ശീതിയുടെ നിറവിലെത്തിയ ശ്രീകുമാരന്‍തമ്പി എന്ന മലയാളിയുടെ ഗാനയൗവനത്തെക്കുറിച്ച് പറയാന്‍ തുടങ്ങുമ്പോള്‍ കുഴപ്പിക്കുന്ന ഒരു പ്രശ്‌നം ബഹുമുഖമായ ആ സര്‍ഗപ്രതിഭയുടെ ഏതുമുഖഭാഗത്തേക്കാണ് വെളിച്ചംപായിക്കേണ്ടത് എന്നതാണ്. ഒരു ചെറുകുറിപ്പിന്റെ പരിധിയില്‍നിന്നുകൊണ്ട് അത് അസാധ്യവുമാണ്. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, സംഗീതസംവിധായകന്‍, നോവലിസ്റ്റ് ഇങ്ങനെ പടര്‍ന്നുകിടക്കുന്നു തമ്പിയുടെ സര്‍ഗസപര്യ. ഒട്ടേറെ കവിതകള്‍, കാവ്യസമാഹാരങ്ങള്‍ 78 സിനിമകളുടെ തിരക്കഥാകൃത്ത്, 21 ചിത്രങ്ങളുടെ സംവിധായകന്‍, ദേശീയതലത്തില്‍ പുരസ്‌കൃതനായ ഗ്രന്ഥകര്‍ത്താവ്... ഇങ്ങനെ വേറിട്ടുതന്നെ പരിശോധിക്കപ്പെടേണ്ട ഈടുവെപ്പുകളില്‍ എന്തുകൊണ്ടും മലയാളിക്ക് കൂടുതല്‍ പരിചയം ലളിതഗാനങ്ങളുള്‍പ്പെടെ മൂവായിരത്തില്‍പ്പരം പാട്ടുകള്‍ നമുക്കുതന്ന ശ്രീകുമാരന്‍ തമ്പി എന്ന ഗാനകവിയെയായിരിക്കും എന്നതില്‍ സംശയമില്ല.

ശ്രീകുമാരന്‍ തമ്പി 1966-ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതുമ്പോള്‍ മലയാള ചലച്ചിത്രഗാനരംഗം പ്രതാപവാന്മാരായ മൂന്ന് വരിഷ്ഠകവികളുടെ ആധിപത്യത്തിലായിരുന്നു. കവിതയുടെ മണ്ഡലത്തില്‍ പക്ഷേ, ഗാനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. വലിയ കവിയായ ഒ.എന്‍.വി.പോലും ഗാനമെന്നാല്‍ പ്രയുക്തകവിതമാത്രമാണെന്ന് അല്പമൊരു ക്ഷമാപണസ്വരത്തില്‍ പറയുംവിധം സാഹിത്യത്തിന്റെ വരേണ്യവിതാനങ്ങള്‍ക്ക് പുറത്തായിരുന്നു അതിന്റെ നില്‍പ്പ്. അതേസമയം, ജാതിസാമുദായികവും അനുഷ്ഠാനപരവുമല്ലാത്ത ഒരു മതേതര ആധുനികസമൂഹത്തിന്റെ സ്വതന്ത്രഗാനകല ഇല്ലാതിരുന്ന മലയാളി പൊതുസമൂഹം അതിന്റെ കവിതയും സംഗീതവുമെല്ലാമായി സ്വയം വരിച്ചത് ചലച്ചിത്രഗാനങ്ങളെയായിരുന്നു. അതായത്, ഏതൊരു സമൂഹത്തിനും ആദിമകാലംമുതല്‍ക്കേ ഉള്ളതായ പാട്ടാവശ്യം കേരളസമൂഹത്തിന് നിറവേറ്റിക്കൊടുത്തത്, കൊടുത്തുകൊണ്ടിരിക്കുന്നത് ചലച്ചിത്രഗാനശാഖയാകുന്നു.

