ച്ഛനെന്ന വികാരത്തെ വാക്കുകള്‍കൊണ്ട് വരച്ചിടാന്‍ കഴിയില്ല. എല്ലാറ്റിനും അപ്പ തന്നെയാണ് വഴികാട്ടി. ജീവിതം എന്താണെന്നും തെറ്റും ശരിയും എങ്ങനെ മനസ്സിലാക്കാമെന്നുമെല്ലാമുള്ള പാഠങ്ങള്‍ അപ്പയില്‍നിന്നാണ് ഞാന്‍ പഠിച്ചത്. അപ്പ സിനിമയില്‍ പാടിയതിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ മകള്‍ അമേയ ഹരിവരാസനം പാടിയിരുന്നു. അന്ന് അവള്‍ക്ക് മൂന്നു വയസ്സ്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.

സംഗീതാര്‍ദ്രമായ നാലു തലമുറകള്‍. പിതാവിന്റെ സംഗീതം തലമുറകളിലൂടെ അനുഗ്രഹംപോലെ വാര്‍ന്നുവീണ കുടുംബം. സംഗീതദിനവും പിതൃദിനവും ഒരുമിച്ചുവരുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന പേര് സ്വന്തം യേശുദാസിന്റേതാവും. അച്ഛനെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ഗാനഗന്ധര്‍വന്റെ വാക്കുകളിലൂടെ..

തിരിച്ചറിഞ്ഞത് മിനുക്കിയെടുത്തത് അച്ഛന്‍

''ദാസപ്പന്‍ പാട്ടു പഠിച്ചാല്‍ മതി. ക്ലാസില്‍ പോയില്ലേലും തരക്കേടില്ല''. അച്ഛന്‍ പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട്. അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ് എന്നിലെ സംഗീതസിദ്ധി മുമ്പേ തിരിച്ചറിഞ്ഞിരുന്നു. അന്ന് അദ്ദേഹമെടുത്ത തീരുമാനമാണ് എന്നെ ഞാനാക്കിയത്.

അതിലേക്കുനയിച്ച ഒരു കഥ പറയാം. കൊച്ചിയിലുണ്ടായിരുന്ന പി.എക്‌സ്. ജോസഫ് എന്ന പാട്ടുമാഷ് ഒരിക്കല്‍ അച്ഛനെ കാണാന്‍വന്നു. മദ്രാസിലൊക്കെപ്പോയി പഠിച്ചുവന്നതാണ് എന്തെങ്കിലും ട്യൂഷന്‍ തരപ്പെടുത്തിത്തരണം എന്നതായിരുന്നു ആവശ്യം. അതിനെന്താ എന്റെ മകനെ പാട്ടുപഠിപ്പിച്ചോളൂ എന്ന് അച്ഛന്‍.

വലിയ സംഗീതജ്ഞന്റെ മകനല്ലേ ശാസ്ത്രീയസംഗീതം കുറേയൊക്കെ പഠിച്ചുകാണുമെന്നു വിചാരിച്ചാണെന്നു തോന്നുന്നു ജോസഫ് മാഷ് വരിശകളും ഗീതങ്ങളും ഒന്നും പഠിപ്പിക്കാതെതന്നെ പൂര്‍ണചന്ദ്രിക രാഗത്തിലുള്ള 'തെലിസി രാമ ചിന്തനത്തോ ' എന്ന കീര്‍ത്തനംതന്നെ തുടങ്ങി. ഞാന്‍ കൊച്ചുകുട്ടിയാണ്. മാഷ് പറഞ്ഞതുപോലെതന്നെ പാടുകയും ചെയ്തു. പൂര്‍വികന്മാരുടെ പുണ്യമായിരിക്കണം അല്ലെങ്കില്‍ സംഗീതത്തില്‍ സപ്തസ്വരങ്ങള്‍പോലും പഠിക്കാത്ത ഞാന്‍ നേരെതന്നെ ഒരു കൃതി പാടി. അച്ഛനെ അത് അദ്ഭുതപ്പെടുത്തിക്കാണണം. തന്റെ മകനിലെ സംഗീതകലയാണ് അന്ന് ആ പിതാവ് കണ്ടെടുത്തു മിനുക്കിയെടുത്തത്.

