക്കൊണ്ട് ജയചന്ദ്രന്‍ നിശ്ശബ്ദനായി ഇരുന്നു.  

പാട്ടിന്റെ മധുമാസ ചന്ദ്രിക

ഇശൈ വസന്ത കാലങ്കള്‍..

കറങ്ങിത്തിരിഞ്ഞ് അവര്‍ ചെന്നൈക്കാലത്തിലേക്കു തന്നെ ചെന്നുവീണു. 

ഇപ്പോള്‍ ഒരു കാര്യം ചോദിക്കട്ടെ, മദ്രാസ് ലൈഫായിരുന്നില്ലേ ഇതിനേക്കാള്‍ രസം?

നൂറു ശതമാനം...

അന്നൊക്കെ ജയേട്ടന്‍ പറയും, നാട്ടില്‍ പോയാല്‍ മതി എന്ന്... ഞനന്നേ പറയാറുണ്ട്, നാട്ടില്‍ പോയാല്‍ തിരിച്ചു പറയും എന്ന്. ഇപ്പോ എന്തു തോന്നുന്നു?

ഇവിടെ വന്നപ്പോഴല്ലേ ഇവിടത്തെ വൃത്തികേടുകള്‍ അറിയണത്. പിന്നെ, എനിക്ക് വീണേടമാണ് വിഷ്ണുലോകം... 

എന്നാലും തമിഴ് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടാവും, അല്ലേ? 

തമിഴില്‍ എനിക്കു പാട്ടൊന്നും അധികമില്ലല്ലോ. അവിടെ തീര്‍ത്തും പുതിയ ഒരു തലമുറയാണ്. അവരുടെ പാട്ടുകളൊന്നും പാടാന്‍ തന്നെ തോന്നാത്തതുമാണ്. എല്ലാത്തിനും ഒരേ ട്യൂണ്‍, ഒരേ ഭാവവും. എന്നാലോ ഒരു പടത്തിനു ട്യൂണ്‍ ചെയ്യാന്‍ തന്നെ രണ്ടു രണ്ടരകോടിയാണ് സംഗീത സംവിധായകരുടെ റേറ്റ്. അവര്‍ ലംബോര്‍ഗ്നി കാറില്‍ വരുന്നു. എന്തെങ്കിലും തട്ടിപ്പടച്ചുണ്ടാക്കുന്നു. പോകുന്നു. കേട്ടാല്‍ അരിശം വരും. 

നമ്മുടെ ചെന്നൈ കാലം ജയേട്ടന്റെ ഏറ്റവും മികച്ച തമിഴ് പാട്ടുകള്‍ ഇറങ്ങിയ കാലവുമായിരുന്നു. 'വസന്ത കാലങ്കള്‍ ഇശൈ...' പോലുള്ള കംപോസിഷനുകള്‍. 'റോസാ മലരേ... അഴുഹക്കകൂടാത്...' പോലുള്ള പാട്ടുകള്‍. 

ഹൊ! അതൊരു കാലം! ഇന്നത്തെ മദ്രാസില്‍ പോയി നോക്കൂ. കണ്ടാല്‍ സങ്കടം വരും. അന്നത്തെ ഒന്നും അവശേഷിക്കുന്നില്ല. കോടമ്പാക്കത്തുണ്ടായിരുന്ന സ്റ്റുഡിയോകളെല്ലാം പോയി. എവിഎം, വാഹിനി, ജെമിനി... ഒന്നുല്യ ബാക്കി. എല്ലാം ഫ്ളാറ്റുകളോ ഗോഡൗണുകളോ ആയി. ഗായകര്‍ പോയി. സംഗീതസംവിധായകര്‍ പോയി. കോടമ്പാക്കത്തു പോകുമ്പോള്‍ ഇന്ന് വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെടുക. 

അന്ന് ജയേട്ടന് ഒരു മഞ്ഞ ഫിയറ്റുണ്ടായിരുന്നു. ഏതാണ്ട് 11 മണിയോടെ വരും. ഞാനും മിക്ക ദിവസവും കയറും. റെക്കോഡിങ്ങുണ്ടെങ്കില്‍ വല്ല സ്റ്റുഡിയോയിലും പോകും. റെക്കോഡിങ്ങില്ലെങ്കില്‍ വല്ല ഹോട്ടലിലും പോകും. ശാപ്പാടടിക്കും. അതുമല്ലെങ്കില്‍ വെറുതെ കറങ്ങും... 

ഇപ്പോഴും അതൊക്കെ തന്നെ പണി. പാട്ടുണ്ടെങ്കില്‍ പാട്ട്, ഇല്ലെങ്കില്‍ കറക്കം. അതന്നെ...

പെട്ടെന്നാണ് ജയേട്ടന്‍ ഫാമിലി ലൈഫിലേക്ക് മാറുന്നത്. എന്തു ധൈര്യത്തിലായിരുന്നു അന്നത്തെ കൂടുമാറ്റം? 

അത് 1973ലാണ്. അപ്പോഴേക്കുമൊക്കെ ധാരാളം പാട്ടുകള്‍ കിട്ടിത്തുടങ്ങിയില്ലേ. അക്കൊല്ലമാണ് ആദ്യമായി സ്റ്റേറ്റ് അവാര്‍ഡും കിട്ടിയത്. സുപ്രഭാതം സുപ്രഭാതം... എന്ന പാട്ടിന്. അത് കല്യാണം കഴിഞ്ഞ ഉടനെയാണ്.

