സിനിമാ സങ്കല്‍പ്പങ്ങളെ കുറിച്ചും ജല്ലിക്കട്ട് ഉള്‍പ്പെടെയുള്ള സിനിമകളെ കുറിച്ചും മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നു.
ഒരു സിനിമ ചെയ്യുമ്പോള്‍ സംവിധായകനെന്ന നിലയില്‍ ലിജോയ്ക്ക് ആവശ്യമായ കുറേ ടൂള്‍സ് അഥവാ ഘടകങ്ങളുണ്ട്. ക്യാമറയുടെ മികവാകാം, തിരക്കഥയാവാം, അഭിനേതാക്കളുടെ പ്രാഗല്‍ഭ്യമാവാം. ഇതില്‍ ഏതിനാണ് കൂടുതലായി ഊന്നല്‍ നല്‍കുന്നത്?
ഏറ്റവും പ്രധാനം സിനിമയുടെ കണ്ടന്റ് തന്നെയാണ്. എന്താണ് ഞാന്‍ പറയാന്‍ പോവുന്നത്, അത് ഞാന്‍ വിശ്വസിക്കുന്ന കാര്യമാണോ, ആ കാര്യം എനിക്ക് ഏറ്റവും വിശ്വാസയോഗ്യമായി സ്‌ക്രീനില്‍ കൊണ്ടുവരാന്‍ പറ്റുന്നതാണോ? ഈ മൂന്ന് കാര്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ വിലയിരുത്തും. മറ്റെല്ലാ കാര്യങ്ങളും അത് കഴിഞ്ഞേയുള്ളൂ. നടന്‍മാരുടെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ജല്ലിക്കട്ടില്‍ ചില അഭിനേതാക്കളുടെ കാര്യത്തില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവാം. പക്ഷെ ആ സിനിമയില്‍ ഞാന്‍ ഫോക്കസ് ചെയ്ത കാര്യം അതല്ല. ചിലയിടങ്ങളില്‍ ചില അഭിനേതാക്കള്‍ തികച്ചും ഹാസ്യാത്മകവും കാരിക്കേച്ചര്‍ രീതിയിലും ആയി പോയാലും ഞാന്‍ ഒകെയാണ്. കാരണം കഥയുടെ ഒഴുക്കില്‍ അവര്‍ എന്ത് ചെയ്താലും എനിക്കത് പ്രശ്നമല്ല. കരാണം അത് ഒരു കഥാപാത്രമായി നില്‍ക്കുന്നതല്ല. ഒരു കൂട്ടം കഥാപാത്രങ്ങളാണ്. ആള്‍ക്കൂട്ടം എന്തും ചെയ്യും. അവരുടെ അഭിനയത്തെ നമ്മള്‍ അളക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പരിപാടി അല്ലെങ്കില്‍ ഒരു സംഭവം നടക്കുമ്പോള്‍ ഒരുകാര്യവുമില്ലാതെ ഒരു ഓളത്തില്‍ വരുന്ന ആളുകളെ കണ്ടിച്ചില്ലേ? ഉരുള്‍പൊട്ടലുണ്ടാവുമ്പോല്‍ പോലും അത് കാണാനായിട്ട് ചിലര്‍ വണ്ടി വിളിച്ചിട്ടൊക്കെ പോവും. അതുപോലുള്ള ആളുകളാണ് ജല്ലിക്കട്ടിലെ ആള്‍ക്കൂട്ടത്തിലുമുള്ളത്.
മനുഷ്യന്‍ കാലാന്തരത്തില്‍ എത്ര മാറിയാലും സംസ്‌ക്കാരസമ്പന്നനായാലും ചോദനകളില്‍ ഇരുകാലി മൃഗം തന്നെയാണെന്ന ഒരു തിരിച്ചറിവ് ജല്ലിക്കട്ട് പ്രേക്ഷകന് നല്‍കുന്നുണ്ട്. സംവിധായകന് അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
ഞാന്‍ അതേ കുറിച്ച് നേരത്തെ ഒരു വിശദീകരണം നല്‍കാതിരുന്നതിന് കാരണം. ഞാന്‍ അങ്ങനെ പറഞ്ഞ് പ്രേക്ഷകരെ അതിലേക്ക് എത്തിക്കുന്ന രീതി ശരിയല്ല എന്നു തോന്നിയതുകൊണ്ടാണ്. ഇപ്പോള്‍ ചോദിച്ചതു കൊണ്ട് പറയാം, മനുഷ്യനും മൃഗവും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നു എന്നതാണ് ഈ സിനിമയിലേക്ക് എന്നെ നയിച്ച ചിന്ത. പരിണാമ സിദ്ധാന്തത്തിന്റെ എതിര്‍ദിശയില്‍ ലോകം, മനുഷ്യര്‍ സഞ്ചരിക്കുന്നു എന്നാണ് എന്റെയൊരു തോന്നല്‍. അതെ, അതങ്ങിനെയാണ് സംഭവിക്കുന്നത്.