മറ്റേതൊരു വ്യാവസായിക ഉത്പന്നത്തിനുമെന്നപോലെ സിനിമയ്ക്കും അതതുകാലത്തെ മാര്‍ക്കറ്റിന്റെ ചലനനിയമങ്ങളുമായി ബന്ധപ്പെടേണ്ടിവരുന്നു. നിലനില്‍ക്കുന്ന ചട്ടക്കൂടുമായി കലഹിച്ച് സിനിമയുടെ വ്യവസായികസ്വഭാവത്തെ മറിച്ചിടുന്ന പരീക്ഷണചിത്രങ്ങള്‍ എടുക്കുക എന്ന രീതി എഴുപതുകളില്‍ മലയാളസിനിമയില്‍ രൂപപ്പെട്ടു. എന്നാല്‍, അതിനുമെത്രയോമുമ്പുതന്നെ പ്രകടമായ വിധത്തില്‍ ഒരു വിച്ഛേദനം നടത്താതെ എന്നാല്‍, കലയുടെ മൂല്യങ്ങളെ അടിയറവെക്കാത്ത ചിത്രങ്ങള്‍ ഉണ്ടാവുന്നുണ്ടായിരുന്നു. സേതുമാധവന്‍, രാമു കാര്യാട്ട്, പി.എന്‍. മേനോന്‍, എം.ടി. വാസുദേവന്‍ നായര്‍, എ. വിന്‍സെന്റ് എന്നിവരുടെ ആ നിരയിലാണ് മോഹിനിയാട്ടം, ഗാനം തുടങ്ങിയ ചിത്രങ്ങളെടുത്ത തമ്പിയുടെയും ചരിത്രപരമായ സ്ഥാനം. നേരത്തേ സൂചിപ്പിച്ചതുപോലെ ശ്രീകുമാരന്‍തമ്പിയെ മലയാളിമനസ്സിനോട് ഏറെ അടുപ്പിച്ചുനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ഗാനകലയാണ്. ചലച്ചിത്രങ്ങളില്‍ ഗാനത്തിന്റെ പ്രസക്തിയെന്ത് എന്നത് ചര്‍ച്ചപോലും ആവശ്യമില്ലാത്തവിധം അപ്രസക്തമായ ഒരു വിഷയമായിരിക്കാം.

വിശ്വമഹാസിനിമകളില്‍, ക്ലാസിക്കുകളില്‍ ഇതര ലോകഭാഷകളിലെ ചിത്രങ്ങളില്‍ ഒന്നും പാട്ടുകളില്ലെന്ന് നമുക്കറിയാം. ഇന്ത്യന്‍സിനിമകളില്‍ വിശേഷിച്ചും മലയാളസിനിമയില്‍ ചലച്ചിത്രഗാനങ്ങള്‍ക്ക് എന്തുകൊണ്ടിത്ര പ്രാധാന്യംവന്നു എന്നതിനുള്ള ഉത്തരം മുകളില്‍ സൂചിപ്പിച്ച വസ്തുതകളില്‍നിന്ന് കിട്ടുന്നതാണ്. ഒന്നുകൂടി ഊന്നിപ്പറഞ്ഞാല്‍ ഗാനങ്ങള്‍ സിനിമയുടെ ആവശ്യം എന്നതിനെക്കാള്‍ സമൂഹത്തിന്റെ ആവശ്യമാകുന്നു എന്നതുതന്നെയാണ് അതിനുള്ള ഉത്തരം. അതുകൊണ്ടാണ് ഒരാളും ഇന്ന് ഓര്‍ത്തിരിക്കാന്‍ ഇടയില്ലാത്തതും ഇന്ന് കണ്ടിരിക്കുക അസാധ്യവുമായ സി.ഐ.ഡി. നസീര്‍ പോലെയുള്ള ചിത്രത്തിലെ 'നിന്‍ മണിയറയിലെ നിര്‍മലശയ്യയിലെ...' എന്ന ഗാനം ഇന്നും നിത്യഹരിതമായി തുടരുന്നത്.

വാക്കുകളില്‍ സുഗന്ധം നിറച്ച കവി

പാട്ടുകള്‍ക്ക് സിനിമയ്ക്കപ്പുറം ജീവിതമുണ്ടായിരുന്ന കാലത്ത് ഗാനസ്രഷ്ടാവാകാന്‍ സാധിച്ച ശ്രീകുമാരന്‍ തമ്പി ആ കര്‍മം ഏറെ ഭംഗിയായും സമര്‍ഥമായും നിര്‍വഹിച്ചു. ആനുഷംഗികമായി പറയട്ടെ, പുതിയകാല സിനിമ അങ്ങനെയൊരു സ്വഭാവത്തിലല്ല ഇപ്പോഴുള്ളത്. തന്മൂലം അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞാല്‍ പാട്ടിന്റെ പേരിലെങ്കിലും സിനിമ ഓര്‍മിക്കപ്പെടാനുള്ള യോഗവും ഇല്ലാതായിരിക്കുന്നു.

