ചെയ്ത ജോലിക്കുള്ള അംഗീകാരമായി സംസ്ഥാന പുരസ്‌കാരത്തെ കാണുന്നുവെന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനര്‍ഹയായ നിമിഷ സജയന്‍. അവാര്‍ഡിന് വേണ്ടിയൊന്നുമല്ല, അഭിനയിച്ചത്. ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തെന്നു മാത്രമേ ഉള്ളൂ. 

'കുപ്രസിദ്ധ പയ്യനിലെ കഥാപാത്രമായി അഭിനയിക്കുമ്പോള്‍ എനിക്ക് കുറച്ച് പേടി ഉണ്ടായിരുന്നു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയ കഥാപാത്രമായിരുന്നു ഹന്ന എലിസബത്ത്. പക്ഷെ എല്ലാവരും നന്നായി പിന്തുണച്ചു.'നിമിഷ പറഞ്ഞു.

ഒരു സ്വതന്ത്ര സിനിമയാണ് ചോല. ചെറിയ സിനിമയെന്നു തന്നെ വേണമെങ്കില്‍ പറയാം. ചോലയ്ക്ക് ഇത്രയും വലിയ അംഗീകാരം ലഭിച്ചുവെന്ന് അറിയുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനായായിട്ടാണ് ചോലയില്‍ ഞാന്‍ അഭിനയിച്ചത്. വീണ്ടും യൂണിഫോമിട്ട് സ്‌കൂള്‍ കുട്ടിയായി അഭിനയിക്കാന്‍ നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചെടുക്കുമെന്ന കാര്യത്തില്‍ സംവിധായകന്‍ സനലിന് ഒരു പേടിയും ഉണ്ടായിരുന്നില്ല. നിമിഷ പ്രതികരിച്ചു.

അഭിനയിച്ച സിനിമകളില്‍ പ്രിയപ്പെട്ട കഥാപാത്രം എന്നൊന്നില്ല. എല്ലാം പ്രിയപ്പെട്ടത് തന്നെയാണ്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ആദ്യം മുതല്‍ ലഭിച്ചിരുന്നത്. അതുതന്നെയാണ് പുരസ്‌കാരം നേടിത്തന്നതും.

Content Highlights : Nimisha Sajayan on winning best actress in Kerala State Film Awards 2019