സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. മികച്ച നടന്‍, മികച്ച സിനിമ, സംവിധായകന്‍ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം ജൂറി അംഗങ്ങള്‍ക്കിടയില്‍ കടുത്ത തര്‍ക്കമാണുണ്ടായത്.

തുടക്കം മുതല്‍തന്നെ ചെയര്‍മാന്‍ മിക്ക കാര്യങ്ങളിലും ഏതിരഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. മികച്ച സിനിമയായ 'കാന്തന്‍ ദ ലൗവര്‍ ഓഫ് കളറിന്റെ സംവിധായകനായ സി. ഷെരീഫിനുതന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നല്‍കണമെന്നായിരുന്നു സാഹ്നിയുടെ അഭിപ്രായം. മികച്ച സംവിധായകനേ മികച്ച ചിത്രം സൃഷ്ടിക്കാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇപ്പോള്‍ സംവിധായകന്‍ ഷെരീഫ് ഈസയെ കുമാര്‍ സാഹ്നി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്ക്  പോസ്റ്റിലൂടെ ഷെരീഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. "അല്പം മുന്‍പ് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി സാര്‍ വിളിച്ചിരുന്നു. ഒരുപാട് പ്രശംസിച്ചു. നേരില്‍ കാണണമെന്ന് പറഞ്ഞു.നന്ദി സാര്‍..... അങ്ങയുടെ വിയോജിപ്പാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.."

Shareef Easa

റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ് ഷെരീഫ് ഈസ. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവും. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയവിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് കാന്തന്‍ പറയുന്നത്. ആദിവാസി-ദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കവിയും കഥാകൃത്തുമായ പ്രമോദ് കൂവേരി കഥയും തിരക്കഥയും ഒരുക്കി. 

Content Highlights : Shareef Easa Director Kanthan The Lover Of Colours Best Film 49th State film Awards  Kumar Sahni