നിക്ക് കിട്ടിയ മികച്ച സംവിധായകനുള്ള അവാര്‍ഡിനേക്കാള്‍ സന്തോഷം തരുന്നത് പോളി വല്‍സന്റെ അവാര്‍ഡ് ലബ്ധിയാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. ഇ മ യൗ അടുത്തു തന്നെ തിയ്യറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും അതിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണെുന്നം ലിജോ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഇ മ യൗവിനാണ് ലിജോ ജോസ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. ഇ മ യൗവിലെയും ഒറ്റമുറി വീട്ടിലെയും അഭിനയത്തിനാണ് പോളി വല്‍സന്‍ മികച്ച സ്വഭാവനടിക്കുള്ള അവര്‍ഡ് നേടിയത്. പോളിയുടെ ആദ്യ അവാര്‍ഡാണിത്.

'കഴിഞ്ഞ പത്ത്, ഇരുപത് വര്‍ഷമായി അഭിനയരംഗത്തുള്ളയാളാണ് പോളിച്ചേച്ചി. കുറേ നല്ല വേഷങ്ങള്‍ ചെയ്‌തെങ്കിലും ഇതുവരെ ആരും അവരെ ശ്രദ്ധിച്ചിരുന്നില്ല. ഈ മാ യൗവയിലെ അവരുടെ അഭിനയം മാറ്റിനിര്‍ത്താന്‍ പറ്റില്ല. അതുകൊണ്ട് തന്നെയാവണം അവാര്‍ഡ് നല്‍കിയത്. അതുപോലെ സൗണ്ട് ഡിസൈനിങ്ങിന് രംഗനാഥ് രവിക്ക് അവാര്‍ഡ് ലഭിച്ചതിലും അതിയായ സന്തോഷമുണ്ട്. എന്റെ ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്ത് രംഗയുടെയും അരങ്ങേറ്റം. ശബ്ദത്തിന് ഒരുപാട് പ്രാധാന്യമുള്ള ചിത്രമായിരുന്നു ഈ മാ യൗ. രംഗനാഥിനെ അവാര്‍ഡിന് പരിഗണിക്കാനുള്ള കാരണവും അതാവണം. കഠിനാധ്വാനത്തിനും ജോലിയിലെ സത്യസന്ധതയ്ക്കും കിട്ടിയ അംഗീകാരം കൂടിയാണ് ഈ അവാര്‍ഡ്.

സിനിമകളെ വാണിജ്യം, സമാന്തരം എന്നു വേര്‍തിരിക്കുന്നതില്‍ വിശ്വാസമില്ല. ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്നു വേണമെങ്കില്‍ പറയാം. എന്തു കൊണ്ട് സിനിമകളെ ആളുകള്‍ കാണുന്ന സിനിമ, നല്ല സിനിമ എന്നു കാറ്റഗറൈസ് ചെയ്യുന്നു എന്നറിയില്ല. നല്ല സിനിമ എടുക്കണം എന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

പ്രതീക്ഷയോടു കൂടി തന്നെയാണ് ഈ മാ യൗ ചെയ്തത്. നൂറ് ശതമാനവും സമര്‍പ്പിച്ചാണ് എല്ലാ സിനിമകളും ചെയ്യുന്നത്. ബാക്കിയെല്ലാം അതിന്റെ റിസള്‍ട്ടില്‍ ഉണ്ടാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്-ലിജോ പറഞ്ഞു.

Content Highlights: LijoJosePellissery PaulyWilson EeMaYau Movie KeralaStateFilmAward2018