സിനിമയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാകുന്ന ചിലസന്ദര്‍ഭങ്ങളുണ്ട്. ശ്രീദേവി എന്ന വലിയ അഭിനേത്രിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ അങ്ങനെയൊരു അവസ്ഥയിലേക്കാണ് വീണുപോയത്. ദുബായിലെ രാത്രിയില്‍ അവരുടെ ഹൃദയം നിലച്ചുപോയി എന്നത് ഒരു സിനിമാരംഗമായിരിക്കും എന്ന് സ്വയംസമാധാനിക്കുകയായിരുന്നു ആദ്യം. നിറങ്ങള്‍ക്കിടയില്‍നിന്ന് പൊടുന്നനേ അപ്രത്യക്ഷയായിപ്പോകുന്ന ഒരു നായിക.

ശ്രീദേവിയെ നേരില്‍ക്കണ്ടിട്ടില്ല. ഫോണില്‍പ്പോലും സംസാരിച്ചിട്ടില്ല. അവരെ ആരാധിച്ച അനേകലക്ഷങ്ങളില്‍ ഒരാളായി, സ്‌ക്രീനില്‍ കണ്ടുമാത്രമാണ് പരിചയം. പക്ഷേ, അടുപ്പമുള്ള ഒരാള്‍ എന്ന തോന്നലായിരുന്നു എന്നും. അത് ഒരുപക്ഷേ, കഥാപാത്രങ്ങളിലേക്ക് ശ്രീദേവി ചാലിച്ചുചേര്‍ത്ത അനേകം ഭാവങ്ങള്‍കൊണ്ടായിരിക്കാം. യഥാര്‍ഥജീവിതത്തിലും ശ്രീദേവി ഇങ്ങനെത്തന്നെയായിരിക്കുമെന്ന് സങ്കല്പിക്കാനും വിശ്വസിക്കാനുമായിരുന്നു എന്നും ആഗ്രഹം. 

 ആകര്‍ഷണീയത എന്ന വാക്കിന്റെ ആള്‍രൂപമായിരുന്നു ശ്രീദേവി. തീക്ഷ്ണസൗന്ദര്യത്തിന്റെ ഇന്ത്യന്‍പ്രതീകമായിട്ടായിരുന്നു ശ്രീദേവി ആഘോഷിക്കപ്പെട്ടത്. പക്ഷേ, ആ അഴക് ഇരട്ടിച്ചത് അവരിലെ അനുപമമായ അഭിനയശൈലി കൂടി ചേര്‍ന്നപ്പോഴാണ്. ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന കാന്തികപ്രഭാവം അത്തരമൊരു കൂടിച്ചേരലിന്റെ പ്രതിഫലനമായിരുന്നു. കഥാപാത്രം എന്തുമാകട്ടെ, അതില്‍ തന്റേത് മാത്രമായ ചിലത് എന്നും അവശേഷിപ്പിക്കാന്‍ ശ്രീദേവിക്കായി. അതുകൊണ്ടാണ് ഇന്നും 'നാഗിന'യും 'ഭാഗ്യലക്ഷ്മി'യും 'ചാന്ദ്നി'യുമെല്ലാം നമ്മുടെ ഓര്‍മകളെ ആഞ്ഞുകൊത്തിയുണര്‍ത്തുന്നതും കണ്ണുകളെ നിറയിക്കുന്നതും.

 നായകന്മാര്‍ നിറഞ്ഞുനിന്ന ബോളിവുഡ്പോലൊരു വിശാലലോകത്ത് പ്രതിഭകൊണ്ട് അവരോളംവളരാന്‍ ശ്രീദേവിക്കായി എന്നത് നിസ്സാരമല്ല. കാലം തന്നിലെ അഭിനയകലയുടെ സൗന്ദര്യാംശങ്ങളെ ഒരിക്കലും കെടുത്തിക്കളഞ്ഞിട്ടില്ലെന്ന് കൂടി തെളിയിക്കാന്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രീദേവിക്ക് സാധിച്ചു. അഭിനയത്തിലെ പിന്‍ഗാമികള്‍ക്കായി ശ്രീദേവി ബാക്കിവെച്ചുപോകുന്നതും ഇതേ സൂക്ഷ്മഭാവങ്ങളുടെ സര്‍വകലാശാല തന്നെ. 

സല്ലാപം എന്ന ചിത്രത്തിന്റെ സമയത്തുതന്നെയായിരുന്നു ശ്രീദേവി അഭിനയിച്ച ദേവരാഗത്തിന്റെ ഷൂട്ടിങ്ങും. അന്ന് സിനിമാപ്രസിദ്ധീകരണങ്ങളില്‍ രണ്ട് സിനിമകളുടെയും വാര്‍ത്തകള്‍ ഒരുമിച്ചാണ് വന്നിരുന്നത്. വലിയൊരു അഭിമാനമായാണ് അത് അനുഭവപ്പെട്ടത്. സ്വന്തം ഫോട്ടോ അച്ചടിച്ചുവന്നത് കാണുന്നതിനെക്കാള്‍ ആവേശം അതിനടുത്ത പേജിലായുള്ള ശ്രീദേവിയുടെ ചിത്രം കാണുന്നതിലായിരുന്നു. ഇപ്പോഴും അതൊരു സിനിമാരംഗമാണെന്നേ കരുതുന്നുള്ളൂ. ഹൃദയം നിലച്ചുപോയെങ്കിലും അസ്തമിക്കാത്ത നിലാവായി ശ്രീദേവിയുണ്ട് എന്നും നമുക്കൊപ്പം.

Content Highlights: Manju Warrier On Actress Sridevi