കുമാര്‍ നന്ദ സംവിധാനം ചെയ്ത വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ എന്ന സിനിമയിലെ പാട്ടുകള്‍ക്കാണ് അര്‍ജുനന്‍ മാസ്റ്റര്‍ അവസാനമായി ഈണം നല്‍കിയത്. മലയാള സിനിമയ്ക്ക്
നിരവധി നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭയുടെ ഈണത്തില്‍ വരികളെഴുതാന്‍ കഴിഞ്ഞത് എന്റെ ജന്മപുണ്യം
ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഞങ്ങളുടെ സിനിമയിലെ ഗാനത്തിന് ഈണം നല്‍കാന്‍ അദ്ദേഹം വരികള്‍ വാങ്ങി വെച്ചു. വരികള്‍ക്ക് അനുസരിച്ച് ഈണം നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.
ഒരാഴ്ച കഴിഞ്ഞ് പാട്ട് റെഡിയെന്ന് പറഞ്ഞ് മാഷിന്റെ വിളി വന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. കാരണം രണ്ട് ഗാനങ്ങളും രണ്ടുതരത്തില്‍ അദ്ദേഹം ചിട്ടപ്പെടുത്തി കലാഭവന്‍ സാബുവിനെ കൊണ്ട് പാടിച്ച് വെച്ചിരുന്നു. പിന്നീട് അത് സിനിമയ്ക്ക് വേണ്ടി കാവാലം ശ്രീകുമാര്‍ ,അഭിജിത്ത് കൊല്ലം എന്നിവരാണ് പാടിയത്.
ദാസേട്ടന്റെ ശബ്ദമന്നെന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട അഭിജിത്തിനെ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ചിത്രത്തിലെ 'മുത്താരം കൊമ്പത്തെ തത്തമ്മ പെണ്ണേ, വിശുദ്ധയായ കന്യാമറിയമേ എന്നീ ഗാനങ്ങള്‍ പിറന്നത്.
കാല്‍നൂറ്റാണ്ട് മുമ്പ് ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ മയില്‍പീലി എന്ന നാടകത്തിന് പാട്ടെഴുതാന്‍ ചെന്നപ്പോഴാണ് അര്‍ജുന്‍ മാഷെ ഞാന്‍ നേരിട്ട് കാണുന്നത്. ആ പ്രതിഭയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ വിറയല്‍ ആയിരുന്നു .പക്ഷേ അദ്ദേഹത്തിന്റെ വാത്സല്യം നിറഞ്ഞ പെരുമാറ്റത്തില്‍ പേടിയെല്ലാം ഒഴുകിപ്പോയി. ആ സ്‌നേഹമാണ് പിന്നീട് ഈ ഫീല്‍ഡിനോട് ഇഷ്ടം തോന്നിച്ചത്. ആ കൂട്ടുകെട്ട് എന്റെ തുടര്‍ന്നുള്ള യാത്രയ്ക്ക് കരുത്തേകി.
Content Highlights: lyricist Rajeev Alunkal shares memories of Arjunan Master