ദുബായ്: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പോലീസ് അന്വേഷണം നടത്തും.

ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് ശ്രീദേവി കുടുംബസമേതം യു.എ.ഇ.യിലെത്തിയത്. വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം.

ചടങ്ങുകള്‍ക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലാണ് താമസിച്ചത്.ഇവിടെ വെച്ചാണ് അവര്‍ മരിച്ചത്. രക്തസാമ്പിളുകള്‍ യു.എ.ഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട്  പരിശോധിപ്പിക്കാനും ആലോചനയുണ്ട്.

മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലം തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പോലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു. ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പോലീസിന്റെ ശ്രമം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്നും മൃതദേഹം മുംബൈയിലേക്ക് കൊണ്ടു പോകാനാകുമോ എന്ന് സംശയമാണ്.