ലയാളം കണ്ട മികച്ച ഗാനരചയിതാക്കളില്‍ ഒരാള്‍. വരികളിലെ കാല്‍പ്പനികത കൊണ്ടും ഗൃഹാതുരത്വം കൊണ്ടും മലയാളിമനസ്സുകളെ തൊട്ടു തലോടിയിട്ടുള്ള അതുല്യ പ്രതിഭ.. ഗാനരചന മാത്രമല്ല, കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ.. ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് ഇത്രയൊന്നും പറഞ്ഞാല്‍ മതിയാകില്ല.. എണ്‍പതിന്റെ നിറവില്‍ അദ്ദേഹത്തെക്കുറിച്ച് ചലച്ചിത്ര പിന്നണിഗായകന്‍ ദേവാനന്ദ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

എനിക്ക് ലഭിച്ചത് തമ്പി സാറിന്റെ രണ്ടു പാട്ടുകള്‍..

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ ഗാനരചയിതാക്കള്‍ ദാസേട്ടനെക്കുറിച്ചെഴുതിയ പാട്ടുകളുടെ ഒരു കാസറ്റ് പുറത്തിറക്കുകയുണ്ടായി. ഒ.എന്‍.വി, യൂസഫലി കേച്ചേരി അങ്ങനെ നിരവധി പേരുടെ പാട്ടുകളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ വരികള്‍ ജെയ്സണ്‍ ജെ നായര്‍ സംഗീതം നല്‍കിയിരുന്ന ഒരു പാട്ടുണ്ടായിരുന്നു. 'എന്നക്ഷരങ്ങള്‍ക്ക്' എന്നു തുടങ്ങുന്ന ആ പാട്ട് പാടിയത് ഞാനായിരുന്നു. ദാസേട്ടന്റെ ഒരു ജന്മദിനത്തോടനുബന്ധിച്ചായിരുന്നു അത്. അതാണ് തമ്പി സാറിന്റെ വരികളില്‍ ഞാന്‍ പാടിയ ആദ്യഗാനം. പിന്നീട് മധുപാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ, ടൊവിനോ തോമസ് അഭിനയിച്ച ഒരു കുപ്രസിദ്ധ പയ്യനിലെ 'പ്രണയപ്പൂ വിടര്‍ന്നത്' എന്ന ഗാനവും.

ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനങ്ങളിലെ ഇഷ്ടഗാനം..

കുട്ടിക്കാലം മുതലേ ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ പാട്ടുകള്‍ കൂടുതല്‍ കേള്‍ക്കുമായിരുന്നു. അച്ഛന് സ്വാമിയുമായുള്ള അടുപ്പം കാരണമായിരിക്കാമത്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് ശ്രീകുമാരന്‍ തമ്പിയാണ്. ഹൃദയസരസ്സിലേ, സന്ധ്യക്കെന്തിന് സിന്ദൂരം തുടങ്ങിയവ. ഏറ്റവും കൂടുതല്‍ വേദികളില്‍ പാടിയിട്ടുള്ളത് ഹൃദയസരസ്സിലെ തന്നെയാണ്. ഒരിക്കല്‍ സ്വാമിജി തന്നെ പങ്കെടുത്ത ഒരു പൊതുവേദിയില്‍ പാടി എനിക്ക് അദ്ദേഹത്തില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാനും സാധിച്ചിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പിയും ഏതു സംഗീത സംവിധായകനുമായുള്ള കോമ്പോ ആണ് കൂടുതലിഷ്ടം..

ഗൃഹാതുരത്വവും കാല്‍പനികതയും ഏറെയുള്ള പാട്ടുകളാണ് തമ്പി സാറിന്റേത്. അര്‍ജുനന്‍ മാഷുമായി ചേര്‍ന്നുള്ള പാട്ടുകളെല്ലാം സുന്ദരമല്ലേ? ചന്ദ്രക്കല മാനത്ത്, പാടാത്ത വീണയും പാടും.. തുടങ്ങിയവ..
ദക്ഷിണാമൂര്‍ത്തി സ്വാമികളും അര്‍ജുനന്‍ മാസ്റ്ററും. ഇവരുമായുള്ള കോമ്പോയിലുള്ള പാട്ടുകളാണ് എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. ദേവരാജന്‍ മാസ്റ്ററുടെയും എസ് വിയുടെയും ഒന്നും ഇഷ്ടമല്ല എന്നല്ല. സ്വാമികളുമായി തമ്പി സാറിനുണ്ടായിരുന്ന ആത്മബന്ധം അവരുടെ പാട്ടുകളിലും നിഴലിച്ചിരുന്നു. സ്വാമികളേക്കാള്‍ തമ്പി സാറിന് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടായിരുന്നു അര്‍ജുനന്‍ മാഷുമായി. എ ആര്‍ റഹ്മാന്റെ അച്ഛന്‍ ആര്‍ കെ ശേഖറിനെപ്പോലെയുള്ള സംഗീത സംവിധായകര്‍ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം കൊടുത്തിട്ടുളള സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടു തന്നെയാണ്. അവര്‍ തൊട്ടതെല്ലാം പൊന്നാക്കുകയും ചെയ്തിട്ടുണ്ട്. പിക്നിക്കിലെ പാട്ടുകളുടെയൊക്കെ ഓര്‍ക്കസ്ട്രേഷന്‍ ഇപ്പോഴത്തെ ഏതെങ്കിലും സംഗീതസംവിധായകര്‍ക്ക് ചെയ്യാന്‍ പറ്റുന്നതാണോ? 70കളിലെ ആ പാട്ടുകള്‍ എവര്‍ഗ്രീന്‍ ഹിറ്റുകളാണ്. ദേവരാജന്‍ മാസ്റ്ററുമായുളള അഭിപ്രായവ്യത്യാസങ്ങള്‍ നടക്കുന്ന കാലത്താണ്  അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കുന്നതും ഹിറ്റ് ഗാനങ്ങള്‍ പിറക്കുന്നതും.

