എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കേട്ടിട്ടുള്ള പാട്ടുകളില്‍ എന്നെ സ്പര്‍ശിച്ചിട്ടുള്ള പാട്ടുകള്‍ അര്ജുനന് മാഷിന്റെ പാട്ടുകളാണ്. 'റെസ്റ്റ്ഹൗസി'ലെ ''പാടാത്ത വീണയും പാടും''...'പിക്നിക്കി'ലെ ''കസ്തൂരി മണക്കുന്നല്ലോ കാറ്റേ''...തുടങ്ങിയ പാട്ടുകള്‍ ചെറുപ്പകാലത്ത് എന്നെ മാഷിന്റെ സംഗീതത്തോട് അടുപ്പിച്ചവയാണ്. എന്റെ അച്ഛന്റെ ഏറ്റവും ഇളയ അനിയന് പ്രകാശ് ചന്ദ്രന് നന്നായി പാടുമായിരുന്നു. അദ്ദേഹം പലപ്പോഴും വീട്ടില്‍ വരുമ്പോള്‍ പാടുന്ന പാട്ടുകള്‍ ഇതൊക്കെത്തന്നെയായിരുന്നു. എന്റെ ബാല്യകാലസ്മരണകളിള് ഏറ്റവും കൂടുതല്‍ സ്ഥാനംപിടിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം ഏറെ ആഘോഷിച്ചത് കുട്ടികളായ ഞങ്ങളുടെ മൂളിപ്പാട്ടുകളിലൂടെയായിരുന്നു.
അര്ജുനന് മാഷിന്റെ സംഗീതം നമ്മളെ വല്ലാതെ വൈകാരികമായി പിന്തുടരും. അദ്ദേഹം സിനിമയില്‍ നിന്നും ശ്രദ്ധമാറി നാടകത്തിലേക്ക് സജീവമായ കാലത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അദ്ദേഹത്തോടൊത്ത് ഒരു സിനിമ ചെയ്യണം എന്നത് എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് നായിക എന്ന സിനിമയില്‍ കാലവുമായി ചേര്‍ന്നുനില്‍ക്കുന്ന ട്യൂണ്‍ വേണം എന്ന ആഗ്രഹമുണ്ടായത്. മലയാളസിനിമയുടെ ആദ്യകാലങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈണമായിരുന്നു വേണ്ടത്. അര്‍ജുനന്‍മാഷ് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ചെയ്തത് ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്നാണ്. തമ്പിസാറിന്റെ സര്‍ഗാത്മകതയും എനിക്ക് ഉപയോഗിക്കാന്‍ പറ്റി. ഞാനന്ന് അത്ഭുതപ്പെട്ടുപോയത് 'നായിക'യുടെ സംഗീതസംവിധാനവേളയില് അര്ജുനന് മാഷ് ഒരു കൈ കൊണ്ട് മറ്റേ കൈ ഹാര്‍മോണിയത്തിന്റെ മുകളിലേക്ക് എടുത്തുവക്കുന്നത് കണ്ടപ്പോഴാണ്. അത്രയും ആരോഗ്യം മോശമായ സമയമാണ്. എന്നിട്ട് പോലും മ്യൂസിക് കമ്പോസിങ് എന്നത് വളരെ ആവേശകരമായ ഒന്നായിട്ടാണ് അദ്ദേഹം കണ്ടത്. ഈണങ്ങള്‍ വിശ്രമമില്ലാതെ വന്നുകൊണ്ടേയിരുന്നു. ഒരു തളര്‍ച്ചയും ആ മുഖത്തില്ലായിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളെ തന്റെ സംഗീത സര്‍ഗാത്മകതയുടെ ഏഴലയത്തേക്ക് അടുപ്പിച്ചില്ല അദ്ദേഹം.