സംസാരിച്ചിരിക്കെ ഒരു എക്കോസ്പോര്‍ട് പുറത്തു കൂടെ മിന്നായം പോലെ പാഞ്ഞുപോയി. തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ റസ്റ്ററന്റിലെ ജനലിലൂടെ പഴയ മഞ്ഞ ഫിയറ്റിനെയെന്ന പോലെ വാത്സല്യത്തോടെ ജയചന്ദ്രന്‍ അതിനെ നോക്കി. എന്താ അവന്‍ സാധനം! ഉള്ളിലെ പഴയ വാഹനക്കമ്പക്കാരന്റെ കമന്റ്. കണ്ണില്‍ ഉത്സാഹത്തിന്റെ മിന്നല്‍പ്പിണര്‍: ഏതു കാറു കണ്ടാലും അതു  വാങ്ങണന്നു തോന്നും. നടക്കില്ലല്ലോ. എന്നാലും പുതിയതൊന്നിനു വേണ്ടി ആലോചിച്ചുകൊണ്ടിരിക്ക്ാണ്. ഏതു വേണം എന്ന ആലോചന. ചെറുതു മതിയെന്ന് വീട്ടുകാര്‍. അല്ലെങ്കില്‍ ഇപ്പോഴുള്ളത് ഓടിക്കില്ലല്ലോ. അത് 25000 കിലോ മീറ്ററേ ആയുള്ളൂ. അവരു പറയുമ്പോ ശരി എന്നൊക്കെ പറയും. എന്നാല്‍ രണ്ടു ദിവസം കഴിയുമ്പോള്‍ വീണ്ടും മോഹം തുടങ്ങും. ടെസ്റ്റ് ഡ്രൈവിനു പോകാന്‍ തുടങ്ങും. ഇപ്പോ അതന്ന്യാ പണി. 

ജയചന്ദ്രന്‍ കണ്ണിറുക്കി ചിരിക്കുന്നു...

''അഞ്ചു സ്‌കൂളില്‍' പഠിച്ചവന്‍
നിരവധി ലെജന്‍ഡ്സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു..ആദ്യകാല മാസ്റ്റേഴ്സിന്റെയൊക്കെ കൂടെ. അല്ലേ? -ബാലചന്ദ്രന്‍ പാട്ടുകാരന്റെ മനസ്സില്‍ വീണ്ടും തൊട്ടു. 

അതെ, അതെ. എന്റെ വലിയ വലിയ ഭാഗ്യം. അവര്‍ ചെയ്തതു പോലെയൊന്നും ആര്‍ക്കും ഇനി ചെയ്യാനാവില്ല. ഒരു സൗകര്യവുമില്ലാത്ത കാലത്താണ് അവര്‍ ശുദ്ധസംഗീതത്തിന്റെ അ്ഭുതങ്ങള്‍ തീര്‍ത്തത്. 

ആരായിരുന്നു അതില്‍ സീനിയര്‍? 

മലയാളത്തില്‍ ദക്ഷിണാമൂര്‍ത്തി സ്വാമി തന്നെ. പ്രായം കൊണ്ട് രാഘവന്‍ മാസ്റ്ററാവും. തമിഴില്‍ അതിനു മുമ്പേയുണ്ട്, എത്രയോ പേര്‍! ജി. രാമനാഥയ്യര്‍, എം എസ് വിയുടെ ഗുരു, എസ്എം സുബ്ബയ്യ നായിഡു, നമ്മുടെ 'ശിങ്കാരവേലനേ വാ...' ഒക്കെ ചെയ്തയാള്‍.. അങ്ങിനെ പലരും. എത്ര വലിയവര്‍! 

മലയാളത്തിലെ അന്നത്തെ മാസ്റ്റേഴ്സിനെ എങ്ങിനെയാവും ജയേട്ടന്‍ വിലയിരുത്തുക?

ഓരോരുത്തരും ഓരോ സ്‌കൂളായിരുന്നു. ശരിക്കു പറഞ്ഞാല്‍ മലയാളത്തില്‍ പ്രധാനമായി അഞ്ചു സ്‌കൂളുകള്‍ ഉണ്ടായിരുന്നു എന്നു പറയാം. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ്, അര്‍ജുനന്‍... സമാന്തരമായി സലില്‍ ചൗധരി, എംബിഎസ്, ചിദംബരനാഥ്, പുകഴേന്തി തുടങ്ങിയ സരണികളും. എല്ലാം വ്യത്യസ്തമായിരുന്നു. 

ദേവരാജന്‍ മാസ്റ്ററുടെയും ബാബുരാജിന്റെയുമൊക്കെ അവസാന കാലത്ത് ജയട്ടേന്‍ കൂടെ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. 

അവരെയൊക്കെ ഞാന്‍ പോയി കണ്ടിട്ടുണ്ട്. ദേവരാജന്‍ മാസ്റ്ററുടെ അവസാന കാലം അങ്ങിനെ ബുദ്ധിമുട്ടുള്ളതൊന്നും ആയിരുന്നില്ല. ബാബുക്കയുടെ സ്ഥിതി അതല്ല. പാവം വളരെ വിഷമിച്ചു. പൈസ കണക്കു പറഞ്ഞു വാങ്ങാനൊന്നും അറിയാത്ത ആളായിരുന്നു. ഒന്നും സമ്പാദിച്ചില്ല. ജനറല്‍ ആശുപത്രിയിലൊക്കെ കിടന്നാണ് മരിച്ചത്. 

