ണത്തെപ്പറ്റിയുള്ള മലയാളിയുടെ കാല്പനികതയ്ക്ക് നിറമേറ്റിയത് ശ്രീകുമാരന്‍ തമ്പിയാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. തന്റെ ഗാനങ്ങളിലെയും കവിതകളിലെയും അനവദ്യസുന്ദരങ്ങളായ ബിംബകല്പനകളാല്‍ അദ്ദേഹം  മലയാളിയുടെ മനസ്സില്‍ തീര്‍ത്തത് ഗൃഹാതുരതയുടെ പൂക്കളങ്ങള്‍. ഈ ഓണാട്ടുകരക്കാരന്റെ ഭാവനയില്‍ വിടര്‍ന്ന തിരുവോണപ്പുലരിയുടെ തിരുമുല്‍ക്കാഴ്ചയും തുയിലുണരുന്ന തുമ്പികളും മേഘക്കസവാല്‍ ഓണക്കോടിയുടുത്ത മാനവും മലയാളിയുടെ ഓണസങ്കല്പങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഓണവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളും രചനാസന്ദര്‍ഭങ്ങളും അദ്ദേഹം  മാതൃഭൂമി പ്രതിനിധി ഹരിലാല്‍ രാജഗോപാലുമായി പങ്കുവെക്കുന്നു.
 
ഓണം എന്നാല്‍ ആദ്യം മനസ്സിലേക്കോടിയെത്തുക അങ്ങയുടെ പാട്ടുകളാണ്. ഗൃഹാന്തരീക്ഷമാണോ ഓണത്തോട് ഇത്ര ഇഷ്ടം തോന്നാന്‍ കാരണം?

ഓണത്തോട് എന്നും പ്രിയമുണ്ട്. തീര്‍ച്ചയായും കുട്ടിക്കാലത്തെ ഗൃഹാന്തരീക്ഷമാണ് അതിന്റെ മധുരം കൂട്ടിയത്. കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ നിന്ന് മാറുന്ന ഒരു സന്ദര്‍ഭത്തിലായിരുന്നു കുട്ടിക്കാലം. ഞങ്ങള്‍ മാറിത്താമസിച്ചു തുടങ്ങിയിരുന്നു. അതിന്റെ എല്ലാ ഗുണദോഷവശങ്ങളും അനുഭവിച്ചു. ഓണം പക്ഷേ, ആഘോഷം തന്നെയായിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാകുമെങ്കിലും കുട്ടികള്‍ പൂപറിക്കാന്‍ പോകുന്നത് ഒരുമിച്ചായിരിക്കും. അക്കാലത്തെ ഓണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പതിനഞ്ചാംവയസ്സില്‍ ഒരു കവിതയായി എഴുതിയിരുന്നു. അതായിരിക്കണം എന്റെ ആദ്യ ഓണക്കവിത. അത് പിന്നീട്  തൃശ്ശൂര്‍ എന്‍ജിനിയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ കറന്റ് ബുക്സ് ഇറക്കിയ കുട്ടികള്‍ക്കായുള്ള സമാഹാരത്തില്‍ ചേര്‍ത്തിരുന്നു. 'ഓമനയുടെ ഒരു ദിവസം' എന്നായിരുന്നു ആ സമാഹാരത്തിന്റെ പേര്.

''അത്തം വന്നു പിറന്നല്ലോ
മത്തപ്പൂക്കള്‍ വിടര്‍ന്നല്ലോ
അമ്മയ്ക്കെപ്പോഴുമായാസം
ഞങ്ങള്‍ക്കെല്ലാം ഉല്ലാസം

കൈകളിലേന്തി പൂക്കൂട
കാടുകള്‍ തേടി പൂ നേടാന്‍
കുഞ്ഞിക്കൈവിരല്‍ കണ്ടപ്പോള്‍
കുസൃതിപ്പൂവുകള്‍ ചിരി തൂകി
മുറ്റം മെഴുകി വെടിപ്പാക്കി
നല്ലൊരു പൂക്കുന്നുണ്ടാക്കി
ചെന്താമരയാല്‍ കുട കുത്തി
അരിയാമ്പല്‍പ്പൂ കുട കുത്തി...''