സിനിമകള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തെ എങ്ങനെ കാണുന്നു?
ചില സിനിമകളെ കുറിച്ച് ചിലരുടെ റീഡിങ് നമ്മളെ അമ്പരപ്പിക്കാറുണ്ട്. ചില പ്രതികരണങ്ങള്‍ നിരാശപ്പെടുത്തുകയും ചെയ്യും. ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിക്കാത്ത, കാണാത്ത കാര്യങ്ങളും പ്രേക്ഷകര്‍ കണ്ടെന്നു വരും. ഉദാഹരണത്തിന് ജല്ലിക്കട്ടില്‍ ആളുകള്‍ പന്തങ്ങളുമായി മൂന്നു വഴിക്ക് നീങ്ങുന്ന ഒരു സീന്‍ ഉണ്ട്. അത് ആളുകളെ കൊണ്ടുവന്ന് പ്ലാന്‍ചെയ്ത് എടുത്ത ഷോട്ട് തന്നെയാണ്. അത് മറ്റൊരാള്‍ പോസ്റ്ററായി ചെയ്തപ്പോള്‍, ആളുകള്‍ മൂന്നു ദിശയില്‍ സഞ്ചരിക്കുന്ന ദൃശ്യത്തിന് ഒരു പോത്തിന്റെ തലയുടെ രൂപം വന്നിട്ടുണ്ട്. ആ ഒരു ദൃശ്യം ഞാനോ സിനിമോട്ടോഗ്രാഫര്‍ ഗിരീഷോ ഷൂട്ട് ചെയ്യുമ്പോള്‍ കണ്ടിട്ടില്ല. പിന്നെ സിനിമ ഇരുന്ന് കണ്ടപ്പോള്‍ ആ രൂപം കണ്ടു. അതുകൊണ്ട് തന്നെ പ്രേക്ഷകന്‍ നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ തന്നെ കണ്ടോളണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മള്‍ പറയാനുദ്ദേശിക്കുന്നതിനെ മോശമായി കാണുന്നവരുണ്ട്, നമ്മള്‍ ചിന്തിക്കുന്നതിന് സമാനമായി തന്നെ സനിമ കാണുന്നവരുണ്ട്. നമ്മളേക്കാള്‍ മികച്ച രീതിയില്‍ ആ സിനിമയെ കാണുന്നവരുമുണ്ട്. സംവിധാനം എന്നത് സിനിമ തിയേറ്ററില്‍ എത്തുന്നതു വരെ മതിയെന്ന് എനിക്ക് മനസ്സിലായി. നമ്മുടെ സിനിമയെ കുറിച്ച് നമ്മള്‍ തന്നെ അഭിപ്രായം പറയുന്നതും ആരെങ്കിലും പറഞ്ഞ അഭിപ്രായത്തില്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നതും നിര്‍ത്തി. എന്നാല്‍ എന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ വായിക്കാറുണ്ട്. എന്റെ സിനിമയെ കുറിച്ചുള്ള അവരുടെ കാഴ്ച്ചപാട് അറിയുന്നതിന് വേണ്ടിയാണത്.
ലിജോയുടെ മനസ്സും ചിന്തകളും സ്വന്തം നാടിനോട് വല്ലാതെ ഇഴചേര്‍ന്ന് കിടക്കുന്നുണ്ടെന്ന് തോന്നുന്നു. അങ്കമാലി ഡയറീസിലൊക്കെ നാടിനെ മാജിക്കല്‍ റിയലിസം എന്നൊക്കെ വിളിക്കാവുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അങ്കമാലി ഡയറീസില്‍ കാണുന്നത് അതിന്റെ തിരക്കഥാകൃത്തായ ചെമ്പന്‍ വിനോദിന്റെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളുമാണ്. പക്ഷെ ആ നാടും അവിടുത്തെ ആളുകളും കാഴ്ച്ചകളുമെല്ലാം ചെമ്പന്‍ ഉള്‍പ്പെടെ കുറേ സുഹൃത്തുക്കള്‍ എനിക്കവിടെ ഉള്ളതു കൊണ്ട് എനിക്കും പരിചിതമാണ്. അവരുമായും ആ നാടുമായും ഏറെ ബന്ധമുള്ളതു കൊണ്ടുതന്നെ അവര്‍ അതിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നു. അവിടുത്തെ ആളുകളുടെ ഭക്ഷണരീതിയും ഭക്ഷണത്തോടുള്ള സമീപനവും അന്തരീക്ഷവുമെല്ലാം ഞാന്‍ അടുത്തു കണ്ടിട്ടുള്ളതാണ്. അതുകൊണ്ടാവണം ചെമ്പന്‍ എഴുതിവെച്ചത് എനിക്ക് കൂറേകൂടി അടുപ്പത്തോടെ കാണാന്‍ കഴിഞ്ഞത്.