നല്ല കാലത്ത് ജയേട്ടന്‍ പാടു ദിവസം അദ്ദേഹത്തോടൊപ്പം നടന്നിട്ടുണ്ട്... 

ഉണ്ട്. അതൊന്നും സ്റ്റേജ് പരിപാടികളല്ല. കല്യാണ വീടുകളില്‍ പാടാനാണ് കൂടുതലും പോകുന്നത്. മലബാറിലുടനീളം, തിരൂരും താനൂരും കോഴിക്കോട്ടുമൊക്കെ. ഒരു ഹാര്‍മോണിയം മാത്രം മതി അദ്ദേഹത്തിന്. മനോഹരമായിരുന്നു ആ സദിരുകള്‍. വല്ലാത്ത ഒരു കാലം! ഓര്‍ക്കുമ്പോള്‍ സന്തോഷവും സങ്കടവും വരും. എന്തൊരു മനുഷ്യനായിരുന്നു! സില്‍ക്ക് ജുബയൊക്കെയിട്ട്, ടിപ്ടോപ്പ് വേഷത്തില്‍, ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി... എപ്പോഴും സുഭിക്ഷമായ ഭക്ഷണം വേണം. ബിരിയാണിയൊക്കെ കഴിച്ച് കുശാലായേ നടക്കൂ. ബെയ്ച്ചോളീ, ബെയ്ച്ചോളീ എന്നു സ്നേഹപൂര്‍വം ഇങ്ങിനെ പറയും. ഹാര്‍മോണിയം വായിക്കുന്നതു കേട്ടാല്‍, ഹൊ! ഇപ്പോഴും രോമാഞ്ചം വരും. 

ഹാര്‍മോണിയത്തിന്റെയൊക്കെ ശ്രുതിശുദ്ധമായ ശബ്ദം അതു പോലെ ഇനി കേള്‍ക്കാനാവുമോ? 

സംശയമാണ്. ആ ഓര്‍മയുണര്‍ത്തുന്ന ഒരു ഗാനമേള ഞാനീയിടെ നടത്തി. ബാംഗ്ളൂരില്‍ വെച്ച്. എനിക്കിഷ്ടമുള്ള പാട്ടുകള്‍. എന്റെ മാത്രമല്ല, സുശീലാമ്മയുടെയും റഫിയുടെയുമൊക്കെ പാട്ടുകള്‍. അകമ്പടിയായി ഹാര്‍മോണിയവും തബലയും ഫ്ളൂട്ടും വയലിനും ഗിറ്റാറും മാത്രം. അതിന്റെയൊരു സുഖം! ഈ കീബോര്‍ഡ് എന്നു പറയുന്ന സാധനം വന്നതോടെ എല്ലാം പോയില്ലേ. ഇന്നിപ്പോ ഒരു ചെറിയ വോള്‍ട്ടേജ് ഫ്ളക്ച്വേഷന്‍ വന്നാല്‍ മതി, ശ്രുതി പോകും. പാട്ടിനൊന്നും ഉപയോഗിക്കരുത് ഈ സാധനം. പാട്ടിനെ കൊല്ലും. മറ്റേത് ലൈവ് പെര്‍ഫോമന്‍സല്ലേ. കീബോര്‍ഡില്‍ സെറ്റ് ചെയ്തു വെക്കുന്നതല്ലല്ലോ. വായിക്കുന്നയാള്‍ വരുത്തുന്ന പിഴവുകള്‍ പോലും അതില്‍ ആസ്വാദ്യമാണ്. 

പിന്നീടുള്ള തലമുറകളിലെ സംഗീത സംവിധാകരെ എങ്ങിനെ വിലയിരുത്തുന്നു? 

മാസ്റ്റേഴ്സിനു ശേഷം പിന്നെ ഒരു പത്തു വര്‍ഷത്തോളം ഗ്യാപ്പാണ്. ശുഷ്‌കമായ കാലം. അതു കഴിഞ്ഞ് രവീന്ദ്രനും ജോണ്‍സണും വന്ന ശേഷമാണ് കുറച്ചെങ്കിലും നല്ല പാട്ടുകള്‍ ഉണ്ടായത്. അതിനടുത്ത തലമുറയില്‍ വിദ്യാസാഗര്‍, ജയചന്ദ്രന്‍, ഒടുവില്‍ ബിജിബാല്‍ തുടങ്ങി ചിലരെയും കാണുന്നു. ഇപ്പോള്‍ ധാരാളം പേരുണ്ട് രംഗത്ത്. കൂടുതല്‍ അനുകരണക്കാരാണ്. അവര്‍ക്കാണ് ഡിമാന്‍ഡ്. വ്യത്യസ്തതയും ജ്ഞാനവും ഒറിജിനാലിറ്റിയുമുള്ളവരെയൊന്നും കാണാനില്ല. ഉള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിവോ താല്‍പ്പര്യമോ ഉള്ള ഡയറക്ടേഴ്സും ഇന്നില്ല. പാട്ടിനു സാധ്യതയുള്ള പടങ്ങളില്ല എന്നതും പ്രശ്നമാണ്. വല്ലപ്പോഴുമാണ് നല്ല പാട്ടുകള്‍ ഉണ്ടാവുന്നത്. 

