ദ്രാസില്‍ കെ.പി. കൊട്ടാരക്കരയുടെ വീട്ടില്‍വെച്ചാണ് തമ്പിസാറിനെ ആദ്യം കാണുന്നത്. ഞാന്‍ ആദ്യമായി സംഗീതം നിര്‍വഹിച്ച 'കറുത്ത പൗര്‍ണമി' യിലെ പാട്ടുകള്‍ ഹിറ്റായ കാലം. ആ ചിത്രത്തിലെ പാട്ടുകള്‍ ഇഷ്ടപ്പെട്ട തമ്പി സാര്‍ എന്നെ പുതിയ പടത്തിലേക്ക് വിളിക്കുകയായിരുന്നു. എന്നെ അദ്ദേഹം അതുവരെ കണ്ടിരുന്നില്ല. എന്റെ ഈണങ്ങള്‍ മാത്രമാണ് അദ്ദേഹം കേട്ടത്. ഒരിക്കല്‍പോലും കാണാത്ത ഒരാളെ, പുതിയ പടത്തിന്റെ പാട്ടുകള്‍ ചെയ്യാന്‍ വിളിക്കുക എന്നത് സിനിമാലോകത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. അപൂര്‍വമായൊരു സംഭവമായിരുന്നു അത്.

മറക്കാനാവാത്ത ആദ്യ സമാഗമം

ക്ഷണം ലഭിച്ച് ഞാന്‍ കെ.പി. കൊട്ടാരക്കരയുടെ വീട്ടിലെത്തുമ്പോള്‍ അവിടെ തമ്പിസാറും സംവിധായകന്‍ ശശികുമാറുമുണ്ട്; ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. തമ്പിസാര്‍ നേരത്തേ എഴുതിവെച്ച ആ പാട്ട് എന്നെ ഏല്‍പ്പിച്ചു. 'പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു...' അതായിരുന്നു വരികള്‍. അവരുടെ മുന്നില്‍വെച്ച് ഏതാണ്ട് ഒന്നൊന്നരമണിക്കൂര്‍കൊണ്ട് ഞാന്‍ ആ പാട്ടിന് ഈണമിട്ടു. ഈണം കേട്ട കെ.പി. കൊട്ടാരക്കര ഒന്നുംമിണ്ടാതെ അകത്തേക്കുപോയി. ഗുണവും ദോഷവും പറയാതെയുള്ള ആ പോക്കുകണ്ട് ഞാന്‍ വിഷമിച്ചു. ആരും മിണ്ടുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ തമ്പിസാറിനെ അകത്തേക്ക് വിളിച്ചു. നമ്മള്‍ പ്രതീക്ഷിച്ചതിലും നല്ല ഈണം. ഇനിയുള്ള എല്ലാ പടവും അദ്ദേഹത്തിന് കൊടുക്കണമെന്നാണ് കൊട്ടാരക്കര നിര്‍ദേശിച്ചതത്രേ . 'റസ്റ്റ് ഹൗസ്' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ആ പാട്ട്. ആ ചിത്രത്തിലെ എല്ലാ പാട്ടുകള്‍ക്കും ഞാന്‍ ഈണമിട്ടു. എല്ലാം ഹിറ്റായി. അവിടെനിന്ന് തുടങ്ങിയതാണ് തമ്പിസാറുമായുള്ള ബന്ധം. അതൊരു തുടക്കമായിരുന്നു. എന്റെ ജീവിതംതന്നെ വഴിതിരിച്ചുവിട്ട തുടക്കം. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു. ഒട്ടേറെ നല്ല പാട്ടുകളുണ്ടായി. എന്റെ ഓര്‍മയില്‍ ഏതാണ്ട് 67 ചിത്രങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചുചെയ്തിട്ടുണ്ട്. അദ്ദേഹവുമായിചേര്‍ന്ന് ചെയ്ത പാട്ടുകളേറെയും ഹിറ്റായി.

