മാര്‍ച്ച് 16-ന് എണ്‍പത് വയസ്സ് തികയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പിക്ക്. എത്രയോ പാട്ടുകളെഴുതിയ തമ്പി ദക്ഷിണാമൂര്‍ത്തി സ്വാമിയുമായിച്ചേര്‍ന്ന്്് കുറെ പാട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രണയനീലിമയാര്‍ന്ന പാട്ടുകള്‍. ആ വരികള്‍ വായിച്ച് പരമസാത്വികനായ ദക്ഷിണാമൂര്‍ത്തിപോലും അനുരാഗലോലനായി

രമഭക്തന്‍, പണ്ഡിതന്‍, രാഗങ്ങളുടെ മനസ്സും മര്‍മവുമറിഞ്ഞ സംഗീതജ്ഞാനി, കാഴ്ചയിലും ജീവിതശൈലിയിലും സംഭാഷണത്തിലുമെല്ലാം തികഞ്ഞ സാത്വികന്‍ -ഈ വിശേഷണങ്ങളിലൊന്നുമൊതുങ്ങാത്ത വേറൊരു ദക്ഷിണാമൂര്‍ത്തിയുണ്ട് ഓര്‍മയില്‍. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ 'കരിനീലക്കണ്ണുള്ള പെണ്ണേ നിന്റെ കവിളത്ത് ഞാനൊന്നു നുളളി' എന്ന പ്രണയഗാനംപാടി ശബ്ദംകൊണ്ടും ഭാവംകൊണ്ടും ശരീരഭാഷകൊണ്ടും ഞൊടിയിടയില്‍ കൗമാരകാമുകനായിമാറുന്ന ഒരു 90 വയസ്സുകാരന്‍.

''തമ്പി ഇങ്ങനെയൊക്കെ എഴുതിവെച്ചാല്‍ ആര്‍ക്കായാലും പ്രേമം വന്നുപോകില്ലേ?''-അപ്രതീക്ഷിതമായ ആ ഭാവപ്പകര്‍ച്ചയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ വെറ്റിലമുറുക്കിക്കൊണ്ട് സ്വാമിയുടെ മറുചോദ്യം. വില്‍പ്പനയില്‍ സിനിമാഗാനങ്ങളെപ്പോലും അതിശയിച്ച മധുരഗീതങ്ങള്‍ (ഒന്നാം വാല്യം) എന്നൊരു ലളിതഗാനസമാഹാരത്തിനുവേണ്ടി അരനൂറ്റാണ്ടുമുമ്പ് ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി ടീം സൃഷ്ടിച്ച പാട്ടാണ് 'കരിനീലക്കണ്ണുള്ള പെണ്ണേ.' നിലവാരം പോരെന്ന് വിധിയെഴുതി ആകാശവാണി ഒരിക്കല്‍ നിര്‍ദയം തള്ളിക്കളഞ്ഞ രചന. അതുള്‍പ്പെടെ ആ ആല്‍ബത്തിലെ പന്ത്രണ്ടു പാട്ടും സ്വാമി ഒറ്റയിരിപ്പില്‍ സ്വരപ്പെടുത്തിയതാണ് എന്നറിഞ്ഞപ്പോള്‍ അദ്ഭുതംതോന്നി. ''ആദ്യം വായിച്ചപ്പോള്‍ത്തന്നെ വരികളോട് ഒരിഷ്ടംതോന്നിയിരുന്നു. ഏതു നല്ലപാട്ടിലും അവയുടെ സംഗീതം മറഞ്ഞിരിക്കുന്നുണ്ടാകും. അത് കണ്ടുപിടിച്ച് ഒന്ന് തേച്ചുമിനുക്കിയാല്‍ മാത്രം മതി. ഈ പാട്ടുകളിലും ഞാന്‍ അതേ ചെയ്തിട്ടുള്ളൂ'' -വെണ്മയാര്‍ന്ന ആ പുരികങ്ങള്‍ക്കടിയിലെ തിളങ്ങുന്ന കണ്ണുകള്‍ ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. കുസൃതിനിറഞ്ഞ ഒരു പ്രണയഭാവം വന്നുനിറയുന്നു അവിടെ.