വീണ്ടും നിശ്ശബ്ദത. നിരാശയുടെ, അസ്വസ്ഥതയുടെ ചാലുകള്‍ ആ മുഖത്തു തെളിഞ്ഞു...  

കിങ് ഓഫ് ഡ്യൂവറ്റ്സ്

ഞാനൊരു രഹസ്യം ചോദിക്കട്ടെ. സത്യം പറയണം -ബാലചന്ദ്രന്‍ വീണ്ടും ഗായകനെ ഓര്‍മകളില്‍ നിന്നു മടക്കി വിളിച്ചു: ഈ ഡ്യൂയറ്റുകളൊക്കെ ഇങ്ങനെ ക്ലിക്കാവുന്നതിന്റെ ഗുട്ടന്‍സ് എന്താ. ഏതു ഗായികയുമൊത്തു പാടിയാലും ജയേട്ടന്റെ ഡ്യൂവറ്റ് ഹിറ്റാവും. കിങ് ഓഫ് ഡ്യൂവറ്റ്സ് എന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. പണ്ട് ടി.എം.എസ് -സുശീല ജോടിയെക്കുറിച്ച് അങ്ങനെ പറയുമായിരുന്നു. ജയേട്ടന്റെ കാര്യം അതല്ല. ഏതു ഗായികയോടും ജെല്‍ ചെയ്യും. എന്താ അതിന്റെ രഹസ്യം..?

എനിക്കറിയില്ല. അങ്ങിനെ ഉണ്ടോ? ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ജയചന്ദ്രന്റെ മുഖത്തു വീണ്ടും പുഞ്ചിരി വിടര്‍ന്നു. 

അതല്ല. ബാറ്റന്‍ കൈമാറുമ്പോലെയുള്ള ഒരനായാസത അതിലുണ്ട്. ലാന്‍ഡിങ്ങിലും പിന്നീടുള്ള ബാലന്‍സിങ്ങിലുമൊക്കെ. അതിന് പ്രത്യേക ടെക്നിക്കുകളുണ്ടോ എന്നാണ് ചോദ്യം. 

നമ്മള്‍ നമ്മുടെ ഭാഗം നന്നായി പാടുന്നു. അത്ര മാത്രം. എന്നോട് മുമ്പും ആരോ പറഞ്ഞിട്ടുണ്ട്. യുഗ്മഗാനങ്ങളാണ് നിങ്ങള്‍ക്കു യോജിച്ചതെന്ന്. ആരാന്നോര്‍മയില്ല... 

പണ്ടും ജയേട്ടന്റെ ഡ്യൂവറ്റുകള്‍ ഹിറ്റായിരുന്നു. സുശീലയുമൊത്ത് സീതാദേവി..., ജാനകിയുമൊത്ത് യമുനേ..., മണിവര്‍ണനില്ലാത്ത..., മാധുരിയുമൊത്ത് മല്ലികാ ബാണന്‍... അത്രയൊന്നും പ്രശസ്ത ഗായികയല്ലാത്ത സല്‍മാ ജോര്‍ജുമൊത്തുള്ള ശരദിന്ദു മലര്‍ദീപം... തുടങ്ങി ഏറ്റവുമൊടുവില്‍ വാണി ജയറാമുമൊത്തുള്ള ഓലഞ്ഞാലിക്കുരുവി.. വരെ എത്രയെത്ര യുഗ്മഗാനങ്ങള്‍... 

(കണ്ണിറുക്കി, ഉറക്കെ ചിരിച്ച്) എങ്കില്‍ പെണ്ണുങ്ങളോടുള്ള ഭ്രമം കൊണ്ടായിരിക്കുമെടോ അത്...

ഇപ്പോള്‍ അതിനു സ്ത്രീ ഇല്ലല്ലോ കൂടെ. ട്രാക്കല്ലേ ഉള്ളൂ. 

പാട്ടിന്റെ മധുമാസ ചന്ദ്രിക

പണ്ട് ഉണ്ടായിരുന്നല്ലോ..

പണ്ടത്തെ കാര്യം പോട്ടെ. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഉണ്ടായ പത്തു മികച്ച ഡ്യൂവറ്റുകളെടുത്തു നോക്കൂ. അതില്‍ എട്ടും ജയേട്ടന്റേതായിരിക്കും. അറിയാതെ..., കല്ലായിക്കടവത്തെ..., പ്രേമിക്കുമ്പോള്‍..., എന്താണതിന്റെ രസതന്ത്രം എന്നാണ് ചോദ്യം...

അതൊക്കെ പാട്ടിന്റെ നിയോഗമാണ്. ഇപ്പോ, ശരദിന്ദു... സല്‍മ അത്ര വലിയ ഗായികയല്ല. പക്ഷെ പാട്ടു ഹിറ്റായി. ഒരു പക്ഷെ സല്‍മ പാടിയതു കൊണ്ടാവാം അത് ഹിറ്റായത്. സുശീലാമ്മ പാടിയാല്‍ ഇത്ര ഹിറ്റായില്ല എന്നു വരാം. ചിലപ്പോള്‍ എന്നേക്കാള്‍ നന്നായി സുശീലാമ്മ പാടി എന്നും വരാം. അത്രയേ ഉള്ളൂ അതൊക്കെ.