അര്ജുനന് മാസ്റ്റര്‍-ശ്രീകുമാരന്‍ തമ്പി ഹിറ്റുകളിലൊന്നായ ''കസ്തൂരി മണക്കുന്നല്ലോ കാറ്റേ''... എന്നു തുടങ്ങുന്ന ഗാനം 'നായിക'യ്ക്കുവേണ്ടി റീക്രിയേറ്റ് ചെയ്യണം എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുത്തു. ദാസേട്ടനെ കൊണ്ട് അത് പാടിക്കുമ്പോള്‍ പുതിയകാലത്തിന്റെ ഒരു ഊഷ്മളതയിലിരുന്ന് അതേ പാട്ട് പാടിക്കേള്‍ക്കുന്ന ആനന്ദം അദ്ദേഹത്തില്‍ കാണാമായിരുന്നു. 'നായിക'യിലെ ''നനയും നിന് മിഴിയോരം''... പിന്നെ ''പഴയൊരു രജനിതന്‍ കഥകേള്‍ക്കും'' എന്നുതുടങ്ങുന്ന മറ്റൊരു ഗാനവുമൊക്കെ കേള്‍ക്കുമ്പോള്‍ നമ്മളെ അര്ജുനന് മാഷ് അദ്ദേഹം ജ്വലിച്ചുനിന്നിരുന്ന കാലഘട്ടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
'വീരം', 'ഭയാനകം' എന്നീ ചിത്രങ്ങള്‍ക്ക് കൂടി അദ്ദേഹത്തിന്റെ മെലഡി മാജിക് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. കാവാലമായിരുന്നു 'വീര'ത്തിലെ ഗാനത്തിന് വരികളെഴുതിയത്. 'ഭയാനകം' ചെയ്യുമ്പോള്‍ വീണ്ടും തമ്പിസാര്‍- അര്ജുനന് മാഷ് ദ്വന്ദത്തെ ഉപയോഗപ്പെടുത്താന്‍ പറ്റി. തകഴിയുടെ കഥയായിരുന്നു 'ഭയാനക'ത്തിന് പ്രചോദനമായത്. തകഴി സ്മാരകത്തിലിരുന്ന് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനമാണ് ''നിന്നെത്തൊടും പൂനിലാവ് എന്നെയും തൊട്ടോ'' എന്നത്. അര്‍ഥവത്തായ ആ ഗാനത്തിന് ആത്മാവും ശരീരവും വന്നുചേരുകയായിരുന്നു ആ മഹാപ്രതിഭകളുടെ സംഗമത്താല്‍. സിനിമാ പൂര്‍ത്തീകരിക്കുന്നതുവരെ നമ്മളോടൊപ്പം ചേര്ന്നുനില്ക്കുകയായിരുന്നു അദ്ദേഹം. ഇനിയും എത്രയോ മെലഡികള്‍ മലയാള സിനിമയ്ക്ക് സമ്മാനിക്കാനുള്ള വ്യഗ്രത ആ മുഖത്ത് കാണാമായിരുന്നു.
ലോക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ 82 ാം പിറന്നാള്‍. അന്ന് വിളിച്ച് ആശംസകളറിയിച്ചപ്പോള്‍ നമുക്ക് വീണ്ടുമൊരുസിനിമ ചെയ്യണം എന്ന ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചത്. പിറന്നാളിനോടനുബന്ധിച്ച് വലിയൊരു സംഗീതസായാഹ്നം ഫോര്‍ട്ടുകൊച്ചിയില്‍ വച്ച് ചെയ്യണം എന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന് ദാസേട്ടന്റെ ഡേറ്റ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. മാക്ടയുടെ ആഭിമുഖ്യത്തില്‍ ആ സംഗീതസായാഹ്നം നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും മീറ്റിങ്ങില്‍ അവതരിപ്പിച്ചിരുന്നു. അര്ജുനന് മാഷ് വിടപറയുമ്പോള്‍ ഈ രണ്ട് ആഗ്രഹങ്ങള്‍ ബാക്കിവെച്ചിരിക്കുന്നു.
അര്‍ഹിക്കുന്ന ആദരവ് അദ്ദേഹത്തിന് കൊടുക്കാന്‍ സിനിമാലോകത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ മരണവും അദ്ദേഹത്തോട് അനാദരവ് കാട്ടിയിരിക്കുന്നു. മലയാള സിനിമാ-നാടക സംഗീതമേഖലയിലെ അജയ്യനായ ആ പ്രതിഭയെ അവസാനമായി ഒരു നോക്കു കാണാനോ, അന്ത്യാഞ്ജലിയര്പ്പിക്കാനോ ഈ ലോക്ഡൗണ്‍ സമയത്ത് കഴിയാതെയായി. ആകെയൊരു സംസ്ഥാന അവാര്‍ഡാണ് നമ്മള് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. പക്ഷേ, ആസ്വാദകലോകം അര്ജുനന് മാഷിന് കൊടുത്ത കയ്യടികളും ഇപ്പോഴും പ്രായഭേദമന്യേ മൂളിക്കൊണ്ടിരിക്കുന്ന ഗാനങ്ങളും സിനിമയുള്ളിടത്തോളം കാലം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകതന്നെ ചെയ്യും.
അദ്ദേഹത്തിന്റെ ഒര്മകള്ക്കുമുന്നില് പ്രണാമമര്‍പ്പിക്കുന്നു.
Content Highlights: Director Jayaraj remembers Music Director M.K. Arjunan