മുംബൈ: ശ്രീദേവിയുടെ അപ്രതീക്ഷിത വേര്‍പാട് ഉലച്ചുകളഞ്ഞ ബോണി കപൂറിനും കുടുംബത്തിനും താങ്ങായത് അദ്ദേഹത്തിന്റെ മകന്‍ അര്‍ജുന്‍ കപൂറായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ എല്ലാം മറന്ന് ഓടിവന്നതും ബോണി കപൂറിന്റെ ആദ്യഭാര്യ  മോന കപൂറിലുണ്ടായ അര്‍ജുന്‍ കപൂറും അന്‍ഷുലയുമായിരുന്നു. 

ശ്രീദേവി മരിച്ച വിവരം ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് പുറത്ത് വരുന്നത്. ദുബായില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടാന്‍ വൈകുകയും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തതോടെ ബോണി കപൂറും കുടുംബവും ആകെ തകര്‍ന്നു പോയി. ഇംഗ്‌ളണ്ടില്‍ നമസ്‌തെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന അര്‍ജുന്‍ കപൂര്‍ അതെല്ലാം മാറ്റിവച്ച് ദുബായിലേക്ക് പറന്നെത്തുകയായിരുന്നു. അച്ഛനുമായുള്ള അകല്‍ച്ചയൊക്കെ മറന്നായിരുന്നു അദ്ദേഹം അവിടെ എത്തി മറ്റു കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
 
അമ്മയുടെ മരണത്തില്‍ തളര്‍ന്നു പോയ ജാന്‍വിക്കും ഖുഷിക്കും ധൈര്യം പകര്‍ന്ന് കൂട്ടിരുന്നത് അര്‍ജുന്‍ കപൂറിന്റെ സഹോദരിയായ അന്‍ഷുലയായിരുന്നു.

ബോണി വിട്ടുപോയ ശേഷം അര്‍ജുനെയും സഹോദരി അന്‍ഷുലയെയും വളര്‍ത്തിയത് മോനയായിരുന്നു. ശ്രീദേവിയുമായുള്ള ബോണിയുടെ വിവാഹം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. മോനയെ മാത്രമാണ് അവര്‍ മരുമകളായി അംഗീകരിച്ചത്.