അതേ പ്രണയഭാവം അരനൂറ്റാണ്ടുമുമ്പേ സ്വാമിയുടെ മുഖത്ത് താന്‍ കണ്ടിട്ടുണ്ടെന്ന് പറയും ശ്രീകുമാരന്‍ തമ്പി. അന്ന് താരതമ്യേന ചെറുപ്പമാണ് സ്വാമിക്ക്, 50 വയസ്സ്. തമ്പിയാകട്ടെ ഇരുപതുകളുടെ രണ്ടാംപകുതിയിലും. ഗ്രാമഫോണ്‍ കമ്പനിയുടെ വിഖ്യാതലേബലായ ഹിസ് മാസ്റ്റേഴ്സ് വോയ്സിനുവേണ്ടി യേശുദാസിന്റെ ശബ്ദത്തില്‍ ഒരു ചലച്ചിത്രേതര സ്റ്റീരിയോഫോണിക് ആല്‍ബം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. തമ്പി അന്ന് താമസം മൈലാപ്പൂരില്‍ നടന്‍ മുത്തുരാമന്റെ അയല്‍പക്കത്തെ കൊച്ചുവാടകമുറിയില്‍. മന്ദവല്ലിയില്‍നിന്ന് ദിവസവും തമ്പിയുടെ വീട്ടിലേക്ക് നടന്നുവരും സ്വാമി. കുറേനേരം പാട്ടും നാട്ടുവര്‍ത്തമാനങ്ങളുമായി അവിടെ ചെലവഴിച്ചശേഷമേ അദ്ദേഹം മടങ്ങിപ്പോകൂ. ഒരു ദിവസം വന്നപ്പോള്‍ മേശപ്പുറത്ത് കിടന്നിരുന്ന കറുത്ത ചട്ടയുള്ള പഴയൊരു ഡയറി ശ്രദ്ധിച്ചു സ്വാമി. കോളേജ് ജീവിതകാലത്ത് തമ്പി കുറിച്ചുവെച്ച ചില ഗാനങ്ങളാണ്. 'ഈ പ്രേമഗാനങ്ങള്‍ പാടൂ' എന്ന ശീര്‍ഷകത്തില്‍ കൗമുദിവാരികയില്‍ അച്ചടിച്ചുവന്ന രചനകള്‍. ''ഒരു പതിനെട്ടുകാരന്റെ ചാപല്യം മാത്രമായിരുന്നു അവ. അത്ര നിലവാരമുള്ള സൃഷ്ടികളൊന്നുമായിരുന്നില്ല'' -തമ്പി പറഞ്ഞു

പക്ഷേ, സ്വാമി ആ 'ചാപല്യ'ങ്ങളില്‍ കണ്ടെത്തിയത് അനുരാഗത്തിന്റെ മായാപ്രപഞ്ചം. ഓരോ പാട്ടിലൂടെയും കടന്നുപോകവേ സ്വാമിയുടെ മുഖത്ത് വന്നുനിറയുന്ന കാമുകഭാവം ശ്രദ്ധിക്കുകയായിരുന്നു തമ്പി. എല്ലാം വായിച്ച് അടച്ചുവെച്ചശേഷം അദ്ദേഹം പറഞ്ഞു: ''ഇതില്‍ കുറച്ചുപാട്ടുകള്‍ ഞാന്‍ തിരഞ്ഞെടുത്തുതരാം. അതൊന്ന് മാറ്റിവെച്ചേക്കണം. നമുക്ക് ഉപയോഗിക്കാവുന്നതാണ്'' തമ്പിക്ക് അദ്ഭുതം. ആകാശവാണി ഒരിക്കല്‍ 'ഖേദപൂര്‍വം' തിരിച്ചയച്ച രചനകള്‍പോലുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. അന്ന് സ്വാമിയുടെ മനംകവര്‍ന്ന ഗാനങ്ങള്‍ എച്ച്.എം.വി. ആല്‍ബത്തില്‍ ഇടംപിടിച്ചതും അസാധാരണ ജനപ്രീതിനേടിയതും പില്‍ക്കാലചരിത്രം: കരിനീലക്കണ്ണുള്ള പെണ്ണേ, ഒരു കരിമൊട്ടിന്റെ കഥയാണു നീ, കരളിന്‍ കിളിമരത്തില്‍, ഒരു മോഹലതികയില്‍ വിരിഞ്ഞപൂവേ... ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠിക്കുന്ന കാലത്ത് തമ്പി കുറിച്ചുവെച്ച ഈ പാട്ടുകള്‍ക്കുപുറമേ പിന്നീടെഴുതിയ കുറെ മനോഹരരചനകളുമുണ്ടായിരുന്നു ആ ആല്‍ബത്തില്‍: തുയിലുണരൂ തുയിലുണരൂ തുമ്പികളേ, ഈ ലോകഗോളത്തില്‍, കലയുടെ സര്‍ഗമുഖങ്ങള്‍ ഒരായിരം, കളിയാക്കുമ്പോള്‍ കരയും പെണ്ണിന്‍, കണികണ്ടുണരുവാന്‍, ഓണക്കോടിയുടുത്തൂ വാനം, മരതകപ്പട്ടുടുത്തു, മതിലേഖ വീണ്ടും മറഞ്ഞുതോഴി...