വ്യത്യസ്ത പുലര്‍ത്തി, ബഹുമുഖപ്രതിഭയായി...

ഭാസ്‌കരന്‍ മാഷുടെയും വയലാറിന്റെയും പാട്ടുകള്‍ ഇദ്ദേഹത്തിന്റേതെന്നും ഇദ്ദേഹത്തിന്റേത് അവരുടേതെന്നും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പല വേദികളിലും തമ്പി സാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വിശദീകരണങ്ങളും വന്നിരുന്നു. എങ്കിലും ഒന്നു പറയാതെ വയ്യ. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എഴുതാം എന്നാണ് ചിന്തിച്ചത്. ഒരാളെ പോലെ മാത്രം ചെയ്യാന്‍ കഴിയുന്ന ആള്‍ എന്ന നിലയിലാണ് നമ്മള്‍ പ്രശസ്തിയാര്‍ജിക്കുന്നതെങ്കില്‍ പിന്നീട് നിലനില്‍പില്ലല്ലോ. എന്തു പുതിയതായി ചെയ്യാമെന്നു സ്വയം കണ്ടുപിടിച്ച് വിജയം കൈവരിച്ചു. മഹാരഥന്‍മാരായ വയലാര്‍, ഭാസ്‌കരന്‍ മാഷ്, എന്നിവരെപ്പോലെയുള്ളവര്‍ കൊടികുത്തിവാണിരുന്ന കാലത്താണ് തമ്പി സാറും എഴുതിത്തുടങ്ങുന്നത്. അവര്‍ക്കൊപ്പം യാത്ര ചെയ്യണമെങ്കില്‍ അവരില്‍ നിന്നു വ്യത്യസ്തമായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന തോന്നലിലാണ് സിനിമ സംവിധാനം ചെയ്യുന്നതും നിര്‍മ്മിച്ചതും. കുറെ ബുദ്ധിമുട്ടിയിട്ടുണ്ടാകാം. 

അദ്ദേഹത്തെക്കുറിച്ചുള്ള മറക്കാനാകാത്ത ഒരു നല്ലോര്‍മ്മ

ഒരിക്കല്‍ ഒരു ചാനലിനു വേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഒരു അഭിമുഖമുണ്ടായി. വൈക്കത്തു വച്ചു നടന്ന ആ അഭിമുഖത്തില്‍ തമ്പി സാര്‍ ആയിരുന്നു അവതാരകന്‍. അതില്‍ അച്ഛനും വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു.(പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നമ്പൂതിരിയുടെ ഇളയമകനാണ് ദേവാനന്ദ്) അച്ഛനൊപ്പം അന്നു ഞാനും പോയി. അഭിമുഖത്തിനു ശേഷം ഞാന്‍ നമ്പി സാറിനരികില്‍ ചേര്‍ന്ന് സ്വയം പരിചയപ്പെടുത്തി. കുറച്ചു പാട്ടൊക്കെയുണ്ടെന്നു പറഞ്ഞു. പറഞ്ഞുകഴിഞ്ഞ് അദ്ദേഹം എന്നോട്: ഞാനൊരിക്കലും മോനു വേണ്ടി ശുപാര്‍ശ ചെയ്യില്ല കേട്ടോ. ഞാന്‍ അങ്ങനെ ശുപാര്‍ശ ചെയ്ത താരങ്ങളെല്ലാം എനിക്കെതിരെ തിരിച്ചടിച്ചിട്ടേയുള്ളൂ. അതുകൊണ്ട് താത്പര്യമില്ല. ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നു ഞാനും പറഞ്ഞു. കഴിവുണ്ടെങ്കില്‍ ഒരു കലാകാരന്‍ സ്വയം മുമ്പോട്ടു വരുമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണത്. പക്ഷേ അന്നൊന്നും ഒരു തുമ്പു കിട്ടാതെയൊന്നും ഈ മേഖലയില്‍ വരിക എന്നത് എളുപ്പമല്ല. വളരെ അപൂര്‍വമായേ അങ്ങനെയേ സംഭവിച്ചിട്ടുള്ളൂ. എന്റെ കാര്യത്തില്‍ പോലും. മദ്രാസില്‍ നിന്നും നാട്ടിലെത്തിയ എനിക്ക് നാട്ടില്‍ അര്‍ഹിക്കുന്നത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് തോന്നി മദ്രാസിലെ ചില മാധ്യമങ്ങള്‍ വാര്‍ത്തയും അഭിമുഖവുമൊക്കെ നല്‍കി, ഞാന്‍ പാടിയ പാട്ടുകളെടുത്തു പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് എന്റെ കരിയറിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

തമ്പിയുടെ കവിതകളോ പാട്ടുകളോ കൂടതല്‍ പ്രിയം..

