പകരം വയ്ക്കാനില്ലാത്ത കവിയും ഗാനരചയിതാവുമാണ് ശ്രീകുമാരന്‍ തമ്പി. പാട്ടു കൊണ്ട് മാത്രമല്ല, സംവിധാനം ചെയ്ത സിനിമകള്‍ കൊണ്ടും ചരിത്രത്തില്‍ ഇടം നേടിയ ചലച്ചിത്രകാരന്‍ കൂടിയാണ് അദ്ദേഹം.

സാഹിത്യബന്ധം

കുട്ടിക്കാലത്തേ കഥയും കവിതകളും എഴുതിയിരുന്നു. 20 വയസ്സുള്ളപ്പോള്‍ മാതൃഭൂമി വാരാന്തപ്പതിപ്പിലും മലയാള മനോരമ വാരാന്തപ്പതിപ്പിലും കഥകളെഴുതി. 'മാതൃഭൂമി'യില്‍ അന്നത്തെ ചുമതലയുണ്ടായിരുന്ന വി.എം. കൊറാത്ത് കഥയെഴുതിയതിന് പത്തുരൂപ പ്രതിഫലം അയച്ചുതന്നു. എഴുത്തുകാരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരണയോഗ്യമല്ലെങ്കില്‍ പത്രാധിപര്‍ കത്തെഴുതുന്ന രീതിയുണ്ടായിരുന്നു. എഴുത്തുകാര്‍ക്ക് അത് പ്രചോദനമായിരുന്നു. ഇന്നാ പ്രവണതയുണ്ടോയെന്ന് സംശയം.

സിനിമയിലേക്ക്

'കാക്കത്തമ്പുരാട്ടി' എന്ന എന്റെ കഥ മെരിലാന്‍ഡ് ഉടമ പി. സുബ്രഹ്മണ്യം സിനിമയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍, കഥയില്‍ ചില തിരുത്തലുകള്‍ വേണമെന്ന നിര്‍ദേശം ഞാന്‍ അംഗീകരിച്ചില്ല. തുടക്കക്കാരനായിട്ടുപ്പോലും എന്റെ കാര്‍ക്കശ്യം നിര്‍മാതാവിന് ബോധിച്ചു. സിനിമ നടന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ 'കാട്ടുമല്ലിക'യില്‍ ഗാനമെഴുതാന്‍ എനിക്ക് അവസരംതന്നു. ഇതിനിടെ പ്രേംനസീറുമായി ബന്ധം സ്ഥാപിച്ചു. അദ്ദേഹം താമസിക്കുന്ന മുറിയില്‍ത്തന്നെ മെരിലാന്‍ഡ് മുതലാളി എന്നെയും താമസിപ്പിച്ചു. ഇതിനിടെ പ്രേംനസീര്‍ മറ്റൊരു  ഷൂട്ടിങ്ങിനായി പോയപ്പോള്‍ പിന്നീട് മുറിയിലെത്തിയത് ദേവരാജന്‍ മാസ്റ്ററാണ്. കാരവാനുമായി നടക്കുന്ന ഇന്നത്തെ കാലത്ത്

പുതുക്കക്കാരന് ഇതൊക്കെ ചിന്തിക്കാനാവുമോ?

കാട്ടുമല്ലികയ്ക്കുവേണ്ടി ഞാനെഴുതിയ പാട്ടിന് ചുണ്ടനക്കിയത് തമിഴ് നടനായ ആനന്ദനാണ്. പിന്നീട് ഒരുപാട് നായകന്മാരും നായികമാരും ദൗത്യമേറ്റെടുത്തു. എം.എസ്. ബാബുരാജായിരുന്നു എന്റെ ആദ്യ സംഗീതസംവിധായകന്‍. കോഴിക്കോടിനെപ്പറ്റി പറയുമ്പോള്‍ അങ്ങനെയൊരു ബന്ധവുംകൂടിയുണ്ട്.