ഏതു വോയ്സുമായും ജെല്‍ ചെയ്യുന്ന ഒരു വോയ്സ് കുഷനിങ് ടെക്നിക്ക്.. അത് ഉണ്ട്. സ്വയം അങ്ങിനെ തോന്നിയിട്ടുണ്ടോ? പ്രൊഫനല്‍ സീക്രട്ടായതു കൊണ്ടാണോ വെളിപ്പെടുത്താത്തത്? 

എന്തു സീക്രട്ട്? ഒന്നുമില്ല. ഒരു പക്ഷെ മാസ്റ്റേഴ്സിന്റെ കൈയില്‍ നിന്നൊക്കെ കിട്ടിയ ട്രെയ്നിങ്ങാവാം. അവര്‍ പറഞ്ഞു തന്നതു പോലെയൊന്നും പറഞ്ഞു തരാന്‍ ഇന്ന് ആരുമില്ല. ഇപ്പോള്‍ ആരാ അതു പോലെ ഉള്ളത്? കുറെ കുട്ടികള്‍. മ്യൂസിക് ഡയറക്ടറാണെന്നു പറയും. പാടിത്തരാന്‍ പോലും അറിയില്ല പലര്‍ക്കും. 

വീണ്ടും ജയചന്ദ്രന്‍ ഒരു ഞൊടി നിശ്ശബ്ദനായി. പിന്നെ ആത്മഗതം പോലെ തുടര്‍ന്നു.

എന്തൊക്കയാണ് സിനിമാ സംഗീതലോകത്ത് നടക്കുന്നത്. സംഗിത സംവിധായകര്‍ എന്നു പറഞ്ഞു വരുന്ന പലര്‍ക്കും ഒന്നും അറിയില്ല. അവര്‍ ചെയ്ത പാട്ടുകള്‍ അവര്‍ പോലും പിന്നീടു കേട്ടിട്ടുണ്ടാവില്ല. പിന്നെയല്ലേ ശ്രോതാക്കള്‍? ഈയിടെ സൂപ്പര്‍ ഹിറ്റായ സിനിമയിലെ ഒരു പാട്ട് ഞാന്‍ പാടിയിരുന്നു. പിന്നെ എന്റെ ശബ്ദം മാറ്റി മറ്റൊരാളെക്കൊണ്ടു പാടിച്ചു. അതാദ്യത്തെ അനുഭവമൊന്നുമല്ല. പത്തമ്പതു പാട്ടെങ്കിലും അങ്ങിനെ പോയിട്ടുണ്ടാവും. എനിക്കതില്‍ ഖേദവുമില്ല. ഞാനതൊന്നും നോക്കാറുമില്ല. 

പിറുപിറുക്കും പോലെ ഗായകന്‍ കൂട്ടിച്ചേര്‍ത്തു: ഈശ്വരോ രക്ഷതു! 

വ്യത്യസ്തരായ പ്രിയപ്പെട്ടവര്‍...

ജയേട്ടനൊരു പ്രത്യേകതയുണ്ട്. പണ്ടേ ഉള്ളതാണ്. എല്ലാവരും ബഹുമാനിക്കുന്നവരെ ജയേട്ടന്‍ ബഹുമാനിക്കില്ല. ഇഷ്ടപ്പെടുന്നവരെ ഇഷ്ടപ്പെടില്ല. ഏതു ഫീല്‍ഡിയാലായാലും ജയേട്ടന്റെ പേഴ്സനല്‍ ഫേവറിറ്റ് വ്യത്യസ്തനായ ഒരാളായിരിക്കും. അടൂര്‍ ഭാസിയോ ബഹദൂറോ നല്ല ഹാസ്യനടനെന്നു ചോദിച്ചാല്‍ കുഞ്ഞാവയാണ് അതിലും കേമന്‍ എന്നു പറയും. ചെമ്പൈയോ ശെമ്മാങ്കുടിയോ കേമനെന്നു ചോദിച്ചാല്‍ കല്യാണകൃഷ്ണ ഭാഗവതര്‍ എന്നാവും മറുപടി. ഗവാസ്‌കറോ കപില്‍ദേവോ എന്നാണ് ചോദ്യമെങ്കില്‍ രണ്ടുമല്ലെടോ ഗുണ്ടപ്പ വിശ്വനാഥാണ് യഥാര്‍ഥ ക്രിക്കറ്റര്‍ എന്നാവും മറുപടി. 'താമസമെന്തേ'യാണോ 'പാരിജാത'മാണോ ദാസേട്ടന്റെ മികച്ച പാട്ടെന്നു ഞങ്ങള്‍ തര്‍ക്കിക്കുമ്പോള്‍ പ്രേമിച്ചു പ്രേമിച്ചു എന്ന പാട്ടാണ് ജയേട്ടന്‍ പറയുക.. അതെന്താ അങ്ങിനെ? ഇപ്പോഴും അങ്ങിനെയാണോ?

