കളരിക്കല്‍ കൃഷ്ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളില്‍ മൂന്നാമനായി 1940 മാര്‍ച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരന്‍ തമ്പി ജനിച്ചത്. ഹരിപ്പാട്ട് ഗവ. ഗേള്‍സ് സ്കൂള്‍, ഗവ. ബോയ്സ് ഹൈസ്കൂള്‍, ആലപ്പുഴ സനാതനധര്‍മ കോളജ്, മദ്രാസ് ഐ.ഐ.ഇ.റ്റി., തൃശൂര്‍ എന്‍ജിനീയറിങ്ങ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്, കൗമുദി വാരിക, ഓള് ഇന്‍ഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളില്‍ സമ്മാനം നേടിയിരുന്നു. ഇരുപതാമത്തെ വയസ്സില്‍ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി.
എഞ്ചിനീയറിംങ് ബിരുദധാരിയായ തമ്പി മദ്രാസില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂര്‍ണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.
ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകള്‍ രാജേശ്വരിയാണ് ഭാര്യ. കവിത, രാജകുമാരന് എന്നീ രണ്ടുമക്കള്‍.ധ1പ തെലുഗുചലച്ചിത്രരംഗത്തെ ഒരു സംവിധായകനായിരുന്ന രാജകുമാരന് തമ്പി 2009ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
1966ല്‍ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ മെറിലാന്‍ഡിന്റെ ഉടമ പി. സുബ്രഹ്മ്ണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തേക്കെത്തുന്നത്. തുടര്‍ന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുള്ളധ1പധ2പ ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങള്‍ 'ഹ്യദയസരസ്സ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുപത്തെട്ട് ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ശ്രീകുമാരന്‍ തമ്പി, തോപ്പില്‍ ഭാസിക്കും എസ്.എല്‍. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരനാണ്. 1974ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളതില്‍ ഗാനം, മോഹിനിയാട്ടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ടെലിവിഷനു വേണ്ടി 6 പരമ്പരകള്‍ ശ്രീകുമാരന്‍ തമ്പി നിര്‍മ്മിച്ചു. അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചതു ശ്രീകുമാരന്‍ തമ്പിയുടെ പരമ്പരയായ അമ്മത്തമ്പുരാട്ടിയിലായിരുന്നു.
മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങള്‍ക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സ്യഷ്ടികളെ മാറ്റിമറിക്കാന്‍ വിസമ്മതിക്കുന്ന ശ്രീകുമാരന്‍ തമ്പി ഇക്കാരണത്താല്‍ വിമര്‍ശനവിധേയനായിട്ടുണ്ട്. സന്ധി ചെയ്യാനാകാതെ, സ്വന്തം ആദര്‍ശങ്ങളെ മുറുകെ പിടിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് ശ്രീകുമാരന്‍ തമ്പിയുടേത്. ശ്രീകുമാരന്‍ തമ്പിയുടെ ആദ്യ നോവലായ 'കാക്കത്തമ്പുരാട്ടി' ചലച്ചിത്രമാക്കിയപ്പോള്‍ അതിലെ സ്ത്രീ കഥാപാത്രത്തെ പുനര്‍വിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയില്‍ മാറ്റമുണ്ടാക്കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം പാടേ നിഷേധിച്ചതിനാല്‍ അന്നു സിനിമയാകാതിരുന്ന ആ കഥ പിന്നീടു പി. ഭാസ്കരനാണു ചലച്ചിത്രമാക്കിയത്. നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങള്‍ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിര്‍പ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരന്‍ തമ്പി ഇതിനെതിരായി സിനിമയ്ക്കായി ഗാനരചന നിര്‍ത്തിയിരുന്നു.
കൂടാതെ അദ്ദേഹത്തിന്റെ പല ഗാനങ്ങളും വയലാര്‍, പി. ഭാസ്കരന്, ഒ. എന്‍. വി. എന്നിവരുടെ പേരുകളില്‍ അടിച്ചിറക്കിയിട്ടുമുണ്ട്.
പുരസ്കാരങ്ങള്‍
ശ്രീകുമാരന്‍ തമ്പിയുടെ സിനിമകണക്കും കവിതയും എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാര്‍ഡുനേടിയിട്ടുണ്ട്. 1971ല്‍ മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ 'സുഖമെവിടെ ദു:ഖമെവിടെ' എന്ന ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. ഫിലിം ഫാന്‍സ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, മികച്ച സംവിധായകനുളള ഫിലിംഫെയര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചലച്ചിത്രം 1981ലെ ജനപ്രീതിയാര്‍ജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു
പദവികള്‍
തമ്പിയുടെ സംവിധാനത്തിലുള്ള മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും 1977ലെ സാന്‍ഫ്രാന്‍സിസ്കോ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗണ്‍സിലിലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒഫ് കോമേഴ്സിന്റെ ഭരണസമിതിയിലും ശ്രീകുമാരന്‍ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്രപരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചീട്ടുണ്ട്. ദേശീയ ഫീച്ചര്‍ ഫിലിം ജ്യൂറിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു.
പ്രവര്‍ത്തന മേഖലകള്‍
സംവിധാനം : 30
നിര്‍മ്മാണം : 22
തിരക്കഥ : 78
നോവല്‍ : 2 (കാക്കത്തമ്പുരാട്ടി, കുട്ടനാട്)
കവിതാ സമാഹാരങ്ങള്‍
എഞ്ചിനീയറുടെ വീണ
നീലത്താമര
എന്‍ മകന് കരയുമ്പോല്‍
ശീര്‍ഷകമില്ലാത്ത കവിതകള്‍
തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രങ്ങള്‍
ചന്ദ്രകാന്തം (1974)
ഭൂഗോളം തിരിയുന്നു(1974)
തിരുവോണം (1975)
മോഹിനിയാട്ടം (1976)
ഏതോ ഒരു സ്വപ്നം (1978)
വേനലില്‍ ഒരു മഴ (1979)
പുതിയ വെളിച്ചം (1979)
മാളിക പണിയുന്നവര്‍ (1979
ജീവിതം ഒരു ഗാനം (1979)
സ്വന്തം എന്ന പദം (1980)
അമ്പലവിളക്ക് (1980)
ഇടിമുഴക്കം (1980)
ആധിപത്യം
ഇരട്ടിമധുരം (1981)
അരിക്കാരി അമ്മു(1981)
അമ്മക്കൊരുമ്മ(1981)
ആക്രമണം (1981)
മുന്നേറ്റം (1981)
ഗാനം(1982),
ഒരേ രക്തം (1985)
വിളിച്ചു വിളികേട്ടു(1985)
യുവജനോത്സവം (1986)
അമ്മേ ഭഗവതി (1987)
ബന്ധുക്കള്‍ ശത്രുക്കള്‍ (1993).
(അവലംബം: വിക്കിപ്പീഡിയ)
Content Highlights : sreekumaran thampi biography