എം.കെ. അർജുനൻ മാസ്റ്ററെപ്പറ്റി ഒരു പുസ്തകം  പുറത്തിറക്കുന്നതിനായി കേരള ആരോഗ്യ സർവകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാറും സിനിമാ പ്രവർത്തകനുമായ  സന്തോഷ് വാരിയർ ഒ.എൻ.വി. കുറുപ്പിൽ നിന്ന് വാങ്ങിയ ഒരോർമക്കുറിപ്പാണ് ഇത്. 2008 ഓഗസ്റ്റിൽ കുറിപ്പ്  കിട്ടിയെങ്കിലും ഇതേവരെ പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞില്ല . കുറിപ്പ് എഴുതിയ കവിയും ഓർമിക്കപ്പെട്ട സംഗീതജ്ഞനും ഓർമയാകുമ്പോൾ ആ രചന മാതൃഭൂമി പ്രസിദ്ധീകരിക്കുന്നു

പഴയതെല്ലാം നല്ലതെന്നോ പുതിയതെല്ലാം മോശമെന്നോ കരുതുന്നത് ശരിയല്ലെന്ന് കാളിദാസനുപോലും ഒരിക്കൽ ചൂണ്ടിക്കാട്ടേണ്ടിവന്നു. അതെന്നും നിലനിൽക്കുന്ന സത്യമാണ്. അതേസമയം, അതിന്റെ നേർവിപരീതദിശയിലേക്ക് പോകുന്നതും ശരിയല്ല. പുതിയതെല്ലാം നന്ന്, പഴയതെല്ലാം പാഴായവ. ഇത്‌ പെൻഡുലമാടുന്നതിന്റെ രണ്ടറ്റങ്ങൾ. നേരിന്റെ നേർക്കാഴ്ച വിവേചനത്തിലൂടെ മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. കാളിദാസൻ തന്നെ അതും പറഞ്ഞുവെച്ചിട്ടുണ്ട് -അറിവുള്ളവർ എന്തും പരീക്ഷിച്ചുനോക്കിയിട്ടേ നൽപുതിൽപുകൾ തീരുമാനിക്കാറുള്ളൂ. എന്തിനാണിങ്ങനെയൊരു കാര്യം. ഇവിടെ ഉന്നയിക്കുന്നതെന്ന് സംശയിച്ചേക്കാം.

എം.കെ. അർജുനന്റെ സംഗീതം ‘പഴയ’താണെന്ന് ചിലരെങ്കിലും വിശേഷിപ്പിച്ചുകേട്ടിട്ടുണ്ട്. കാലപരിഗണനയിൽ അത് ശരിയായിരിക്കാം. എന്നാൽ, ഗുണപരിഗണനയിൽ അത് ശരിയല്ലതന്നെ. അദ്ദേഹം സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ച സംഗീതം പത്തരമാറ്റോടെ  ഇന്നും തിളങ്ങുന്നു. ആ തിളക്കം ഒരിക്കലും മങ്ങുന്നതല്ല. ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ പൗർണമി’ യെഴുന്നള്ളുന്നതിന്റെ സൗന്ദര്യത്തിന് എന്നെങ്കിലും മങ്ങലേൽക്കുമോ? ശ്രീകുമാരൻ തമ്പിയുടെ ഭാവഗീതങ്ങൾക്ക് അർജുനൻ നൽകിയ സ്വരലാവണ്യമൊന്നുവേറെത്തന്നെയാണ്.            

ആ പാട്ടുകൾക്ക് ‘കസ്തൂരിമണ’മുണ്ട്. തന്റെ ഗുരുവായ ദേവരാജനെ  മനസ്സാസ്മരിച്ചുകൊണ്ടാണദ്ദേഹം സംഗീതസംവിധാനം ആരംഭിച്ചത്. 

ഓർക്കുന്ന രംഗം

ഇന്നും ഞാനൊരുരംഗമോർക്കുന്നു. സിനിമയിൽ തിരക്കേറിയപ്പോൾ ദേവരാജന് കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ സംഗീതച്ചുമതല നിർവഹിക്കാൻ കഴിയാതായ ഒരുസന്ദർഭത്തിൽ അന്ന് ഹാർമോണിയം വായിച്ചിരുന്ന അർജുനനോട് സംഗീതസംവിധാനം നിർവഹിക്കാൻ ഒ. മാധവൻ നിർബന്ധിക്കുന്നരംഗം. ഞാനും അർജുനനെ ഉത്സാഹിപ്പിച്ചു. ദേവരാജൻ തന്റെ ശിഷ്യൻ സംഗീതസംവിധായകനാകുന്നതിൽ സന്തോഷിക്കുകയേയുള്ളൂവെന്നും ഞാൻ പറഞ്ഞു. തനിക്ക് കൈവന്ന ‘ഒരവസരം’ ആർത്തിയോടെ എത്തിപ്പിടിക്കുന്നവരെയാണ് നാം ഏറെ കണ്ടിട്ടുള്ളത്. ഇന്നത്തെക്കാലത്ത് പ്രത്യേകിച്ചും. എന്നാൽ, അർജുനൻ മദിരാശിയിലായിരുന്ന ദേവരാജനെ ഫോൺ ചെയ്ത്‌ സമ്മതവും അനുഗ്രഹവും വാങ്ങിയിട്ടേ പുതിയ നിയോഗം ഏറ്റെടുക്കാൻ തയ്യാറായുള്ളൂ. ഗുരുത്വത്തിന്റെ ആ ശോഭ അർജുനൻ അന്ന് കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി സംഗീതം നൽകിയ ആ പാട്ടുകൾക്കുണ്ടായിരുന്നുവെന്ന് പറയാൻ, അവ എഴുതിയ എനിക്ക് സന്തോഷമാണുള്ളത്.