അങ്ങനെ പോകുന്നു ആ കവിത.. അന്ന് താമരപ്പൂ കിട്ടിയില്ലെങ്കില്‍ മത്തന്‍പൂവാണ് ഓണക്കളത്തിനു നടുവില്‍ കുത്തുക. മഞ്ഞനിറമുള്ള വലിയ പൂവായിരുന്നു മത്തന്‍പൂ

സിനിമകളില്‍ ഓണത്തെക്കുറിച്ച് അങ്ങെഴുതിയ എത്രയെത്ര ഗാനങ്ങള്‍. ആ അനുഭവങ്ങള്‍ ഒന്നു പങ്കുവെക്കാമോ?

ഓണത്തെക്കുറിച്ച് എന്റെ രണ്ടാമത്തെ ചിത്രത്തില്‍ത്തന്നെ പാട്ടെഴുതിയിരുന്നു.  1967-ല്‍ പ്രിയമത എന്ന സിനിമയില്‍. ബ്രദര്‍ ലക്ഷ്മണന്‍ സംഗീതം പകര്‍ന്ന ആ ഗാനമാലപിച്ചത് പി. ലീലയായിരുന്നു. പ്രേംനസീറും ഷീലയുമായിരുന്നു അതിലെ അഭിനേതാക്കള്‍.

''മുത്തേ നമ്മുടെ മുറ്റത്തും
മുത്തുക്കുടകള്‍ ഉയര്‍ന്നല്ലോ
ഓണം വന്നു ,നമ്മുടെ വീട്ടിലും
ഓണപ്പൂക്കള്‍ വിടര്‍ന്നല്ലോ
അച്ഛനയച്ചൊരു കുപ്പായം
ആയിരം പൂവുള്ള കുപ്പായം
അല്ലിപ്പൊന്‍ മെയ്യണിയുമ്പോള്‍
അമ്മയ്ക്കുള്ളില്‍ തിരുവോണം''

അറുപതുകളില്‍ ഗ്രാമഫോണ്‍ കാലമാണ്. അന്ന് കൊളമ്പിയയും  എച്ച്.എം.വി.യും തമ്മില്‍ മാത്രമാണ് മത്സരം.  ഓരോ ഗായകനും ഗായികയും അന്ന് ഓരോ കമ്പനികള്‍ക്കു വേണ്ടിയേ പാടുകയുള്ളൂ.  സുശീല, പി. ലീല, ജാനകി എന്നിവരെല്ലാം കൊളമ്പിയ ആര്‍ട്ടിസ്റ്റുകളായിരുന്നു. യേശുദാസ്  എച്ച്.എം.വി.യുടെയും. മേല്‍ക്കൈ കൊളമ്പിയയ്ക്കായിരുന്നു. ഒരു സിനിമ ഇറങ്ങിയാല്‍ സുശീലയുടെ പാട്ട് കൊളമ്പിയയ്ക്കും യേശുദാസിന്റെ പാട്ട് എച്ച്.എം.വി.ക്കും കൊടുക്കുന്ന രീതി. ഒരേ സിനിമയ്ക്ക് രണ്ടു ഡിസ്‌ക് ഇറങ്ങും. 

