മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതിന്റെ സന്തോഷം പങ്കുവയ്ച്ച് ഇന്ദ്രന്‍സ്. പുരസ്‌കാരം ലഭിക്കാന്‍ താമസിച്ചുപോയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഇന്ദ്രന്‍സ്. 

അവാർഡ് കിട്ടാൻ താമസിച്ചു പോയി എന്ന തോന്നലൊന്നും എനിക്കില്ല. എല്ലാ കാലത്തും എനിക്ക് സിനിമയില്‍ കൂട്ടുകാരുണ്ട്. അവര്‍ എനിക്ക് വേഷങ്ങള്‍ തരാറുണ്ട്. അത് ഞാന്‍ ചെയ്യും.

ആളൊരുക്കം എല്ലാവരെയും സ്പര്‍ശിക്കുന്ന സിനിമയാണ്. അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനോടും ഞാന്‍ നന്ദി പറയുന്നു. അവരുടെ എല്ലാവരുടെയും പിന്തുണയുള്ളത് കൊണ്ട് എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചു. 

ചിത്രത്തിനായി ഓട്ടന്‍ തുള്ളല്‍ കലാകാരന്‍മാര്‍ വന്ന് കുറിച്ച് ചുവടുകളൊക്കെ പറഞ്ഞു തന്നു. പക്ഷേ ഞാന്‍ അത് അത്ര ഭംഗിയായി ചെയ്തിട്ടില്ലാ എന്നാണ് തോന്നുന്നത്. നമ്മൾ വിചാരിക്കുന്ന പോലെ കൈയും കാലമൊന്നും വരില്ലല്ലോ.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ തുന്നല്‍ക്കാരനായി വന്നതാണ് ഞാന്‍. ഒരുപാട് അഭിനേതാക്കള്‍ക്ക് വേഷങ്ങളൊരുക്കി. എന്റെ കൂട്ടുകാര്‍ എനിക്ക് സിനിമയില്‍ ചെറിയ വേഷങ്ങള്‍ തന്നു. ഞാന്‍ കോമഡി ചെയ്യുന്നതാണ് പലര്‍ക്കും ഇഷ്ടം. എല്ലാവരുടെയും പിന്തുണ ഇനിയും വേണം- ഇന്ദന്‍സ് പറഞ്ഞു.

Content Highlights: indrans win kerala state film award indrans best actor