തിരുവനന്തപുരം: ഇത്തവണത്തെ മലയാള ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പല നിലയ്ക്കും സവിശേഷതയുള്ളതാണ്. 37 പുരസ്‌കാര ജേതാക്കളില്‍ 28 പേരും ആദ്യമായി സംസ്ഥാന പുരസ്‌കാരം നേടുന്നവരാണ്. അവാര്‍ഡിന് അര്‍ഹമായവരില്‍ പരിചിത മുഖങ്ങള്‍ കുറവ്. പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രങ്ങളില്‍ പലതും തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടിട്ടുമില്ല. 

മുഖ്യധാരാ ചിത്രങ്ങളില്‍ ഏതാനും ചിലത് മാത്രമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. സിനിമ എന്ന മാധ്യമത്തെ ഗൗരപൂര്‍വം സമീപിച്ച ചിത്രങ്ങളെയാണ് പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണിച്ചതെന്ന് അവാര്‍ഡ് പ്രഖ്യാപനം നടത്തിക്കൊണ്ട് മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. പുരസ്‌കാരങ്ങളും ജൂറിയുടെ ഈ സമീപനത്തിന് അടിവരയിടുന്നു.

പ്രധാന പുരസ്‌കാരങ്ങള്‍ നേടിയ ഒറ്റമുറി വെളിച്ചം, ഏദന്‍, ഇ.മ.യൗ, ആളൊരുക്കം, സ്വനം, ഭയാനകം തുടങ്ങിയ ചിത്രങ്ങളെല്ലാം മുഖ്യധാരയ്ക്കു പുറത്തുനില്‍ക്കുന്നവയാണ്. പലതും പുതുമുഖ സംവിധായകരുടെ ചിത്രങ്ങളുമാണ്. പ്രമേയപരമായും സാങ്കേതിക-നിര്‍മാണ തലത്തിലും വ്യത്യസ്ത സമീപനം പുലര്‍ത്തുന്ന ചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടതെന്ന് വ്യക്തം. കഴിഞ്ഞകാല പുരസ്‌കാര നിര്‍ണയങ്ങളില്‍നിന്ന് ഇത്തവണത്തേത് വ്യത്യസ്തമാകുന്നതും അതുകൊണ്ടുതന്നെ.

പ്രധാനപ്പെട്ട പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടവയില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ ചിത്രങ്ങള്‍ മാത്രമാണ് മുഖ്യധാരയില്‍നിന്നുള്ളത്. അവ തന്നെ താരപ്രാഖ്യമുള്ള ചിത്രങ്ങളുമല്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് സജീവ് പാഴൂരിനും സഹനടനായി അലന്‍സിയറിനും ലഭിച്ച പുരസ്‌കാരം പ്രധാനപ്പെട്ടവയുമാണ്. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനു ലഭിച്ച ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും ശ്രദ്ധേയമായി.

അഭിനയത്തിനുള്ള പുരസ്‌കാരങ്ങളിലൊന്നുംതന്നെ താരസാന്നിധ്യമില്ല. പാര്‍വതി, ഇന്ദ്രന്‍സ്, അലന്‍സിയര്‍ എന്നിവര്‍ മാത്രമാണ് സാധാരണ പ്രേക്ഷകര്‍ക്ക് പരിചയമുള്ളവര്‍. പ്രമുഖ താരങ്ങളുടെ ചിത്രങ്ങളൊന്നുംതന്നെ അവാര്‍ഡ് പരിഗണയുടെ ഒരു ഘട്ടത്തിലും ഉണ്ടായില്ല എന്നതും എടുത്തുപറയേണ്ടതാണ്. മികച്ച നടനുള്ള പുരസ്‌കാരത്തിന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ ഇന്ദ്രന്‍സിനൊപ്പം പരിഗണിക്കപ്പെട്ടെങ്കിലും പുരസ്‌കാരം ലഭിച്ചില്ല.

സംവിധായകന്‍ ടി.വി ചന്ദ്രനായിരുന്നു പുരസ്‌കാര നിര്‍ണയ സമിതിയുടെ അധ്യക്ഷന്‍. സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എഞ്ചിനീയര്‍ വിവേക് ആനന്ദ്, ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, വിമര്‍ശകന്‍ ഡോ. എം.രാജീവ്കുമാര്‍, നടി ജലജ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍. മൊത്തം 110 ചിത്രങ്ങളാണ് സമിതിയുടെ പരിഗണനയ്ക്കുവന്നത്.

Content Highlights: State Film Awards 2018, art movies, commercial movies, malayalam movies