ഠനത്തോടൊപ്പം സംഗീതത്തെയും മാറോടണച്ചാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ ബെംഗളൂരു തെരുവുകളിലൂടെ സ്വപ്നംകണ്ട് നടന്നത്. ലോകമറിയുന്ന ഒരു ഗായകനാകാനായി ഹരീഷ് മിക്ക ക്ലബ്ബുകളിലും പാടാന്‍ ഒരു അവസരം തേടിനടന്നു. അഞ്ചുവര്‍ഷത്തോളം നീണ്ട അലച്ചിലിനൊടുവിലാണ് സ്വന്തമായി ഒരു സംഗീതബാന്‍ഡ് തുടങ്ങിയാലോ എന്ന ആശയം മനസ്സില്‍ മുളച്ചുപൊന്തുന്നത്. അവിടെ 'അഗം' എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതബാന്‍ഡിന് തുടക്കമാകുകയായിരുന്നു. അഗത്തിന്റെ ചിറകിലേറി ഹരീഷ് തന്റെ സ്വപ്നങ്ങള്‍ തേടിപ്പറന്നു.

രാജ്യമറിയുന്ന ഗായകനായിമാറി. സിനിമയിലും അരങ്ങേറ്റംകുറിച്ചു. ബാന്‍ഡ് സിനിമയ്ക്കായി സംഗീതംനല്‍കി. ഹരീഷിന്റെ ലൈവ് പരിപാടികള്‍ക്കായി ജനം തടിച്ചുകൂടി. 'അനുരാഗലോലരാത്രി'യും 'ദേവി'യും 'ഉയിരെ'യും കേള്‍ക്കാനായി ശ്രോതാക്കള്‍ അക്ഷമരായി കാത്തിരുന്നു. കഷ്ടപ്പാടിന്റെയും ആത്മവിശ്വാസത്തിന്റെയും കഠിനപ്രയത്‌നത്തിന്റെയും വിലയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് ഹരീഷ് വ്യക്തമാക്കുന്നു.

മലയാളത്തില്‍മാത്രമല്ല തമിഴ് സിനിമാലോകത്തും ഹരീഷ് ചര്‍ച്ചാവിഷയമാണ്. സൂര്യയുടെ ഏറ്റവുംപുതിയ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ 'വെയ്യോണ്‍ സില്ലി' എന്ന ഗാനമാലപിച്ച് ഈ കലാകാരന്‍ തമിഴ് മക്കളുടെ മനസ്സും കീഴടക്കുകയാണ്. ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന പാട്ടിന്റെ വിശേഷങ്ങളും ലോക് ഡൗണ്‍ കാലത്തെ സംഗീതപരീക്ഷണങ്ങളും ഹരീഷ് ശിവരാമകൃഷ്ണന്‍ പങ്കുവെക്കുന്നു.

തേടിവന്ന പാട്ട്

അവിചാരിതമായി സംഭവിച്ച ഒരു പാട്ടാണ് 'വെയ്യോണ്‍ സില്ലി'. സൂരറൈ പോട്രിന്റെ സംഗീതസംവിധായകനായ ജി.വി. പ്രകാശ് കുമാര്‍ ഈ പാട്ടിനുവേണ്ടി പുതിയൊരു ശബ്ദത്തെ തേടുകയായിരുന്നു. ജി.വി. പ്രകാശ് കുമാറിന്റെ ഭാര്യ സൈന്ധവി എന്റെ സുഹൃത്താണ്. അവള്‍ വഴിയാണ് ഈ സിനിമയില്‍ അവസരം ലഭിക്കുന്നത്.

എന്റെ ശബ്ദം സംഗീതസംവിധായകനും സംവിധായിക സുധ കൊങ്കാരയ്ക്കും ഒരുപോലെ ഇഷ്ടപ്പെട്ടു. വളരെ പെട്ടെന്നുനടന്നൊരു പാട്ടാണ് വെയ്യോണ്‍ സില്ലി. കഴിഞ്ഞ വര്‍ഷമാണ് റെക്കോഡിങ് നടന്നത്. ജി.വി. എനിക്ക് നല്ല ഫ്രീഡം തന്നിരുന്നു. അത് നന്നായി ഉപയോഗപ്പെടുത്താനായി എന്നുവിശ്വസിക്കുന്നു. പാടുമ്പോള്‍ ഗാനരചയിതാവും സ്റ്റുഡിയോയിലുണ്ടായിരുന്നു. തമിഴാണെങ്കിലും മധുരൈ സ്‌റ്റൈലില്‍ വേണം ഉച്ചരിക്കാന്‍. അതിന് അദ്ദേഹം നന്നായി സഹായിച്ചു. വളരെ പെട്ടെന്നുതന്നെ പാടിത്തീര്‍ക്കാനുമായി. പാട്ട് ഇത്രഹിറ്റാകുമെന്ന് കരുതിയില്ല. തമിഴിലും മലയാളത്തിലും ഗാനം ഒരുപോലെ സ്വീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. വളരെ ആസ്വദിച്ചുചെയ്‌തൊരു വര്‍ക്കാണത്.

