ശ്രീകുമാരന്‍ തമ്പിയ്ക്ക് മാര്‍ച്ച് 16 തിങ്കളാഴ്ച 80 വയസ് തികയും. മീനത്തിലെ രോഹിണിയാണ് നാള്‍. ജന്മദിനാഘോഷത്തിന് അന്നും ഇന്നും പ്രാധാന്യം നല്‍കിയിട്ടില്ല അദ്ദേഹം. മലയാള സിനിമയാണ് അദ്ദേഹത്തിനെല്ലാം.

അദ്ദേഹത്തിന്റെ സിനിമാജീവിതം 55-ാം വയസ്സിലേക്കെത്തുകയാണ്. മലയാള സിനിമയുടെ സുവര്‍ണദശകങ്ങളിലൂടെ, സര്‍ഗാത്മകസംഭാവനകള്‍ നല്‍കിയുള്ള ജീവിതസഞ്ചാരം. പുത്തന്‍തലമുറകളുടെ മാറ്റം പലതവണ കണ്ടിരിക്കുന്നൂ ഈ ചലച്ചിത്രകാരന്‍. ഉദാത്തകലയില്‍ നിന്ന് താരാരാധനയിലേക്കും ഒടുവില്‍ ആര്‍ക്കും എന്തും കാണിച്ചുകൂട്ടാവുന്ന സ്ഥിതിയിലേക്കും മലയാള സിനിമയെങ്ങനെയെത്തി? ഇപ്പോള്‍ മലയാള സിനിമയെന്ന് കേള്‍ക്കുമ്പോള്‍ ജനം മുഖം തിരിച്ചു കടന്നുപോകുന്ന സ്ഥിതിയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.

മലയാള സിനിമയ്ക്കും ഗാനശാഖയ്ക്കും ഏറെ സംഭാവനകള്‍ നല്‍കിയ ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ അനുഭവങ്ങളെ വിശദീകരിക്കുന്നു. സര്‍ഗധനനായ ഈ കലാകാരന്റെ വിവരണങ്ങള്‍ മലയാളസിനിമയുടെ ചരിത്രവുമാണ്. ബോക്സോഫീസിലെ തകര്‍ച്ച, സിനിമയിലെ ലഹരിയുപയോഗം, തര്‍ക്കങ്ങള്‍, കലയും കലാകാരന്മാരും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

തമ്പീസ് കണ്‍സ്ട്രക്ഷന്‍സ് ഇന്നൊരുപക്ഷേ ഇന്‍ഡ്യയിലെ പ്രമുഖ ബില്‍ഡര്‍മാരിലൊന്നാകുമായിരുന്നു. അവയെല്ലാം ഉപേക്ഷിച്ചുകൊണ്ട് സിനിമാരംഗത്ത് സജീവമാകാന്‍ കാരണം ?

അതെയതെ. മധ്യപ്രദേശില്‍ എഞ്ചിനീയറായാണ് എന്റെ ജോലിയുടെ തുടക്കം. കേരളത്തിലും പിന്നെ മദ്രാസിലും ടൗണ്‍പ്ലാനിംഗ് വിഭാഗത്തില്‍ ജോലി നോക്കി. സിനിമാരംഗത്ത് നേരത്തേ തന്നെയെത്തിയെങ്കിലും ഉപജീവനാര്‍ത്ഥം എനിക്ക് തൊഴിലില്‍ സജീവമാകേണ്ടതുണ്ടായിരുന്നു. ചിത്രമേള എന്ന സിനിമയില്‍ എട്ട് പാട്ടുകളെഴുതി എട്ടും ഹിറ്റായിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. തമ്പീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങുന്നത് അക്കാലയളവിലാണ്. അക്കാലത്ത് ഈ രംഗത്ത് ഏറെയൊന്നും കമ്പനികളില്ല. രാജ്യത്തെ വലിയ വലിയ വര്‍ക്കുകളൊക്കെ വരാന്‍ തുടങ്ങി. വിശാഖപട്ടണത്തും മറ്റുമുള്ള വര്‍ക്കുകള്‍ക്ക് എനിക്ക് അവിടെ പോയി നിന്നേ പറ്റൂ. അപ്പോള്‍ സ്വാഭാവികമായും സിനിമയില്‍ നിന്നും എഴുത്തില്‍ നിന്നും അകലേണ്ടി വരും. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയത് എന്റെ ഭാര്യയാണ്. ആര്‍ക്കുവേണമെങ്കിലും ഒരു എഞ്ചിനീയറാകാം. എന്നാല്‍ എല്ലാവര്‍ക്കും ഒരു ശ്രീകുമാരന്‍തമ്പിയാകാന്‍ പറ്റുമോയെന്നായിരുന്നു അവളുടെ ചോദ്യം. അങ്ങനെ കണ്‍സ്ട്രക്ഷന്‍ മേഖല ഞാന്‍ പൂര്‍ണമായും വിട്ടു. അതുവരെ കിട്ടിയ കാശൊക്കെ ഉപയോഗിച്ച് സിനിമാ നിര്‍മാണത്തിലേക്ക് കടന്നു.