മാദകമായ ബിംബകുബേരത്വത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗവര്‍ണകാന്തികൊണ്ട് മലയാളിയുടെ ഭാവനാലോകത്തെ ഗന്ധര്‍വലോകങ്ങളിലേക്കുയര്‍ത്തിയ വയലാറും നാട്ടുനീരൊഴുക്കിന്റെ ലാളിത്യവും നിലാവിന്റെ ലാവണ്യവുമുള്ള കേരളീയബിംബങ്ങളാല്‍ സമൃദ്ധമായ സുന്ദരഗാനങ്ങളെഴുതിയ പി. ഭാസ്‌കരനും പ്രൗഢവും കാവ്യാത്മകവും അതേസമയം നാട്ടുമൊഴിയുടെ ചന്തവും പാട്ടിലാക്കാന്‍ പ്രാഗല്ഭ്യമുണ്ടായിരുന്ന ഒ.എന്‍.വി.യും അരങ്ങുവാണിരുന്ന ഒരിടത്താണ് കൗമാരംവിടാത്ത ശ്രീകുമാരന്‍ തമ്പി കയറിവന്ന് ഇരിപ്പിടം വലിച്ചിട്ട് ഇരിക്കുന്നത്. അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ആ ത്രിമൂര്‍ത്തികളില്‍നിന്ന് പലവിധത്തില്‍ വേറിട്ട ഒരു ഗാനശൈലിയായിരുന്നു തമ്പിയുടേത്. അത് കൂടുതല്‍ ആധുനികമായിരുന്നു. അതിന് കൂടുതല്‍ യൗവനം ഉണ്ടായിരുന്നു. അന്നോളം ചലച്ചിത്രഗാനശാഖ പരിചയിച്ചിട്ടില്ലായിരുന്ന ബിംബങ്ങളും കല്പനകളും നിറഞ്ഞതായിരുന്നു തമ്പിയുടെ ഗാനങ്ങളിലെ പ്രണയഭാവന. അത് മാറുന്ന ആധുനിക മലയാളിയുവത്വത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. അത് ആകാശത്ത് പൂര്‍ണമായി ചുറ്റിപ്പറക്കുന്നതോ മണ്ണില്‍മാത്രമായി ഒഴുകുന്നതോ ആയിരുന്നില്ല. മലയാളത്തിലെ പ്രണയഗാനസാഹിത്യത്തിന് അത്രകണ്ട് പരിചിതമല്ലാത്ത ഒരാത്മീയതലംകൂടി അതിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ഗാനങ്ങളിലെ പ്രണയം വെറും ശരീരകാമനകള്‍ക്കപ്പുറത്ത് നിത്യസുന്ദര നിര്‍വൃതിയായി.

വാക്കുകളില്‍ ഇത്രയേറെ സുഗന്ധംനിറച്ച മറ്റൊരു കവി, ഗാനകൃത്ത് നമുക്കില്ല. ഭാവവും സ്‌നേഹവുമെല്ലാം അദ്ദേഹത്തിന് ഗന്ധമാണ്. സ്വപ്നവും സുഗന്ധമാണ്. ഇലഞ്ഞിപ്പൂമണം നാസികകൊണ്ടുമാത്രമല്ല കവി അറിയുന്നത് എല്ലാ ഇന്ദ്രിയങ്ങളിലും നിറയുന്ന അനുഭൂതിയായിട്ടാണ്. മല്ലികപ്പൂവിന്റെ മധുഗന്ധം മാത്രമല്ല വാടാമലരിന്‍ മായാഗന്ധവും ഈ കവി മുകരുന്നു. ചന്ദനത്തിന്‍ പൊടിയില്‍ സ്വേദബിന്ദുസ്വര്‍ണമണികളാവുന്നത് തമ്പിക്കുമാത്രമേ കാണിച്ചുതരാനാവൂ. തന്റെ ഹൃദയം കാമുകിയുടെ കൈയൊപ്പുവീണ ഒരു വര്‍ണക്കടലാസാണെന്ന ഭാവന, അവളുടെ പൊട്ടിച്ചിരിയില്‍ പൊട്ടിവിടരുന്ന രോമാഞ്ചവാടി എന്ന കല്പന, അശോകപൂര്‍ണിമ, നിദ്രാവീണ തുടങ്ങിയ അപൂര്‍വതയുള്ള പദച്ചേരുവകള്‍. ഗാനവും കവിതയും തമ്മിലുള്ള അതിരുകള്‍ അലിഞ്ഞില്ലാതാവുന്ന എത്രയോ മനോഹര സന്ദര്‍ഭങ്ങളുണ്ട് ശ്രീകുമാരന്‍ തമ്പിയുടെ ഖനിയില്‍.

