ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാളസിനിമാഗാനങ്ങളാണ് ഒരുകാലഘട്ടത്തെ മുഴുവന്‍ സിനിമയോടും സിനിമാഗാനങ്ങളോടും അടുത്തുചേര്‍ത്തിനിര്‍ത്തിയിരുന്നത്. മലയാളസിനിമയിലെ തന്റെ നല്ലപാതിയ്ക്ക് യാത്രാമൊഴി പറയുന്ന ഈ വേളയില്‍ തങ്ങളൊരുമിച്ച അഞ്ചുപാട്ടുകളുടെ പിന്നണിയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് ശ്രീകുമാരന്‍ തമ്പി.

''കസ്തൂരിമണക്കുന്നല്ലോ കാറ്റേ''...

രണ്ടുകാലഘട്ടത്തില്‍ ഒരേ പാട്ടിനു വേണ്ടി എനിക്കും അര്‍ജുനന്‍ മാഷിനും ഒരുമിച്ചിരിക്കാന്‍ വേണ്ടി സാധിച്ച പാട്ടാണ് ''കസ്തൂരി മണക്കുന്നല്ലോ കാറ്റേ'' എന്നത്. ജയരാജിന്റെ 'നായിക' എന്ന സിനിമയ്ക്കുവേണ്ടി ആ പാട്ട് വീണ്ടും റെക്കോഡുചെയ്തപ്പോള്‍ 1975-ല്‍ 'പിക്നിക്ക്' എന്ന സിനിമയ്ക്കു വേണ്ടി ഞങ്ങള്‍ ചെയ്ത ആ അധ്വാനം ഓര്‍ത്തു. അതുകൊണ്ടുതന്നെ 'നായിക'യില്‍ ഈ ഗാനം പുനരവതരിപ്പിക്കുന്ന വേളയില്‍ പാട്ടിന്റെ ഈണത്തില്‍ ഒരു മാറ്റവും വരുത്തണ്ട എന്നു ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ബാക്ഗ്രൗണ്ട് സ്‌കോര്‍ ഒന്നും മാറ്റാതെ നോട്സില്‍ അണുവിട മാറ്റം വരുത്താതെയാണ് ''കസ്തൂരി മണക്കുന്നല്ലോ കാറ്റേ'' എന്നുതുടങ്ങുന്ന ഗാനം യേശുദാസിനെക്കൊണ്ട് വീണ്ടും പാടിച്ചത്.

''പാടാത്ത വീണയും പാടും''...

