1968 മുതല്‍ മലയാള സിനിമാപിന്നണിഗാനരംഗത്ത് ചുവടുറപ്പിച്ച സംഗീതജ്ഞനായ എം കെ അര്‍ജുനന്‍ മാസ്റ്ററെത്തേടി 2018ലാണ് ആദ്യമായൊരു സംസ്ഥാന പുരസ്‌കാരം കൈവരുന്നത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെ. മാസ്റ്ററുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ജയരാജ് മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുന്നു.

ARJUNAN MASTER
അര്‍ജുനന്‍ മാസ്റ്റര്‍ സംസ്ഥാന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങുന്നു

'അര്‍ജുനനന്‍ മാസ്റ്റര്‍ക്കൊപ്പം മൂന്നു സിനിമകളില്‍ പ്രവര്‍ത്തിക്കാനായതാണ്‌ എന്റെ സിനിമാജീവിതത്തില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ സുകൃതം. നായിക, വീരം, ഭയാനകം എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിന്റെ പാട്ടുകള്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു. അങ്ങനെയാണ് നായിക സിനിമയ്ക്കു വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നത്.' ജയരാജ് പറയുന്നു.

bhayanakam composing

തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതി മണ്ഡപത്തില്‍ ഭയാനകം സിനിമയുടെ പാട്ട് കമ്പോസ് ചെയ്യുന്ന അര്‍ജുനന്‍ മാസ്റ്റര്‍. ശ്രീകുമാരന്‍ തമ്പി, രഞ്ജി പണിക്കര്‍, സംവിധായകന്‍ ജയരാജ് എന്നിവര്‍ സമീപം

'അനാരോഗ്യകരമായ അവസ്ഥയിലാണ് അന്ന് അദ്ദേഹം കമ്പോസിങ്ങിന് ഇരുന്നത്. ഒരു കൈകൊണ്ട് മറ്റേ കൈ ഹാര്‍മോണിയത്തിനു മുകളില്‍ എടുത്തു വച്ചാണ് അന്ന് അദ്ദേഹം കമ്പോസ് ചെയ്തത്. മനോഹരമായ ചില ഗാനങ്ങള്‍ക്കൊപ്പം മാസ്റ്ററുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനം കൂടി സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് ദാസേട്ടന്‍ പാടി റീമിക്‌സ് ചെയ്തു.' ജയരാജ് ഓര്‍മ്മിക്കുന്നു.

Content Highlights : director jayaraj remembers m k arjunan master composing in his movie bhayanakam