ദക്ഷിണാമൂര്‍ത്തി സ്വാമി ഇന്നില്ല. ഏഴുവര്‍ഷം മുമ്പ് അദ്ദേഹം ഓര്‍മയായി. ശ്രീകുമാരന്‍ തമ്പിക്ക് ഈ മാര്‍ച്ച് 16-ന് എണ്‍പത് തികയുന്നു. പക്ഷേ, പതിറ്റാണ്ടുകള്‍മുമ്പ് ഇരുവരുംചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ച മധുരഗീതങ്ങള്‍ക്ക് ഇന്നും നിത്യയൗവനം. റിയാലിറ്റി ഷോകളിലെ മത്സരാര്‍ഥികള്‍തൊട്ട് പുതുതലമുറ ബാന്‍ഡുകള്‍വരെ പുനരവതരിപ്പിച്ചുകൊണ്ടിരിക്കുന്നു ആ പാട്ടുകള്‍. 'കരിനീലക്കണ്ണുള്ള പെണ്ണേ' എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ പുതിയൊരു സിനിമയില്‍ കേട്ടത് അടുത്ത കാലത്താണ്. ''കാലം മാറിയിരിക്കാം; മനുഷ്യന്റെ ശീലങ്ങള്‍ മാറിയിരിക്കാം. പക്ഷേ, പ്രണയം എന്നും പ്രണയമായിത്തന്നെ നില്‍ക്കും. രൂപഭാവങ്ങളേ മാറുന്നുള്ളൂ. മനുഷ്യവികാരങ്ങള്‍ക്കും അവയുടെ തീവ്രതയ്ക്കും മാറ്റമില്ലല്ലോ...'' -തമ്പി പറയുന്നു.

പ്രണയത്തിന്റെ ഓര്‍മയില്‍

സഫലമാകാതെപോയ ഒരു കൗമാരപ്രണയത്തിന്റെ ഓര്‍മകൂടിയാണ് തമ്പിക്ക് ആ പാട്ടുകള്‍. ഒരു പതിനെട്ടുകാരന്റെ മനസ്സിലെ മോഹങ്ങളും മോഹഭംഗങ്ങളും കൗതുകങ്ങളും ആകാംക്ഷകളുമെല്ലാമുണ്ട് ആ രചനകളില്‍. ''പ്രണയനഷ്ടം സങ്കല്പിച്ചുപോലും അക്കാലത്ത് പാട്ടെഴുതിയിരുന്നു. അവയിലൊന്നാണ് കരിനീലക്കണ്ണുള്ള പെണ്ണേ. കാമുകിയെ നഷ്ടപ്പെടുന്ന ഒരു കാമുകന്റെ ആത്മഗതമാണ് ആ പാട്ടിന്റെ ചരണം: 'ഒരു ദുഃഖരാത്രിയില്‍ നീയെന്‍ രഥം ഒരു മണല്‍ക്കാട്ടില്‍ വെടിഞ്ഞു, അതുകഴിഞ്ഞോമനേ നിന്നില്‍ പുത്തന്‍ അനുരാഗസന്ധ്യകള്‍ പൂത്തു...' അറംപറ്റും ആ വരികള്‍ക്കെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. ആറുവര്‍ഷത്തെ പ്രേമം അവസാനിപ്പിച്ച് ആ കുട്ടി ഒരു സ്‌കൂളില്‍ അധ്യാപികയായിപ്പോയി. സഹപ്രവര്‍ത്തകനെ പ്രേമിച്ച് കല്യാണംകഴിക്കുകയും ചെയ്തു...'' -തമ്പി ചിരിക്കുന്നു.

