ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ ആയിരുന്നു ശ്രീദേവി. താരപ്രഭയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുന്നതിലും ശ്രീദേവി ശ്രദ്ധ കാണിച്ചിരുന്നു. പ്രത്യേകിച്ചും മക്കളുടെ കാര്യത്തില്‍. ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കിയും എന്നാല്‍ വേണ്ട കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വച്ചും പൊതുവേദിയില്‍ വച്ച് വരെ ഉപദേശങ്ങള്‍ നല്‍കിയും രണ്ടു പെണ്മക്കളുടെ സ്നേഹനിധിയായ അമ്മയായി മാറി ഇന്ത്യന്‍ സിനിമയുടെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍.

മൂത്ത മകള്‍ ജാന്‍വിയുടെ സിനിമ പ്രവേശനം കാണാതെയായായിരുന്നു ശ്രീദേവി ഈ ലോകത്തോട് വിട പറഞ്ഞത്. മകള്‍ ജാന്‍വി നായികയാകുന്ന ധഡക്കിന്റെ അവസാന ഘട്ട ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. സിനിമയ്ക്കായി ബൈക്ക് ഓടിക്കാന്‍ പഠിച്ചിരുന്നു ജാന്‍വി. താന്‍ നന്നായി ബൈക്ക് ഓടിക്കുമെന്ന് അമ്മയെ കാണിക്കാന്‍  മുംബൈയിലെ തങ്ങളുടെ ആഢംമ്പര വസതിക്ക് പുറത്ത് ശ്രീദേവിയയെയും പുറകിലിരുത്തി ഒരു റൈഡ് പോയി ജാന്‍വി. ശ്രീദേവിയുടെ മരണത്തിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്. 

"വളരെ നന്നായി താന്‍ ബൈക്ക് ഓടിക്കുമെന്ന് ജാന്‍വിയ്ക്ക് അമ്മയെ കാണിക്കണമായിരുന്നു. അതുകൊണ്ടു ശ്രീദേവിയെ പിന്നിലിരുത്തി ജാന്‍വി ബൈക്ക് ഓടിച്ചു. ദുബായില്‍ മോഹിതിന്റെ വിവാഹത്തിന് പോകുന്നതിന് ദിവസങ്ങള്‍ക്ക്  മുന്‍പായിരുന്നു ഇത്." ശ്രീദേവിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദി റിമേയ്ക്ക് ആണ് ധഡക്ക്. നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷാന്‍ ഖട്ടര്‍ ആണ് നായകനാകുന്നത്. ജൂലൈ ആറിനായിരുന്നു ചിത്രം റിലീസിനായി തീരുമാനിച്ചിരുന്നത് എന്നാല്‍ ശ്രീദേവിയുടെ നിര്യാണത്തെ തുടര്‍ന്ന് ജുലൈ ഇരുപതിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തില്‍ ശ്രീദേവിയ്ക്കായി പ്രത്യേക പരാമര്‍ശവും പ്രണാമവും ഉണ്ടായിരിക്കും. 

ജാന്‍വി സിനിമയിലെത്തുമ്പോള്‍ ശ്രീദേവിയുമായി താരതമ്യം ഉണ്ടാവില്ലേ എന്ന ചോദ്യത്തിന് ശ്രീദേവി ഒരിക്കല്‍ മാധ്യമങ്ങളോട് മറുപടി പറയുകയുണ്ടായി.

"തീര്‍ച്ചയായും  അത്തരത്തില്‍ ഒരു താരതമ്യവും അതേ ചൊല്ലി പ്രതീക്ഷകളും ഉണ്ടാകും. അതില്‍ നിന്നും ഓടിയൊളിക്കാനാകില്ല. ജാന്‍വി ആ സമ്മര്‍ദ്ദം നേരിട്ടേ പറ്റൂ. ബോളിവുഡിലേക്ക് വരണമെന്ന് അവള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍  അവള്‍ ഇതെല്ലം നേരിട്ടേ പറ്റൂ. അവള്‍ അതിന് തയ്യാറെടുത്ത് കഴിഞ്ഞു. ഞാനും അതേ. ചില സമയത്ത് അതെന്ന ഭയപ്പെടുത്തുന്നുണ്ട്‌. പല ചിന്തകളും ഉള്ളില്‍ കടന്നു വരും അവള്‍ എന്തിനിത് ചെയ്യുന്നു എന്ന് വരെ തോന്നി പോകും .

പക്ഷെ അതാണവളുടെ സ്വപ്‌നമെന്ന് മനസ്സിലാക്കിയാല്‍ ഒരമ്മയെന്ന നിലയില്‍ എന്റെ അമ്മ എന്നെ പിന്തുണച്ച പോലെ അവളെ ഞാനും പിന്തുണയ്ക്കും. ഞങ്ങളുടേത് ഒരു സിനിമാ കുടുംബം ആയിരുന്നില്ല. പക്ഷെ ഞാന്‍ സിനിമയില്‍ എത്തിയപ്പോള്‍  അമ്മ എന്നെ പിന്തുണച്ചു. എന്റെ കൂടെ തന്നെ നിന്നു. എനിക്ക് വേണ്ടി പോരാടി. എന്റെ സന്തോഷത്തിന് വേണ്ടി നിലകൊണ്ടു. അത് പോലെ ഞാനും ജാന്‍വിയോടൊപ്പം ഉണ്ടാകും ."ശ്രീദേവി വ്യക്തമാക്കിയിരുന്നു  

Content Highlights : sridevi death, sridevi daughter jhanvi took her for a motorbike ride, jhanvi kapoor dhadak, actress sridevi died of accidental drowning