മലയാളത്തിലെ അക്ഷരങ്ങള്‍ പെറുക്കിവായിക്കാന്‍ തുടങ്ങിയ കുട്ടികള്‍ മുതല്‍ അക്ഷരം ഓര്‍മയില്‍ നിന്നും മാഞ്ഞുപോകാന്‍ തുടങ്ങിയ വൃദ്ധര്‍ വരെ പാടിയ പാട്ടാണ് ''പാടാത്ത വീണയും പാടും'' എന്നു തുടങ്ങുന്ന ഗാനം. ഞാനും അര്‍ജുനന്‍ മാഷും ആദ്യമായി ഒന്നിച്ച ഗാനം എന്ന സവിശേഷതയും 'റസ്റ്റ്ഹൗസ്' എന്ന സിനിമയിലെ ആ പാട്ടിനുണ്ട്. കെ.പി കൊട്ടാരക്കര നിര്‍മിച്ച് ഗണേഷ് പിക്ചേഴ്സിന്റെ ബാനറില്‍ ജെ. ശശികുമാറാണ് ആ ചിത്രം സംവിധാനം ചെയ്തത്. ഒരു വര്‍ഷം രണ്ടുപടം സ്ഥിരമായി എടുക്കുന്ന ബാനറാണ് ഗണേഷ് പിക്ചേഴ്സ്. അവര്‍ക്ക് അര്‍ജുനന്‍ മാഷെ പരിചയപ്പെടുത്തിക്കൊടുത്തത് ഞാനാണ്. തുടക്കക്കാരെക്കൊണ്ട് ഒരു പരീക്ഷണത്തിന് മുതിരാനൊന്നും അവര്‍ തയ്യാറല്ലായിരുന്നു. ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവര്‍ മാഷിന് അവസരം കൊടുക്കാന്‍ തയ്യാറായി. ''പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു''... എന്നു തുടങ്ങുന്ന പാട്ടാണ് ആദ്യമായി ഞങ്ങള്‍ ചെയ്തത്. അതിന്റെ ട്യൂണ്‍ കേട്ടപ്പോള്‍ നിര്‍മാതാവിന് ഇഷ്ടമായി. ''പാടാത്ത വീണയും പാടും'' എന്ന ഗാനം ചെയ്യുമ്പോള്‍ രണ്ട് മൂന്ന് ട്യൂണ്‍ കേള്‍പ്പിച്ചുനോക്കിയിട്ടും പ്രൊഡ്യൂസര്‍ക്കും സംവിധായകനും ഇഷ്ടമാകുന്നില്ല. അര്‍ജുനന്‍ മാഷിന്റെ രണ്ടാമത്തെ പടമാണ് അത്. ഒരു പടം ചെയ്തു അതിലെ പാട്ടുകള്‍ ഹിറ്റായെങ്കിലും പടം ഓടിയില്ല. 'കറുത്തപൗര്‍ണമി' എന്ന സിനിമയായിരുന്നു. പി.ഭാസ്‌കരന്റെ വരികള്‍, പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം. പക്ഷേ പടം ഓടിയില്ലെങ്കില്‍ മലയാളസിനിമയില്‍ ഒരു അന്ധവിശ്വാസമുണ്ട്, ആദ്യമായി ചെയ്യുന്ന പടം വിജയിച്ചില്ലെങ്കില്‍ അയാള്‍ രാശിയില്ലാത്ത ആളാണെന്ന് പറഞ്ഞുകളയും. പിന്നെ അയാള്‍ക്ക് ചാന്‍സ് കിട്ടാന്‍ പാടാണ്. പടം ഓടുന്നതും ഓടാതിരിക്കുന്നതും മ്യൂസിക് ഡയറക്ടറുടെ കുഴപ്പമല്ല. അവര്‍ പാട്ട് നോക്കിയാല്‍ മതി എന്നു ഞാന്‍ നിര്‍മാതാവിനോട് പറഞ്ഞു.

arjunan
ശ്രീകുമാരന്‍ തമ്പി അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം മ്യൂസിക് കമ്പോസിങ്ങിനിടെ

രണ്ടുപാട്ടുകള്‍ കമ്പോസ് ചെയ്ത് കഴിഞ്ഞിട്ടും ''പാടാത്ത വീണയും പാടും'' എന്നുതുടങ്ങുന്ന ഗാനം ഒരു കണക്കിനും ഈണവുമായി പൊരുത്തപ്പെടുന്നില്ല. നിര്‍മാതാവിന് ഇഷ്ടമാകുന്നില്ല. അപ്പോള്‍ അര്‍ജുനന്‍ മാഷ് എന്നെ വിളിച്ചിട്ട് സ്വകാര്യമായി പറഞ്ഞു. ഞാന്‍ ചെയ്ത ഒരു നാടകഗാനത്തിന്റെ ട്യൂണ്‍ ഒന്നു മാറ്റിപ്പിടിച്ചാലോ. വിരോധമുണ്ടോ? ഞാന്‍ പറഞ്ഞു ഒരു വിരോധവുമില്ല, നിങ്ങള്‍ തന്നെ ട്യൂണ്‍ ചെയ്തതല്ലേ. അങ്ങനെ അദ്ദേഹം അത് പാടിക്കേള്‍പ്പിച്ചു. ഞാന്‍ ഓക്കെ പറഞ്ഞു. ആ നാടകഗാനവുമായി സാമ്യമുളള ഈണമാണ് ''പാടാത്ത വീണയും പാടും'' എന്ന ഗാനത്തിന് കൊടുത്തിരിക്കുന്നത്.

''ചെമ്പകത്തൈകള്‍ പൂത്തമാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി''....

