ശ്രീകുമാരന്‍ തമ്പിയുടെ ദാര്‍ശനികഗാനങ്ങളെടുത്താല്‍ അതില്‍ മുന്‍പന്തിയിലുണ്ടാവും 'വീണപൂവി'ലെ നഷ്ടസ്വര്‍ഗങ്ങളേ.. വിദ്യാധരന്‍ മാസ്റ്ററുമൊന്നിച്ച് അദ്ദേഹം ചെയ്ത ഒരേയൊരു സിനിമാഗാനവുമായിരുന്നു ഇത്. 1983-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഈ ഗാനം പിറന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ശ്രീകുമാരന്‍ തമ്പി എണ്‍പതിന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ ആ കഥ ഇന്നലെ കഴിഞ്ഞപോലെ ഓര്‍ത്തെടുക്കുകയാണ് വിദ്യാധരന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

''തമ്പിസാറിന്റെ പാട്ടുകള്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും നേരിട്ട് പരിചയമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് വീണപൂവിലൂടെ അദ്ദേഹവുമൊന്നിച്ച് ജോലി ചെയ്യാന്‍ സാധിക്കുന്നത്. ചിത്രത്തിലെ നാലുപാട്ടുകളില്‍ ഒരെണ്ണം തമ്പിസാറിനെക്കൊണ്ട് എഴുതിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ബാക്കി മൂന്നുപാട്ടുകളെഴുതിയത് മുല്ലനേഴിയായിരുന്നു. അദ്ദേഹം സമ്മതിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു.

നഷ്ടബോധത്തേ സൂചിപ്പിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ടായിരുന്നു. അവിടേക്കാവശ്യമായ ഗാനമായിരുന്നു തമ്പിസാറിനേക്കൊണ്ട് എഴുതിക്കാന്‍ ഉദ്ദേശിച്ചത്. നിര്‍മാതാവും ശ്രീകുമാരന്‍ തമ്പിയെ പരിചയമുള്ള ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും ഒരുമിച്ച് മദ്രാസില്‍ പോയാണ് അദ്ദേഹത്തെ കണ്ടത്. പോകുന്നതിന് മുമ്പ് കഥയും സിറ്റ്വേഷനും പറഞ്ഞുമനസിലാക്കിയിരുന്നു. ഈ സമയത്ത് ഞാനും മുല്ലനേഴിയും ചേര്‍ന്ന് തൃശ്ശൂരിലുള്ള ഹോട്ടലില്‍ ഇരുന്ന് മറ്റു പാട്ടുകള്‍ ചിട്ടപ്പെടുത്തുകയായിരുന്നു. ദാസേട്ടന്‍ നേരെ വന്ന് പാടുകയായിരുന്നു. ഈ പാട്ട് ആദ്യമെടുക്കുകയും ബാക്കി പിന്നെ ചെയ്യാമെന്നുമായിരുന്നു നിശ്ചയിച്ചിരുന്നത്.

വരികള്‍ എഴുതിയ ശേഷം ഈണമിടുകയായിരുന്നു. അന്നുച്ചയ്ക്ക് ഒന്നര മണി കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വന്നു. ശ്രീകുമാരന്‍ തമ്പി സാറായിരുന്നു മറുതലയ്ക്കല്‍. പാട്ടിന്റെ നാലു വരി ഇപ്പോള്‍ പറയാം. ബാക്കി നാളെ രാവിലത്തെ തിരുവനന്തപുരം-മദ്രാസ് മെയിലില്‍ കൊടുത്തുവിടാം. വരികള്‍ കേട്ടതോടെ ഗംഭീരമായിട്ടുണ്ടെന്ന് ഞാന്‍ മറുപടി കൊടുത്തു. പിറ്റേ ദിവസം പുലര്‍ച്ചെ സ്യൂട്ട്‌കെയ്‌സുമായി ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയാണ്, വരികളും കാത്ത്. അതേ ട്രെയിനില്‍ത്തന്നെ എനിക്ക് തിരുവനന്തപുരത്ത് പോകണം. നല്ല ടെന്‍ഷനുണ്ടായിരുന്നു. നാലര, അഞ്ചുമണിയോടെ തീവണ്ടിയെത്തി. കവറിലിട്ട് കിട്ടിയ വരികള്‍ കൈപ്പറ്റി വായിച്ചതോടെ ഇരിക്കപ്പൊറുതിയില്ലാതെയായി. കിടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. 

പത്തരമണിയ്ക്ക് തിരുവനന്തപുരത്തെത്തി. ആ സമയം കൊണ്ട് ട്രെയിനില്‍ ഇരുന്ന് തന്നെ പാട്ടിന് രൂപം കൊടുത്തു. നേരെ തരംഗിണി സ്റ്റുഡിയോയിലേക്ക്. സംഗീത സംവിധായകന്‍ ജോണ്‍സന്റെയൊക്കെ ഗുരുനാഥനായ ജോര്‍ജ് അവിടെയുണ്ടായിരുന്നു. ദാസേട്ടന്റെ കൂടെ കുറേ കൊല്ലം ഫ്‌ളൂട്ട് വായിക്കാനായുണ്ടായിരുന്നു. ഒരു ഹാര്‍മോണിയം സംഘടിപ്പിച്ച് ചിട്ടപ്പെടുത്തിയ പാട്ട് ജോര്‍ജിനെ പാടിക്കേള്‍പ്പിക്കുകയും റെക്കോര്‍ഡിങ്ങിനുള്ള കാര്യങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തു. 

പിറ്റേന്ന് ദാസേട്ടന്‍ വന്നു. ട്രാക്ക് പാടിക്കാനുള്ള സാവകാശമൊന്നും ഇല്ലാതിരുന്നതിനാല്‍ നേരെ റെക്കോര്‍ഡ് ചെയ്യുകയാണുണ്ടായത്. പാട്ട് പറഞ്ഞുകൊടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെയുള്ളില്‍ ഈണം നില്‍ക്കുന്നുണ്ടായിരുന്നില്ല. സ്റ്റുഡിയോയിലേക്ക് എന്നെ ദാസേട്ടന്‍ വിളിപ്പിച്ചു. പൊക്കക്കൂടുതലുള്ള അദ്ദേഹത്തിന്റെ അരികില്‍ താരതമ്യേന പൊക്കം കുറവുള്ള ഞാന്‍ നിന്നു. മൈക്കിന് മുന്നില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ യേശുദാസിനെ പാടി പഠിപ്പിക്കുകയായിരുന്നു. ഈ സമയം മാസ്റ്ററുടെ ശബ്ദം കണ്‍സോളില്‍ മ്യൂട്ട് ചെയ്തു.' 

ഇങ്ങനെയാണ് ശ്രീകുമാരന്‍ തമ്പി-വിദ്യാധരന്‍ മാസ്റ്റര്‍-യേശുദാസ് ടീമിന്റെ ഒരേയൊരു സിനിമാ ഗാനം പുറത്തുവന്നത്. അന്ന് നേരിട്ട് പരിചയമില്ലായിരുന്നെങ്കിലും ഇരുവരും പിന്നീട് പലവട്ടം കാണുകയും സംഗീത ആല്‍ബങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്നും ആ സൗഹൃദം രണ്ടുപേരും കാത്തുസൂക്ഷിക്കുന്നു.
 

Content Highlights: Story Behind Nashtaswargangale Malayalam Song, Vidyadharan Master on Sreekumaran Thampi, Sreekumaran Thampi@80