തൃശ്ശൂര്‍: 'ഓലേഞ്ഞാലിക്കുരുവി...' എഴുതിയ കാലം മുതല്‍ ഓരോ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെയും നാളുകളില്‍ ഹരിനാരായണനോട് കൂട്ടുകാരും അയല്‍വാസികളും ചോദിക്കും, 'ഇത്തവണ ഉണ്ടാകുമല്ലോ, അല്ലേ?' ആ ചോദ്യം കേള്‍ക്കാനുള്ള മടികൊണ്ട് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനവേളയില്‍ കുന്നംകുളം കരിക്കാട്ടെ വീട്ടിനുള്ളില്‍ മൊബൈല്‍ഫോണ്‍ മാറ്റിവെച്ച്, പറമ്പില്‍ പാറിനടക്കുകയായിരുന്നു ഹരിനാരായണന്‍.

'വെറുതേ ടെന്‍ഷനടിക്കണ്ടല്ലോ..' സ്വതവേയുള്ള ചെറുചിരിയോടെ ഹരി പറഞ്ഞു. ഒടുവില്‍ അമ്മയാണ് പറഞ്ഞത് അവാര്‍ഡ് പ്രഖ്യാപിച്ചുവെന്ന്. അപ്പോള്‍ മാത്രമാണ് ഹരി ടി.വി.ക്ക് മുന്നിലെത്തിയത്.

തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് അവാര്‍ഡ് പ്രഖ്യാപന ദിവസത്തെ കഥ കെ. ഹരിനാരായണന്‍ പറഞ്ഞത്. ആ കഥ മാത്രമല്ല, പാട്ടെഴുത്തിന്റെ ഇതുവരെയുള്ള 'ഹരികഥയും'.

'തീവണ്ടി' എന്ന സിനിമയിലെ 'ജീവാംശമായി താനെ നീ എന്നില്‍...', ജോസഫിലെ 'കണ്ണെത്താദൂരം നീ മായുന്നു...' എന്നീ പാട്ടുകളാണ് ഹരിനാരായണന്‍ എന്ന യുവാവിനെ ഇത്തവണ മികച്ച ഗാനരചയിതാവാക്കിയത്. ഹരിനാരായണന്‍ പാട്ടുവഴി പറയുന്നു.....

കവിതയില്‍നിന്ന് പാട്ടുകാരനിലേക്ക്

യാദൃശ്ചികമായാണ് ഹരി പാട്ടെഴുത്തിലേക്ക് വന്നത്. അതും പകരക്കാരനായി. 'കവിതയെ' പ്രണയിച്ചുനടക്കവേ പാട്ടിലേക്കുള്ള 'ഉള്‍വിളി'യെത്തിയത് കൂട്ടുകാര്‍ക്കിടയില്‍നിന്നാണ്. ഒരു ആല്‍ബത്തിന് പാട്ടെഴുതാമെന്നേറ്റിരുന്നയാള്‍ വന്നില്ല. അപ്പോഴാണ് കൂട്ടുകാര്‍ ഹരിയോട് എഴുതാന്‍ പറഞ്ഞത്. 2009-ല്‍ പഴഞ്ഞിപ്പള്ളിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പുകള്‍ക്കിടയിലിരുന്നായിരുന്നു ആദ്യത്തെ പാട്ടെഴുത്ത്. പിന്നെയും എഴുതി ആല്‍ബങ്ങളില്‍. ഒടുവില്‍ 2010-ല്‍ 'ദി ത്രില്ലര്‍' എന്ന സിനിമയ്ക്കായി ആദ്യ പാട്ടെഴുതി.

മുന്നൂറു പാട്ടുകളുടെ എഴുത്തുകാരന്‍

ഇതുവരെ മുന്നൂറ് പാട്ടുകള്‍ ഹരിനാരായണന്‍ എന്ന യുവ എഴുത്തുകാരന്‍ എഴുതിക്കഴിഞ്ഞു. ശരാശരി കണക്കെടുത്താല്‍ ഒരു ദിവസം മലയാള സിനിമയില്‍ത്തന്നെ 10 പാട്ടുകളെങ്കിലും ഇറങ്ങുന്നതായി ഹരിനാരായണന്‍ പറയുന്നു.

സിനിമാപ്പാട്ടൊരു സംഘകല

പാട്ടുകള്‍ സംഭവിക്കുന്നത് സംഘകലയിലൂടെയാണ്. ഗാനരചയിതാവിനും സംഗീതസംവിധായകനും ചലച്ചിത്രസംവിധായകനും ഒരേപോലെ അക്കാര്യത്തില്‍ റോളുണ്ട്. വരികള്‍ നന്നായാല്‍ മാത്രം നല്ല പാട്ടാവില്ല, നല്ലൊരു ഈണം വേണം. ഇതുരണ്ടും ഉണ്ടെങ്കിലും നല്ലൊരു കഥാസന്ദര്‍ഭത്തില്‍ ഉപയോഗിച്ചാല്‍ മാത്രമേ പാട്ടിന്റെ അര്‍ഥം പൂര്‍ണതയിലെത്തൂ. പാട്ട് കണ്ടോ എന്ന് ചോദിക്കുന്ന കാലമാണിത്.

കവിതയെ വിട്ടിട്ടില്ല

കവിതയെഴുത്തിനെ ഉപേക്ഷിച്ചിട്ടില്ല. ധ്യാനം വേണ്ടതാണ് കവിതയെഴുത്ത്. തോന്നിയതെഴുതിവെച്ച് വായനക്കാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നോര്‍ക്കും. പാട്ടെഴുത്ത് അങ്ങനെയല്ല. ആവശ്യപ്പെട്ടത് സമയത്ത് എഴുതിക്കൊടുക്കേണ്ടത് ഉത്തരവാദിത്വമാണ്.

പ്രസ്‌ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി എം.വി. വിനീത, സി.വി. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: bk harinarayanan lyricists kerala state award jeevamshamayi kannetha doore joseph songs