ഞങ്ങള്‍ രണ്ടുപേരും പാട്ട് ചെയ്യാനിരിക്കുമ്പോള്‍ ഞങ്ങള്‍ ഒരാളായിട്ട് മാറും. അതാണ് ഞങ്ങളുടെ പാട്ടുകളുടെ വിജയം. വരികളെക്കുറിച്ച്, ട്യൂണിനെക്കുറിച്ച്, രാഗത്തെക്കുറിച്ച് ഒക്കെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ പറഞ്ഞു. നമുക്കൊരു ഗസല്‍ ചെയ്യണം. അര്‍ജുനന്‍ മാഷ് നേരെ കാര്യം പറഞ്ഞു. എനിക്കതൊന്നും അറിഞ്ഞുകൂട. ഗസല്‍ എന്ന് കേട്ടിട്ടുണ്ടല്ലാതെ എനിക്കൊരു പിടിയുമില്ല എന്നു തുറന്നു പറഞ്ഞു. ഞാനപ്പോള്‍ ഗുലാം അലിയുടെ ''ചുപ്കേ ചുപ്കേ രാത് ദിന്‍'' എന്നുതുടങ്ങുന്ന പാട്ട് മൂളിക്കേള്‍പ്പിച്ചു. ഇതാണ് ഗസല്‍ എന്നു പറഞ്ഞു. ഒരു വരി പലതരത്തില്‍ പാടുന്നതാണ് ഗസല്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനിതൊന്നും ചെയ്തിട്ടില്ല എന്നുപറഞ്ഞ് അദ്ദേഹം തീരെ താല്പര്യപ്പെട്ടില്ല. അപ്പോഴാണ് 'കാത്തിരുന്ന നിമിഷം' എന്ന പടം എഴുതാനേല്‍പ്പിക്കുന്നത്. കഥയും തിരക്കഥയും ഗാനരചനയും ഞാന്‍ എഴുതണം.

കെ. രഘുകുമാര്‍ ആയിരുന്നു ആ പടത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. അദ്ദേഹം പിന്നീട് സംഗീതസംവിധായകനായി മാറി. രഘുവും അദ്ദേഹത്തിന്റെ കസിന്‍ മുരളിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കോഴിക്കോട്ടുകാരനായ ബേബിയാണ് സംവിധാനം. ഒരു മുസ്ലിം പശ്ചാത്തലമായിരുന്നു വിചാരിച്ചിരുന്നത്. രഘുകുമാര്‍ തബലവായിക്കും. പാട്ടുകള്‍ തയ്യാറായപ്പോള്‍ ഗസലിന്റെ കാര്യ രഘുവിനോട് പറഞ്ഞു. അപ്പോള്‍ അയാള്‍ക്ക് തബലവായിക്കാമല്ലോ എന്നായി. എനിക്ക് അന്ന് ഇല്ലാത്ത ഏര്‍പ്പാടുകളില്ല. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുണ്ട്, തിരക്കഥയുണ്ട്, സംവിധാനവും പാട്ടെഴുത്തും കൂടെയുണ്ട്. അപ്പോള്‍ സമയത്ത് തിരക്കഥ പൂര്‍ത്തിയാക്കിക്കൊടുക്കാനായില്ല. അപ്പോള്‍ രഘു എന്റെ പാട്ടുകളെടുത്തു. കഥ മറ്റൊരാളക്കൈാണ്ട് എഴുതിച്ചു. ഞാന്‍ എന്റെ കഥയ്ക്കനുസരിച്ചാണ് പാട്ടെഴുതിയത്. അര്‍ജുനന്‍ മാഷിന്റെ ഗസല്‍ശ്രമം ഹിറ്റായി. ''ചെമ്പകത്തൈകള്‍ പൂത്തമാനത്ത് പൊന്നമ്പിളി'' ഒന്നാന്തരം ഗസലായി മാറി.

''സുഖമൊരുബിന്ദു, ദു:ഖമൊരുബിന്ദു ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു''...

തോമസി ബെര്‍ലി സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ഇത് മനുഷ്യനോ എന്ന സിനിമയില്‍ ഞാനും അര്‍ജുനന്‍ മാഷും സൃഷ്ടിച്ച മറ്റൊരുഹിറ്റ് ഗാനമായിരുന്നു അത്. പി.ആര്‍.എസ്. പിള്ള ആദ്യമായി നിര്‍മിച്ച 'തിരമാല' എന്ന ചിത്രത്തിലെ നായകനായിരുന്നു തോമസ് ബെര്‍ലി. പി.ആര്‍.എസ് പിളളയായിരുന്നു കേരള ചലച്ചിത്രവികസനകോര്‍പറേഷന്റെ ആദ്യത്തെ ചെയര്‍മാന്‍, കെ.എഫ്.ഡി.സി, ചിത്രഞ്ജലി സ്റ്റുഡിയോ എന്നിവ കെ. കരുണാകരന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ സ്ഥാപിച്ചതാണ്. അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയായപ്പോളാണ് ഈ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ച കൈവരുന്നത്. പി.ആര്‍.എസ് പിള്ള ആദ്യമായി നിര്‍മിച്ച 'തിരമാല' എന്ന ചിത്രത്തിലെ നായകനായിരുന്നു തോമസ് ബെര്‍ലി. സത്യന്‍ ആ ചിത്രത്തിലെ ഉപനായകനായിരുന്നു.

