ന്നത്തെ എന്റെ പ്രഭാതവന്ദനം ദുഃഖത്തിന് മാത്രമായിരുന്നു. മലയാളികളുടെ അര്‍ജുനന്‍ മാസ്റ്റര്‍-എന്നെ സംബന്ധിച്ച് സ്നേഹനിധിയായ ഒരു വല്യേട്ടന്‍- അശാന്തിയുടെ ഈ ലോകത്തുനിന്നും യാത്രയായിരിക്കുന്നു. സ്നേഹ-സൗമ്യമായ പെരുമാറ്റവും നിത്യസുന്ദരങ്ങളായ ഒരുപിടി ഗാനങ്ങളും നമുക്കുള്ള ഓര്‍മ്മകളായി അവശേഷിപ്പിച്ചുകൊണ്ട്.

'തമ്പിസാറെ'ന്ന് മാസ്റ്ററും 'അര്‍ജുനാ' എന്ന് തിരിച്ചും വിളിച്ചിരുന്ന അവര്‍ യഥാര്‍ഥത്തില്‍ കൂടപ്പിറപ്പുകളെപ്പോലെയായിരുന്നു. കുറെക്കാലം മുമ്പ് 'തമ്പിസാര്‍' അര്‍ജുനന്‍ വിളിമാറ്റി മാസ്റ്റര്‍ ആക്കിയെങ്കിലും അദ്ദേഹം ആദ്യത്തെ സംബോധന തന്നെ തുടര്‍ന്നു.

മാസ്റ്ററെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒളിമങ്ങാത്ത ഒരു ചിത്രമാണ് ആദ്യം എന്റെ മനസ്സില്‍ വരുന്നത്. ഞങ്ങളുടെ അണ്ണാനഗറിലെ വീടിന്റെ സ്വീകരണമുറി- പാട്ടെഴുതിയ കടലാസുമായി 'തമ്പിസാര്‍'-ഹാര്‍മോണിയവുമായി 'അര്‍ജുനന്‍'. കൗതുകവും ജിജ്ഞാസയും നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കിയിരിക്കുന്ന രണ്ട് നിഷ്‌കളങ്കബാല്യങ്ങള്‍- കവിതയും കണ്ണനും -ഞങ്ങളുടെ മക്കള്‍.

ഞങ്ങളുടെ സ്വന്തം ചിത്രങ്ങള്‍ക്കും അപൂര്‍വം മറ്റ് ചില നിര്‍മാതാക്കളുടെ പടങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിക്കുവാന്‍ വരുമ്പോള്‍ മാസ്റ്റര്‍ ഞങ്ങളുടെ വീട്ടിലായിരുന്നു താമസം. അങ്ങനെയുള്ള ദിവസങ്ങളില്‍ സ്ഥിരമായുള്ള ഒരു കാഴ്ചയാണ് ഞാന്‍ നേരത്തെ വിവരിച്ചത്. മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒട്ടനവധി അനശ്വരഗാനങ്ങളുടെ പിറവി അക്ഷരാര്‍ഥത്തില്‍ നേരില്‍ കാണുവാനുള്ള ഭാഗ്യം അങ്ങനെ എനിക്കും മക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. മാസ്റ്ററുടെ വാത്സല്യമനുഭവിക്കുവാനും!

ഞാന്‍ പാചക ജോലികളിലേര്‍പ്പെട്ടിരിക്കുമ്പോള്‍ അടുക്കളയുടെ വാതില്‍ക്കല്‍ വന്നുനിന്ന് ചോദിക്കും ''വല്ലതും സഹായിക്കണോ മക്കളേ എനിക്ക് നന്നായി പാചകം അറിയാം''-എന്നെ 'മോനേ' എന്നോ 'മക്കളേ' എന്നോ മാത്രമേ വിളിച്ചിട്ടുള്ളൂ.

മലയാള സിനിമ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനടുകയും പഴയ ആള്‍ക്കാര്‍ക്ക് തിരക്കു കുറയുകയും ചെയ്തശേഷം അധികവും 'തമ്പിസാറും' 'മാസ്റ്ററും' തമ്മിലുള്ള കൂടിക്കാഴ്ചകളേ ഉണ്ടായിട്ടുള്ളൂ. ഞാന്‍ ഒരുപാടു വര്‍ഷം കാല്‍മുട്ടു വേദനയുമായി കഷ്ടപ്പെട്ടിരുന്നു. ആ സമയത്തൊക്കെ എപ്പോ വിളിച്ചാലും അതിന് എന്തെങ്കിലും പരിഹാരം കാണുന്നതിനെപ്പറ്റി മാത്രമായിരുന്നു ആദ്യത്തെ സംസാരം. അതിനുള്ള സര്‍ജറി കഴിഞ്ഞശേഷം 'ഇപ്പോ മക്കക്ക് നന്നായി നടക്കാമല്ലോ ഇല്ലേ' എന്നായി അന്വേഷണം. പിന്നെ കുഞ്ഞുങ്ങളെക്കുറിച്ച്. ഈ കരുതലും സ്നേഹവും എന്നും എനിക്കൊരു വല്യേട്ടന്റെതായിട്ടാണ് അനുഭവപ്പെട്ടിരുന്നത്. എണ്‍പത്തിനാലാമത്തെ പിറന്നാളിന് ഞാന്‍ വിളിച്ചിരുന്നു. താമസിയാതെ വന്നുകാണാമെന്നും പറഞ്ഞു. അതിനു പറ്റിയ സാഹചര്യമല്ലല്ലോ നമ്മുടെ നാട്ടില്‍ പിന്നീടുണ്ടായത്. അതെന്നും ഒരു തീരാനൊമ്പരമായി എന്റെ കൂടെയുണ്ടാവും.

മരിച്ച് കഴിഞ്ഞാല്‍ എന്ത് എന്നുള്ളത് ഇന്നും തികച്ചും അജ്ഞാതമായ ഒന്നാണ് എന്നതാണ് സത്യം. എങ്കിലും വേറൊരു ലോകമുണ്ട് എന്ന് നമ്മള്‍ സങ്കല്പിക്കുന്നു. വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിച്ചുകൊണ്ട് ആഗ്രഹിക്കട്ടെ-ഈശ്വരന്‍ തിരിച്ചുവിളിക്കുമ്പോള്‍ ഞാനും പോകുമല്ലോ അവിടേയ്ക്ക്. ഒരുപാട് നേരത്തേ അങ്ങോട്ടുപോയ എന്റെ മകനുമായി അവന് ഒത്തിരി വാത്സല്യം കൊടുത്ത-അവന്റെ വേര്‍പാടില്‍ ഒരുപാട് വേദനിച്ച എന്റെ പ്രിയപ്പെട്ട വല്യേട്ടന്‍ സംസാരിച്ചിരിക്കുന്ന കാഴ്ചയാവും ഞാന്‍ കാണുക! അപ്പോഴും അദ്ദേഹം ചോദിക്കുമായിരിക്കും. ''മോനേ, നടക്കാന്‍ വിഷമമില്ലല്ലോ, അല്ലേ''.

(പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പത്‌നിയാണ് ലേഖിക)

Content Highlights: MKArjunan SreekumaranThampi Raji Thampi Malayalam Movie Song