മലയാളത്തില്‍ ആദ്യമായി ഒരു സ്റ്റീരിയോഫോണിക് ആല്‍ബം എന്ന ആശയം ഗ്രാമഫോണ്‍ കമ്പനിയുടെ അന്നത്തെ ചെന്നൈ ബ്രാഞ്ച് മാനേജരായിരുന്ന മങ്കപതിയുടേതാണ്. മലയാളത്തോടുള്ള സ്‌നേഹം എന്നതിനെക്കാള്‍, മലയാളഗാനങ്ങള്‍ക്ക് വിപണിയില്‍ ചലനംസൃഷ്ടിക്കാനാകും എന്ന തിരിച്ചറിവായിരുന്നു അതിനുപിന്നില്‍. 1950-കളിലും '60-കളുടെ ആദ്യപകുതിയിലും മലയാള സിനിമാറെക്കോഡുകള്‍ മിക്കവാറും നഷ്ടക്കച്ചവടമായിരുന്നു എച്ച്.എം.വി.ക്ക്. റെക്കോഡ്‌ െപ്ലയര്‍തന്നെ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന കാലം. അതിനൊരു മാറ്റമുണ്ടാക്കിയത് 1967-ല്‍ പുറത്തുവന്ന 'ചിത്രമേള'യാണ്. അതുവരെ ഓരോ പടത്തിന്റെയും ശരാശരി അഞ്ഞൂറ് ഡിസ്‌കുമാത്രം പുറത്തിറങ്ങിയിരുന്നിടത്ത് ചിത്രമേളയുടെ പതിനായിരക്കണക്കിന് ഡിസ്‌കുകള്‍ വിറ്റഴിഞ്ഞു. ശ്രീകുമാരന്‍ തമ്പി-ദേവരാജന്‍ ടീമിന്റെ എട്ട് സൂപ്പര്‍ഹിറ്റ് പാട്ടുകളുണ്ടായിരുന്നു ആ ചിത്രത്തില്‍. എട്ടും പാടിയത് യേശുദാസ്. അതേഗായകനെവെച്ച് ഒരു നോണ്‍ഫിലിം റെക്കോഡ് പുറത്തിറക്കാന്‍ 1969-ല്‍ എച്ച്.എം.വി.യെ പ്രേരിപ്പിച്ചത് ആ വിജയകഥതന്നെ.

പാട്ടുണ്ടാക്കേണ്ട ചുമതല ആരെ ഏല്‍പ്പിക്കണമെന്നതാണ് അടുത്ത ചോദ്യം. വയലാര്‍- ദേവരാജന്‍, പി. ഭാസ്‌കരന്‍-ബാബുരാജ് ടീമുകളാണ് അന്നത്തെ ഹിറ്റ്മേക്കര്‍മാര്‍. ഇവരിലാരുവേണം എന്നതിനെച്ചൊല്ലി മങ്കപതി ആശയക്കുഴപ്പത്തില്‍ ചെന്നുപെട്ടപ്പോള്‍ കൊല്‍ക്കത്തയിലെ ഗ്രാമഫോണ്‍ കമ്പനി ആസ്ഥാനത്തെ മലയാളിയായ തലവന്‍ ഭാസ്‌കരമേനോന്‍ ഇടപെടുന്നു. മേനോന്‍ നിര്‍ദേശിച്ച പോംവഴി ഇങ്ങനെ: തൊട്ടുതലേ വര്‍ഷം, 1968-ല്‍ പുറത്തിറങ്ങിയ മലയാളസിനിമാഗാനങ്ങളില്‍ ഏറ്റവും വിറ്റുപോയ പാട്ട് ഏതാണെന്ന് കണ്ടുപിടിക്കുക. അതിന്റെ ശില്പികളെ ആല്‍ബത്തിന്റെ ചുമതല ഏല്‍പ്പിക്കുക. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നാമതെത്തിയത് യേശുദാസും പി.ലീലയും പാടിയ 'ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം'. 'ഭാര്യമാര്‍ സൂക്ഷിക്കുക' എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി സഖ്യം ഒരുക്കിയ പാട്ട്. ഗത്യന്തരമില്ലാതെ ഇരുവരെയും വിളിച്ചുവരുത്തി ഗാനസൃഷ്ടിയുടെ ചുമതലയേല്‍പ്പിക്കുന്നു മങ്കപതി.

