ഭയാനകം എന്ന സിനിമയിലെ ''നിന്നെ തൊടും പൂനിലാവ് എന്നെ തൊട്ടത് നീയറിഞ്ഞോ...'' എന്ന ഗാനം കേട്ടതിന്റെ ആഹ്ളാദത്തില്‍ അര്ജുനന് മാഷെ വിളിച്ചത് ഒരാഴ്ച മുന്‍പാണ്. അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല ഇത്രയും ഹൃദയസ്പര്‍ശിയായ വരികളും ഈണവും എന്ന് പറഞ്ഞപ്പോള്‍ പതിവ് പോലെ മൃദുവായി ചിരിച്ചു മാഷ്. എന്നിട്ട് കാതില്‍ മന്ത്രിക്കും പോലെ പറഞ്ഞു: ''ശ്രീകുമാരന്‍ തമ്പി ഗംഭീരമായി എഴുതിയിരിക്കുന്നു. അതുകൊണ്ടാണ് ട്യൂണ്‍ നന്നായത്. അല്ലാതെ എന്റെ മാത്രം കഴിവു കൊണ്ടല്ല..''
അത്ഭുതം തോന്നിയില്ല. അര്ജുനന് മാഷ് എന്നും ഇങ്ങനെയാണ്. സ്വന്തം കഴിവുകളെയോ നേട്ടങ്ങളെയോ ചൊല്ലി ഒരിക്കലും അഹങ്കരിച്ചു കണ്ടിട്ടില്ല അദ്ദേഹം. ''മോന് ഇഷ്ടമായെങ്കില്‍ മാഷിനും സന്തോഷം'' എന്ന ഒരൊറ്റ വാചകത്തില്‍ ഒതുങ്ങും മിക്കപ്പോഴും പ്രതികരണം. നിഷ്പക്ഷമാണ് ജൂറിയുടെ വിധിയെങ്കില്‍ ഇത്തവണ സ്റ്റേറ്റ് അവാര്‍ഡ് കിട്ടാന്‍ യോഗ്യതയുള്ള പാട്ടാണിതെന്ന് സൂചിപ്പിച്ചപ്പോള്‍ വീണ്ടും അതേ നിസ്സംഗത; അതേ വിനയം: ''അയ്യോ, അതൊന്നും പ്രതീക്ഷിച്ച് ഇന്നുവരെ പാട്ടു ചെയ്തിട്ടില്ല. നമ്മളെക്കാള്‍ എത്രയോ മഹാന്മാരായ ആളുകള്‍ക്ക് അവാര്‍ഡ് കിട്ടാതെ പോയിരിക്കുന്നു. കിട്ടിയില്ലെങ്കില്‍ ഒട്ടും ദുഖമില്ല. കിട്ടിയാല്‍ അമിതമായ സന്തോഷവുമില്ല. ആളുകള്‍ നമ്മുടെ പാട്ടു കേള്‍ക്കുക എന്നതാണ് പ്രധാനം. ചെയ്ത പാട്ട് ആരും കേള്‍ക്കാതെ പോയാല്‍ സങ്കടം തോന്നും.'' അമ്പതു വര്ഷംത്തെ സിനിമാ ജീവിതം പകര്‍ന്നു നല്കിയ അമൂല്യമായ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ അര്ജുനന് മാഷ് പറഞ്ഞപ്പോള്‍, അറിയാതെ ആ വ്യക്തിത്വത്തിന് മുന്നില്‍ നമിച്ചുപോയി.
നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച ചരിത്രമുണ്ട് അര്ജുനന് മാഷിന്. പക്ഷേ സിനിമയുടെ പേരില്‍ ഈ അംഗീകാരം ലഭിക്കുന്നത് ഇതാദ്യം. ചിട്ടപ്പെടുത്തിയ എഴുനൂറോളം ചലച്ചിത്ര ഗാനങ്ങളില്‍ 99 ശതമാനവും ജനപ്രിയമാക്കി മാറ്റിയ സംഗീത സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിരോധാഭാസമായിരിക്കണം ഇത്. പക്ഷേ അത്തരം അവഗണനകളൊന്നും മാഷിന്റെ സംഗീത സപര്യയെ ബാധിച്ചിട്ടില്ല. അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കാറുമില്ല. ''സിനിമയില്‍ എത്തിയത് തന്നെ ഭാഗ്യം. പാട്ടുകള്‍ പലതും ജനങ്ങള്‍ ഇഷ്ടപ്പെട്ടു എന്നത് അതിലും വലിയ ഭാഗ്യം. ആദ്യ സിനിമ ചെയ്യുമ്പോള്‍ എന്റെ പാട്ടുകള്‍ ജനങ്ങളില്‍ എത്തുമെന്ന് പോലും പ്രതീക്ഷിച്ചിട്ടില്ല. അത്രയും കഠിനമായ പരീക്ഷണങ്ങള്‍ ആയിരുന്നു വഴി നിറയെ..'' അര്ജുനന് പറയും.
ആദ്യ ചിത്രമായ കറുത്ത പൗര്‍ണമി (1968) യില്‍ എം.കെ അര്ജുനന് എന്ന പുതുമുഖ സംവിധായകനെ പരീക്ഷിക്കാന്‍ മടിയായിരുന്നു പടത്തിന്റെ നിര്‍മ്മാതാവിന്. പി ഭാസ്കരനാണ് ഗാനരചയിതാവ്. ഭാസ്കരന് ബാബുരാജ് കൂട്ടുകെട്ട് ഹിറ്റ്മേക്കര്മാരായി തിളങ്ങിനില്‍ക്കുന്ന കാലം. ബാബുരാജിനെ തന്നെ ഈ പടത്തിനു പാട്ടുകളൊരുക്കാന്‍ കിട്ടണമെന്ന് വാശി പിടിച്ചവരോട് ഭാസ്കരന് മാഷ് പറഞ്ഞു: ''പുതിയ ആളാണെങ്കിലും അര്‍ജുനന്റെ കഴിവുകളില്‍ എനിക്ക് പ്രതീക്ഷയുണ്ട്. അയാള്‍ ചെയ്തുനോക്കട്ടെ. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറ്റി പകരം ബാബുവിനെ കൊണ്ട് ചെയ്യിക്കാം.'' ആ ഉറപ്പില്‍ ഒടുവില്‍ അര്ജുനന് സംഗീത സംവിധായകനായി അരങ്ങേറുന്നു. തന്റെ ശിഷ്യന് നല്ലൊരു സംഗീത സംവിധായകനായി വളരണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഒരു മഹാന്റെ നല്ല മനസ്സു കൂടിയുണ്ടായിരുന്നു ആദ്യ സിനിമയിലെ പാട്ടുകള്‍ മോശമാകാതെ പോയതില്‍ എന്ന് വിശ്വസിക്കുന്നു അര്ജുനന്. ദേവരാജന്‍ മാസ്റ്റര്‍ ആയിരുന്നു ആ മാനസഗുരു. ശിഷ്യന് വേണ്ടി റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ബുക്ക് ചെയ്യുക മാത്രമല്ല വിശ്വസ്തനായ ആര് കെ ശേഖറിനെ ഓര്‍ക്കസ്ട്ര അസിസ്റ്റന്റ്റ് ആയി വിട്ടുകൊടുക്കുക കൂടി ചെയ്തു ദേവരാജന്‍. ''കറുത്ത പൗര്‍ണമി''യിലെ പാട്ടുകളില്‍ ഒന്നുപോലും ഉണ്ടായിരുന്നില്ല ശരാശരി എന്നു പറഞ്ഞു തള്ളിക്കളയാന്‍: മാനത്തിന് മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും (യേശുദാസ്/ജാനകി), ഹൃദയമുരുകി നീ കരയില്ലെങ്കില്‍, പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍ (യേശുദാസ്), ശിശുവിനെ പോലെ (യേശുദാസ്, ജാനകി), പൊന്നിലഞ്ഞി പൂത്തു (വസന്ത)... മലയാള സിനിമാ സംഗീതത്തില്‍ അര്ജുനയുഗം ആരംഭിച്ചിരുക്കുന്നതേയുള്ളൂ.