സിംപിള്‍ ഹാര്‍മോണിക് മോഷന്‍ എന്നാണ് ഭൗതികശാസ്ത്രത്തില്‍ പെന്‍ഡുലത്തെ വിശേഷിപ്പിക്കുന്നത്. പെന്‍ഡുലത്തിന് പകരം ഉത്തോലകം എന്ന് ഉപയോഗിച്ചാല്‍ ആര്‍ക്കും മനസ്സിലാവുകയില്ല. അത് കൊണ്ടാണ് പെന്‍ഡുലം എന്ന ഇംഗ്ലീഷ് വാക്ക് തന്നെ തെരഞ്ഞെടുക്കുന്നത്. ആ പാട്ടിനോട് എനിക്ക് തോമസ് ബെര്‍ലിയോട് കടപ്പാടുണ്ട്. സുഖത്തെയും ദുഃഖത്തെയും ഒരേ അളവില്‍ അവതരിപ്പിക്കുന്ന പാട്ടുവേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് അങ്ങനെയൊരുഗാനം പിറന്നത്.

അര്‍ജുനന്‍ മാഷ് ഏത് പാട്ട് ട്യൂണ്‍ ചെയ്യുന്നതിന് മുമ്പും വരികള്‍കൊടുത്തുകഴിഞ്ഞാല്‍ അത് എന്നെക്കൊണ്ട് അദ്ദേഹം പാടിക്കും. എന്നിട്ട് അദ്ദേഹം അത് റെക്കോര്‍ഡ് ചെയ്യും. മൂന്നും നാലും വേര്‍ഷനില്‍ പാടിക്കും. ഞാന്‍ എഴുതിയ പാട്ട് എന്റെറ ശബ്ദഭാവത്തില്‍ കേള്‍ക്കുന്നതിലൂടെ പാട്ടെഴുതിയ ആള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. എന്റെ ട്യൂണ്‍ അദ്ദേഹം എടുക്കുകയൊന്നുമില്ല. പിന്നെ പാടിക്കുന്നതിന്റെ കാരണം അദ്ദേഹം പറയുന്നത്, ''ഞാന്‍ നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. എനിക്ക് സാഹിത്യമൊന്നുമറിയില്ല. തമ്പിസാര്‍ പാടുമ്പോള്‍ ഏത് വാക്കിനാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്, അതിന്റെ ഉച്ചാരണം എങ്ങനെയാണ് എന്നൊക്കെയാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.'' എന്റെ പ്രയോഗങ്ങള്‍ എടുക്കും പക്ഷേ രാഗം മാറ്റും.

'' ദുഃഖമേ നിനക്ക് പുലര്‍കാലവന്ദനം''...

പ്രേംനസീര്‍ മൂന്ന് വേഷങ്ങളില്‍ അഭിനയിച്ച പടമാണ് 'പുഷ്പാഞ്ജലി'. ഒരു ബംഗാളി കഥയുടെ അനുകല്പനമാണ് അത്. തിരക്കഥയും സംഭാഷണവും ഞാന്‍ നിര്‍വഹിച്ചു. ഒരു കുട്ടി ജനിച്ചയുടന്‍ ജോത്സ്യന്‍ അച്ഛനോട് പറയുന്നു, ഈ മകന്‍ നിങ്ങള്‍ക്ക് ജന്മഫലത്താല്‍ ദോഷം ചെയ്യും എന്ന്. അങ്ങനെ അച്ഛനാല്‍ ആ മകന്‍ ഉപേക്ഷിക്കപ്പെടുന്നു. പക്ഷേ വലുതാവുമ്പോള്‍ തന്റെ കുടുംബത്തെ തിരിച്ചറിയുന്ന, മാതാപിതാക്കളുടെ സ്നേഹം നിഷേധിക്കപ്പെട്ട ആ കുട്ടി തന്റെ അച്ഛനെ പുലര്‍കാലത്ത് ജനലിലൂടെ കണ്‍കുളിര്‍ക്കെ കാണുന്നതാണ് ഗാനപശ്ചാത്തലം. എന്റെ രാജ്യം കീഴടങ്ങി, എന്റെ ദൈവത്തെ ഞാന്‍ വണങ്ങി എന്നു പറയുന്നത് അതുകൊണ്ടാണ്. 'ദുഃഖമേ നിനക്ക് സുപ്രഭാതം' എന്നു പറയാം പക്ഷേ പുലര്‍കാലവന്ദനത്തിന്റെ ഭംഗി അതിനില്ല. ''ഗുഡ് മോണിങ് സോറോ'' എന്നതായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.