അങ്ങനെയല്ല സ്വന്തം നാടിന്റെ സ്വാധീനം, തൃശ്ശൂരിലെ ഒരു കൃസ്ത്യന്‍ സംസ്‌ക്കാരം ലിജോയുടെ സിനിമയില്‍ കാണുന്നുണ്ട്. എത്രത്തോളം ലിജോയെ ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്?
ഞാന്‍ ജനിച്ചു വളര്‍ന്ന അന്തരീക്ഷം, സംസ്‌കാരം, ചുറ്റുമുള്ള പ്രതീകങ്ങള്‍, ഉല്‍സവങ്ങള്‍ എല്ലാം ഇത്തരത്തിലുള്ളതായിരുന്നു. കുറേക്കാലം കൃസ്ത്യന്‍ അന്തരീക്ഷമുള്ള ഹോസ്റ്റലിലായിരുന്നു താമസിച്ചത്. അതുകൊണ്ടാവണം അത്തരം കാര്യങ്ങളൊക്കെ എന്റെ സിനിമയില്‍ കൂടുതലായി കാണുന്നത്. മറിച്ച് കോഴിക്കോട്ടെ ഒരു മുസ്ലീം കുടുംബത്തിലെയോ ഒറ്റപ്പാലത്തെ ഒരു ഹിന്ദു കുടുംബത്തിലേയോ ബന്ധങ്ങളുടെ ഇഴയടുപ്പം അതിന്റെ പ്രതിസ്പന്ദങ്ങള്‍ എത്രത്തോളമുണ്ടെന്ന് എനിക്ക് അത്രക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു വരില്ല. കാരണം ഞാനത് കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. അങ്ങനെയുള്ള അന്തരീക്ഷത്തില്‍, ആ സംസ്‌കാരം പ്രതിപാദിപ്പിക്കുന്ന സിനിമ ചെയ്യണമെങ്കില്‍ ഞാനതിനായി ഏറെ അധ്വാനിക്കേണ്ടി വരും. അവിടെയെല്ലാം പോയി, അവിടെയുള്ള ആളുകളുമായി സംസാരിച്ച് മനസ്സിലാക്കേണ്ടി വരും. അപ്പോഴും എനിക്കു കിട്ടുന്ന വിവരങ്ങള്‍, ധാരണകള്‍ മറ്റൊരാളിലൂടെയുള്ളതാവുമല്ലോ? എന്നാല്‍ എന്റെ നാട്ടിലും ചുറ്റുവട്ടത്തുമുള്ള കാര്യങ്ങള്‍, സംസ്‌ക്കാരം ഞാന്‍ നേരിട്ടനുഭവിച്ചതാണ്. അതെനിക്ക് എളുപ്പത്തില്‍ പിടിച്ചെടുക്കാനും ആവിഷ്‌ക്കരിക്കാനുമാവും. അങ്ങനെയുള്ള ഒരു കാരണമേ അതിനുള്ളൂ.
ഈമ യൗവില്‍ ഉടനീളം ഹാസ്യത്തിന്റെ ഒരു പശ്ചാത്തലമുണ്ട്. ചില പരിഹാസങ്ങളുണ്ട് അല്ലേ?