പിന്നെയും വന്നു കടുത്ത പരീക്ഷണങ്ങള്‍. അടുത്ത ചിത്രമായ ''റസ്റ്റ് ഹൗസി''ല്‍ അര്‍ജുനനെ സംഗീത സംവിധായകനായി നിര്‍ദേശിച്ചത് ശ്രീകുമാരന്‍ തമ്പിയാണ്. നിര്‍മ്മാതാവ് കെ പി കൊട്ടാരക്കരയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിയുക്ത സംഗീത സംവിധായകന് ദക്ഷിണാമൂര്‍ത്തി പിന്മാറിയ ഘട്ടത്തില്‍ തമ്പിയുടെ നിര്‍ദേശപ്രകാരം അര്ജുനന് ഗാനസൃഷ്ടിയുടെ ചുമതല ഏല്ക്കുന്നു. ആ സിനിമയിലും കണ്ടു ഹിറ്റുകളുടെ തേന്മഴ. പൗര്‍ണമി ചന്ദ്രിക തൊട്ടു വിളിച്ചു, മുത്തിലും മുത്തായ, പാടാത്ത വീണയും പാടും, യമുനേ യദുകുലരതിദേവനെവിടെ.... അവസാന ഗാനം സ്വരപ്പെടുത്താനിരിക്കെ സംവിധായകന് ശശികുമാര്‍ വന്ന് അര്ജുനനോട് പറയുന്നു: ''ഷൂട്ടിംഗിനായി ഞങ്ങള്‍ യേര്‍ക്കാട്ടേക്ക് തിരിക്കുകയാണ്. അവശേഷിച്ച യുഗ്മഗാനം ചിട്ടപ്പെടുത്തി വാസു സാറിനെ (ടി ഇ വാസുദേവന്‍) കേള്‍പ്പിച്ചാല്‍ മതി. വാസു സാര്‍ ഓക്കേ ചെയ്താല്‍ എനിക്കും ഓക്കേ.'' പറഞ്ഞപോലെ യമുനേ എന്ന ഗാനം കംപോസ് ചെയ്ത ശേഷം ടി ഇ വാസുദേവനെ ചെന്ന് കേള്‍പ്പിക്കുന്നു അര്ജുനന്. പാട്ട് കേട്ട് വാസു സാറിന്റെ മുഖം മങ്ങി. ഉടന്‍ വന്നു അദ്ദേഹത്തിന്റെ വിധി: ''പോരാ, ഉദ്ദേശിച്ചത്ര നന്നായില്ല. മാറ്റി ചെയ്യണം.'' സപ്തനാഡികളും തളര്‍ന്ന പോലെ തോന്നി അര്ജുനന്. ശ്രദ്ധാപൂര്‍വം സമയമെടുത്ത്, ഹൃദയം നല്കി ചെയ്ത ഈണം മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ല. അര്‍ജുനന്റെ ധര്‍മ്മസങ്കടം കണ്ട് മനമലിഞ്ഞാവണം, ഒടുവില്‍ വാസുദേവന്‍ പറഞ്ഞു: ''ഒരു കാര്യം ചെയ്യാം. ആര് കെ ശേഖര്‍ വന്നു നിങ്ങളുടെ ട്യൂണ്‍ കേള്‍ക്കട്ടെ. അയാള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ എനിക്കും സമ്മതം.'' ശേഖര്‍ വന്നു. പാട്ടു കേട്ടു. ഒരൊറ്റ തവണയേ കേള്‍ക്കേണ്ടി വന്നുള്ളൂ ശേഖറിന്. ഉറച്ച സ്വരത്തില്‍ അദ്ദേഹം പറഞ്ഞു: ''ഈ പാട്ടിന് ഇതിലും നല്ല ഒരു ട്യൂണ്‍ ഉണ്ടാവില്ല. ജനങ്ങള്‍ ഇഷ്ടപ്പെടും. ഉറപ്പ്.'' റസ്റ്റ് ഹൗസില്‍ ആ ഗാനം ഇടം നേടിയതും സൂപ്പര്‍ ഹിറ്റായതും പിന്നീടുള്ള കഥ.
