വി പി സത്യന്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നുവെന്നും കേരളത്തിന്റെ അഭിമാന ഫുട്‌ബോള്‍ താരമായിരുന്ന അദ്ദേഹത്തെപ്പോലൊരു വ്യക്തിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായതില്‍ സന്തോഷിക്കുന്നുവെന്നും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ജയസൂര്യ പറയുന്നു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ക്കാണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 

'ആദ്യമായാണ് അവാര്‍ഡ് കിട്ടുന്നത്. ഞാന്‍ മേരിക്കുട്ടിയ്ക്കും ക്യാപ്റ്റനും. രണ്ട് എക്‌സ്ട്രീം കഥാപാത്രങ്ങളാണ് രണ്ടും. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. വി പി സത്യന്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് കിട്ടേണ്ട ഒരു ബഹുമതിയാണെന്ന് തോന്നുന്നു. വേണ്ടത്ര അംഗീകാരമോ ഒന്നും ആ സമയത്ത് കിട്ടിയിട്ടില്ല. വി പി സത്യനെന്നു പറയുന്ന വ്യക്തിയെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ സാധിച്ചുവെന്നത് സന്തോഷം തരുന്ന കാര്യമാണ്. ഞാന്‍ മേരിക്കുട്ടിയില്‍ രഞ്ജിത്തിനൊപ്പം നിര്‍മാതാവു കൂടിയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആയി ചിത്രീകരിച്ചിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രമേയത്തിലൂടെ അവതരിപ്പിച്ച്  വ്യക്തമായ ഒരു ആഗ്രഹമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താമെന്ന ഒരു സന്ദേശം പകര്‍ന്ന ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. ഏറെ പേര്‍ എനിക്ക് അവാര്‍ഡ് ലഭിക്കുമെന്നു പറഞ്ഞെങ്കിലും പ്രതീക്ഷകളൊന്നും വച്ചു പുലര്‍ത്തിയില്ല. ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഒരു പ്രസന്‍സ് എന്നിലുണ്ടായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്. അതിനൊക്കെയുള്ള ഒരു ടൂളായി ഞാന്‍ വര്‍ത്തിച്ചുവെന്നേയുള്ളൂ..' ജയസൂര്യ പറഞ്ഞു. 

ജയസൂര്യക്കൊപ്പം അവാര്‍ഡ് പങ്കിട്ടു കൊണ്ട് സൗബിന്‍ ഷാഹിറുമുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് അടിപൊളിയെന്ന് സൗബിന്‍ ഷാഹിര്‍ പ്രതികരിച്ചു. ഇപ്പോള്‍ ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും സൗബിന്‍ പറഞ്ഞു.

Content Highlights : Jayasurya Soubin Shahir reactions on winning best actor Kerala State Film Awards 2019