തിരക്കഥാകൃത്തായി വന്നു എന്നാല്‍ സജീവമായത് ഗാനരംഗത്ത്. എങ്ങനെയായിരുന്നു തുടക്കം ?

എഞ്ചിനീയറിംഗ് പരീക്ഷ നടക്കുമ്പോള്‍ തന്നെ സിനിമയില്‍ തിരക്കഥ എഴുതാനെത്തിയ ആളാണ് ഞാന്‍. ഇരുപത്തിനാലാമത്തെ വയസ്സില്‍. അന്ന് കണക്കില്‍ ബിരുദമെടുത്തശേഷമാണ് ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോകുന്നത്. എന്റെ നോവല്‍ കാക്കത്തമ്പുരാട്ടിയുടെ തിരക്കഥയൊരുക്കാനാണ് നിര്‍മാതാവ് പി. സുബ്രഹ്മണ്യം വിളിക്കുന്നത്. അന്നത്തെ എന്റെ റൂം മേറ്റ് ആരായിരുന്നെന്നറിയാമോ ? പ്രേം നസീര്‍. അദ്ദേഹം മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു.

നോവലിന്റെ കഥാഗതിയില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് തിരക്കഥയൊരുക്കാന്‍ നിര്‍മാതാവ് ആവശ്യപ്പെട്ടതോടെ എനിക്ക് എഴുതാന്‍ കഴിയില്ലെന്ന് ഞാന്‍ അറിയിച്ചു. കാരണം മറ്റൊന്നുമല്ല, ആ നോവല്‍ ആ കാലഘട്ടത്തിന്റെ മൂല്യങ്ങള്‍ക്കെതിരായിരുന്നു. രണ്ട് വിവാഹം കഴിക്കുന്ന നായിക. രണ്ടാമത് വിവാഹം കഴിക്കുന്നത് അവളുടെ ജീവിതം നശിപ്പിച്ച വില്ലന്റെ ശിങ്കിടി. വില്ലനാണ് ഈ ശിങ്കിടിയെക്കൊണ്ട് അവളെ കല്യാണം കഴിപ്പിക്കുന്നത്. കാരണം അയാള്‍ക്ക് അവളെ വേണം. ഈ ശിങ്കിടിയാണ് നായകകഥാപാത്രമാകുന്നത്. ഇതൊക്കെ അന്നത്തെ സിനിമാസങ്കല്‍പത്തിനെതിരാണ്. നായികയാകുന്ന ശാരദ രണ്ടു വട്ടം കല്യാണം കഴിക്കുന്നത് പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നാണ് നിര്‍മാതാവ് പറഞ്ഞത്. എന്റെ വിയോജിപ്പ് അറിയിച്ചപ്പോള്‍ അദ്ദേഹം എന്നെ അഭിനന്ദിക്കുകയാണുണ്ടായത്. കാരണം അദ്ദേഹവും ഒരു കലാകാരനാണ്. ഈ തിരക്കഥയ്ക്കൊപ്പം ഞാനെഴുതി വച്ച പാട്ടിന്റെ വരികള്‍ കണ്ട് അദ്ദേഹം തന്റെ അടുത്ത സിനിമകളുടെ ഗാനങ്ങള്‍ക്കായി വിളിക്കുമെന്ന് ഉറപ്പും നല്‍കി. ഞാന്‍ അങ്ങനെ മടങ്ങി. ഇതായിരുന്നു തുടക്കം.