ആയിരം വര്‍ണങ്ങള്‍ വിടരുന്ന ആരാമം

സിനിമയുടെ പ്രമേയം അനുവദിക്കുന്ന സ്വാതന്ത്ര്യമേ ഗാനരചയിതാവിനുള്ളൂ. അസ്വാതന്ത്ര്യങ്ങളോ പരിമിതികളോപോലും വലിയ ഉത്സവങ്ങളാക്കാന്‍ കഴിയുന്നയാള്‍ക്കേ അവിടെ വിജയിക്കാനാവൂ. വളരെ വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ് അയാള്‍ക്ക് ലഭിക്കുക. ചിലപ്പോള്‍ അയാള്‍ക്ക് ഒരു പെണ്‍മനസ്സിലേക്ക് കൂടുമാറേണ്ടിവരും. ദൈവനിഷേധിയായും മഹാഭക്തനായും വേഷംമാറേണ്ടിവരും. നാട്ടിന്‍ പുറത്തെ ഗ്രാമീണയുവാവായി ചാലക്കമ്പോളത്തില്‍വെച്ച് നിന്നെ കണ്ടപ്പോള്‍ എന്നോ വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു എന്നെഴുതേണ്ടിവരും. അതേ പേനകൊണ്ടുതന്നെ നീയെന്ന സങ്കല്പം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ നിശ്ചലശില്പമായേനേ എന്നും നിത്യസുന്ദര നിര്‍വൃതിയായ് നീ നില്‍ക്കുകയാണെന്നാത്മാവില്‍ എന്നും എഴുതും. നക്ഷത്രകിന്നരന്മാര്‍ വിരുന്നുവരുന്നതും വിശന്ന് അവശനായ സാക്ഷാല്‍ ദൈവം ഭക്ഷണത്തിനായി വരുന്നതും എഴുതും. കരളിലെ കളിത്തട്ടില്‍ അറുപതുതിരിയിട്ട കഥകളിവിളക്കും തരിവളകള്‍ ചേര്‍ന്നുകിലുങ്ങുന്ന താമരമിഴിയാളുടെ നാണവും മകരം പോയിട്ടും മാറാത്ത മാറത്തെക്കുളിരും ഒരുപോലെ വര്‍ണിക്കാനാവുന്ന സാംസ്‌കാരികവൈവിധ്യത്തെ എഴുതും. നെടുവീര്‍പ്പില്‍നിന്ന് ഉയരുന്ന മധുരസംഗീതവും ഈറന്‍ മുകിലില്‍ ഇന്ദ്രധനുസ്സെന്നപോലെ കണ്ണുനീരില്‍ ഓര്‍മ തിളങ്ങുന്നതിനെപ്പറ്റിയും... പറഞ്ഞാല്‍ തീരാത്തത്രയുമുണ്ട് ശ്രീകുമാരന്‍ തമ്പിയുടെ ഗാനശാലയില്‍ വാടാത്ത മലരുകള്‍. ആയിരം വര്‍ണങ്ങള്‍ വിടരുന്ന ആരാമംതന്നെയാണ് ആ കവിഹൃദയം.

ഹിംസയും മൃഗീയതയും സങ്കുചിതത്വവും വാഴുന്ന, ദുരന്തങ്ങളും കെട്ടകാഴ്ചകളും നിറയുന്ന ഈ ഭൂമിയില്‍ അവ മാത്രമല്ല; പ്രഭാതത്തില്‍ അരിച്ചിറങ്ങുന്ന സൂര്യവെളിച്ചമുണ്ട്, തിളങ്ങുന്ന തളിരിലകളുണ്ട്, മധുരമായ കിളിയൊച്ചകളുണ്ട്, വിടരുന്ന പൂക്കളുണ്ട്, സുഗന്ധമുണ്ട്, ശിശുക്കളുടെ നിര്‍മലമായ ചിരിയുണ്ട്, ഇവയെല്ലാം നിറയുന്ന ഒരു സമഗ്രാനുഭവമാണ് ജീവിതമെന്ന് ഒരു സെന്‍ഗുരു പറയുന്നുണ്ട്. അതെ, അതോടൊപ്പം ചേര്‍ത്തുകൊള്ളട്ടെ, ഒരു നേര്‍ത്ത തലോടലായി, സൗമ്യസുഗന്ധമായി ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളുമുണ്ട്. ധന്യമായ ആ ജന്മത്തിന്റെ ഈ സവിശേഷഘട്ടത്തില്‍ മുഴുവന്‍ മലയാളികള്‍ക്കുംവേണ്ടി ആദരസമന്വിതം സ്‌നേഹാശംസകള്‍ അര്‍പ്പിക്കുന്നു.

Content Highlights : Rafeeq Ahammed About Sreekumaran Thampi