കന്നഡയിലും പാടി

കന്നഡയില്‍ ഒരു അവസരം വന്നിട്ടുണ്ട്. ഗോപിസുന്ദറിന്റെ സംഗീതത്തിലാണ് പാടാന്‍ അവസരം ലഭിച്ചത്. ഗോപിച്ചേട്ടന്‍ ഇടയ്ക്കിടയ്ക്ക് എന്നെ വിളിച്ച് പാടിക്കാറുണ്ട്. ഞാന്‍ പിന്നണിഗാനരംഗത്ത് അത്ര സജീവമല്ല. ആരെങ്കിലും വിളിച്ചാല്‍പോയി പാടും. അല്ലാതെ അവസരത്തിനായി പിറകെ നടക്കാറില്ല. ഞാന്‍ ഇപ്പോഴും കൂടുതല്‍ ശ്രദ്ധനല്‍കുന്നത് എന്റെ ബാന്‍ഡായ അഗത്തിനാണ്.

ലോക് ഡൗണില്‍ കുടുങ്ങിയ ബാന്‍ഡ്

അഗത്തിന്റെ പുതിയ പ്രോജക്ടുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ലോക് ഡൗണ്‍ വന്നത്. എല്ലാവരെയുംപോലെ ഞങ്ങളും വീട്ടിലിരിക്കുന്നു. പക്ഷേ, വീട്ടിലിരുന്നും ബാന്‍ഡിനായുള്ള ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ തിരക്കിലാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ ആറോ ഏഴോ പാട്ടുകളുള്ള ഓരോ ആല്‍ബങ്ങള്‍ ചെയ്യുക എന്നതാണ് ലക്ഷ്യം. സ്റ്റേജ് പരിപാടികള്‍ ധാരാളമായുണ്ടായിരുന്നു. കോവിഡ്-19 കാരണം ഇപ്പോള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാം പെട്ടെന്ന് പഴയപോലെയാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാക്ടീസ് മുടങ്ങാതെ ചെയ്യുന്നുണ്ട്.

ലൈവില്‍ സജീവമാണ്

എനിക്ക് ഇഷ്ടമുള്ള പാട്ടുകളാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പാടുന്നത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെയായി ലോക്ഡൗണ്‍ സമയത്ത് മിക്ക ദിവസവും ലൈവായി പാടാറുണ്ട്. 'മാതൃഭൂമി'ക്കുവേണ്ടിയും ലൈവ് ചെയ്തിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകള്‍ മാത്രമാണ് ഞാന്‍ പാടാന്‍ ശ്രമിക്കാറ്. ജോണ്‍സണ്‍, ബാബുരാജ്, വിദ്യാസാഗര്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങിയവരാണ് എന്റെ പ്രിയപ്പെട്ട സംഗീതസംവിധായകര്‍. അവരുടെ പാട്ടുകളാണ് കൂടുതലായി പാടാറ്. ഹരിമുരളീരവം പോലുള്ള രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ പാടിക്കൂടെ എന്ന് പലരും ചോദിക്കാറുണ്ട്. അത്തരം പാടാന്‍ എനിക്കുകഴിയില്ല. അതുകൊണ്ടാണ് ശ്രമിക്കാത്തത്.

ഗൂഗിളും സംഗീതവും

ഞാന്‍ ഗൂഗിളിലാണ് ആദ്യം ജോലിചെയ്തിരുന്നത്. രണ്ടുവര്‍ഷംമുമ്പ് അതില്‍നിന്ന് വിരമിച്ചു. ഇപ്പോള്‍ സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പുണ്ട്. ജോലിയും സംഗീതവും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ ഒരുമിച്ച് കൊണ്ടുപോകുന്നു.