അതെന്റെ സ്വഭാവത്തിലുള്ളതാണ്. എനിക്കിഷ്ടമുള്ളതേ ഞാന്‍ പറയൂ. മറ്റൊരാള്‍ക്കു സുഖിക്കാന്‍ വേണ്ടി അതു മാറ്റിപ്പറയില്ല. കുഞ്ഞാവയാണ് നല്ല ഹാസ്യനടന്‍ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അയാളെ പലരും കണ്ടിട്ടു പോലുമുണ്ടാവില്ല. മുറപ്പെണ്ണിലൊക്കെ ഒന്നോ രണ്ടോ രംഗത്തില്‍ വന്നു പോയ ഒരു നടനാണ് കുഞ്ഞാവ. മറ്റുള്ളവരെപ്പോലെ അവസരങ്ങള്‍ കിട്ടിയില്ല. മെലിഞ്ഞു നീണ്ട ആ രൂപവും ഭാവവും കണ്ടാല്‍ തന്നെ ചിരിച്ചു പണിയായിപ്പോകും. വീട്ടിലിരുന്ന് കസെറ്റ് വെച്ച് മുറപ്പെണ്ണ് പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ഭാസിയുമൊത്ത് എസ്.പി. പിള്ളയുടെ അടുത്ത് കൂഞ്ഞാവ പാട്ടു പഠിക്കാന്‍ പോകുന്ന ഒരു രംഗം ഉണ്ട്. യാതൊരു സംഗീതബോധവുമില്ലാത്ത ഒരുത്തന്‍. കഴുത കരയും പോലെ ഒരു ശബ്ദത്തില്‍, ശ്രുതിയും താളവുമില്ലാതെ ക്രാ... എന്നു പാടുന്ന കുഞ്ഞാവയെ സഹികെട്ട് ഭാസി ചവുട്ടി കുളത്തിലേക്കിടുന്ന രംഗം കണ്ടാല്‍ ഇപ്പോഴും എനിക്കു ചിരിയടക്കാന്‍ പറ്റില്ല. സത്യന്‍ മാഷുടെ ഒരു സിനിമയില്‍, പകല്‍ക്കിനാവാണെന്നു തോന്നുന്നു,  ആനയുടെ ഉയരത്തെക്കുറിച്ച് ഒരു സായ്പിനോട് കുഞ്ഞാവ വിശദീകരിക്കുകയാണ്... എന്താ, ഞങ്ങടെ ആനേടെ ഉയരം! പിണ്ടിയിട്ടാ ഒരാഴ്ചയെടുക്കും താഴെയെത്താന്‍...! -ജയചന്ദ്രന്‍ ഓര്‍ത്തോര്‍ത്തു ചിരിക്കുന്നു. മെല്ലെ കണ്ണുകളടയ്ക്കുന്നു: പാവം, ആരുമറിയാതെ പോയി...

ചെമ്പൈയോ ശെമ്മാങ്കുടിയോ അല്ല, കല്യാണകൃഷ്ണ ഭാഗവതരാണ് യഥാര്‍ഥ സംഗീതജ്ഞനെന്നു ജയേട്ടന്‍ വാദിക്കുമായിരുന്നു... 

സംശയമില്ല. ശുദ്ധ സംഗീതത്തിന്റെ ഉപാസകനായിരുന്നു കല്യാണകൃഷ്ണന്‍. സമ്പ്രദായങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത ആലാപനം. എന്താ ആ ശബ്ദത്തിന്റെ ഗാംഭീര്യവും സുഖവും. എത്ര സോഫ്റ്റാണ് ആ രാഗാലാപമൊക്കെ. പക്ഷെ പ്രശസ്തനായില്ല. 

ഗവാസ്‌കറോ കപില്‍ദേവോ എന്നു ഞങ്ങള്‍ തര്‍ക്കിക്കുമ്പോഴും ജയേട്ടന്‍ ഒറ്റയാനാണ്. രണ്ടും പോക്കാ, ഞാന്‍ ഗുണ്ടപ്പക്കൊപ്പമാണ് എന്ന് പറയും.

അതെ, എന്താ ആ സ്‌റ്റൈല്‍! അതു പോലെ ഒരു സ്റ്റൈലിഷ് ബാറ്റ്സ്മാന്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ? അന്നൊക്കെ ഞാനും ധാരാളം കളി കാണുമായിരുന്നു. കുറച്ചൊക്കെ കളിച്ചിട്ടുമുണ്ട്. പിന്നെപ്പിന്നെ കളിയൊന്നും കാണാതായി. അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്, കുറെ കാലം കൂടി മിനിയാന്നു രാത്രി ഏഷ്യാ കപ്പിലെ ഇന്ത്യാ -പാക് മാച്ച് ഉറക്കമിളച്ചിരുന്നങ്ങു കണ്ടു. ഉഗ്രന്‍ മാച്ചായിരുന്നു. ആവേശമായി. തുള്ളിച്ചാടി. തനിയെ ഇരുന്നു ബഹളമൊക്കെ ഉണ്ടാക്കി. തോല്‍പ്പിക്കടാ.. ആ കള്ളന്മാരെ എന്നൊക്കെ ആര്‍ത്തു. ഒടുക്കം തോറ്റു. വല്ലാതെ സങ്കടം വന്നു. അന്നത്തെപ്പോലെ... ശരിക്കും ദുഖം.

ഒരു നിമിഷം ജയചന്ദ്രന്‍ ക്രിക്കറ്റ് ആരവങ്ങള്‍ക്കു കാതോര്‍ക്കും പോലെ കണ്ണടച്ചു നിശ്ശബ്ദനായിരുന്നു. എന്നിട്ട് ശബ്ദം താഴ്ത്തി പ്രാര്‍ഥിക്കും പോലെ പറഞ്ഞു.
 
