നിരവധി ആക്ഷേപങ്ങളെയും അപഹാസങ്ങളെയും അതിജീവിച്ച പ്രണയമായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേതും. വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ട ഇവരുടെ ദാമ്പത്യത്തെ തെല്ലസൂയയോടെയാണ് ലോകം കണ്ടത്. 

ബോണി കപൂര്‍ നിര്‍മിച്ച 'മോം' ആണ് ശ്രീദേവി അവസാനമായി മുഴുനീള കഥാപാത്രമായെത്തിയ സിനിമ. രവി ഉദ്യാവര്‍ സംവിധാനം നിര്‍വഹിച്ച മോം കഴിഞ്ഞ ജൂലൈയിലാണ് റിലീസ് ചെയ്തത്.

'മോം' ശ്രീദേവിയ്ക്ക് താന്‍ നല്‍കുന്ന സമ്മാനമാണെന്നാണ് ബോണി കപൂര്‍ അന്ന് പറഞ്ഞത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു പ്രമുഖ  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  ബോണി കപൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതെന്തുകൊണ്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി.

"ഞാന്‍ ഷാജഹാനായിരുന്നെങ്കില്‍ ശ്രീദേവിയ്ക്കായി ഞാന്‍ താജ് മഹല്‍ പണിതേനെ. ഞാന്‍ ഒരു ചിത്രകാരനായിരുന്നുവെങ്കില്‍ അവള്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ വരച്ചു നല്‍കിയേനെ . എന്നാല്‍ ഞാന്‍ സിനിമയാണ് ചെയ്യുന്നത്. അതിനാല്‍ അവള്‍ക്കായി നല്ല സിനിമകള്‍ ഒരുക്കുക എന്നതല്ലാതെ മറ്റൊരു സമ്മാനം എനിക്ക് നല്‍കാനാവില്ല." ബോണി കപൂര്‍ പറഞ്ഞു 

സിനിമയില്‍ അമ്പതു വര്‍ഷം പിന്നിട്ട ശ്രീദേവിയുടെ മുന്നൂറാമത്തെ ചിത്രമായിരുന്നു 'മോം'. അക്ഷയ് ഖന്ന നവാസുദ്ധീന്‍ സിദ്ദിഖി തുടങ്ങിയവര്‍ അഭിനയിച്ച 'മോം' ശ്രീദേവിക്ക് നിരവധി അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു.

ഷാരൂഖ് ഖാന്‍ നായകനാകുന്ന 'സീറോ' ആണ് ശ്രീദേവി അവസാനമായി വേഷമിട്ട ചിത്രം. ഈ വര്‍ഷം അവസാനം റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തില്‍ ശ്രീദേവി ആയിത്തന്നെയാണ് അവര്‍ വേഷമിട്ടത്. 

Content Highlights : sreedevi death, boney kapoor and sreedevi family, boney kapoor says mom is a gift for sridevi, actress sridevi died