രണ്ടാം വരവ് ?

മനസ്സില്‍ സിനിമയെന്ന മോഹം ബാക്കി വച്ചാണ് മടങ്ങിയത്. എഞ്ചിനീയറിംഗ് പരീക്ഷാഫലം വന്നതോടെ മധ്യപ്രദേശില്‍ ജോലി കിട്ടി പോയി. അവിടെ 60 ദിവസം മാത്രമാണ് നിന്നത്. ഇതിനിടയില്‍ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍പ്ലാനര്‍ ആയി ജോലി കിട്ടി. ഇങ്ങോട്ടേയ്ക്ക് മടങ്ങി. ഇതിനിടയില്‍ സുബ്രഹ്മണ്യം അദ്ദേഹത്തിന്റെ അടുത്ത സിനിമകളിലെ പാട്ടുകള്‍ക്ക് വേണ്ടി എന്നെ അന്വേഷിച്ചിരുന്നു. ഇത് ഞാനറിയുന്നത് വൈകിയാണ്. എന്റെ ചേട്ടനോടാണ് സുബ്രഹ്മണ്യം എന്നെക്കുറിച്ച് അന്വേഷിക്കുന്നത്. ഞാന്‍ മധ്യപ്രദേശില്‍ ജോലിക്കായി പോയ കാര്യം ചേട്ടന്‍ അദ്ദേഹത്തെ അറിയിച്ചു. കോഴിക്കോട്ടേയ്ക്ക് ജോലികിട്ടി എത്തുമ്പോഴാണ് ചേട്ടന്‍ എന്നോട് ഇക്കാര്യം പറയുന്നത്.

സര്‍ക്കാര്‍ ജോലി നോക്കുമ്പോള്‍ പാട്ടെഴുതുന്നത് അന്ന് വലിയപ്രശ്നമാണ്. അങ്ങനെ അന്വേഷണം വന്നു. എന്റെ ശമ്പളം തടഞ്ഞുവച്ചു. ഇതോടെ ഞാന്‍ ജോലിയുപേക്ഷിച്ചു. കല കൊണ്ട് മതി ജീവിതമെന്ന് കരുതി മുന്നോട്ട് പോകുമ്പോള്‍ മദ്രാസ് കോര്‍പറേഷനില്‍ ടൗണ്‍പ്ലാനിംഗ് വിഭാഗത്തില്‍ ജോലിയായി. ഇതിനിടയില്‍ ഞാന്‍ സിനിമയില്‍ സജീവമായി. കൃത്യമായി പറഞ്ഞാല്‍ 1966 ജൂലൈ മുതല്‍ ഞാന്‍ മലയാള സിനിമയുടെ ഭാഗമാണ്.

കാക്കത്തമ്പുരാട്ടി പിന്നീട് സിനിമയാക്കിയല്ലോ.. പ്രേക്ഷകരുടെ പ്രതികരണം ?

കാക്കത്തമ്പുരാട്ടി പിന്നീട് പി. ഭാസ്‌കരന്‍ സംവിധാനം ചെയ്തു. നായികയായി ശാരദ. നായകന്‍ പ്രേംനസീര്‍. അതായത് വില്ലന്‍ അയാളുടെ ആവശ്യത്തിനായി നായികയെ കല്യാണം കഴിപ്പിക്കുന്ന ശിങ്കിടിയുടെ റോള്‍ ആണ് പ്രേം നസീറിന്. ശാരദയെ രണ്ടാമത് വിവാഹം കഴിക്കുന്ന ഈ ശിങ്കിടിയോട് ആദ്യരാത്രിയില്‍ വില്ലന്‍ വന്ന് പറയുന്നത് നീ പുറത്ത് നില്‍ക്ക് എന്നാണ്. ഈ കഥാപാത്രം ഇന്നത്തെ താരങ്ങള്‍ ആരെങ്കിലും ചെയ്യുമോ.. അന്ന് പ്രേംനസീര്‍ കത്തിജ്വലിച്ച് നില്‍ക്കുന്ന സമയമാണ്. അദ്ദേഹത്തിന് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ഒരപമാനവും തോന്നിയില്ല. അതാണ് ആ കാലഘട്ടത്തിന്റെ കലയോടുള്ള പ്രതിബദ്ധത.