'67-ല്‍ ചിത്രമേള വന്നു. കഥ, തിരക്കഥ, സംഭാഷണം ഞാനാണ് എഴുതിയത്. അന്നെനിക്ക് 26 വയസ്സ്. നവാഗതന്‍. മുത്തയ്യ സാറായിരുന്നു പടത്തിന്റെ പ്രൊഡ്യൂസറും സംവിധായകനും. അന്ന് ഒരു കഥാപാത്രത്തിനു തന്നെ പല ഗായകരും പാടുമായിരുന്നു. എന്റെ  നായകനായ ബാബു ഒരു തെരുവുഗായകനായിരുന്നു. പാട്ട് പലരും പാടുന്നതിലെ അനൗചിത്യം ഞാന്‍ മുത്തയ്യ സാറിനോട് പറഞ്ഞു.  പാട്ടുകള്‍ മുഴുവന്‍ യേശുദാസിനെ കൊണ്ടു പാടിക്കണമെന്നും. ദേവരാജന്‍ മാഷോട് ഇക്കാര്യം സൂചിപ്പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. എ.എം. രാജയെക്കൊണ്ടും പാടിക്കണമെന്ന് ദേവരാജന്‍ മാസ്റ്റര്‍. കഥയെഴുതിയ ആളിന്റെ അഭിപ്രായംകൂടി നോക്കണ്ടേയെന്ന് മുത്തയ്യ സാര്‍. ദേവരാജന്‍ മാസ്റ്റര്‍ക്ക് നീരസമുണ്ടായെങ്കിലും ചിത്രമേളയിലെ എട്ടുപാട്ടുകളും മെഗാഹിറ്റുകളായി. എച്ച്. എം.വി.  കമ്പനി അന്നാദ്യമായി കൊളമ്പിയയെ വില്‍പ്പന േെറക്കാഡില്‍ തോല്‍പ്പിച്ച് മുമ്പിലെത്തി. കൊളമ്പിയ ഇറക്കിയ ശകുന്തളയുടെ റെക്കോഡാണ് ചിത്രമേള മറികടന്നത്. ആദ്യമായി ദേവരാജന്‍ മാസ്റ്റര്‍ക്ക് സംഗീതസംവിധാനത്തിന് കൊല്ലം ഫിലിം  ആര്‍ട്ടിസിന്റെ  അവാര്‍ഡും കിട്ടി. അന്ന് സംസ്ഥാന അവാര്‍ഡ് ഇല്ല. പാട്ടുകള്‍ക്ക് അവാര്‍ഡൊന്നും പക്ഷേ കിട്ടിയില്ല. അത് വയലാര്‍ എഴുതിയതാണെന്ന് പലരും ധരിച്ചു.

ഒട്ടേറെ ഗാനങ്ങള്‍ പിന്നെയും വന്നല്ലോ

അതെ. ഈ റെക്കോഡ്‌ അടുത്ത ചിത്രത്തിലും എഴുതാനുള്ള അവസരം തന്നു. 1969-ല്‍ ഒരു കരിമൊട്ടിന്റെ എന്ന ചിത്രം. ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു സംഗീതം. ഏതുവിഷയത്തെപ്പറ്റിയും എഴുതാമെന്ന സ്വാതന്ത്ര്യം കമ്പനി തന്നു, പ്രണയമുണ്ടാവണമെന്നു മാത്രം. അതില്‍ രണ്ടു പാട്ടുകള്‍ ഓണത്തെക്കുറിച്ചാണെഴുതിയത്.  അഞ്ചു പാട്ടും ഓണത്തെപ്പറ്റിയാവാമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ഓണം ഒരിക്കലും അവസാനിക്കാത്ത കാല്പനിക ഭൂമികയാണ്. അതിനാല്‍ അതിനെക്കുറിച്ചെഴുതുന്ന പാട്ടുകളും എക്കാലവും നിലനില്‍ക്കുമെന്ന ധാരണയുണ്ടായതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, മുഴുവന്‍ വേണ്ട എന്നവര്‍ പറഞ്ഞു.
 