ദര്‍ബാരികാനട രാഗമായിരുന്നു എന്റെ മനസ്സില്‍. ''ആയിരം പാദസരങ്ങള്‍ കിലുങ്ങി''.. എന്നുതുടങ്ങുന്ന ഗാനം ഈ രാഗത്തിലുള്ളതാണ്. ദുഃഖത്തിന് ഏറ്റവും യോജിച്ച രാഗമാണ് ദര്‍ബാരി കാനട. അര്‍ജുനന്‍ മാഷിനോട് ആ രാഗത്തില്‍ പാട്ട് കമ്പോസ് ചെയ്യാന്‍ പറഞ്ഞു. ആദ്യം കേട്ടപ്പോല്‍ പ്രൊഡ്യൂസര്‍ അംഗീകരിച്ചില്ല. രാഗം മാറ്റാന്‍ പറ്റില്ല എന്നു ഞാന്‍ തര്‍ക്കിച്ചു.പ്രൊഡ്യൂസര്‍ സമ്മതിച്ചു.
 
പാട്ടുവേളയില്‍ ഒരു മെയ്യും ഒരു മനസ്സുമായിരുന്നു ഞങ്ങള്‍. 'പാടാത്ത വീണയും പാടും' കമ്പോസിങ് വേളയില്‍ ''സ്വപ്നങ്ങളാല്‍ പ്രേമസ്വര്‍ഗങ്ങള്‍ തീര്‍ക്കുന്ന ശില്പിയാണീ മോഹ നവയൗവനം, നീലമലര്‍മിഴിത്തൂലിക കൊണ്ടെത്ര നിര്‍മലമന്ത്രങ്ങള്‍ നീയെഴുതി...നീയെഴുതി, പാടാത്തവീണയും പാടും'' എന്നായിരുന്നു ഞാന്‍ എഴുതിയത്. പക്ഷേ അര്‍ജുനന്‍ മാഷ് ചെയ്തുവന്നപ്പോള്‍ ''നീയെഴുതി...'' എന്ന പദം കഴിഞ്ഞിട്ട് രണ്ട് വാക്കുകള്‍ കൂടി എനിക്കുതരുമോ എന്നു ചോദിച്ചു. ''അകലുകില്ലാ അകലുകില്ലാ...ഇനിയീഹൃദയങ്ങള്‍ അകലുകില്ലാ'' എന്ന് ഞാനെഴുതിക്കൊടുത്തു. സത്യത്തില്‍ ആ വാക്കുകള്‍കൂടി വന്നപ്പോളാണ് ആ ഗാനത്തിന് ശക്തിയുണ്ടായിരുന്നത്. അതായിരുന്നു ഞങ്ങളുടെ കെമിസ്ട്രി.

എപ്പോഴൊക്കെ അധികം പദങ്ങള്‍ ആവശ്യപ്പെട്ടോ അപ്പോളൊക്കെ ഞാന്‍ കൊടുത്തിരുന്നു. ആ വാക്കുകള്‍ വന്നുവീഴേണ്ടിടത്ത് വീഴുമ്പോള്‍ ഗാനം ആകെ മാറുന്നു. ഞങ്ങള്‍ തമ്മില്‍ 'ഗിവ് ആന്‍ഡ് ടേക്ക്' ബന്ധമായിരുന്നു. അര്‍ജുനന്‍ മാസ്റ്റര്‍-ശ്രീകുമാരന്‍ തമ്പി ദ്വന്ദത്തിലെ പരസ്പരാരാധനയാണ് ഞങ്ങളെ മികവുറ്റവരാക്കിയത്. സംഗീതത്തിലെ എന്റെ നല്ല പാതിയ്ക്ക് ബാഷ്പാഞ്ജലി.

Content Highlights: Sreekumaran Thampi remembers Music Director M.K. Arjunan