തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം ജൂറി ചെയർമാൻ കുമാർ സാഹ്‌നിയുടെ കടുത്ത വിയോജിപ്പുകൾക്കൊടുവിൽ. അവസാനഘട്ടത്തിൽ തർക്കം മുറുകുകയും ചെയർമാൻ ഹാളിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡ് പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിൽനിന്ന് കുമാർ സാഹ്‌നി വിട്ടുനിന്നു. ജൂറി ചെയർമാന്റെ അസാന്നിധ്യത്തിൽ രാത്രി വൈകിയായിരുന്നു അന്തിമ അവാർഡ് നിർണയം.

മികച്ച നടൻ, മികച്ച സിനിമ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്തതർക്കമാണുണ്ടായത്. തുടക്കം മുതൽതന്നെ ചെയർമാൻ മിക്ക കാര്യങ്ങളിലും ഏതിരഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. മികച്ച സിനിമയുടെ സംവിധായകനായ സി. ഷെരീഫിനുതന്നെ മികച്ച സംവിധായകനുള്ള പുരസ്കാരവും നൽകണമെന്ന് സാഹ്‌നി വാദിച്ചു. മികച്ച സംവിധായകനേ മികച്ച ചിത്രം സൃഷ്ടിക്കാനാകൂ എന്നായിരുന്നു വാദം.

ഇതിനോടു വിയോജിച്ച മറ്റംഗങ്ങൾ ശ്യാമപ്രസാദിനായി നിലകൊണ്ടു. ഒരു സിനിമ മികച്ചതാകുന്നത് സംവിധാനത്തിനൊപ്പം മറ്റുമികവുകൾകൂടി ചേരുമ്പോഴാണെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും മറുപടി.

ഒടുവിൽ ‘നിങ്ങൾതന്നെ തീരുമാനമെടുത്തോളൂ’ എന്നുപറഞ്ഞ് ചെയർമാൻ ക്ഷോഭിച്ച് ഇറങ്ങിപ്പോയി. മികച്ച സിനിമയായി ‘കാന്തൻ ‍-ദ ലവർ ഓഫ് കളർ’ തന്നെ തിരഞ്ഞെടുക്കാൻ ചെയർമാൻ ശക്തിയുക്തം വാദിച്ചു.

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ‘സുഡാനി ഫ്രം നൈജീരിയ’ ഉൾപ്പെടെയുള്ള സിനിമളോട് കുമാർ സാഹ്‌നി താത്പര്യം പ്രകടിപ്പിച്ചില്ല. ജൂറി െചയർമാൻ എഴുപതുകളിലെ സിനിമാ സങ്കല്പത്തിൽ നിന്നുകൊണ്ടാണ് സിനിമകളെ വിലയിരുത്തുന്നതെന്ന് വിമർശനമുയർന്നു. ‘ആരോഗ്യകരമായ ചർച്ചകൾ’ മാത്രമാണ് നടന്നതെന്നാണ് ജൂറി അംഗങ്ങൾ ഇതുസംബന്ധിച്ച് പ്രതികരിച്ചത്.

മത്സരത്തിനെത്തിയ 104 ചിത്രങ്ങൾ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് ജൂറി കണ്ടത്. ഓരോ ഗ്രൂപ്പിൽനിന്നും ഏഴുവീതം സിനിമകൾ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങൾ കാരണം കുമാർ സാഹ്‌നി എല്ലാ ചിത്രങ്ങളും കണ്ടിരുന്നില്ല. അവസാന റൗണ്ടിലെ മിക്കവാറും ചിത്രങ്ങൾ അദ്ദേഹം കണ്ടു.

മികച്ച നടനെ തിരഞ്ഞെടുക്കുന്നതിലും അവസാനറൗണ്ട് ആയപ്പോൾ അഭിപ്രായവ്യത്യാസമുണ്ടായി. ജയസൂര്യ, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ജോജു ജോർജ് എന്നിവരായിരുന്നു അവസാന പട്ടികയിലെത്തിയത്. ഒടുവിൽ ജയസൂര്യയും സൗബിനും മാത്രമായപ്പോഴും കടുത്തതർക്കമുണ്ടായി. മുൻതൂക്കം സൗബിനായിരുന്നു. ജൂറിയിലെ വനിതാ അംഗം ജയസൂര്യയ്ക്കുവേണ്ടി വാദിച്ചു. ഇതോടെ വോട്ടിങ്ങിലേക്കു നീങ്ങി. നാലു വോട്ടുവീതം ഇരുവരും നേടി. ചെയർമാനുപുറമേ അക്കാദമി സെക്രട്ടറിയും വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു.

അവാർഡ് പ്രഖ്യാപന പത്രസമ്മേളനത്തിൽ ജൂറി ചെയർമാൻ പങ്കെടുക്കാതിരുന്നതോടെയാണ് വിയോജിപ്പ് മറനീക്കിയത്. ബുധനാഴ്ച രാവിലെയും കുമാർ സാഹ്‌നിയെ അനുനയിപ്പിച്ച് പത്രസമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

‘സുഖമില്ലാത്തതുകൊണ്ടാണ് ചെയർമാൻ വരാതിരുന്നത്’ എന്നായിരുന്നു ഇതേക്കുറിച്ച് മന്ത്രി എ.കെ. ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. അദ്ദേഹം ഹോട്ടലിൽ വിശ്രമിക്കുകയാണെന്നും മറ്റു വിയോജിപ്പുകൾ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ജൂറി അംഗമായിരുന്ന നവ്യാനായരും പത്രസമ്മേളനത്തിൽ പങ്കെടുത്തില്ല.

Content Highlights: Kerala state film awards jury chairman, kumar shahani dispute, best actor cinema movies