കവിതകളുമായി അത്ര വലിയ ബന്ധമില്ല. സിനിമാപാട്ടുകള്‍ തന്നെയാണ് ശ്രദ്ധിച്ചിട്ടുള്ളൂ. അമ്മയ്ക്ക് കവിതകളോട് നല്ല താത്പര്യമാണ്. കേള്‍ക്കാറുമുണ്ട്. സിനിമയുടെ സന്ദര്‍ഭത്തിനു വേണ്ട വരികള്‍ ഏതു വേണമെന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയാം. അതു തന്നെയാണ് അദ്ദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കുന്നത്.

തമ്പി സാറിന്റെ ഒരേ ഒരു പാട്ടേ പാടിയിട്ടുള്ളൂ. അത് അടുത്തിടെയാണ്. ഒരു കുപ്രസിദ്ധ പയ്യനിലെ പ്രണയപ്പൂ വിടര്‍ന്നത് എന്ന മാപ്പിളപ്പാട്ട്. സംഗീതത്തിന്റെ ആണെങ്കിലും എല്ലാ മേഖലകളിലും കൈവച്ചിട്ടുണ്ട് അദ്ദേഹം. എത്രയെത്ര ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അദ്ദേഹത്തിനായിട്ടുണ്ട്. ജീവിതം ഒരു ഗാനം എന്ന ചിത്രത്തിലെ സത്യനായകാ എന്ന പാട്ട് എന്നും ഹിറ്റാണ്. 

അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഒരുപാട് തേടിയെത്തി, എങ്കിലും അദ്ദേഹം അര്‍ഹിക്കുന്നത് ഇനിയും ലഭിച്ചിട്ടില്ല എന്ന തോന്നലുണ്ടോ?

ദേവരാജന്‍ മാഷുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്ന പേര് വയലാര്‍ ആണെന്നതും ഭാസ്‌കരന്‍ മാഷുടേതാണെന്നും അനുമാനിക്കപ്പെടും. ഇളയരാജ സാറിന്റെ പാട്ട് എന്നേ ആളുകള്‍ ശ്രദ്ധിക്കൂ. ശരിയല്ലേ. അവിടെ ഗാനരചയിതാവിനെ ആളുകള്‍ ശ്രദ്ധിക്കാറേയില്ല. അങ്ങനെയൊരു സംഗീതസംവിധായകന്‍ നമുക്കുണ്ടോ? തീര്‍ച്ചയായും രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാഷ്, എന്നൊക്കെ പറയാം. എന്നാലും അവരൊക്കെ അവസാന കാലത്താണ് മീഡിയയുടെ മുമ്പിലും പൊതു വേദികളിലും ഒക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതു തന്നെ. ആളുകള്‍ക്ക് അതുവരെ അറിയുക പോലുമില്ലായിരുന്നു. വിദ്യാസാഗര്‍ ഒക്കെ അടുത്തിടെയാണ് ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തുടങ്ങിയത്. എന്റെ പാട്ടുകള്‍ ആളുകള്‍ ആസ്വദിക്കുന്നുണ്ടല്ലോ. അതുമതി. എന്നാണ് അദ്ദേഹം പറയാറ്. ഇപ്പോള്‍ സംഗതികള്‍ക്ക് ഒരുപാടു മാറ്റം വന്നിട്ടുണ്ട്. ഒരു സിനിമ റിലീസായാല്‍ പാട്ടുകാരെ മീഡിയ വിളിക്കും. കുറച്ചു പാട്ടുകള്‍ പാടിക്കാം. മുമ്പത്തെ പാട്ടുകളെക്കുറിച്ച് ചോദിക്കാം. നിങ്ങളുടെ ഒരു പാട്ട് ഒരു കുട്ടി അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ പാടിക്കേട്ടപ്പോള്‍ എന്തു തോന്നി.. ഇതൊക്കെ കാണാനും കേള്‍ക്കാനും ആളുകള്‍ക്ക് ഇഷ്ടമാണ്. ഒരു ഗാനരചയിതാവിനെ അഭിമുഖം ചെയ്യുകയാണെങ്കില്‍ എത്ര ചോദ്യങ്ങള്‍ ചോദിക്കും. അവര്‍ക്ക് ലഭിക്കുന്ന അഭിമുഖങ്ങളും കുറവല്ലേ. 

Content Highlights : singer devanand about sreekumaran thampi on his eightieth birthday