ആ കാലഘട്ടത്തില്‍ നിന്ന് ന്യൂ ജനറേഷനിലേക്കെത്തി നില്‍ക്കുകയാണ് സിനിമ. ഇന്ന് ഏറെ വിവാദങ്ങളുണ്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട്. സംഘടനകള്‍, സ്മോക്കേഴ്സ് പാര്‍ട്ടി, പ്രതിഫലത്തര്‍ക്കം, വിലക്കുകള്‍ അങ്ങനെ നിരവധി. എങ്ങനെ കാണുന്നു ഇതിനെയൊക്കെ ?

സിനിമകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പറയാം. അന്ന് സിനിമയുടെ പിന്നണികളില്‍ ഇങ്ങനെ കഞ്ചാവും ലഹരിയും മറ്റും ഉപയോഗിക്കില്ല. അന്നിങ്ങനെ ആഘോഷപാര്‍ട്ടികളില്ല. മദ്യപിക്കുന്നര്‍ രഹസ്യമായി രാത്രികളില്‍ അത് ചെയ്യും. ഇന്ന് പക്ഷേ അങ്ങനെയല്ല. ഇന്ന് ആരെയും ഒന്നും പറയാന്‍ കഴിയില്ല. എല്ലാവര്‍ക്കും യൂണിയനുകളുണ്ട്്. അന്നൊക്കെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നാല്‍ കഴിവുള്ളവരാണ്. ഒരാളേ ഉണ്ടാകൂ. അയാളുടെ ആജ്ഞയ്ക്ക് മുന്നില്‍ സിനിമയുടെ ചിലവുകള്‍ ചുരുങ്ങും. ഇന്ന് പക്ഷേ സ്ഥിതിയെന്താണ്. ഈയിടെ ഞാന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് അമ്മയ്ക്കൊരു താരാട്ട്. അതില്‍ എനിക്ക് പ്രൊഡക്ഷനില്‍ നാല് പേരെ നിയോഗിക്കേണ്ടി വന്നു. ഒന്നും പറയാന്‍ കഴിയില്ല. കാരണം യൂണിയനുകളാണ് ഇവിടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.

എല്ലാവര്‍ക്കും സംഘടനകളുണ്ട്. ചിലതൊക്കെ ചിലരുടെ നിയന്ത്രണത്തിലാണ്. അവരാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ഇതൊക്കെ എഴുതരുത്. കാരണം ഇങ്ങനെയൊക്കെ പറഞ്ഞെന്നറിഞ്ഞാല്‍ പോലും നമ്മുടെ കാര്യം കഷ്ടത്തിലാക്കും.

മുമ്പും തര്‍ക്കങ്ങളൊക്കെയുണ്ടായിട്ടില്ലേ...?

കലാരംഗത്ത് തര്‍ക്കങ്ങളുണ്ടാകും. പക്ഷേ അതൊക്കെ പരിഹരിക്കുകയാണ് വേണ്ടത്. പ്രേംനസീര്‍ വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹത്തോട് എല്ലാവര്‍ക്കും ബഹുമാനമാണ്. സത്യനോടാണെങ്കില്‍ എല്ലാവര്‍ക്കും ഒരു ഭയമുണ്ട്്. സിനിമയില്‍ ആരെങ്കിലും തര്‍ക്കമുണ്ടായാല്‍, അത് രൂക്ഷമായാല്‍ ഇവര്‍ ഇടപെടും. പ്രേംനസീര്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ ആരുമില്ല. അദ്ദേഹം കുലീനമായി സംസാരിച്ച് തര്‍ക്കത്തിന് പരിഹാരമുണ്ടാക്കും. പ്രേംനസീറും സത്യനും ഒരു പ്രശ്നത്തില്‍ ഇടപെട്ടാല്‍ അവിടെ പിന്നെയൊന്നുമുണ്ടാകില്ല്. അത്രയേയുള്ളൂ അന്നത്തെ കാര്യങ്ങള്‍. ഇന്ന് ചെറിയൊരു തര്‍ക്കമുണ്ടായാല്‍ പോലും അത് അങ്ങേയറ്റം വഷളാകുകയാണ്.

