മുംബൈ: നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് മകള്‍ ജാന്‍വി കപൂറിന്റെ ആദ്യചിത്രം പുറത്തിറങ്ങുന്നത് വൈകാന്‍ സാധ്യത. കഴിഞ്ഞ വര്‍ഷം ചിത്രീകരണമാരംഭിച്ച 'ധടക്' എന്ന ചിത്രം അവസാന ഘട്ടത്തിലെത്തിയിരിക്കെയാണ് ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ട് അപകട മരണം. 

തത്കാലം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കയാണ്. ഇനി എപ്പോള്‍ തുടങ്ങുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലും. ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്. 

മകളെ പ്രശസ്തബാനറിന്റെ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ കാത്തിരിക്കുകയായിരുന്നു ശ്രീദേവി. അതിനുവേണ്ടി പല ഓഫറുകളും വേണ്ടെന്നു വെച്ചിരുന്നു. 2016-ല്‍ ഇറങ്ങിയ മറാഠി ചിത്രം 'സൈരാത്തി'ന്റെ റീമേക്കാണ് ഇഷാന്‍ ഖട്ടര്‍ നായകനാവുന്ന 'ധഡക്'. സിനിമയില്‍ മുഖം കാണിക്കുന്നതിന് മുമ്പ് തന്നെ ഇരുവരേയുംപറ്റി പ്രണയകഥകളും ഇറങ്ങിയിരുന്നു. 

ക്യാമറയ്ക്ക് മുന്നില്‍ അമ്മയെപ്പോലെ തന്നെ ജാന്‍വിയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ഷൂട്ടിങ് സമയത്തുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരനാണ് ഇഷാന്‍ ഖട്ടര്‍. ചിത്രം ജൂലായ് 20-ന് പുറത്തിറക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. 

Content Highlights: sridevi daughter jhanvi first film dhadak