ചെന്നൈയില്‍ സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിനു സമീപമുണ്ടായിരുന്ന എച്ച്.എം.വി. സ്റ്റുഡിയോയിലാണ് റെക്കോഡിങ്. ''പ്രശസ്ത കര്‍ണാടകസംഗീതജ്ഞന്‍ ഡോ. എസ്. രാമനാഥന്റെ മരുമകന്‍ രഘു ആയിരുന്നു സൗണ്ട് എന്‍ജിനിയര്‍. ആര്‍.കെ. ശേഖര്‍ ഓര്‍ക്കസ്ട്ര അസിസ്റ്റന്റും'' -തമ്പി ഓര്‍ക്കുന്നു. ''അസാമാന്യ സംഗീതബോധമുള്ളയാളാണ് രഘു. റെക്കോഡിസ്റ്റായിരുന്നില്ലെങ്കില്‍ വലിയൊരു സംഗീതജ്ഞനായേനെ അദ്ദേഹം. സ്വരസ്ഥാനങ്ങളെക്കുറിച്ചൊക്കെ അഗാധമായ അറിവുള്ളയാള്‍. മുന്‍കോപിയാണെന്ന കുഴപ്പമേയുള്ളൂ. ആ ആല്‍ബത്തിലെ ഗാനങ്ങളുടെ ആലാപനത്തെക്കുറിച്ചും റെക്കോഡിങ് നിലവാരത്തെക്കുറിച്ചുമൊക്കെ ഈ ഡിജിറ്റല്‍ കാലത്തും പലരും മതിപ്പോടെ സംസാരിച്ചുകേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ട് രഘുവിനെ നമിക്കും ഞാന്‍.''

'അനുരാഗലോല നീ '

'മധുരഗീതങ്ങളു'ടെ ആദ്യവാല്യം പുറത്തിറങ്ങിയതും ഹിറ്റായതും ഒരുമിച്ച്. പഴയ അഞ്ഞൂറിന്റെ കണക്ക് ഓര്‍മയായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഇറങ്ങിയ കാലത്തുതന്നെ പതിനായിരക്കണക്കിനാണ് ആ ആല്‍ബം വിറ്റുപോയത്. പില്‍ക്കാലത്ത് ഓഡിയോ കാസറ്റ്, സി.ഡി., എം.പി.ത്രീ തുടങ്ങി പല രൂപങ്ങളിലും പേരുകളിലും പുറത്തിറങ്ങിയപ്പോഴും ആ വിജയകഥ ആവര്‍ത്തിച്ചു. അമ്പതുവര്‍ഷത്തിനിടെ 'മധുരഗീതങ്ങ'ളുടെ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞിരിക്കുമെന്നുറപ്പ്. ആ ബോക്‌സോഫീസ് വിജയഗാഥയ്ക്ക് ഒരു മറുവശംകൂടിയുണ്ട്. പാട്ടെഴുതിയ തമ്പിക്കും സ്വരപ്പെടുത്തിയ സ്വാമിക്കും എച്ച്.എം.വി. ആകെ പ്രതിഫലമായി നല്‍കിയത് 500 രൂപവീതം. ''പന്ത്രണ്ട് പാട്ടുണ്ടാക്കാന്‍ അഞ്ഞൂറുരൂപ പോരെന്നുപറഞ്ഞു കലഹിച്ച് ഇറങ്ങിപ്പോകാന്‍ ഒരുങ്ങിയതാണ് സ്വാമി'' -തമ്പി ഓര്‍ക്കുന്നു. ''ഞാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. സ്റ്റീരിയോ ഇഫക്ടോടെ സ്വന്തം പാട്ടുകള്‍ കേള്‍ക്കുകയെന്നത് അന്നൊരു സ്വപ്നമായിരുന്നല്ലോ. വില്‍പ്പനയുടെ അഞ്ചുശതമാനമെങ്കിലും റോയല്‍റ്റിയായി കിട്ടണമെന്ന സ്വാമിയുടെ ആവശ്യംപോലും നിരസിക്കപ്പെട്ടു. അന്ന് ഗായകര്‍ക്കേ റോയല്‍റ്റി കൊടുക്കുന്ന പതിവുള്ളൂ എച്ച്.എം.വി.ക്ക്.''