വിമര്‍ശനങ്ങളെ സ്വീകരിക്കുന്നു

ഞാന്‍ കര്‍ണാടിക് സംഗീതമാണ് പഠിച്ചിട്ടുള്ളത്. അതുകൊണ്ട് സ്വാഭാവികമായും പാടുമ്പോള്‍ അതിന്റെ അലയൊലികള്‍ പാട്ടിലുണ്ടാകും. അത് ഇഷ്ടപ്പെടുന്നവരുമുണ്ട് അതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇഷ്ടപ്പെടുന്നവരാണ് കൂടുതലെന്നുതോന്നുന്നു. വിമര്‍ശനങ്ങളെയും വളരെ പോസിറ്റീവായി സ്വീകരിക്കുന്നു. വിമര്‍ശനങ്ങളില്‍ത്തന്നെ ക്രിയാത്മകമായവയെ സ്വീകരിക്കും. അല്ലാത്തത് തിരസ്‌കരിക്കും. പലരും ചോദിച്ചിട്ടുണ്ട് പാടുമ്പോള്‍ മനോധര്‍മത്തിനനുസരിച്ച് പുതിയ സംഗതികള്‍ ചേര്‍ക്കുന്നത് മനഃപൂര്‍വമാണോ എന്ന്. അതില്‍ ഒരു വസ്തുതയുമില്ല. നേരത്തേ പ്ലാന്‍ചെയ്ത് പാടിയാല്‍ അതിന് ആത്മാവ് നഷ്ടപ്പെടും. വേദിയില്‍ പാടുമ്പോള്‍ എന്താണോ എനിക്ക് അപ്പോള്‍തോന്നുന്നത് അതിനനുസരിച്ച് പാടും. അത് വൈറലാകുന്നത് ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. അഗത്തിന്റെ പാട്ടുകളെല്ലാം പ്ലാന്‍ചെയ്ത് പാടുന്നതാണ്. അത് റെക്കോഡിങ്ങിനുവേണ്ടിമാത്രം. ഒരു പാട്ടിന്റെ ആത്മാവിനെ നോവിക്കാതെ പാടാനാണ് ഞാന്‍ ശ്രമിക്കാറ്.

വൈറലായ കവര്‍ വേര്‍ഷനുകള്‍

അതിനായി ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. സമയം, ഭാഗ്യം തുടങ്ങിയ കാര്യങ്ങളാണ് എന്നെ കൂടുതല്‍ ആളുകളിലേക്കെത്തിച്ചത്. അഗം ബാന്‍ഡില്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളം പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. അന്നും ഇന്നും ഒരുപോലെയാണ് പാടാറ്. 2006-ല്‍ ഞാന്‍ പാടിയ പാട്ടുകള്‍ യൂട്യൂബിലുണ്ട്. പക്ഷേ, 2019 വേണ്ടിവന്നു എന്റെ കഴിവ് ലോകം തിരിച്ചറിയാന്‍. ഇതൊന്നും ശാശ്വതമായ കാര്യമല്ല. കലാകാരന്‍ എന്നനിലയില്‍ കഴിവിനെ രാകിമിനുക്കുക എന്നതുമാത്രമാണ് എന്റെ ജോലി. എന്നും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാനാകില്ല. അങ്ങനെ ആകണമെങ്കില്‍ ഞാന്‍ യേശുദാസോ ഹരിഹരനോ ഒക്കെയാകണം. അതൊന്നും നടക്കില്ലല്ലോ. ഇത്രയും അംഗീകാരം ലഭിച്ചതില്‍ത്തന്നെ അതിയായി സന്തോഷിക്കുന്നു.

കോവിഡ് കാലത്തെ ഗാനം

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രയത്നിക്കുന്ന ഏവര്‍ക്കും വേണ്ടി ലോക് ഡൗണ്‍ കാലത്ത് ഒരു ഗാനം ചിട്ടപ്പെടുത്തി പാടാന്‍ സാധിച്ചു. കെ. ജയകുമാര്‍ ഐ.എ.എസിന്റേതാണ് വരികള്‍. 'ധന്യവാദം' എന്നാണ് ആല്‍ബത്തിന്റെ പേര്.

Content Highlights: Hareesh Sivaramakrishnan interview on Agam music band, journey, life, criticism, Carnatic Music, AR Rahman Cover songs