കോഴിക്കോട്: ‘കഥയില്ലാത്തവനെന്ന് ഇനിയാരും പറയില്ലല്ലോ...’ -മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിവരമറിഞ്ഞപ്പോൾ പൊട്ടിച്ചിരിയോടെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണം. ‘അങ്കിൾ’ എന്ന ചിത്രത്തിനാണ് ജോയ് മാത്യുവിന് പുരസ്‌കാരം.

കൊച്ചിയിൽ ഷാഫി സംവിധാനം ചെയ്യുന്ന ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെയാണ് അവാർഡ് വാർത്തയെത്തിയത്. ‘കഥയ്ക്ക് അവാർഡ് കിട്ടുന്ന ആദ്യത്തെ നടനായിരിക്കും ഞാൻ. അഭിനയത്തിനുകിട്ടണമെന്നാണ് ആഗ്രഹിച്ചത്. ഓനൊരു കഥയില്ലാത്തവനാണെന്നാണ് അമ്മ പണ്ടേപറഞ്ഞത്. നാട്ടുകാരും അതുതന്നെ പറഞ്ഞു. ചലച്ചിത്രപ്രതിഭയായ കുമാർ സാഹ്‌നിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇപ്പോൾ നല്ല കഥയുള്ളയാളാണെന്ന് അംഗീകരിച്ചിരിക്കുന്നത്. നല്ലകഥകൾ തിരിച്ചറിയാനാവുന്ന ജൂറി വന്നു എന്നതാണ് പ്രധാനം. അതിന് ജൂറിക്ക് അഭിനന്ദനം. പുരസ്‌കാരങ്ങൾ ഇനിയും ജനപ്രിയമാവേണ്ടതുണ്ട്’ -ജോയ് മാത്യു പറഞ്ഞു.

ഉമ്മമാർക്ക് നിറഞ്ഞ സന്തോഷം

‘സുഡാനി ഫ്രം നൈജീരിയ’യിലെ രണ്ട് ഉമ്മമാരും അവാർഡ് വാർത്ത ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. മികച്ചസ്വഭാവനടിക്കുള്ള പുരസ്‌കാരമാണ് സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ എന്നിവർക്ക് ലഭിച്ചത്. കോഴിക്കോടൻ നാടകവേദിയിലെ പതിറ്റാണ്ടുകൾ പിന്നിട്ട അനുഭവസമ്പത്തുമായാണ് അവർ വെള്ളിത്തിരയിലെത്തിയത്. ആദ്യ കഥാപാത്രങ്ങൾതന്നെ പ്രേക്ഷകരുടെ പ്രിയങ്കരികളായ അവർക്ക് സംസ്ഥാനപുരസ്‌കാരം ഇരട്ടിമധുരമായി.

കൊടുങ്ങല്ലൂരിൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സരസ ബാലുശ്ശേരിയെത്തേടി അവാർഡ് വാർത്തയെത്തിയത്. ‘വീട്ടിൽനിന്ന് സഹോദരന്റെ മകനാണ് വിവരം വിളിച്ചറിയിച്ചത്. അവാർഡ് അപ്രതീക്ഷിതമാണെങ്കിലും ലഭിച്ചതിൽ വലിയ സന്തോഷം. ബീയ്യുമ്മയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്കും സംവിധായകൻ സക്കരിയ ഉൾപ്പെടെ എല്ലാവർക്കും നന്ദി’ -സരസ പറഞ്ഞു.

‘പറഞ്ഞറിയിക്കാനാവാത്ത സന്തോഷം’-എന്നാണ് സാവിത്രി ശ്രീധരൻ പ്രതികരിച്ചത്. 1977-ലും 1993-ലും മികച്ചനടിക്കുള്ള സംസ്ഥാന നാടക അവാർഡ് നേടിയിട്ടുണ്ട് സാവിത്രി. ‘അരങ്ങേറ്റത്തിൽത്തന്നെ ഇങ്ങനെയൊരംഗീകാരം പ്രതീക്ഷിച്ചില്ല. നാലു പതിറ്റാണ്ടുനീണ്ട നാടകാനുഭവമുണ്ടെങ്കിലും സിനിമയിൽ അഭിനയിക്കുമ്പോൾ ശരിയാവുമോ എന്ന സംശയമുണ്ടായിരുന്നു. നാടകത്തിലേതുപോലെ ആയിപ്പോവുന്നുണ്ടോ എന്ന് സിനിമാചിത്രീകരണത്തിനിടയിൽ പലതവണ ചോദിച്ചിരുന്നു. സംവിധായകൻ സക്കരിയയും പിന്നണിപ്രവർത്തകരുമൊക്കെ നല്ല പിന്തുണയും ധൈര്യവും നൽകി. ഞങ്ങൾ രണ്ടുപേരും കോഴിക്കോട്ടുകാരാണെങ്കിലും രണ്ട് ഉമ്മമാരും മലപ്പുറംകാരാണെന്നേ തോന്നിയുള്ളൂ എന്നാണ് പ്രേക്ഷകർ പറഞ്ഞത്. ആ പ്രതികരണം വലിയ അഭിനന്ദനമായാണ് കണക്കാക്കുന്നത്’’ -സാവിത്രി പറഞ്ഞു.