പക്ഷേ, റെക്കോഡ് പുറത്തിറങ്ങി ഹിറ്റായതോടെ കഥ മാറി. രണ്ടാംഭാഗം പുറത്തിറക്കണമെന്ന ആവശ്യവുമായി ആറുമാസത്തിനകം കമ്പനി തമ്പിയെയും ദക്ഷിണാമൂര്‍ത്തിയെയും സമീപിക്കുന്നു. ഇത്തവണ നിലപാട് കര്‍ക്കശമാക്കി സ്വാമി: ''രണ്ടുപേര്‍ക്കുംകൂടി അഞ്ചുശതമാനം റോയല്‍റ്റി കിട്ടിയേ പറ്റൂ. പ്രതിഫലം ആയിരമാക്കി വര്‍ധിപ്പിക്കുകയും വേണം''. ആവശ്യം ന്യായമായിരുന്നെങ്കിലും കമ്പനി വഴങ്ങിയില്ല. ''റൂള്‍സ് ഇല്ല'' എന്നായിരുന്നു മങ്കപതിയുടെ വിശദീകരണം. ''തനിക്ക് റൂള്‍സ് ഇല്ലെങ്കില്‍ എന്റെ കൈയില്‍ ട്യൂണുമില്ല'', സ്വാമി പറഞ്ഞു. അതിനകം ആറുപാട്ടുകള്‍ തമ്പി രണ്ടാംഭാഗത്തിനുവേണ്ടി എഴുതിക്കഴിഞ്ഞിരുന്നു. അതില്‍ മൂന്നെണ്ണത്തിന് നൊട്ടേഷന്‍ എഴുതി സ്വാമി ശേഖറിനെ ഏല്‍പ്പിച്ചതുമാണ്. ഒടുവില്‍ ആ മൂന്നുപാട്ടുകള്‍മാത്രം തമ്പി-ദക്ഷിണാമൂര്‍ത്തി ടീമിന്റേതായി ആല്‍ബത്തില്‍ ഇടംനേടുന്നു. ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു, പണ്ടുപാടിയ പാട്ടിലൊരെണ്ണം, രാവിന്‍ ചുണ്ടിലുണര്‍ന്നു... സ്വാമി പിന്മാറിയശേഷം തമ്പിയുടെ അവശേഷിച്ച മൂന്നുപാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ നിയുക്തനായത് ബാബുരാജാണ്. ആ പാട്ടുകളും തെല്ലും മോശമായില്ല: അനുരാഗലോല നീ, മാലേയമണിയും മാറില്‍, കദനത്തിന്‍ കാട്ടിലേതോ... അവശേഷിച്ച പാട്ടുകള്‍ സൃഷ്ടിച്ചത് ഒ.എന്‍.വി.-ദേവരാജന്‍ (മാമ്പൂ വിരിയുന്ന രാവുകളില്‍, സ്വര്‍ണത്തിന് സുഗന്ധം) ടീമും ടി.കെ.ആര്‍. ഭദ്രന്‍-ചിദംബരനാഥന്‍ (പമ്പാ നദിയുടെ, പ്രഭാതരശ്മികളെ) ടീമും.