അതെ. ആദ്യം ഞാനതിനെ ഒരു മുഴു ആക്ഷേപഹാസ്യമായാണ് മനസ്സില്‍ കണ്ടത്. പിന്നീട് മാത്യൂസിന്റെ ഇടപെടലോട് കൂടി സമീപനത്തില്‍ കുറേ മാറ്റം വന്നു. കൂറേക്കൂടി ആഴമുള്ളതായി. മരണവീടുകളില്‍ വളരെയധികം നര്‍മം കണ്ടിട്ടുള്ള ആളാണ് ഞാന്‍. അവിടുത്തെ സാഹചര്യം കൊണ്ട് ചിരിക്കാന്‍ പറ്റാത്തതാണ്. തൃശ്ശൂരെ ഒരു ബെല്‍റ്റില്‍ ജീവിച്ചതു കൊണ്ടാവാം, കാര്യങ്ങളെ കുറച്ചു കൂടി ലാഘവത്തോടെ കാണാനാണ് പൊതുവെ താല്‍പര്യം. വളരെ ഗൗരവായ സംഭവമാണെങ്കിലും സര്‍ക്കാസത്തോടെയാണ് അതിനെ കാണുന്നത്. ഒരു പക്ഷെ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വയം സമാധാനിപ്പിക്കുന്നതിന്റെ ഭാഗമായിരിക്കും അത്. ഗൗരവത്തോടെ കാര്യങ്ങള്‍ കാണുമ്പോഴുള്ള മന:സമര്‍ദം സര്‍ക്കാസത്തോടെ കാണുമ്പോള്‍ ഇണ്ടാവില്ല. മരണവീട്ടില്‍ മിക്കവരുടേയും അവസ്ഥ ഇതു തന്നെയാവുമെന്ന് എനിക്ക് തോന്നുന്നു.
ആമേന്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ദൃശ്യവിരുന്നായിരുന്നു. തിയ്യറ്ററിലേക്ക് വന്‍തോതില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമ. അതിന്റെ പിന്നിലെ ഹോം വര്‍ക്ക് എങ്ങിനെയായിരുന്നു?
ഡബ്ള്‍ ബാരല്‍ വരെയുള്ള സിനിമകളില്‍ നന്നായി ഹോംവര്‍ക്ക് ചെയ്ത് കുറേയധികം തയ്യാറെടുത്ത് ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഓരോ സീനിനും ഷോട്ടുകള്‍ വിഭജിച്ച്, അതില്‍ കഥാപാത്രങ്ങളുടെ കോസ്റ്റ്യൂ, ഉപയേഗിക്കേണ്ട നിറങ്ങള്‍ എല്ലാം പ്ലാന്‍ചെയ്ത് തീരുമാനിച്ചിരുന്നു. അങ്കമാലി ഡയറീസ് തൊട്ട് കുറേകൂടി അപ്പപ്പോഴുള്ള ചോദനയിലും തോന്നനിലും ഊന്നി സിനിമ ചെയ്ത് തുടങ്ങുകയായിരുന്നു.
മലയാളിയെ സംബന്ധിച്ച് ഒരു ഗ്രാമം എന്ന് പറയുമ്പോള്‍ മനസ്സില്‍ വരിക സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ ദൃശ്യങ്ങളാണ്. അതിനെ ബ്രേക്ക് ചെയ്യുക എന്നതായിരുന്നു ആമേന്‍ ചെയ്യുമ്പോഴുള്ള ആദ്യ വെല്ലുവിളി. കാരണം അത് മറികടന്നാലേ പുതിയ രീതിയിലുള്ള ഒരു ഗ്രാമത്തിലെ കഥ പറയാനാവൂ. ആമേനിലെ ഒരു സ്‌റ്റൈലിങ്ങും വിഷ്വല്‍ പാറ്റേണും അതിനെ സമീപിച്ച രീതിയുമെല്ലാം അങ്ങിനെ ഉണ്ടായി വന്നതാണ്. അതിനോടൊപ്പം ചെറിയ ചെറിയ കാര്യങ്ങളൊക്കെ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആ സമയത്താണ് ഫ്രഞ്ച് സിനിമയായ അമലി, ഇറ്റാലിയന്‍ സിനിമയായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകള്‍ കാണുന്നത്. കുറച്ചു ഗൗരവമുള്ള കാര്യം സര്‍ക്കാസവും ബ്ലാക്ക് ഹ്യുമറുമൊക്കെ കലര്‍ത്തി പറയുന്ന ആ സിനിമകളുടെ രീതി എനിക്ക് വലിയ ഇഷ്ടമായി. ആമേനില്‍ അതിന്റെ സ്വാധീനമുണ്ട്. പഞ്ചവടിപ്പാലത്തിന്റെ സ്വാധീനവും അതിലുണ്ട്. പഞ്ചവടിപ്പാലത്തിലെ പാലമാണ് ആമേനിലെ പള്ളി. മ്യൂസിക്കും അതുമായി ബന്ധപ്പെട്ട മല്‍സരവുമെല്ലാം സമാന്തരമായ ഒരു കഥാതന്തു മാത്രമാണ്. പറയുന്ന വിഷയം ഒരു സ്ഥാപനവും അത് പൊളിക്കാനും സംരക്ഷിക്കാനുമായി നല്‍ക്കുന്ന രണ്ട് തട്ടിലുള്ള ആളുകളുമാണ്.