അച്ഛന്‍ തന്നെയാണ് പിന്നീട് ശ്രീനാരായണഗുരുവിലെ 'ജാതിഭേദം മതദ്വേഷം' എന്ന ആദ്യ സിനിമാ ഗാനത്തിനു കാരണമായതും. എന്നെ എം.ബി. ശ്രീനിവാസനെ പരിചയപ്പെടുത്തിയത് അച്ഛനായിരുന്നു. അതായിരുന്നു തുടക്കം

നാട്ടക്കുറിഞ്ചി മൂളിയ വിജയ്

കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍തന്നെ വിജയ്യുടെ സംഗീതം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഒരിക്കല്‍ നാട്ടക്കുറിഞ്ചി രാഗത്തില്‍ 'മനസ്സു വിഷയ' എന്ന ഒരു കൃതി പാടുകയിരുന്നു ഞാന്‍. വിജു അന്ന് കൊച്ചുകുഞ്ഞാണ്. ഡൈനിങ് ടേബിളിനടുത്തിരുന്നു ആ കൃതി വായിച്ചുകൊണ്ട് പാടിക്കൊണ്ടിരിക്കുമ്പോള്‍ ടേബിളിന്റെ അടിയില്‍നിന്നും ഒരു നേര്‍ത്ത നാദം. മനസ്സൂ മനസ്സൂ എന്ന് നിര്‍ത്താതെ വിജു കൊഞ്ചിപ്പാടുകയാണ്. അന്ന് ഞാന്‍ നിശ്ചയിച്ചു. അവനിലെ സംഗീതത്തെ മിനുക്കിയെടുക്കണം.

നമുക്ക് ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടാകും. നല്ല ഗുണങ്ങള്‍, കലാവാസനകള്‍ കണ്ടറിഞ്ഞ് അതിനെ പരിപോഷിക്കുക എന്നതാവണം ഒരു പിതാവിന്റെ ധര്‍മം. അഥവാ മാതാപിതാക്കളുടെ ലക്ഷ്യം. സംഗീതമായാലും ഏതു കലയായാലും മനുഷ്യശരീരത്തില്‍ ആ കലയുടെ ഒരു ജീനിന്റെ അംശം ഉണ്ടായിരിക്കും എന്നതാണ് ശാസ്ത്രസത്യം. സംഗീതകലയെപ്പറ്റി പറയുമ്പോള്‍ നമുക്ക് സരസ്വതീദേവിയാണ് മനസ്സില്‍വരുന്നത്. കലകളുടെ ദേവിയാണ് സരസ്വതി. എല്ലാ വര്‍ഷവും ജന്മദിനത്തില്‍ മൂകാംബികാദേവിയെ മനസ്സുനിറയെ തൊഴുമ്പോള്‍ കിട്ടുന്ന ഒരു നിര്‍വൃതി പറഞ്ഞറിയിക്കാന്‍ വിഷമമാണ്.

സ്വാമി അനുഗ്രഹിച്ച അമേയ

വിജുവിന്റെ മകള്‍ അമേയ നന്നായി പാടും. മകന്‍ അവിയാനും പാട്ടില്‍ തത്പരനാണ്. അമേയയെ സിനിമയില്‍ പാടിക്കാന്‍വേണ്ടി ദക്ഷിണാമൂര്‍ത്തിസ്വാമി ഒരിക്കല്‍ അവളുടെ പാട്ടുകേള്‍ക്കണം എന്ന് പറഞ്ഞു. ഏഴാം കടലിനക്കരെ എന്ന ചിത്രത്തില്‍ വാണിയമ്മ പാടിയ 'സുരലോക ജലധാര ഒഴുകി ഒഴുകി' എന്ന പാട്ട് അവള്‍ക്കു വളരെ ഇഷ്ടമായിരുന്നു. അതിലെ ജലധാര എന്ന ഭാഗമൊക്കെ വളരെ സ്ട്രെസ് കൊടുത്തു പാടും. അന്ന് അത് കൗതുകത്തിന് റെക്കോഡ് ചെയ്തിരുന്നു. സ്വാമി പറഞ്ഞപ്പോള്‍ അത് കേള്‍പ്പിച്ചുകൊടുത്തു. അതിലെ താളം വളരെ കൃത്യമായി അവള്‍ മനസ്സില്‍ക്കണ്ടാണ് പാടിയത്. സ്വാമി വേറെയൊന്നും പറഞ്ഞില്ല... ''ഇത്രയും മതി ബാക്കി ഞാന്‍ ശരിയാക്കിക്കോളാം.''

അച്ഛന്‍ ഗുരുവും സംഗീതവും - വിജയ് യേശുദാസ്

അച്ഛനെന്ന വികാരത്തെ വാക്കുകള്‍കൊണ്ട് വരച്ചിടാന്‍ കഴിയില്ല. എല്ലാറ്റിനും അപ്പതന്നെയാണ് വഴികാട്ടി. ജീവിതം എന്താണെന്നും തെറ്റും ശരിയും എങ്ങനെ മനസ്സിലാക്കാമെന്നുമെല്ലാമുള്ള പാഠങ്ങള്‍ അപ്പയില്‍നിന്നാണ് ഞാന്‍ പഠിച്ചത്. അപ്പ സിനിമയില്‍ പാടിയതിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍നടന്ന ഒരു പരിപാടിയില്‍ മകള്‍ അമേയ ഹരിവരാസനം പാടിയിരുന്നു. അന്ന് അവള്‍ക്ക് മൂന്നു വയസ്സ്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.

Content Highlights : kj yesudas and vijay yesudas interview on father's day and world music day