തിരുവനന്തപുരം: ‘അവസാന നിമിഷംവരെ പിടിച്ചുനിൽക്കും. അതാ എന്റെയൊരു ലൈൻ’- തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയിലെ ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ ഈ ഡയലോഗ് പോലെയായിരുന്നു കാര്യങ്ങൾ. മികച്ചനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അവസാന റൗണ്ടുവരെ കടുത്ത പോരാട്ടവുമായി ഫഹദ് ഒപ്പമുണ്ടായിരുന്നു. തൊട്ടടുത്ത് ജോജു ജോർജും.

ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ ജയസൂര്യയും സൗബിനും മാത്രമായി. ഇതോടെ വോട്ടിങ് വേണ്ടിവന്നു. ഇരുവർക്കും തുല്യ വോട്ട് ലഭിച്ചു. അവാർഡ് പങ്കിട്ടു നൽകി.

ഫഹദിന്റെ കാർബൺ, വരത്തൻ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് പരിഗണിച്ചത്. ഒന്ന് കലാമൂല്യമുള്ള ചിത്രവും മറ്റൊന്ന് ജനപ്രിയവും. ഫുട്ബോളർ വി.പി. സത്യന്റെ കഥപറഞ്ഞ ‘ക്യാപ്റ്റനി’ലൂടെയും ട്രാൻസ്‌ജെൻഡർ അനുഭവതീവ്രതനിറഞ്ഞ ‘ഞാൻ മേരിക്കുട്ടി’യിലൂടെയും ജയസൂര്യ രണ്ട് വ്യത്യസ്ത അഭിനയതലങ്ങൾ കാട്ടി ജൂറിയെ അമ്പരിപ്പിച്ചു.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഒറ്റച്ചിത്രം മതിയായിരുന്നു സൗബിനെ പരിഗണിക്കാൻ. ജോജോയുടെ ‘ജോസഫി’ലെ പ്രകടനം അവാർഡ് ചർച്ചകളിൽ മുമ്പേ നിറഞ്ഞുനിന്നിരുന്നു.