'തുയിലുണരൂ തുയിലുണരൂ
തുമ്പികളേ
തുമ്പപ്പൂക്കാട്ടിലെ വീണകളേ...'' എന്ന ഗാനം ഇന്നും ആളുകള്‍ മൂളുന്നു.
 പിന്നെ മറ്റൊരു ഹിറ്റ്
''ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...'
വയനാടിനെകുറിച്ച് ആദ്യമായി പരാമര്‍ശിച്ച ഗാനം, 
'മരതകപ്പട്ടുടുത്തു മലര്‍വാരിച്ചൂടുന്ന മലയോര ഭൂമികളെ വയനാടന്‍ കുന്നുകളെ...' എന്ന പാട്ടും അതില്‍ത്തന്നെയായിരുന്നു. 
1972-ല്‍ പഞ്ചവടി എന്ന ചിത്രത്തില്‍ വീണ്ടും ഒരു ഓണപ്പാട്ടെഴുതി
'പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോര്‍മകള്‍ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു
കളിവഞ്ചിപ്പാട്ടുകളെന്‍ ചുണ്ടില്‍ വിരിഞ്ഞു'
'73-ല്‍ 'പ്രേതങ്ങളുടെ താഴ്വര'യില്‍ ജയചന്ദ്രന്‍ പാടിയ 'മലയാളഭാഷതന്‍ മാദകഭംഗി'യിലും ഓണത്തിന്റെ കൈത്താളം മുഴങ്ങിയിരുന്നു. വലിയ ഹിറ്റായി മാറിയ ആ പാട്ടിന്റെ സംഗീതം ദേവരാജന്‍ മാഷായിരുന്നു.
ഇടിമുഴക്കം എന്ന എന്റെ സിനിമയിലെ കൊയ്ത്തുപാട്ട്
'ഓടി വാ... കാറ്റേ പാടി വാ
ചിങ്ങപ്പൂ കൊയ്തല്ലോ
മംഗല്യക്കതിരല്ലോ
തീ തിന്നും പുലയന്റെ
തൂവേര്‍പ്പിന്‍ മുത്തല്ലോ
ഉതിരും നെന്മണി കനവിന്‍ കതിര്‍മണി
പൊലിയോ പൊലി പൊലി...'

കോടിമുണ്ടുടുത്തുകൊണ്ടോടിനടക്കുന്നു കോമളബാലനാം ഓണക്കിളി എന്നൊക്കെയുള്ള മനോഹരമായ ഉപമകള്‍ ഓണത്തെയും സിനിമാ സംഗീതസാഹിത്യത്തെയും സമൃദ്ധമാക്കി... അങ്ങനെ എത്രയെത്ര പാട്ടുകള്‍ പുതുമ ചോരാതെ ഓണത്തെ നിറമുള്ളതാക്കുന്നു

1975-ല്‍ തിരുവോണം എന്ന ചിത്രത്തിലാണ് വാണി ജയറാം പാടിയ തിരുവോണപ്പുലരി തന്‍ തിരുമുല്‍ കാഴ്ച വാങ്ങാന്‍ എന്ന ഹിറ്റ് പിറന്നത്. അതിലാണ് ഈ വരികളുള്ളത്. മലയാളത്തില്‍ തിരുവോണത്തെപ്പറ്റി അത്രയും ഹിറ്റായ ഒരു പാട്ട് പിന്നീടില്ല എന്നു പറയുന്നതാണ് സത്യം. ഇന്നും എവിടെ കാണുമ്പോഴും ആളുകള്‍ അതേപ്പറ്റി ചോദിക്കും.

'77-ലും അതുപോലെ ഹിറ്റായ മറ്റൊരു പാട്ടെഴുതി. വിഷുക്കണി എന്ന ചിത്രത്തില്‍. സലില്‍ ചൗധരിയായിരുന്നു അതിന്റെ സംഗീതം. 'പൂവിളി പൂവിളി പൊന്നോണമായി...' ഓണക്കാലത്ത് ഇന്നും കേരളത്തില്‍ എവിടെ പോയാലും നിങ്ങള്‍ക്കാ പാട്ടുകേള്‍ക്കാം.
1977-ല്‍ മിനിമോള്‍ എന്ന ചിത്രത്തില്‍ എഴുതിയ 'കേരളം കേരളം കേളികൊട്ടുണരുന്ന കേരളം...'എന്ന ഗാനത്തിലും ഓണത്തിന്റെ പരികല്പനകള്‍ കാണാം. 

