മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയതിനെക്കുറിച്ച് നടി പാര്‍വതി. ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിക്കുന്നത്. മികച്ച സവാഗത സംവിധായകനുള്ള പുരസ്‌കാരവും ടേക്ക് ഓഫിനായിരുന്നു. മഹേഷ് നാരായണനാണ് ചിത്രം ഒരുക്കിയത്. 

സമീറ എന്ന കഥാപാത്രത്തെ ഞാന്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് പിറകില്‍ ഒരുപാട് പേരുടെ റിസര്‍ച്ച് ഉണ്ട്. ഒരു നല്ല ടീം കിട്ടിയാല്‍ മാത്രമേ നല്ല സിനിമ ഇറങ്ങുകയുള്ളൂ. സന്തോഷമുണ്ട്. 

പാര്‍വതി എന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്. ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍. എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല. എന്റെ പൊളിറ്റിക്ക്‌സും ചിന്തകളുമെല്ലാം വ്യക്തിപരമാണ്. 

രാജേഷ് പിള്ളയുടെ  ഒരു സ്വപ്‌നമായിരുന്നു ടേക്കേ് ഓഫ്. മഹേഷ് നാരായണന്‍, ഷെബിന്‍, മേഘ്‌ന അങ്ങനെ ഒരുപാട് പേരുടെ കഠിനപ്രയത്‌നമാണ് ഈ ചിത്രം. സ്ത്രീകേന്ദ്രീകൃത സിനിമ എന്ന ടാഗ് ടേക്ക് ഓഫിന് നല്‍കേണ്ടതില്ല.

അവാര്‍ഡും ആക്രമണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. പാര്‍വതി എന്ന വ്യക്തി മറ്റൊരു തലത്തിലാണ്. എന്റെ ചുറ്റുവട്ടത്ത് എത്ര ബഹളം ഉണ്ടായാലും ഓഡിയന്‍സും ഞാനും തമ്മില്‍ ഒരു ബന്ധമുണ്ട്. 2017 ല്‍ എന്നെ സംബന്ധിച്ച് നല്ല വര്‍ഷമാണ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കപ്പെട്ടതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഒരുപാട് ചിന്തകള്‍ പങ്കുവയ്ക്കാനും സ്ത്രീശാക്തീകരണം എന്താണെന്നും ഡബ്ല്യൂസിസിയിലൂടെ അറിയാന്‍ സാധിച്ചു. എനിക്ക് ലഭിച്ച പുരസ്‌കാരം ഡബ്ല്യൂസിസി അംഗങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു

ഡബ്ല്യൂസിസി ഫെയ്‌സ്ബുക്കില്‍ മാത്രം ഒതുങ്ങുന്നുവെന്ന വിമര്‍ശനത്തിനോടും പാര്‍വതി പ്രതികരിച്ചു.

ഡബ്ല്യൂസിസി ഫെയ്‌സ്ബുക്കില്‍ മാത്രമല്ല ഒതുങ്ങുന്നത്. തലമുറകളായിട്ട് നമ്മുടെ സിനിമയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ തിരുത്തേണ്ടത്. അത് എല്ലാവരും ചേര്‍ന്ന് തിരുത്തേണ്ടതാണ്. സോഷ്യല്‍ മീഡിയ ഡബ്ല്യൂസിസിയെ അഭിപ്രായം രേഖപ്പെടുത്താന്‍ മാത്രമാണ്. ഞങ്ങള്‍ ചെയ്യുന്നത് കൊട്ടിഗ്ഘോഷിക്കേണ്ട കാര്യമില്ല.

കഥാപാത്രത്തിന്റെ യഥാതഥമായ അവതരണമാണ് സമീറയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകാന്‍ കാരണമെന്ന് പാര്‍വതി പറഞ്ഞു.

സിനിമ തുടങ്ങുന്നതിനും മുന്‍പ് മഹേഷ്, കോസ്റ്റ്യൂം ചെയ്ത ധന്യ, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി എന്നിവരൊക്കെ ചേര്‍ന്ന് സമീറയെ എങ്ങിനെ അവതരിപ്പിക്കണമെന്ന് ചര്‍ച്ച ചെയ്തു. പിന്നെ ക്യാമറ ചെയ്ത സാനു ജോണ്‍ വര്‍ഗീസ് എല്ലാവരോടും നന്ദി പറയുന്നു.

ഇന്ദ്രന്‍സിനോടൊപ്പം പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി പറഞ്ഞു.

ആദ്യം എനിക്ക് ഇന്ദ്രന്‍സ് ചേട്ടന്റെ സിനിമ കാണണം. ഇത്രയും വിനയത്തോടെ ആളുകളുമായി ഇടപെടുന്ന സിനിമാതാരങ്ങള്‍ കുറവാണ്. അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കാരണം അദ്ദേഹം അത്രയും സീനിയറായ നടനാണ്. സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഒരുപാട് പേര്‍ സിനിമയിലുണ്ട്. അതില്‍ ഒരാളാണ് ഇന്ദ്രന്‍സ് ചേട്ടന്‍. അദ്ദേഹത്തിന് പുരസ്‌കാരം കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്.

Content Highlights: Parvathy wins Kerala state film award Parvathy best actress take off Mahesh Narayanan