'അനുരാഗലോല നീ അരികിലില്ലെങ്കില്‍' എന്ന ഗാനത്തിന് മറ്റൊരു പ്രാധാന്യംകൂടിയുണ്ട്. സിനിമയിലെത്തിപ്പെടുംമുമ്പ് തമ്പി എഴുതിയ പാട്ടാണത്. കാമുകിയുടെ കാഴ്ചപ്പാടില്‍ എഴുതിയതായിരുന്നതിനാല്‍ വരികളില്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു എന്നുമാത്രം. 'അനുരാഗലോലന്‍ അവനില്ലയെങ്കില്‍' എന്നാണ് തുടക്കം. തിരുവനന്തപുരം ആകാശവാണിക്കുവേണ്ടി രത്‌നാകരന്‍ ഭാഗവതര്‍ ലളിതഗാനമായി ചിട്ടപ്പെടുത്തിയ ആ ഗാനം പില്‍ക്കാലത്ത് തനിക്ക് സിനിമയിലേക്ക് വഴിതുറക്കുമെന്ന് സങ്കല്പിച്ചിരിക്കില്ല തമ്പി. ''കാക്കത്തമ്പുരാട്ടിയുടെ തിരക്കഥയുമായി സുബ്രഹ്മണ്യം മുതലാളിയെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. കഥ ഇഷ്ടപ്പെട്ടെങ്കിലും ക്‌ളൈമാക്‌സ് മാറ്റണമെന്ന് മുതലാളിക്ക് നിര്‍ബന്ധം. മാറ്റിയാല്‍ കഥയുടെ ആത്മാവ് ചോര്‍ന്നുപോകുമെന്ന് ഞാന്‍. തിരക്കഥ എഴുതിവെച്ചിരുന്ന ഡയറിയിലുണ്ടായിരുന്ന എന്റെ ചില ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത് അപ്പോഴാണ്. നിങ്ങള്‍ പാട്ടും എഴുതുമോയെന്ന് കൗതുകത്തോടെ ചോദിച്ചു മുതലാളി. വിധിനിയോഗംപോലെ ആ നിമിഷം അകത്തെ മുറിയില്‍നിന്ന് അനുരാഗലോലന്‍ എന്ന പാട്ട് ഒഴുകിയെത്തുന്നു. ആകാശവാണിയുടെ ലളിതസംഗീത പാഠമായിരുന്നു. എന്റെ രചനയാണ് എന്ന് അഭിമാനപൂര്‍വം പറഞ്ഞപ്പോള്‍ മുതലാളി നിശ്ശബ്ദനായി പാട്ട് കേട്ടിരുന്നു. എന്നിട്ട് പറഞ്ഞു: 'കൊള്ളാം. ഭാസ്‌കരന്റെയോ വയലാറിന്റെയോ സ്‌റ്റൈല്‍ അല്ല. വേറൊന്നാണ്. എന്റെ അടുത്ത പടത്തില്‍ നിങ്ങള്‍ പാട്ടെഴുതും.' താമസിയാതെ മെരിലാന്‍ഡിന്റെ കാട്ടുമല്ലിക (1966) എന്ന ചിത്രത്തിലൂടെ തമ്പി ഗാനരചയിതാവായി അരങ്ങേറി എന്നതാണ് കഥയുടെ ക്‌ളൈമാക്‌സ്.'' നമ്മുടെ സിനിമാചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു ജൈത്രയാത്രയുടെ തുടക്കം.

54 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ യാത്ര തുടരുകയാണ് ശ്രീകുമാരന്‍ തമ്പി. ഇരുപതുകളുടെ തുടക്കത്തില്‍ 'ഒരു മുത്തമേകാന്‍ ഒരുവളില്ലെങ്കില്‍ അധരങ്ങളെന്തിന് തോഴീ' എന്നെഴുതിയ തൂലിക എഴുപത്തൊന്‍പതാം വയസ്സില്‍ 'വിരല്‍ത്തുമ്പും വിരല്‍ത്തുമ്പും ചുംബിക്കും നിമിഷത്തിന്‍ ചിറകടികള്‍ മൗനം' (ഒരു കുപ്രസിദ്ധ പയ്യന്‍) എന്നെഴുതുമ്പോഴും ആ വരികളില്‍ തുടിക്കുന്ന പ്രണയത്തിന് അതേ ആര്‍ദ്രത, അതേ തീവ്രത. ആദ്യഗാനം കേട്ടും ആസ്വദിച്ചും വളര്‍ന്നവരുടെ പേരക്കിടാങ്ങളും അവരുടെ മക്കളുമൊക്കെ ഉണ്ടാവാം തമ്പിയുടെ പുതിയ ശ്രോതാക്കളില്‍. 'കാലം മാറിവരും കാറ്റിന്‍ ഗതിമാറും കടല്‍ വറ്റി കരയാകും കര പിന്നെ കടലാകും കഥയിതു തുടര്‍ന്നുവരും' എന്നെഴുതിയതും തമ്പിയാണല്ലോ.

Content Highlights : Sreekumaran Thampi 80th Birthday V Dakshinamoorthy Ravi Menon Pattuvazhiyorathu