തരംഗിണിക്കാലം ഓണത്തെ പൊലിപ്പിച്ചു. എല്ലാവരും അങ്ങയുടെ പാട്ടുകള്‍ പാടി നടക്കുന്നത് ഓര്‍മവരുന്നു.  തരംഗിണിക്കാലത്തെപ്പറ്റിയുള്ള ഓര്‍മകള്‍ എന്തൊക്കെയാണ്.  

യേശുദാസും ഞാനും ആത്മാര്‍ഥ സുഹൃത്തുക്കളായിട്ടും വയലാര്‍ മുതല്‍ ബിച്ചു തിരുമല വരെയുള്ളവര്‍ എഴുതിയശേഷമാണ് എനിക്ക് തരംഗിണിയില്‍ അവസരം കിട്ടിയത്. '83- ലെ മറ്റൊരു ഓണക്കാലത്ത്. യേശുദാസ് ഒരു സംഗീതസംവിധായകന്റെ പേരുസൂചിപ്പിച്ചു. ഞാന്‍ താത്പര്യമില്ല എന്നു പറഞ്ഞു എന്നാല്‍ ആരെക്കൊണ്ടാണ് സംഗീതം ചെയ്യേണ്ടതെന്ന് തമ്പി തീരുമാനിക്കൂ എന്നു അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്റെ  രംഗപ്രവേശം. 'ഉത്രാടപ്പൂനിലാവേ വാ' തുടങ്ങിയ വലിയ ഹിറ്റുകള്‍ അങ്ങനെയാണുണ്ടായത്. തരംഗിണിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാസറ്റുകള്‍ വേറെയില്ല. 'എന്നും ചിരിക്കുന്ന സൂര്യന്‍', 'ഉണ്ണിക്കരങ്ങളാല്‍ പൂക്കളം തീര്‍ക്കും എന്‍ ഉണ്ണിയെ ഞാനിന്നു കണ്ടു', 'എന്‍ ഹൃദയപ്പൂത്താലം നിറയെ മലര്‍ വാരി നിറച്ചു', 'ഒരു നുള്ളു കാക്കപ്പൂ കടം തരുമോ ഒരു കൂന തുമ്പപ്പൂ പകരം തരാം...' എല്ലാം സൂപ്പര്‍ ഹിറ്റ്. 'പായിപ്പാട്ടാറ്റില്‍ വള്ളം കളി
പമ്പാനദിത്തിരയ്ക്ക് ആര്‍പ്പു വിളി'  -എന്ന മറ്റൊരു ജനപ്രിയമായ ഗാനം ഞങ്ങളുെട സൃഷ്ടിയാണ്. ഓണത്തിന്റെ എല്ലാ ആഘോഷത്തിമിര്‍പ്പും അതിലുണ്ടായിരുന്നു.

'85-ല്‍ വീണ്ടും ഞങ്ങള്‍ ഹിറ്റുകള്‍ തീര്‍ത്തു.  'ഓണം പൊന്നോണം', 'പൂമലരും മലയോരം', 'പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖത്തിണ്ണയില്‍ നിന്നു' തുടങ്ങിയ പാട്ടുകള്‍ അതിലുണ്ടായിരുന്നു.

'92-ല്‍ ഇറങ്ങിയ പൊന്നോണതരംഗിണിയിലാണ് എനിക്കേറ്റവും പ്രിയമുള്ള പാട്ടുകളുള്ളത്.  'പാതിരാമയക്കത്തില്‍ പാട്ടൊന്നുകേട്ടു, പല്ലവി പരിചിതമല്ലോ', 'മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്‍ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ' തുടങ്ങിയ ഒട്ടേറെ പാട്ടുകള്‍ അതിലുണ്ടായിരുന്നു.
 