ടെണ്ടുല്‍ക്കര്‍! ഹൊ! അയാളെപ്പോലെ ആരാ ഉള്ളത്? പറയാതെ വയ്യട്ടോ. എനിക്കു റെസ്പെക്റ്റുള്ള ഏക ക്രിക്കറ്ററാ അയാള്‍. ഹി ഈസ് എ ലെജന്‍ഡ്. ശരിക്കും മഹത്വമുള്ളയാള്‍. ഗ്രേറ്റ് മാന്‍! റിയലി റിയലി ഗ്രേറ്റ്. ആ സ്വഭാവഗുണങ്ങളൊക്കെ ദൈവം കൊടുത്തതാണോ, ജീനിലുള്ളതാണോ, അച്ഛന്‍ പഠിപ്പിച്ചതാണോ,  എന്തോ... അറിയില്ല. ഏതായാലും അയാളെ ബഹുമാനിക്കാതിരിക്കാന്‍ പറ്റില്ല. ടെണ്ടുല്‍ക്കറെപ്പോലെ ഒരാള്‍ ഇല്ലാത്തതിന്റെ കുറവുണ്ടെടോ നമ്മുടെ ടീമിന്.

ഒരു നിമിഷം ഇരുവരും നിശ്ശബ്ദരായി. കളിയും പാട്ടും ഒന്നായൊഴുകിയ നിമിഷങ്ങളില്‍ അവര്‍ ചെന്നൈ ദിനങ്ങളിലെ പഴയ ജ്യേഷ്ഠാനുജന്മാരെപ്പോലെ വീണ്ടും ഓര്‍മകളുടെ കളിക്കളത്തില്‍ ബാറ്റുമായിറങ്ങി.

ക്ലാസ്സിക്കല്‍ ടച്ചുള്ള നിരവധി പാട്ടുകള്‍ ജയേട്ടന്‍ പാടിയിട്ടുണ്ട്. നീലാംബരിയിലെ മികച്ച കംപോസിഷന്‍ എന്നു പറയാവുന്ന ഹര്‍ഷബാഷ്പം, രാഗമാലികയായ രാഗം ശ്രീരാഗം, സപ്തസ്വരങ്ങളിലെ സ്വാതി തിരുനാളിന്‍... എന്നാല്‍ ക്ലാസ്സിക്കലൊട്ടു പഠിച്ചിട്ടുമില്ല. അന്നൊക്കെ ഇഷ്ടം പോലെ അവസരമുണ്ടായിട്ടും പഠിക്കാന്‍ പോകാന്‍ കൂട്ടാക്കിയില്ല... തിരിഞ്ഞു നോക്കുമ്പോള്‍ കുറച്ചു കൂടി പഠിക്കാമായിരുന്നു എന്ന തോന്നിയിട്ടുണ്ടോ? 

അത്... തോന്നിയിട്ടൊക്കെ ഉണ്ട്. മടി കൊണ്ടാണ് പഠിക്കാഞ്ഞത്. ഞാന്‍ മഹാമടിയനായിരുന്നു അന്ന്.

ഇന്നോ? ഇന്നെന്താ വ്യത്യാസം? 

ഇന്നും അതെ. സമ്മതിച്ചു. അതൊന്നും മാറില്ല. രാഗം ശ്രീരാഗം പാടാന്‍ പോയിടത്തു നിന്ന് ഓടിപ്പോന്നവനാണ് ഞാന്‍. പഠിക്കാന്‍ മടിച്ചിട്ട്. അതൊക്കെ മഹാ ബുദ്ധിമുട്ടാണെന്നേ. എനിക്കു വയ്യ അങ്ങിനെയൊക്കെ ബുദ്ധിമുട്ടാന്‍. അന്ന് എംബിഎസ്സ് പിടിച്ചിരുത്തി പഠിപ്പിച്ചു പാടിച്ചതാണ്. അതിന് നാഷനല്‍ അവാര്‍ഡ് കിട്ടി എന്നതു വേറെ കാര്യം. അല്ലാതെ ക്ലാസ്സിക്കലൊന്നും പഠിച്ചിട്ടില്ല. ഇന്നു തിരിഞ്ഞു നോക്കുമ്പോ, എന്താ പറയ്ാ... പഠിക്കാമായിരുന്നു. എന്നാല്‍ ചിലപ്പോള്‍ തോന്നും പഠിക്കാഞ്ഞത് നന്നായി, ഒരു ബ്ലെസ്സിങ് ഇന്‍ ഡിസ്ഗൈസ് ആയി എന്ന്. കൂടുതല്‍ പഠിച്ചിരുന്നെങ്കില്‍ ബോറായേനെ. എന്താച്ചാല്‍, ലളിതസംഗീതത്തില്‍ കര്‍ണാട്ടിക്ക് ആവശ്യമില്ലാതെ കലരുന്നത് മഹാബോറാണ്. തിരിച്ചും പാടില്ല എന്നാണ് എന്റെ അഭിപ്രായം. എന്തായാലും പഠിക്കണ്ട എന്നങ്ങു തീരുമാനിച്ചു. 

അതില്‍ റിഗ്രറ്റ്സ് ഇല്ല...?