തുടർന്ന് പല നാടകങ്ങളുടെയും സംഗീത വിഭാഗത്തിൽ ഞങ്ങൾ പങ്കാളികളായി. തന്റെ അർഹതയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു എം.കെ. അർജുനന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടു’ന്ന പി. ഭാസ്കരന്റെ മനോഹരമായ ഒരു പാട്ടിലൂടെയാണ് അർജുനൻ നാന്ദികുറിച്ചതെന്നാണ്‌ എന്റെയോർമ. പിന്നെ, ആ സംഗീതം ഏറെ ജനപ്രീതി നേടിയത് ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിലൂടെയാണ്. 

ഒന്നിച്ചു പ്രവർത്തിച്ച ഓർമകൾ

കൈവിരലിലെണ്ണാവുന്ന സിനിമകൾക്കേ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ളൂ. വലിയ ഹിറ്റുകളൊന്നും സൃഷ്ടിച്ചിട്ടില്ലെങ്കിലും ‘മുഹൂർത്തങ്ങളി’ലെയും മറ്റും പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ജീവിതത്തിന്റെ  ‘അപരാഹ്ന’ത്തിലെത്തിയ ഞങ്ങളൊന്നിച്ചു രൂപപ്പെടുത്തിയ കെ.പി.എ.സി.യുടെ ‘ഭീമസേനനി’ ലെയും മറ്റും പാട്ടുകൾ യൗവനത്തിളക്കമുള്ളവയാണെന്ന് പലരും പറഞ്ഞു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. 

‘അഞ്ചിതളുള്ളൊരുപൂവേ 
അഞ്ജനശ്രീയുള്ള പൂവേ ! 
അഞ്ചുതേൻതുമ്പികളാരാധിക്കുംനിന്റെ
അഞ്ചിതാലസ്യത്തിനെന്തുഭംഗി !’ 

എന്ന ഗാനത്തിന് അർജുനൻ നൽകിയ ഈണം പാഞ്ചാലിയെന്ന കഥാപാത്രത്തിന് മനോഹരമായ ഒരു പരിവേഷം ചാർത്തിക്കൊടുത്തു. 

സർഗാത്മകതയും വിനയവും

‘അർജുനൻമാഷ്’ എന്നാണ് ഇന്നദ്ദേഹം അറിയപ്പെടുന്നത്. സ്വാഭാവികമായും അദ്ദേഹത്തെ അഭിസംബോധനചെയ്യുമ്പോൾ എന്റെ നാവിലുമതുവന്നു. പെട്ടെന്നദ്ദേഹം എന്നെ നോക്കി വിനീതനായിപ്പറഞ്ഞു: ‘‘എന്നെയങ്ങനെ വിളിക്കരുത്. പണ്ടത്തെപ്പോലെ അർജുനൻ എന്നുവിളിക്കുതാണെനിക്കിഷ്ടം!’’ 

ഞാൻ അറിയാതെ പിന്നെയും ‘അർജുനൻ മാസ്റ്റർ’ എന്നു വിളിച്ചു പോവുകയും പിന്നെ ‘സോറി’ പറഞ്ഞു തിരുത്തിയിട്ടുമുണ്ട്. വലിയൊരു കലാകാരനുമാത്രമേ അത്തരമൊരു എളിമ കാണിക്കാനാവൂ. അദ്ദേഹമെന്നും വിനയത്താൽ ധന്യനാണ്. വിജയത്തിൽ അഹങ്കാരം തോന്നാത്തയാളാണ്. അദ്ദേഹത്തിന്റെ വിജയരഹസ്യമതു തന്നെയാണ്. എന്നാൽ, എം.കെ. അർജുനൻ എന്ന ചലച്ചിത്ര സംവിധായകന്റെ സർഗാത്മകമായ വിജയം ഒട്ടും ചെറുതല്ലെന്നുകൂടി ഓർക്കണം. വാർധക്യം അദ്ദേഹത്തിന് ശരീരക്ലേശങ്ങൾ സൃഷ്ടിക്കുന്നുണ്ടാവാം. എങ്കിലും ഒരു നല്ല പാട്ടിന്റെ വരികൾ കുറിച്ച കടലാസിന്റെയും ഹാർമോണിയത്തിന്റെ മുന്നിലിരിക്കുമ്പോൾ എം.കെ. അർജുനൻഎന്ന സംഗീത സംവിധായകൻ ആ രംഗത്തെ ഏതു ചെറുപ്പക്കാരനെക്കാളും ചെറുപ്പമാവുന്നു.

Content Highlights: onv kurup's article on m k arjunan,  Arjunan Master