ഡബ്ള്‍ ബാരല്‍ നിലവിലുണ്ടായിരുന്ന സിനിമാ സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച ഒരു സിനിമയെന്ന രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. കോമിക്കുകളുടെ ഭാവപരിസരവുമായി അടുത്തുനില്‍ക്കുന്ന ഒരു സിനിമ. എന്തു പറയുന്നു.
ചെറുപ്പതില്‍ ഞാന്‍ വായിച്ച കോമിക്കുകള്‍ എന്നെ നന്നായി സ്വാധീനിച്ചിരുന്നു. അതുപോലൊരു സിനിമ ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കുമെന്ന ആകാംക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ആ സിനിമയും ഉണ്ടായി വന്നപ്പോള്‍ ഞാനുദ്ദേശിച്ചതില്‍ നിന്ന് ഏറെ മാറിപ്പോയി. ഞാന്‍ പറഞ്ഞുവല്ലോ, നമ്മള്‍ മനസ്സില്‍ കാണുന്നത് അതേപോലെ സ്‌ക്രീനിലേക്ക് കൊണ്ടുവന്നാലേ സിനിമ ശരിയാവൂ. അങ്ങനെ സംഭിവിച്ചില്ലെങ്കില്‍ അത് നന്നാവില്ല. അത്തരം സിനിമകളെ മോശം സിനിമയായി തന്നെയേ എനിക്ക് പരിഗണിക്കാനാവൂ. ഡബ്ള്‍ ബാരല്‍ ഞാന്‍ മനസ്സില്‍ കണ്ടതു പോലെ നടക്കാത്തതിന് ചില കാരണങ്ങളുണ്ട്. അതിവിടെ ചര്‍ച്ച ചെയ്യേണ്ട. ഒരു പരീക്ഷണമെന്ന നിലയില്‍ ആ സിനിമ മോശമല്ലായിരിക്കാം. പക്ഷെ, അതായിരുന്നില്ല ഞാന്‍ മനസ്സില്‍ കണ്ട സിനിമ.
ലിജോയുടെ സിനിമകള്‍ വളരെ വേഗത്തില്‍ ഷൂട്ട് ചെയ്ത് തീര്‍ക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്
കൃത്യമായി പ്ലാന്‍ ചെയ്ത് കഴിഞ്ഞാല്‍ പെട്ടെന്ന് ഷൂട്ട് ചെയ്ത തീര്‍ക്കാവുന്നതാണ്. പക്ഷെ തുടക്കത്തില്‍ അതങ്ങനെയായിരുന്നില്ല. സാമ്പത്തികം ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ കാരണം ആദ്യ സിനിമ ഷൂട്ടിങ് തുടങ്ങി റിലീസ് ചെയ്യാന്‍ മൂന്നര വര്‍ഷമെടുത്തു. സിറ്റി ഓഫ് ഗോഡ് അത്രയില്ലെങ്കിലും ഒരു വര്‍ഷത്തിന് അടുത്ത് വേണ്ടി വന്നു. അതില്‍ കുറേയധികം ആര്‍ട്ടിസ്റ്റുകള്‍ ഉള്ളതു കൊണ്ടു കൂടിയായിരുന്നു അത്. ആമേന്‍ 42 ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണ്. ഈ മ യൗ വെറും 18 ദിവസം കൊണ്ടാണ് തീര്‍ന്നത്. ജല്ലിക്കട്ട് 38 ദിവസം ഷൂട്ട് ചെയ്തു. ഒരു സിനിമയുടെ കണ്ടന്റ് പറയാന്‍ എത്ര ദിവസം വേണമെന്ന് മാത്രമേ ആലോചിക്കാറുള്ളൂ. അല്ലാതെ സിനിമക്ക് ഇത്ര ദിവസം എന്ന നിലയില്‍ ഒരു ഷെഡ്യൂള്‍ ഞാന്‍ ഉണ്ടാക്കാറില്ല.
Content Highlights: Content Highlights: Lijo Jose Pellissery Jallikkattu Kerala State Film Awards