ഗുരുവായൂരുകാരനായ ഉണ്ണി മേനോന്‍ എന്ന ഗായകനെ സിനിമാപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത് ശ്രീകുമാരന്‍ തമ്പിയാണ്. അത് 1981ല്‍ മുന്നേറ്റം എന്ന ചിത്രത്തിലെ 'വളകിലുക്കം ഒരു വളകിലുക്കം' എന്ന പാട്ടിലൂടെയാണ്. വാണി ജയറാമും ഉണ്ണി മേനോനും ചേര്‍ന്നാണ് ആലാപനം. ''പുതുമുഖ ഗായകന്‍ ഉണ്ണി മേനോനെ പരിചയപ്പെടുത്തുന്നു'' എന്നെഴുതിക്കാണിച്ചാണ് സിനിമ തുടങ്ങുന്നതു തന്നെ. എന്നാല്‍ അനേകം വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ ഗായകന്‍ ഈ വിവരം അറിയുന്നത്. അതും ആ സിനിമയില്‍ എന്റെ പേരെഴുതിക്കണ്ടുവല്ലോ എന്ന് നാട്ടിലെ ആരോ ഒരാള്‍ പറഞ്ഞ്. വിസ്മയം തോന്നിയ ആ സന്ദര്‍ഭത്തെക്കുറിച്ച് ഗായകന്‍ ഉണ്ണി മേനോന്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെ. 

'ആദ്യം ആലപിച്ച ഗാനമേതെന്ന് എവിടെയും എഴുതി സൂക്ഷിച്ചിട്ടില്ല. അന്നൊന്നും പതിവില്ലാത്തതാണ്. സ്ഥിരം ട്രാക്ക് പാടുന്ന സമയമായിരുന്നു അത്. 1981ല്‍ തന്നെയാണ് കടത്ത് എന്ന സിനിമയിലും പാടുന്നത്. അതിനാല്‍ ആദ്യം പാടിയതേത് എന്ന് ഇപ്പോഴും അറിയില്ല. മുന്നേറ്റം ഞാന്‍ അന്നും ഇന്നും കണ്ടിട്ടുമില്ല. 

ട്രാക്ക് പാടിക്കൊടുത്ത പാട്ട് ശരിക്കും സിനിമയിലെടുത്തതു പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ഗായകന്‍ പറയുന്നു. 'ആ സിനിമയ്ക്കുവേണ്ടി അന്ന് ട്രാക്ക് പാടാന്‍ ആണ് ശ്യാം സാര്‍ എന്നെ വിളിച്ചത്. ശബ്ദം ഇഷ്ടപ്പെട്ട് എന്റെ ശബ്ദത്തില്‍ തന്നെ പാട്ട് പുറത്തിറക്കുകയായിരുന്നു. അതിന് തമ്പിസാറിനോട് തീര്‍ത്താല്‍ തീരാത്ത ഒരു കടപ്പാട് എനിക്കുണ്ട്. 

മുമ്പെ അറിഞ്ഞിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. എന്റെ ആദ്യഗാനങ്ങളില്‍ പലതും ഞാന്‍ ട്രാക്ക് പാടിക്കൊടുത്തവയാണ്. പിന്നീട് തമ്പി സാറിന്റെ രചനയില്‍ ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, അക്കരെ അക്കരെ അക്കരെ തുടങ്ങിയ സിനിമകളിലും എനിക്ക് പാടാനുള്ള അവസരം ലഭിച്ചു. 

മമ്മൂട്ടി സിനിമയില്‍ ആദ്യമായി പാടി അഭിനയിച്ച പാട്ടാണ് 'വളകിലുക്കം ഒരു വളകിലുക്കം'. അത് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്. അഞ്ചുകൊല്ലം മുമ്പ് തമ്പി സാറിനെ നേരില്‍ കാണാന്‍ ചെന്നിരുന്നു. അപ്പോള്‍ അതേക്കുറിച്ച് അദ്ദേഹം ഓര്‍ത്തെടുക്കുകയായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് മമ്മൂട്ടിയെക്കൊണ്ട് ആ പാട്ടു പാടിച്ചത്. താളത്തിനൊത്തു പാടാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു അദ്ദേഹത്തിന്. ''എന്നെക്കൊണ്ടു പാടിപ്പിക്കരുതേ'' എന്ന് അദ്ദേഹം കേണപേക്ഷിച്ചിട്ടുണ്ടെന്നും അതൊന്നും പറഞ്ഞാല്‍ പറ്റില്ല, പാടി അഭിനയിക്കണം എന്നു പറഞ്ഞ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു.' 