'പഴയോരുത്രാടത്തിന്‍ പൂവെട്ടം കവിയുന്നു'
'പാട്ടു മണക്കുമെന്‍ മനസ്സില്‍' എന്നൊക്കെയുള്ള കല്പനകള്‍ പാതിരാമയക്കത്തില്‍ എന്ന പാട്ടില്‍ കാണാം. ഒട്ടേറെ യുവജനോത്സവ വേദികളില്‍ ആ പാട്ടുകളൊക്കെ പലരും പാടി, ഇന്നും പാടുന്നു. ഓണത്തിന്റെ മാധുര്യമുള്ള ആ പാട്ടുകള്‍ മലയാളികള്‍ ഇന്നും ഹൃദയത്തിലേറ്റി നടക്കുന്നു എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു.

ഉത്രാടപ്പൂനിലാവ് എന്ന കാസറ്റില്‍ എഴുതിയ  'ഉത്രാടരാത്രിയില്‍ മുടിയില്‍ നീ ചൂടിയ പിച്ചിപ്പൂ മണക്കുന്നു വാടിയിട്ടും' എന്ന പാട്ട് എനിക്കേറെ ഇഷ്ടമുള്ളതാണ്. രവീന്ദ്രനായിരുന്നു അതിന്റെ സംഗീതം. രവീന്ദ്രന്റെ സഹോദരന്റെ മകനായ ലാല്‍ ആണത് പാടിയത്.

ഓണം എന്നു തെളിയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതെന്താണ്?

ഓണം എന്നു പറഞ്ഞാല്‍ അമ്മയാണ്. അമ്മയില്ലാതെ ഓണമില്ല. ജന്മികുടുംബത്തിലായിരുന്നെങ്കിലും കഷ്ടപ്പാടിലായിരുന്നു ബാല്യം. അച്ഛന്റെ സ്വത്തുക്കള്‍ ഒന്നും തന്നില്ല.  പക്ഷേ, ഒന്നുമറിയിക്കാതെയാണ് അമ്മ വളര്‍ത്തിയത്. മരം വെട്ടി വിറ്റും വീട്ടിലെ പഴയ ചീനഭരണികള്‍ വിറ്റുമാണ്  ഞങ്ങള്‍ക്കായി അമ്മ  ഓണമൊരുക്കിയത്. അക്കാര്യമൊക്കെ ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ആത്മകഥയില്‍ പരാമര്‍ശിക്കും. 

ഓണമായാല്‍ അന്ന് നല്ല ഷര്‍ട്ടും നിക്കറും കിട്ടും. ഓണം എന്നാല്‍, സമൃദ്ധി തന്നെയാണ്.  ഓണത്തെക്കുറിച്ചുള്ള സ്വപ്നംതന്നെ സമൃദ്ധിയുടേതാണല്ലോ. ദാരിദ്ര്യദുഃഖത്തിലുള്ളവര്‍ക്ക് പ്രത്യേകിച്ചും. അമ്മയിലൂടെ മാത്രമേ അതുകാണാന്‍ പറ്റുള്ളൂ. എല്ലാവരും വളര്‍ന്ന് പ്രശസ്തരായപ്പോള്‍  അമ്മയ്ക്ക് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. തിരുവോണത്തിനു മക്കളെല്ലാം വീട്ടില്‍ അമ്മയുടെ അടുത്തെത്തിയിരിക്കണം. എല്ലാവരും അന്ന് വീട്ടിലെത്തും. എന്തു ഷൂട്ടിങ് ഉണ്ടെങ്കിലും അതെല്ലാം മാറ്റി വെച്ച് ഞാന്‍ അമ്മയുെട  അടുത്തോടിയെത്തുമായിരുന്നു. എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍.

Content Highlights: Sreekumaran Thampi Onam Yesudas Devarajan Malayalam Festival Songs Onam Songs Melodies