സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സൗബിന്‍ ഷാഹിറിനെ തേടിയെത്തിയത് അപ്രതീക്ഷിതമായി. കാരണം മികച്ച നടനുള്ള പുരസ്‌കാര പട്ടികയില്‍ ഉയര്‍ന്നു കേട്ട പേരുകളില്‍ സൗബിനുണ്ടായിരുന്നില്ല. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ജോജു ജോസഫ് എന്നിവര്‍ക്കാണ് സാധ്യതകള്‍ കല്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രവചനങ്ങളെ മറികടന്നായിരുന്നു സൗബിന്റെ അപ്രതീക്ഷിത വരവ്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയ്‌ക്കൊപ്പം സൗബിന്‍ പങ്കിടുകയായിരുന്നു.

സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനമാണ് സൗബിന് പുരസ്‌കാരം നേടി കൊടുത്തത്. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശവും നന്‍മയും പ്രമേയമാക്കി ഒരുക്കിയ സുഡാനി ഫ്രം നൈജീരിയക്ക് അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ ലഭിച്ചത്. പ്രേക്ഷകരുടെ കയ്യടിയും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം മികച്ച ജനപ്രീതിക്കും കലാമേന്‍മക്കുമുള്ള അംഗീകാരവും നേടി. 

മികച്ച നവാഗത സംവിധായകനുള്ള പുര്‌സകാരം പ്രതീക്ഷിച്ചപ്പോലെ തന്നെ സക്കറിയ മുഹമ്മദിനെ തേടിയെത്തി. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫ്രിപ്രസി പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയ നേടിയിരുന്നു. നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം സക്കറിയയെ തേടിയെത്തിയത്. അതുകൊണ്ടു തന്നെ സക്കറിയക്കിത് ഇരട്ടിമധുരം.

സുഡാനി ഫ്രം നൈജീരിയ ഒരുവട്ടമെങ്കിലും കണ്ടവര്‍ ഒരിക്കലും മറക്കില്ല അതിലെ ഉമ്മമാരെ. അരനൂറ്റാണ്ട് കാലം നാടക വേദികളെ സജീവമാക്കിയ കോഴിക്കോടിന്റെ അഭിനേത്രികളായ സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധരനും സുഡാനി ഫ്രം നൈജീരിയയില്‍ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. ജീവിതത്തിന്റെ പാതിയും പിന്നിട്ട ശേഷമായിരുന്നു ഇരുവരും സിനിമയുടെ വലിയ ലോകത്തെത്തിയത്. സുഡാനി ഫ്രം നൈജീരിയ ആ ഉമ്മമാരെ ആസ്വാദകരുടെ നെഞ്ചിലേക്ക് പറിച്ച് നടുകയായിരുന്നു. ഒടുവില്‍ മികച്ച സ്വഭാവ നടിമാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും രണ്ടുപേരും എത്തിപ്പിടിച്ചു.

മികച്ച തിരക്കഥാകൃത്തുകള്‍ക്കുള്ള പുരസ്‌കാരവും സുഡാനി ഫ്രം നൈജീരിയ കരസ്ഥമാക്കി. സക്കറിയയും മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

Content Highlights:soubin wins best actor award kerala state film awards 2018 with jayasurya, sudani from nigeria