ഇല്ലേയില്ല. അതിനു ശരി, തെറ്റ് എന്നൊന്നും ഇല്യ ലോകത്ത്. ഉണ്ടോ? ഏതാ ശരി, ഏതാ തെറ്റ്? ചിലര്‍ പറയും, ഇതാ ശരി. അത് ശരിയാണോ? ചിലര്‍ക്ക് അതാവും തെറ്റ്. അത് തെറ്റാണോ? രണ്ടും തോന്നാറുണ്ട്. തെറ്റും ശരിയും ഉണ്ടെന്നെനിക്കു തോന്നണില്ല. ഒരാള്‍ ചെയ്യരുതാത്തത് ചെയ്തു എന്നു വെക്കു. അതൊരു മനുഷ്യന്റെ പ്രവണതയല്ലേ? ചെയ്തുപോകുന്നതല്ലേ? അത് തെറ്റാണെന്ന് എങ്ങിനെ പറയും. മനുഷ്യന്‍ തോന്നുന്നതു ചെയ്യുക. ഒരു ജന്മമല്ലേ ഉള്ളൂ... കുറച്ചു കാലമല്ലേ ഉള്ളൂ... എപ്പോഴാ തീര്ാ എന്നറിയില്ലല്ലോ... ഇഷ്ടമുള്ളതങ്ങു ചെയ്യുക... തോന്നിയ പോലെ ജീവിക്കുക.. വരുംവരായ്കകള്‍, ഭവിഷ്യത്തുകള്‍ അതൊക്കെ നേരിടാന്‍ തയ്യാറാവ്ാ... 

അപ്പോ അടുത്ത ജന്മത്തിലും ഇതുപോലെ തോന്നിവാസി ആവണം എന്നാണോ...? 

തോന്നിവാസി എന്നു പറഞ്ഞാലെന്താ...

തോന്നിയതു ചെയ്യുന്നയാള്‍...

അതെ. എന്നാ ജീവിതം ഒരു തോന്ന്യവാസം തന്ന്യാ. ഇഷ്ടം. അതാണ് കാര്യം. ഇഷ്ടമുള്ളത് ചെയ്യുക...

അതൊക്കെ തന്നെയല്ലേ ഒരു കണക്കില്‍ പറഞ്ഞാല്‍ ഇതുവരെ ചെയ്തത്...

ആയിരിക്കാം... നോ റിഗ്രറ്റ്സ്. ഉള്ളതു കൊണ്ട് ഇങ്ങിനെ ജോളിയായി കഴിയണം. അത്ര മാത്രം. ദാ, ഇതു പോലെ. 

അപ്പോ... പത്മശ്രീയൊന്നും വേണ്ടാന്നോ? മരിച്ചാല്‍ ആചാരവെടി പോലും കിട്ടില്ലാ ട്ടോ... 

അതിന് ഞാന്‍ ചത്തു കിടക്കുകയല്ലേ, എനിക്കെന്തിനാ ആചാരവെടി? ആരറിയാന്‍ പോണു.. ആകാശത്തേക്കു വെടിവെക്കുന്നത്? അതാണോ പദ്മശ്രീയുടെ ആകെയുള്ള ഗുണം? എന്നാലെനിക്കതു വേണ്ട. മോഹന്‍ലാലിനോട് ഇന്നാളൊരു ഇന്റര്‍വ്യൂവില്‍ ആരോ ചോദിച്ചു, അഴീക്കോട് മരിച്ചിട്ടു കാണാന്‍ പോകാഞ്ഞതെന്തേ എന്ന്. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ കാണാന്‍ വരണമെന്നില്ല എന്നായിരുന്നു മറുപടി. വന്നിട്ട് എനിക്കെന്തു കാര്യം എന്ന്. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. എനിക്കും ആരും വരണമെന്നു നിര്‍ബന്ധമില്ല. വീടിന്റെ തൊട്ടടുത്തു തന്നെയുണ്ട് ഒരെണ്ണം, നല്ല സുന്ദരന്‍ ശ്മശാനം! ആരുമറിയാതെ അവിടെ കൊണ്ടുപോയി തട്ടിയേക്കുക. ആരറിയാനാ? എനിക്കെന്താ വിരോധം...?

എന്നാലും അടുത്ത പദ്മശ്രീ ലിസ്റ്റില്‍ പേരുണ്ട് എന്നു കേള്‍ക്കുന്നുണ്ടല്ലോ...

ആര്‍ക്കറിയാം, അവസാന ലിസ്റ്റ് വരുമ്പോള്‍ ഉണ്ടാവില്ല. മുഖ്യമന്ത്രി ചോദിച്ചുവത്രെ, നമ്മള്‍ ശുപാര്‍ശ ചെയ്തിട്ട് അയാളൊടുക്കം വേണ്ട എന്നു പറഞ്ഞാലോ എന്ന്... 

മാതൃഭൂമി സ്റ്റാര്‍ആന്‍ഡ് സ്റ്റൈല്‍ മാസികക്കു വേണ്ടി നടത്തിയ അഭിമുഖം. തയ്യാറാക്കിയത്. ഒ.ആര്‍. രാമചന്ദ്രന്‍. ചിത്രങ്ങള്‍: വിപി പ്രവീണ്‍കുമാര്‍, ജെ. ഫിലിപ്പ്)

Content Highlights : singer p jayachandran interview