ശ്രീകുമാരന്‍ തമ്പിയുടെ റൊമാന്റിക് ഗാനങ്ങളുടെ ആരാധകന്‍ കൂടിയാണ് താനെന്നും ഉണ്ണി മേനോന്‍ പറയുന്നു. ആ ഇഷ്ടം കൊണ്ടു തന്നെ അദ്ദേഹത്തിന്റെ പല പാട്ടുകളും പാടാന്‍ അവസരമുണ്ടാക്കി നിരവധി വേദികളില്‍ പാടി. കഴിഞ്ഞ ദിവസം പാലക്കാട്ടു വച്ചു നടന്ന ഒരു സുഹൃദ്‌സംഗമവേദിയിലും ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളാണ് ആലപിച്ചത്. 

'പൊന്‍വെയില്‍ മണിക്കച്ച, മനോഹരി നിന്‍, പാടാത്ത വീണയും,ഇലഞ്ഞിപ്പൂമണം, ചന്ദ്രക്കലമാനത്ത്, ചന്ദ്രബിംബം, കസ്തൂരി മണക്കുന്നല്ലോ, വാല്‍ക്കണ്ണെഴുതി തുടങ്ങിയവ.. അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ 'പൊന്‍വെയില്‍മണിക്കച്ച'യാണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനം. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങുകളിലേക്ക് എന്നെ വിളിച്ചപ്പോഴൊക്കെ ഞാന്‍ എത്തിയിട്ടുണ്ട്. അതൊന്നും മിസ്സാക്കിയിട്ടില്ല. 

Sreekumaran Thampi
ശ്രീകുമാരന്‍ തമ്പി

ഒരു ഹിറ്റ് എഴുതാം, രണ്ടു ഹിറ്റെഴുതാം. മൂന്ന് ഹിറ്റുകളെഴുതാം. തുടരെ തുടരെ ഹിറ്റുകള്‍ എഴുതുക എന്നത് ഒരു അസാമാന്യ പ്രതിഭയ്ക്കു മാത്രമേ കഴിയൂ. അന്നൊന്നും അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെന്നും തോന്നിയിട്ടുണ്ട്. റേഡിയോയിലൂടെയും ഒക്കെ അദ്ദേഹത്തിന്റെ ശബ്ദം നമ്മള്‍ എന്നും കേട്ടിരുന്നു, ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. സാറ്റ്‌ലൈറ്റ് ചാനലുകളുടെ വരവോടെയാണ് അദ്ദേഹത്തെ ആളുകള്‍ നിരന്തരം കാണുകയും ശ്രദ്ധിക്കുകയും ചെയ്തു തുടങ്ങിയത്. 

അമ്പതോളം സിനിമകളില്‍ പാടിയതിനു ശേഷമാണ് എന്റെ പേരൊക്കെ പുറത്തുവന്നിട്ടുള്ളത്. സംഗീതത്തിന്റെ ഓരോ പടി ചവിട്ടുമ്പോഴും അതിന്റെ സ്‌ട്രെയ്ന്‍ അറിഞ്ഞു തന്നെയാണ് വന്നിട്ടുള്ളത്. 

സിനിമയിലെ ഒരു സന്ദര്‍ഭത്തിനനുസരിച്ച് പാട്ടെഴുതുകയെന്നത് അത്ര എളുപ്പമല്ല. ഒരു അസാമാന്യ പ്രതിഭയ്ക്ക് മാത്രമേ അതിനു കഴിയൂ. ആഴമുള്ള വായനയും വിവരവും അദ്ദേഹത്തിനുണ്ട്. അതു തന്നെയാണ് അദ്ദേഹത്തിന്റെ വരികളില്‍ പ്രതിബിംബിക്കുന്നത്. മുമ്പൊന്നും അദ്ദേഹം അര്‍ഹിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നില്ല എന്നു തോന്നിയിട്ടുണ്ട്. എന്നാല്‍ വൈകിയാണെങ്കിലും തമ്പി സാറിന് ഇന്നതെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നു. ചിലര്‍ക്കങ്ങനെയാണ്. പ്രതീക്ഷിക്കുമ്പോഴല്ല, വളരെ വൈകിയാണ് അംഗീകാരങ്ങള്‍ ലഭിക്കുക. ഇനിയും ഇനിയും ഒരുപാട് ഹിറ്റുകള്‍ അദ്ദേഹം നമുക്ക് സമ്മാനിക്കട്ടെ.. ഇനിയും എഴുതാനുള്ള ആരോഗ്യവും കരുത്തും ഈശ്വരന്‍ അദ്ദേഹത്തിനു നല്‍കട്ടെ..'

Content Highlights : unni menon about sreekumaran thampi on his eightieth birthday