''പുഷ്പാഞ്ജലി'' എന്ന ചിത്രത്തിലായിരുന്നു അടുത്ത കടമ്പ. അര്ജുനന് എന്ന പേരിനു പിന്നില്‍ മറഞ്ഞിരുന്ന് പാട്ടുണ്ടാക്കുന്നത് സാക്ഷാല്‍ ജി ദേവരാജനാണോ എന്ന് പടത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സംശയം. സിനിമാലോകത്ത് അത്തരം ദുഷ് പ്രചരണങ്ങള്‍ അന്നും കുറവായിരുന്നില്ല എന്നറിയുക. കേട്ടുകേള്‍വി സത്യമാണോ എന്നറിയാന്‍, അര്ജുനന് സംശയം തോന്നാത്ത വിധം ഒരു പരീക്ഷണം ഏര്‍പ്പാടാക്കുന്നു ''പുഷ്പാഞ്ജലി''യുടെ നിര്‍മ്മാതാവ്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്നിറങ്ങിയ അര്‍ജുനനെ പടത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ പിടിച്ച പിടിയാലേ കൊണ്ടുപോയത് നിര്‍മാതാവിന്റെ ഓഫീസിലേക്ക്. അവിടെ അടച്ചിട്ട ഒരു മുറിയില്‍ സംഗീത സംവിധായകനെ ഹാര്‍മോണിയവുമായി ഒറ്റയ്ക്കിരുത്തി പാട്ടുകള്‍ കംപോസ് ചെയ്യാന്‍ നിര്‍ദേശം നല്കുന്നു മാനേജര്‍. ''സംശയമൊന്നും കൂടാതെ പതിവുപോലെ ഞാന്‍ പാട്ടുണ്ടാക്കിത്തുടങ്ങി. ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം എന്ന പാട്ട് ബുദ്ധിമുട്ടി ചെയ്തു കേള്പ്പിച്ചുകൊടുത്തിട്ടും തൃപ്തി പോരാ. ഇനിയൊരു രാഗമാലികയാകട്ടെ എന്നായി അവര്‍. ഏതാനും നിമിഷങ്ങള്‍ക്കകം പ്രിയതമേ പ്രഭാതമേ എന്ന പാട്ട് കംപോസ് ചെയ്ത് കേള്‍പ്പിച്ചു. അപ്പോഴാണ് അവര്‍ക്ക് ഏതാണ്ടൊരു സമാധാനമായത്.'' തന്റെ കഴിവുകള്‍ മൗലികമാണോ എന്നറിയാനുള്ള തികച്ചും ക്രൂരമായ ഒരു പരീക്ഷണമാണ് ആ അടച്ചിട്ട മുറിക്കുള്ളില്‍ അരങ്ങേറിയത് എന്ന് അര്ജുനന് അറിഞ്ഞത് ഏറെക്കഴിഞ്ഞാണ്. ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു അദ്ദേഹത്തിന്.