സിനിമയില്‍ ഉന്നതിയിലേക്കെത്തിച്ചത്

'ചിത്രമേള'തന്നെ. മുത്തയ്യയാണ് അതിന് നിമിത്തമായത്.  ഒരിക്കല്‍ തിരിച്ചയച്ച മുത്തയ്യ പിന്നീട് കഥ ആവശ്യപ്പെട്ടു. ചിത്രമേള മൂന്നു കഥകളാണ്. അതില്‍ പ്രേമകഥയാണ് ഞാന്‍ എഴുതിയത്. '67-ലായിരുന്നു അത്. പിന്നീട് എത്രയോ കാലം കഴിഞ്ഞാണ് ഒരുസിനിമയില്‍ കുറേക്കഥകള്‍ എന്ന സംരംഭം നടത്തിയത്. ചിത്രത്തിലെ എട്ടുഗാനങ്ങള്‍ എന്നെക്കൊണ്ട് എഴുതിപ്പിച്ചു. ദേവരാജന്‍ മാസ്റ്ററായിരുന്നു സംഗീതസംവിധായകന്‍. അപസ്വരമായിട്ടായിരുന്നു തുടക്കം. പിന്നീട് ഞങ്ങള്‍ 36 ചിത്രങ്ങള്‍ ചെയ്തു. ചിത്രമേള സൂപ്പര്‍ഹിറ്റായി. അതിലൂടെ ഞാന്‍ പ്രശസ്തിയിലേക്കുയര്‍ന്നു. പിന്നീടെനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കൂടുതല്‍ ജോലി ദക്ഷിണാമൂര്‍ത്തിസ്വാമിയോടൊപ്പമായിരുന്നില്ലേ. എന്തായിരുന്നു അതിന് കാരണം

ദക്ഷിണാമൂര്‍ത്തിസ്വാമി മാത്രമല്ല അര്‍ജുനന്‍ മാഷിനോടൊപ്പവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തു. മുഴുവനും ഹിറ്റാക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്കിടയിലെ ആത്മബന്ധമാണ് അതിനുകാരണം

വയലാറും പി. ഭാസ്‌കരനും അരങ്ങുതകര്‍ക്കുന്ന കാലം. എങ്ങനെയാണ് അവര്‍ക്കിടയില്‍ സ്ഥാനം കണ്ടെത്തിയത്

ഇരുവശത്തെയും ഹിമാലയമായിരുന്നു രണ്ടുപേരും. 50 സിനിമകളുണ്ടെങ്കില്‍ 25-25 എന്നനിലയില്‍ അവര്‍ക്കായിരുന്നു. യൂസഫലി കേച്ചേരിക്കുപോലും പിന്‍വാങ്ങേണ്ടിവന്നു. ഒ.എന്‍.വി.യും മാറിനില്‍ക്കപ്പെട്ടു. എന്നാല്‍, എന്നെ രക്ഷിച്ചത് ചിത്രമേളയാണ്. അതിലെ പാട്ടുകള്‍ ഹിറ്റായതോടെ എനിക്കും അവസരങ്ങളായി. വയലാറിന്റെയും ഭാസ്‌കരന്‍ മാഷിന്റെയും ശൈലിയില്‍ നിന്ന് മാറ്റം എനിക്കുണ്ടെന്ന വിശ്വാസം പൊതുവേയുണ്ടായിരുന്നു

എല്ലാം തുറന്നുപറയുന്ന സ്വഭാവം താങ്കളുടെ കരിയറില്‍ ശത്രുക്കളെയാണ് സൃഷ്ടിച്ചതെന്ന് പരാതിയുണ്ടല്ലോ

ശത്രുക്കളെ മാത്രമാണ് സൃഷ്ടിച്ചത്. എന്നാലതിലൊന്നും വ്യക്തിപരമല്ല, അസൂയയാണ്. 26 വയസ്സില്‍ അറിയപ്പെടുന്ന ഗാനരചയിതാവ്, ഏഴുവര്‍ഷത്തിനുശേഷം സംവിധായകന്‍, നിര്‍മാതാവ്. എതിര്‍പ്പിനിതെല്ലാം കാരണമായി. സിനിമയില്‍ ഞാന്‍ കൊണ്ടുവന്ന താരങ്ങള്‍പ്പോലും എന്നെ തഴഞ്ഞു. എന്നാല്‍, ജീവിതത്തില്‍ ഇതെല്ലാം തരണംചെയ്യാന്‍ എനിക്ക് കഴിഞ്ഞു. നേരത്തേ പറഞ്ഞപ്പോലെ എന്റെ ഗാനങ്ങള്‍ ജനം ഏറ്റെടുത്തു. ഇനി പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല.

ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കാമോ

ഇല്ല, കാരണം അവര്‍ എനിക്ക് അവസരം നല്‍കുമെന്ന് കരുതുന്നില്ല. സിനിമയിപ്പോള്‍ നിര്‍മാതാവിന്റെയോ സംവിധായകന്റെയോ കൈയിലല്ല. താരങ്ങളാണ് തീരുമാനിക്കുന്നത്. പുതിയ തലമുറയിലെ താരങ്ങളുടെ കാര്യത്തില്‍വരെ ഇതാണ് സ്ഥിതി. ഓരോ നായകനടനും തങ്ങളുടേതായ ഗ്രൂപ്പുണ്ടാക്കുകയാണ്. ഇങ്ങനെയായാല്‍ സിനിമ എവിടെയെത്തും. ഞാന്‍ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ താരങ്ങളാരെങ്കിലും സൂപ്പര്‍താരഭാവത്തിലെത്തിയാല്‍ അവര്‍ അഭിനയിച്ച കഥാപാത്രത്തെ നാടുകടത്തിയും കൊന്നും ഇല്ലാതാക്കാം. സിനിമയിലങ്ങനെയല്ലല്ലോ.

പുതിയ പാട്ടുകള്‍ മോശമാണെന്ന അഭിപ്രായമുണ്ടോ

ഇല്ല. നല്ല പാട്ടുകള്‍ ഇറങ്ങുന്നുണ്ട്. റഫീഖ് അഹമ്മദ് നല്ല ഗാനരചയിതാവാണ്. പണ്ടൊക്കെ സാഹിത്യകൃതികളാണ് സിനിമയാവുന്നത്.
 
പാട്ട് സാഹിത്യവുമായി അടുക്കുന്നതിനാലാണ് പഴയപാട്ടുകള്‍ നിത്യഹരിതമാവുന്നത്.  പഴയ സംഗീതസംവിധായകര്‍ ഒന്നാംതരം ഗായകരുമാണ്. ഇപ്പോഴത്തെ ആളുകള്‍ ഗായകരല്ല. അതും പോരായ്മയാണ്.  ഇപ്പോഴത്തെ സിനിമ സാഹിത്യരചനകളല്ല. പുതുസിനിമക്കാര്‍ അധികവും ഇംഗ്ലീഷ് മീഡിയംകാരാണ്. മലയാളഭാഷ പലര്‍ക്കും വശമില്ല. എന്നാലും നല്ല ഗാനങ്ങള്‍ വരുന്നുണ്ട്. ഗാനത്തിന്റെ ശാപകാലമെന്നൊന്നും പറയാനാവില്ല.

പഴയ ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തുന്നതല്ലേ

അതിന്റെ ഗുണം പാട്ടിനുണ്ടായിരുന്നു. എന്റെ 'ഹൃദയസരസ്സിലേ പ്രണയപുഷ്പമേ...' എന്ന ഗാനം എഴുതി ചിട്ടപ്പെടുത്തിയതാണ്. എന്നാല്‍ സംഗീതംനല്‍കി പാട്ടെഴുതിയ എന്റെ പല പാട്ടുകളും ഹിറ്റായിട്ടുണ്ട്. 'ഹൃദയം കൊണ്ടെഴുതിയ കവിത...' അങ്ങനെ എഴുതിയതാണ്.

സലില്‍ ചൗധരിയാണ് സംഗീതം നല്‍കി പാട്ടെഴുതുന്ന പ്രവണത സജീവമാക്കിയത്. ഒരുപാട് ഹിറ്റ്ഗാനങ്ങള്‍ അങ്ങനെയുമുണ്ടായി. പാട്ടെഴുത്തുകാരന് സംഗീത ജ്ഞാനമില്ലെങ്കില്‍ പ്രയാസമാണ്. സംഗീതവും വരികളും വേറിട്ടുനില്‍ക്കും. മൊഴിമാറ്റചിത്രത്തിനും ഞാന്‍ ഗാനമെഴുതിയിട്ടുണ്ട്-'സാഗരസംഗമം'. അതിലും  സാഹിത്യത്തെ പരിപൂര്‍ണമായും ഉള്‍ക്കൊള്ളിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. 

ഇനിയും സിനിമാഗാനങ്ങള്‍ പ്രതീക്ഷിക്കാമോ

സംഗീതവും സിനിമയും പാട്ടും കാലാതീതമാണ്. അവ മരിച്ചെന്ന് ആരും പ്രതീക്ഷിക്കേണ്ട.

Content Highlights : lyricist sreekumaran thampi interview