സാമൂഹിക മാധ്യങ്ങളുടെ കടന്നുവരവോടു കൂടി കര്‍ണാടക-ഹിന്ദുസ്ഥാനി സംഗീതശാഖകള്‍ക്ക്  മുമ്പെന്നെത്തേക്കാളും ആസ്വാദകശ്രദ്ധയും പരപ്പും വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഫെയ്സ്ബുക്ക് / യൂട്യൂബ്  സങ്കേതങ്ങള്‍ ഈ മഹാമാരി വിതച്ച സാമ്പത്തികവും സര്‍ഗാത്മകവുമായ വിടവുകളെ ഒരു പരിധി വരെയെങ്കിലും നികത്തുന്നുണ്ട്. ഒരു ആസ്വാദകന്‍ 'ചെന്നു കേള്‍ക്കുന്ന' എന്നതില്‍ നിന്ന് സംഗീതകലാകാരന്മാര്‍ 'വന്ന് അവതരിപ്പിയ്ക്കുന്ന' എന്ന നിലയ്ക്ക് എത്തി നില്‍ക്കുന്നു ഈ നവമാദ്ധ്യമ സംഗീതവിരുന്നുകള്‍.

ലോക്ക്ഡൗണ്‍ ആയതോടെ ഓണ്‍ലൈന്‍ ഫെയ്സ്ബുക്ക് ലൈവ് കച്ചേരികള്‍ സജീവമായി നടക്കുന്നുണ്ട്. ഇനിയെന്നാണ് സംഗീതാസ്വാദകര്‍ക്ക് ഹരം പകരുന്ന കച്ചേരിസദസ്സുകള്‍ സാധ്യമാവുക എന്നത് ചിന്ത്യമാണ്. ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്നവര്‍ ഓണ്‍ലൈനിലായാലും ആഹ്ലാദപ്രകടനങ്ങളാലും 'വെര്‍ച്വല്‍' കരഘോഷങ്ങളാലും ലൈവാണ്.

ഇത്തരം ലൈവ് പരിപാടികളിലൂടെ കലാകാരനും ആസ്വാദകനും തമ്മിലെ കൊടുക്കല്‍-വാങ്ങലുകളുടെ ഒരു പുതിയ മാനം നിര്‍മ്മിക്കപ്പെടുന്നുണ്ട്. എന്നാല്‍ തന്റെ മുമ്പിലിരിക്കുന്ന ആസ്വാദകരുടെ ഒരു തലയാട്ടലിലൂടെയോ, ഒരു മൂളലിലൂടെയോ, 'ബലേ, ഭേഷ് ', അരേ വാഹ് 'വിളിയിലൂടെയോ ഉള്ള പ്രതികരണങ്ങള്‍ കേട്ടും കണ്ടും ആസ്വദിച്ച് സദസ്സറിഞ്ഞു പാടാന്‍ കലാകാരന്‍മാര്‍ക്കാവുന്നില്ലെന്നതാണ് സങ്കടം. അങ്ങനെ നോക്കുമ്പോള്‍, അരങ്ങില്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ സംഘര്‍ഷം ഈ നൂതന അവതരണ രീതിയില്‍ അവര്‍ അനുഭവിക്കുന്നുമുണ്ട്. അതു ലഘൂകരിക്കപ്പെടുന്നത് ചിലപ്പോള്‍ സാധകം എന്ന മട്ടില്‍ ഗൃഹാന്തരീക്ഷത്തിലോ മറ്റോ  പാടുന്നതുകൊണ്ടാവാം. മുമ്പിലിരുന്നു തലയാട്ടുന്ന ആസ്വാദകരുടെ അഭാവം സംഗീതജ്ഞര്‍ക്ക് നല്ലതുപോലെ അനുഭവപ്പെടുന്നുണ്ട്. ഫെയ്സ്ബുക്ക് ലൈവിനിടയില്‍ വരുന്ന കമന്റുകളിലൂടെ ഒരു വെര്‍ച്വല്‍ കച്ചേരി അന്തരീക്ഷം സൃഷ്ടിച്ചെടുക്കേണ്ടി വരികയാണ്.

ഒരു വായ്പ്പാട്ടിന്റെ, സംഗീതോപകരണത്തിന്റെ ഈ വിധമുള്ള അവതരണവുമായി ഗായകര്‍ സദസ്യര്‍ക്കു മുന്നിലെത്തുന്നു. എന്നാല്‍ കച്ചേരിയെ പോഷിപ്പിക്കുന്ന പക്കവാദ്യക്കാര്‍ കൂടെയില്ലതാനും. അത്തരം സാഹചര്യങ്ങളില്‍ ഒരു 'കച്ചേരി അന്തരീക്ഷം 'എന്നത് ആസ്വാദകര്‍ക്കും അവതാരകര്‍ക്കും ഒരേ പോലെ ഇല്ലാതാവുകയാണ്. സംഗീതകച്ചേരി എന്നത് ഒരു കൂട്ടുപ്രവൃത്തിയാണ്. കച്ചേരി ചെയ്യുന്നവര്‍ പരസ്പരവും ഒപ്പം ആസ്വാദകരും കൂടി നിര്‍മ്മിച്ചെടുക്കുന്ന ഒരു നിറവ് !

തന്റെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കുവാന്‍ കച്ചേരി അരങ്ങില്‍ നിന്ന് ഫെയ്സ്ബുക്ക് ലൈവിലെത്തുന്ന സംഗീജ്ഞര്‍ക്ക് മുമ്പില്‍ ശങ്കയന്യേ നിര്‍ദ്ദേശിക്കാന്‍ നിരവധി അവസരങ്ങള്‍ ആസ്വദകര്‍ക്ക് സാധിക്കുന്നുണ്ട്. ആസ്വാദകരെ സംബന്ധിച്ചിടത്തോളം നേരത്തെ പറഞ്ഞ വന്നു കാണല്‍ മൂലം സംഗീതജ്ഞരോടുള്ള ആത്മബന്ധം കൂട്ടിയിട്ടുണ്ടെന്നു നിസ്സംശയം പറയാം. 

Content Highlights : online concerts in lockdown fb live carnatic concerts, gaanamela