അന്നത്തെകാലത്ത് സിനിമകളില്‍ ലഹരിയുപയോഗിക്കുന്ന ദൃശ്യങ്ങള്‍ കുറവാണ്...

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ജനത്തെ വല്ലാതെ സ്വാധീനിക്കും. അടുത്തിടെ പുറത്തിറങ്ങിയ സിനിമയില്‍ സൂപ്പര്‍താരത്തെ കാണിച്ചു തുടങ്ങുന്നത്് തന്നെ മദ്യക്കുപ്പികളുടെ ദൃശ്യങ്ങള്‍ തുടങ്ങുന്ന ട്രോളി ഷോട്ടില്‍ നിന്നാണ്. സത്യനോ പ്രേംനസീറോ ഒക്കെ ഇങ്ങനെയൊരു ദൃശ്യം ചിത്രീകരിക്കാന്‍ സമ്മതിക്കില്ല. കാരണം അവര്‍ക്കറിയാം ഇത് ജനത്തെ വല്ലാതെ സ്വാധീനിക്കും. അതാണ് അന്നത്തെ കലാകാരന്മാര്‍. അവര്‍ക്കറിയാം സിനിമയെന്ന കലാരൂപത്തിന്റെ സ്വാധീനം. പ്രിയങ്കരനായ സൂപ്പര്‍താരം മദ്യം ഉപയോഗിക്കുമ്പോള്‍ ആ രീതി പിന്തുടരാന്‍ ആരാധകര്‍ക്കും ആവേശമാണ്. അതേസമയം മദ്യപാനിയുടെ റോളുകള്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രത്തിന് അതാവശ്യമാണെങ്കില്‍ മാത്രം.

ഇന്നത്തെ സിനിമകളിലേറെയും മോഷ്ടിക്കുന്നുവെന്ന് പരാതി ഏറുന്നു. കലയല്ല മോഷണവും എഞ്ചിനീയറിംഗുമാണ് ഇന്ന് മലയാളസിനിമയെന്നാണ് ആക്ഷേപം?

നേരത്തേ സിനിമയിലേക്ക് കടന്നു വന്നവര്‍ ആരൊക്കെയാണ്. എഴുത്തുകാരും കവികളുമാണ്. അന്ന് സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ നോവലുകളും കലാസൃഷ്ടികളുമാണ് സിനിമയാക്കാന്‍ നിര്‍മാതാക്കള്‍ എത്തിയിരുന്നത്. ഭാര്‍ഗവീനിലയം തിരക്കഥയാക്കാന്‍ വൈക്കം മുഹമ്മദ് ബഷീറല്ലേ എത്തിയിരുന്നത്. അതുപോലെ തന്നെ ഉറൂബ്, എം.ടി അങ്ങനെ എഴുത്തുകാരാണ് സിനിമയിലേക്കെത്തിയത്. എഴുത്തില്‍ അവരുടെ വ്യക്തിമുദ്ര സിനിമയിലേക്കും കൊണ്ടുവന്നു എന്നേയുള്ളൂ. ഇന്നതല്ല സ്ഥിതി. കഥയോ കവിതയോ എഴുതാന്‍ കഴിവുള്ളവരല്ല സിനിമയിലേക്ക് വരുന്നതും ഇപ്പോഴുള്ളതും. അവര്‍ക്ക് മോഷണമല്ലാതെ മറ്റു വഴിയില്ല. അവരത് ചെയ്യുന്നു അത്രയേയുള്ളൂ. ഇന്ന് സാങ്കേതികതയുടെ ധാരാളിത്തമാണ്. പ്രതിഭയ്ക്ക് സ്ഥാനമില്ല. അങ്ങനെ വരുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ ഫലങ്ങളാണിപ്പോഴനുഭവിക്കുന്നത്.

പാട്ടുകളിലും നിലവാരത്താഴ്ചയുണ്ടെന്നാണ് ആക്ഷേപം...

