സുഡാനി ഫ്രം നൈജീരിയ ഒരുവട്ടമെങ്കിലും കണ്ടവര്‍ ഒരിക്കലും മറക്കില്ല, ആ ഉമ്മമാരെ. അരനൂറ്റാണ്ട് കാലം നാടക വേദികളെ സജീവമാക്കിയ കോഴിക്കോടിന്റെ അഭിനേത്രികളായ സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധരനും സുഡാനി ഫ്രം നൈജീരിയയില്‍ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. ജീവിതത്തിന്റെ പാതിയും പിന്നിട്ട ശേഷമായിരുന്നു ഇരുവരും സിനിമയുടെ വലിയ ലോകത്തെത്തിയത്. സുഡാനി ഫ്രം നൈജീരിയ ആ ഉമ്മമാരെ ആസ്വാദകരുടെ നെഞ്ചിലേക്ക് പറിച്ച് നടുകയായിരുന്നു. ഒടുവില്‍ മികച്ച സ്വഭാവ നടിമാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും രണ്ടുപേരും എത്തിപ്പിടിച്ചു. ആദ്യ സിനിമയ്ക്ക് തന്നെ അവര്‍ഡ് എന്നത് ഒരു അഭിനേത്രിയെ സംബന്ധിച്ചിടത്തോളം സ്വപ്‌നം കാണാന്‍ കഴിയാത്ത നേട്ടമാണെന്ന് മാങ്കാവ് സ്വദേശിനിയായ സാവിത്രി ശ്രീധരന്‍ പറയുന്നു.

ഒരു ദിവസം കുറച്ച് ചെറുപ്പക്കാരായ കുട്ടികളാണ് ഞങ്ങളെ തേടിയെത്തിയത്. അവരെടുക്കുന്ന  സിനിമയല്‍ രണ്ട് പ്രായമായ ഉമ്മമാരെ തേടിയായിരുന്നു സന്ദര്‍ശനം. മുമ്പും പലരും വന്നിരുന്നുവെങ്കിലും പോവാന്‍ മടിയായിരുന്നു. നാടകം പോലെയല്ലല്ലോ സിനിമ. അതുകൊണ്ട് പേടിയോടെയായിരുന്നു ആ സിനിമയിലേക്കുള്ള യാത്ര. പക്ഷെ അത്രത്തോളം സന്തോഷം തന്ന ഒരു സെറ്റ് നാടകത്തില്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് സാവിത്രി പറയുന്നു. സരസയോടൊപ്പം നിരവധി നാടകങ്ങളില്‍ അഭിനിയച്ചതാണ്. അതുകൊണ്ട് രണ്ട് പേരും ഒരു സിനിമയില്‍ ഒന്നിക്കുന്നുവെന്നത് കൂടി വന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ അഭിനയിക്കാന്‍ പോവുകയിരുന്നു.

സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തില്‍  പൂര്‍ണമായും മലപ്പുറം ഭാഷയായിരുന്നു ഈ രണ്ട് ഉമ്മമാര്‍ക്കും സംസാരിക്കാനുണ്ടായിരുന്നത്. കോഴിക്കോട്ടുകാരായതിനാല്‍ തന്നെ ഇക്കാര്യത്തില്‍  രണ്ടുപേര്‍ക്കും വലിയ പ്രയാസം ഉണ്ടായിരുന്നില്ല. ചിത്രത്തിലെ നായക കഥാപാത്രങ്ങളായ മജീദിനെയും സുഡുമോനെയുമെല്ലാം സ്നേഹം കൊണ്ട് പ്രേക്ഷകര്‍ മൂടിയപ്പോഴും  ഇത് അന്റെ പെങ്ങളൂട്ടിക്ക് കൊടുത്തോ എന്ന് പറഞ്ഞ്  സാമുവലിന് കമ്മല്‍ കൊടുക്കുന്ന  മജീദിന്റെ ഉമ്മ ജമീലയെയും, 'അള്ളാ സൂഡുന് അന്റെ പേരായിരുന്നോ' എന്ന്  നിഷ്‌കളങ്കതയോടെ ചോദിക്കുന്ന അയല്‍വാസിയായ ബിയൂമ്മയും മനസില്‍ നിന്നും മായാതെ നില്‍ക്കുന്നുണ്ട് ഇപ്പോഴും.

തന്റെ ഭര്‍ത്താവിനെ മനുഷ്യനായി പോലും പരിഗണിക്കാതെ അവഗണിക്കുന്ന മകനെ നോക്കി നിസഹായയായി നില്‍ക്കുന്ന ആദ്യത്തെ കാമറ ദൃശ്യംമുതല്‍  പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിക്കുന്ന തനി മലപ്പുറത്തുകാരിയായും ഏറ്റവും സ്വഭാവികമായി സാവിത്രി ശ്രീധരന്‍ ജമീലയെ യാഥാര്‍ഥ്യമാക്കുകയായിരുന്നു. ഇതിന് കരളുറപ്പ് നല്‍കിയതിന് താന്‍ തന്റെ നാടക പരിചയത്തെ നമിക്കുന്നുവെന്നും സാവിത്രി പറയുന്നു. ഒപ്പം അഭിനയിച്ച സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള അവാര്‍ഡ് കൂടി ലഭിച്ചതോടെ ഇരട്ടി മധുരമായി അവാര്‍ഡ് പ്രഖ്യാപനം.

ചിത്രം കണ്ടിറങ്ങിയവരെല്ലാം എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇവിടെ തന്നെയുണ്ട് എന്ന മറുപടിയാണ് സാവിത്രി നല്‍കുന്നത്. നാടകത്തിലും സിനിമയിലുമൊക്കെ സ്ത്രീകള്‍ അഭിനിയിക്കുന്നത്, എന്തിന് സ്ത്രീകള്‍ പുറത്തിറങ്ങുന്നതു പോലും കുറ്റമായി കാണുന്ന ഒരു കാലത്തായിരുന്നു ഞങ്ങളുടെ വേദികള്‍ തേടിയുള്ള യാത്ര. അതിന് പൂര്‍ണ പിന്തുണ നല്‍കിയത് അച്ഛനും ഭര്‍ത്താവുമൊക്കെയായിരുന്നു. ഏറെ വൈകിയുള്ള ഈ നേട്ടത്തിന് അവര്‍ കൂടി അര്‍ഹരാണെന്നും സാവിത്രി ചൂണ്ടിക്കാട്ടുന്നു. 

Content Highlights:Majeed and Sudumon's Mothers are in the joy of their warmth