തീര്‍ന്നില്ല. പിക്നിക്കിന്റെ (1975) ഗാനസൃഷ്ടിയില്‍ അതേ കഥ ആവര്‍ത്തിച്ചു. ''വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന പാട്ടിന് പത്തോ പതിനഞ്ചോ ഈണം മാറ്റി മാറ്റി ചെയ്തു കൊടുത്തിട്ടും സംവിധായകന് തൃപ്തിയില്ല. മനംമടുത്ത് ഒടുവില്‍ ഞാന്‍ ടാക്സിയില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നു. കാര്‍ ചെട്പെട്ട് ഓവര്‍ബ്രിഡ്ജിനു മുകളിലെത്തിയപ്പോള്‍ ഏതോ ഒരു ഉള്‍വിളി പോലെ മനസ്സില്‍ ഒരു ട്യൂണ്‍ തോന്നി എനിക്ക്. പിന്നെ സംശയിച്ചില്ല. നേരെ വീട്ടില്‍ ചെന്ന് അത് പാടി കാസറ്റിലാക്കി. അതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും നല്ല ഈണമാണ് അതെന്ന് എനിക്കുറപ്പായിരുന്നു. പിറ്റേന്ന് കാലത്ത് എം എസ് പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ ചെന്ന് ശശികുമാറിനെ ട്യൂണ്‍ കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ് ഒട്ടും ശരിയായില്ല എന്ന്. ഞാന്‍ കരഞ്ഞില്ലെന്നേയുള്ളു. അത്രയ്ക്കും സങ്കടം തോന്നി. ഇനിയൊരു ട്യൂണ്‍ ഉണ്ടാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ഹാര്‍മ്മോണിയം കെട്ടിപ്പൂട്ടിവെച്ചു ഇറങ്ങിപ്പോകാന്‍ തുടങ്ങിയതാണ് ഞാന്‍. ആ ഘട്ടത്തില്‍ ഒരു പരീക്ഷണത്തിന് കൂടി ശശികുമാര്‍ തയ്യാറാകുന്നു. അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ പാട്ടു പാടി കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഓക്കേ ചെയ്യാം എന്നായിരുന്നു ഉപാധി. എന്റെ ഭാഗ്യത്തിന് സ്ഥലത്തുണ്ടായിരുന്ന ജോലിക്കാര്‍ക്കെല്ലാം പാട്ട് ഇഷ്ടമായി. മനസ്സില്ലാമനസ്സോടെ ആണെങ്കിലും വാല്‍ക്കണ്ണെഴുതി എന്ന ഗാനം പിക്നിക്കില്‍ ഉള്‍പ്പെടുത്താന്‍ ശശികുമാര്‍ സമ്മതിക്കുന്നത് അങ്ങനെയാണ്.'' ഒരു ചോദ്യം ബാക്കി: നാലര പതിറ്റാണ്ടിനിപ്പുറം ആ സിനിമ നമ്മുടെ മനസ്സില്‍ അവശേഷിപ്പിക്കുന്നത് 'വാല്‍ക്കണ്ണെഴുതി'യും 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ'യും ഉള്‍പ്പെടെയുള്ള അതിലെ പാട്ടുകള്‍ മാത്രമല്ലേ ?
പിന്നിട്ട പരീക്ഷണങ്ങള്‍ അങ്ങനെ എത്രയെത്ര. സിനിമയിലെത്തി അര നൂറ്റാണ്ടു കഴിഞ്ഞ് , എണ്‍പത്തിരണ്ടാം വയസ്സില്‍ സംസ്ഥാന അവാര്‍ഡിലൂടെ അര്ജുനന് മാഷ് അംഗീകരിക്കപ്പെടുമ്പോള്‍ സത്യത്തില്‍ ആദരിക്കപ്പെടുന്നത് മലയാള സിനിമാ സംഗീതം തന്നെയാണ്. ''ജീവിതത്തില്‍ നിരവധി ദുഃഖങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ജനിച്ച നാള് തൊട്ട്. ആ വേദനകള്‍ മറക്കാന്‍ ഇടയ്ക്കൊക്കെ ഈശ്വരന് സന്തോഷവും തരും. ഇതും അതുപോലൊരു സന്തോഷമായിരിക്കാം...'' ആത്മഗതമെന്നോണം അര്ജുനന് മാഷ് പറയുന്നു. ശ്രീകുമാരന്‍ തമ്പി എഴുതി മാഷ് തന്നെ ചിട്ടപ്പെടുത്തിയ ആ പ്രശസ്ത ഗാനത്തിന്റെ വരികള്‍ ഓര്മ്മവന്നുവോ? ''സുഖമൊരു ബിന്ദു, ദുഖമൊരു ബിന്ദു, ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു, ജീവിതം അത് ജീവിതം...''
Content Highlights: MKArjunan Kerala State Film Awards2018 Malayalam Movie Music Film Songs