ഇന്നത്തെ പാട്ടുകളില്‍ എഴുത്തുകാരന് യാതൊരു സ്വാധീനവുമില്ല. നിര്‍മാതാവും സംവിധായകനും സംഗീതസംവിധായകനും കോറിയോഗ്രാഫറും ചേര്‍ന്നാണ് പാട്ടിന്റെ രൂപവും ഘടനയും നിശ്ചയിക്കുന്നത്. അവര്‍ നിശ്ചയിച്ച ഘടനയില്‍ വാക്കുകള്‍ ചേര്‍ക്കുക മാത്രമാണിപ്പോള്‍ നടക്കുന്നത്. ഇന്ന് പാട്ടുകളില്‍ സംഗീതോപകരണങ്ങളുടെ ബഹളം മാത്രമേയുള്ളൂ. ലക്ഷങ്ങള്‍ മുടക്കിയെടുത്ത പാട്ടുകള്‍ കേട്ടു നോക്കൂ. ഒരുദാഹരണം പറയട്ടെ. ചിത്രമേള എന്ന സിനിമയിലെ പാട്ടുകള്‍ രണ്ടു ട്രാക്കിലാണ് റെക്കോര്‍ഡ് ചെയ്തത്. പാട്ടിന് ഒരു ട്രാക്ക് സംഗീതോപകരണങ്ങള്‍ക്ക് മറ്റൊരു ട്രാക്ക്. ഇന്നും അത് കേള്‍ക്കുമ്പോള്‍ ഓരോ ഉപകരണങ്ങളുടെയും ശബ്ദം നമ്മള്‍ വേറിട്ട് കേള്‍ക്കുന്നു. അന്ന് സംഗീതോപകരണങ്ങളുടെ എണ്ണവും കുറവാണ്. ഇന്ന് സംഗീതോപകരണങ്ങള്‍ ഏറെയാണ്. അവയ്ക്കെല്ലാം പ്രത്യേകം ട്രാക്കുകളുമുണ്ട്. ഇങ്ങനെ മുഴുവന്‍ ഒരു ബഹളമാകുമ്പോള്‍ വരികള്‍ക്കും കവിതാഗുണത്തിനും എന്ത് പ്രാധാന്യം. ഇവിടെ രചയിതാക്കള്‍ അല്ല കുറ്റക്കാര്‍. അവരില്‍ നിന്ന് ഇപ്പോഴത്തെ സിനിമാക്കാര്‍ ആവശ്യപ്പെടുന്നത് ഇതൊക്കെയാണ്.

പാട്ടെഴുത്തില്‍ നിന്ന് പിന്മാറിയോ ?

ആളുകള്‍ ഇഷ്ടപ്പെടുന്ന നിരവധി പാട്ടുകള്‍ ഞാന്‍ എഴുതിയിട്ടുണ്ടെന്നാണ് വിശ്വാസം. അതിന്റെ പേരില്‍ എനിക്ക് ബഹുമാനം കിട്ടുന്നുമുണ്ട്. എണ്ണം കൂട്ടാന്‍ വേണ്ടി മാത്രം ഇപ്പോള്‍ പാട്ടെഴുതി എന്നില്‍ എല്ലാവരും നല്‍കിയിട്ടുള്ള വിശ്വാസം കളയാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നേരത്തേ എഴുതിയിരുന്നപ്പോള്‍ സംഗീതസംവിധായകരും എഴുത്തുകാരും തമ്മില്‍ സര്‍ഗാത്മകമായ തര്‍ക്കം ഉണ്ടാകുമായിരുന്നു. ഞാന്‍ എഴുതിയ കവിത തിരുത്തണമെന്നാവശ്യപ്പെട്ട് ദേവരാജന്‍മാഷും ദക്ഷിണാമൂര്‍ത്തി സ്വാമികളുമുള്‍പ്പെടെയുള്ളവര്‍ തിരികെ നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ അവര്‍ സംഗീതം നല്‍കിയത് മെച്ചമായില്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്. അന്നൊക്കെ സഹിഷ്ണുതയുണ്ട്. പാട്ടെഴുതില്ല എന്നല്ല. എനിക്ക് ബോധിക്കുന്ന സംവിധായകര്‍ വന്നാവശ്യപ്പെട്ടാല്‍ ഞാനെഴുതും.

ഇന്ന് തീയേറ്ററുകളിലേക്ക് ആളെത്തുന്നില്ല. മലയാള സിനിമ അത്രമാത്രം വെറുപ്പിച്ചോ പ്രേക്ഷകനെ ?

