ടനും തന്റെ ആത്മസുഹൃത്തുമായ ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സന്തോഷം ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ രണ്ടു ചിത്രങ്ങള്‍ക്കു വേണ്ടിയും നടത്തിയ കഠിന പരിശ്രമങ്ങളെക്കുറിച്ചാണ് രഞ്ജിത്ത് പോസ്റ്റില്‍ പറയുന്നത്.

'ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ഈ മനുഷ്യന്‍ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചു. മേരിക്കുട്ടി കാരണം കിട്ടിയ സ്‌കിന്‍ അലര്‍ജിക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു .

ചില അംഗീകാരങ്ങള്‍ ഒരു ആശ്വാസമാണ്.!'  രഞ്ജിത്തിന്റെ വാക്കുകള്‍.

അതേ സമയം അവാര്‍ഡ് ലഭിച്ച സന്തോഷം കുടുംബത്തിനു സമര്‍പ്പിക്കുകയാണ് ജയസൂര്യ. പുതിയ ചിത്രത്തിലെ കഥാപാത്രത്തിനായി നീട്ടി വളര്‍ത്തിയ താടിയും മീശയും സമ്മാനിച്ച ന്യൂലുക്കിലാണ് ഇപ്പോള്‍ ജയസൂര്യ. 'പുരസ്‌കാര നേട്ടത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇതും കടന്നു പോകും. ഇതൊരു ഫുള്‍സ്റ്റോപ്പല്ല, ഒരു കോമ മാത്രം. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ ഒരു നിയോഗമാണ്. ഈ പുരസ്‌കാരനേട്ടവും ഒരു നിയോഗം പോലെയാണ് തോന്നുന്നത്.' താരം പറഞ്ഞു.

ഭാര്യ സരിതയെയും മക്കളായ അദ്വൈതിനെയും വേദയെയും ചേര്‍ത്തു പിടിച്ച് ജയസൂര്യ പറഞ്ഞു. ' ഈ പുരസ്‌കാരം എന്റെ കുടുംബത്തിന് ലഭിച്ച പുരസ്‌കാരം തന്നെയാണ്. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും എന്റെ കഥാപാത്രങ്ങളുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മകന്‍ അദ്വൈതായിരുന്നു. ഞാന്‍ മേരിക്കുട്ടിയില്‍ എന്റെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്തത് സരിതയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ അവാര്‍ഡ് ഞാന്‍ എന്റെ കുടുംബത്തിന് നല്‍കേണ്ടതല്ലേ' ജയസൂര്യ ചിരിക്കുന്നു.

jayasurya

അരികില്‍ അച്ഛന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ അദ്വൈത് നില്‍ക്കുന്നു. ഭര്‍ത്താവിനെ പെണ്ണാക്കി മാറ്റാനുള്ള ഒരു ഭാര്യയുടെ ശ്രമം വിജയിച്ചതിന്റെ അടയാളമാണ് ഈ പുരസ്‌കാരമെന്നായിരുന്നു ചിരിയോടെ സരിതയുടെ പ്രതികരണം.

Content Highlights : Jayasurya best actor kerala state film award, Ranjith Sankar facebook post