ഗുരുശിഷ്യബന്ധം അല്ലായിരുന്നു താനും അർജുനൻ മാസ്റ്ററുമായി ഉണ്ടായിരുന്നതെന്ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"എന്നെ സംഗീതലോകത്തേക്ക് കൈപിടിച്ചുയർത്തിയത് അർജുനൻ മാസ്റ്റർ ആണ്. ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുമായിരുന്നു. മിക്കവാറും അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. അർജുനൻ മാസ്റ്ററുടെ മരണവാർത്ത ഒരു ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞതവണ മാസ്റ്ററുടെ പിറന്നാളിന് പിറ്റേദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഏത് ഗാനമാണ് മോശം എന്ന് പറയാനാവുക?" വിദ്യാധരൻ മാസ്റ്റർ പറഞ്ഞു.

കൊറോണയുടെ കാലമായതിനാൽ അദ്ദേഹത്തെ അവസാനമായി ഒന്ന് കാണാൻ പോകാൻ പറ്റിയില്ല എന്ന വിഷമമുണ്ട്. വിവരമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മകനെ വിളിച്ച് സംസാരിച്ചിരുന്നു. പ്രാർഥിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Music Director Vidyadharan Master, Remembering MK Arjunan