ജീവിതംമാറ്റിയ സുഹൃത്ത്

തമ്പിസാറിന്റെ പാട്ടുകള്‍ക്ക് ഒരു വൃത്തവും താളവുമൊക്കെയുണ്ടാകും. അദ്ദേഹത്തിന്റേതായ ഒരു ഈണത്തിലാണ് പാട്ടെഴുതുന്നതുതന്നെ. അതങ്ങനെ പാടിക്കേള്‍പ്പിക്കുകയാണ് പതിവ്. പക്ഷേ, പാട്ടിന്റെ ഈണത്തെക്കുറിച്ച് അദ്ദേഹം ഒന്നുംപറയില്ല. ഈണമിട്ടുകഴിഞ്ഞാല്‍ മൂളാന്‍പറയും. ഈണം ക്രമപ്പെടുത്താന്‍ ചില വാക്കുകള്‍ ഒഴിവാക്കേണ്ടിവരും. അതൊക്കെ ചെയ്യാന്‍ അദ്ദേഹം മടിച്ചില്ല. വലിയ മുന്‍കോപിയാണ് തമ്പിസാര്‍. പക്ഷേ, എന്നോട് ഒരിക്കല്‍പോലും ദേഷ്യപ്പെട്ടിട്ടില്ല. എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സഹായങ്ങള്‍ ചെയ്തുതന്നു. എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായത് അദ്ദേഹവുമായി പരിചയപ്പെട്ടതിനുശേഷമാണ്.

അക്കാലത്ത് പല സിനിമകള്‍ക്കും സംഗീതം ചെയ്തത് തമ്പിസാറിന്റെ ചെന്നൈയിലുള്ള വീട്ടില്‍വെച്ചാണ്. 'ചട്ടമ്പിക്കല്യാണി'യൊക്കെ ചെയ്യുന്നതും അവിടെവെച്ചുതന്നെ. 'തിരുവോണപ്പുലരി തന്‍ തിരുമുള്‍ക്കാഴ്ച വാങ്ങാന്‍....' എന്ന പാട്ടൊക്കെ തമ്പിസാറിന്റെ വീട്ടിലിരുന്ന് ചിട്ടപ്പെടുത്തിയതാണ്. താമസവും ഭക്ഷണവുമൊക്കെ അവിടെത്തന്നെ. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത കാലം.

എന്റെ പ്രിയപ്പെട്ട ചെമ്പകത്തൈ...

ഒട്ടേറെ പാട്ടുകള്‍ ഞങ്ങള്‍ചേര്‍ന്ന് ചെയ്തിട്ടുണ്ട്. പക്ഷേ, അതില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത്. അദ്ദേഹത്തിന്റെ 'ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി' എന്ന പാട്ടാണ്. പൂതേരി രഘുനാഥ് നിര്‍മിച്ച ചിത്രത്തിലെ പാട്ടാണത്. തബലിസ്റ്റായിരുന്നു രഘുനാഥ്. അദ്ദേഹം തബലയില്‍ താളമിട്ടു. ആ താളത്തിനനുസരിച്ചാണ് ആ ഈണം പിറന്നത്.

തെറ്റെവിടെ കണ്ടാലും പ്രതികരിക്കും

തെറ്റുകണ്ടാല്‍ എപ്പോഴും പ്രതികരിക്കുന്ന സ്വഭാവമുണ്ട് തമ്പിസാറിന്. അത് അദ്ദേഹത്തിന്റെ രീതിയാണ്. ഞങ്ങള്‍ ചെയ്ത 'ചെട്ടിക്കുളങ്ങര ഭരണിനാളില്‍' എന്ന പാട്ടിന്റെ റിഥം മാറ്റി വീണ്ടും ഉപയോഗിച്ചതറിഞ്ഞ് തമ്പിസാര്‍ അതുചെയ്തവരോട് പൊട്ടിത്തെറിച്ചു. ഞാന്‍ മിണ്ടാതിരുന്നെങ്കിലും തമ്പിസാര്‍ വിട്ടില്ല. അങ്ങനെയാണ് അദ്ദേഹം. തെറ്റുകണ്ടാല്‍ നോക്കിയിരിക്കില്ല. അതുപോലെ 'നായിക' എന്ന ചിത്രത്തില്‍ 'നനയും നിന്‍ മിഴിയോരം' എന്ന പാട്ടിന്റെ കാര്യത്തിലും തമ്പിസാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ആ പാട്ടിന്റെ രചനയ്ക്ക് തമ്പിസാറിനും പാട്ടുപാടിയ ഗായികയ്ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംഗീതം നല്‍കിയ എനിക്ക് അവാര്‍ഡുണ്ടായിരുന്നില്ല. ഇത് തെറ്റാണെന്ന് തമ്പിസാര്‍ പരസ്യമായിപ്പറഞ്ഞു. ഇഷ്ടപ്പെടാത്തതുകണ്ടാല്‍ തുറന്നുപറയാന്‍ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. നാടകത്തിലും തമ്പിസാറിന്റെ പാട്ടുകള്‍ക്ക് ഈണമിടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ജയരാജിന്റെ 'ഭയാനകം' എന്ന ചിത്രത്തിലാണ് ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ചത്. ആ പാട്ടുകളും ജനം സ്വീകരിച്ചു.

Content highlights : MK Arjunan About Sreekumaran Thampi