യുക്തിയില്ലാത്ത സിനിമകളാണിന്നിറങ്ങുന്നത്. മുമ്പൊക്കെ ഇറങ്ങിയിരുന്നത് അങ്ങനെയല്ല. ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിക്കുന്ന സിനിമകളാണ് അന്നിറങ്ങിയത്. വന്‍ഹിറ്റുകളായ സിനിമകളുടെ കാര്യം തന്നെ നോക്കൂ. അതില്‍ നമ്മുടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങളുണ്ടെന്ന് നമ്മളെ തോന്നിപ്പിക്കും. ഇപ്പോള്‍ അങ്ങനെയാണോ. സിനിമയായാലും സീരിയലായാലും എന്തെങ്കിലും യുക്തിയുണ്ടോ. ഇതൊന്നും ഒരിക്കലും നമ്മുടെ ജീവിതത്തില്‍ നടക്കില്ലെന്ന് നമുക്കറിയാം. ഫാന്റസിയാണിന്ന് സിനിമയുടെ വിഷയം. സാങ്കേതികതയുടെ വരവോട് സിനിമയുടെ ചിലവ് കുറയേണ്ടതാണ്. എന്നാല്‍ മലയാള സിനിമയിലിന്നിറങ്ങുന്ന സിനിമകളില്‍ ചിലത് 10 കോടിയൊക്കെയാണ് മുതല്‍ മുടക്ക്. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പണി തീര്‍ക്കാന്‍ അറിയാത്ത സംവിധായകരും യൂണിയന്റെ അതിപ്രസരമുണ്ടാക്കിയ അമിതചെലവുമാണെന്ന് പറയാം.

പ്രേക്ഷകന് സീരിയസ് പടങ്ങളോട് പ്രതിപത്തിയില്ലേ...?

ഞാന്‍ ഈയിടെ ഒരു സീരിയസ് സിനിമയെടുത്തിരുന്നു. അത് വേണ്ട വിധം സ്വീകരിക്കപ്പെട്ടില്ല. സീരിയസ് സിനിമകളോട് ഇന്ന് പ്രേക്ഷകര്‍ക്ക് പ്രതിപത്തിയില്ലെന്ന് തോന്നിയിട്ടുണ്ട്. ന്യൂ ജനറേഷന്‍ സിനിമകളെന്ന് പറയപ്പെടുന്നവ കണ്ടാല്‍ അത് മനസ്സിലാകും. എല്ലാ വിഷയങ്ങളെയും ലാഘവമായാണ് സമീപനം. ഇവയെയൊക്കെ സ്വല്‍പം കഞ്ചാവ് വലിച്ചുകൊണ്ടുള്ള സിനിമയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഫിലിമുകള്‍ പോയതോടെ മലയാളസിനിമയും പോയെന്ന് വേണമെങ്കില്‍ പറയാം. യുവാക്കളാണ് സിനിമകളെ വിജയിപ്പിക്കുന്നത്. അവരാണ് സിനിമകളുടെ ഇനിഷ്യലുകള്‍ സൃഷ്ടിക്കുന്നത്. അവര്‍ക്ക് സീരിയസ് സിനിമകളോടുള്ള പ്രതിപത്തി നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. അതല്ലെങ്കില്‍ അവരുടെ മുന്നില്‍ നല്ല സിനിമകള്‍ എത്തുന്നില്ല എന്നുവേണം കരുതേണ്ടത്.

എന്തായാലും നല്ല വിഷയങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍ മാത്രമേ പ്രേക്ഷകന് ഇഷ്ടപ്പെടൂ. അല്ലാതെ സാങ്കേതികത കൊണ്ട് എത്ര കാട്ടിക്കൂട്ടിയാലും ജനത്തെ ആകര്‍ഷിക്കാന്‍ കഴിയില്ല. സിനിമ നിര്‍മിക്കാനെത്തുന്നവരും സിനിമയെ സ്നേഹിക്കുന്നവരല്ല. പലരുടെയും ബിനാമികള്‍ പണം വെളുപ്പിക്കാന്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. അവര്‍ക്ക് സിനിമയെ മെച്ചപ്പെടുത്തലല്ല ലക്ഷ്യം.

Content Highlights : sreekumaran thampi about malayalam films